Wednesday, November 28, 2007

വരങ്ങളേകണേ..

മനതാരിലെയിരുളാകെമാറ്റിനീ
കനിവോടരുളണമെന്നുമാശ്രയം
തനിയേജീവിതയാത്രചെയ്യവേ
തണലായ്‌എന്നുമനുഗ്രഹിക്കണം

അറിവിന്‍നെയ്‌ത്തിരിനാളമായി നീ
നിറയേണം, ഹൃദയത്തിലെപ്പൊഴും
അറിയാതിതുവരെ ചെയ്ത തെറ്റുകള്‍-
ക്കറിവിന്‍ഉറവേ, മാപ്പു നല്‍കണം

തൊഴുകൈ നെഞ്ചിലമര്‍ത്തി നില്‍പൂ നേര്‍-
വഴിനീകാട്ടണമിന്നു, മെപ്പൊഴും
മിഴികള്‍ നീട്ടുകയെന്റെനേര്‍ക്കു ഞാന്
‍തൊഴുതീടുന്നു; വരങ്ങളേകണം

Read more...

Sunday, November 25, 2007

അഹങ്കാരത്തിന്റെ ഫലം

കൊച്ചു കൂട്ടുകാരേ, ഇന്നു നമ്മള്‍ പറയാന്‍ പോകുന്ന കഥ എന്താണെന്നറിയാമോ? അഹങ്കാരികളായ രണ്ടു കോഴികളുടെ കഥയാണിന്ന് നമ്മള്‍ പറയുന്നത്.

ഒരിക്കല്‍ രണ്ടു പൂവന്‍ കോഴികള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. ആരാണ് തങ്ങളില്‍ കേമന്‍ എന്നായിരുന്നു അവരുടെ പ്രശ്നം. ആര്‍ക്കാണ് നല്ല പൂവുള്ളത്, ആര്‍ക്കാണ് നല്ല നിറമുള്ള തൂവലുകളുള്ളത്, ആര്‍ക്കാണ് കൂടുതല്‍ ശക്തിയുള്ളത് ഇങ്ങനെ വേണ്ടാത്തകാര്യങ്ങളെച്ചൊല്ലി അവര്‍ തമ്മില്‍ വഴക്കായി. വഴക്കിന്റെ അവസാനം അങ്ങോട്ടും ഇങ്ങോട്ടും അവര്‍ കൊത്തുകൂടാന്‍ തുടങ്ങി. കൊത്തിക്കൊത്തി അവരുടെ ദേഹവും, മുഖവും ഒക്കെ മുറിഞ്ഞു, ചോരയൊലിക്കുവാന്‍ തുടങ്ങി. എന്നിട്ടും രണ്ടുപേരും വിട്ടുകൊടുക്കാന്‍ ഭാവമില്ല.

അവസാനം കുറേ സമയം കഴിഞ്ഞ് അവരില്‍ ഒരു കോഴി വളരെ ക്ഷീണീച്ചു. അവന്‍ അവിടെനിന്നും ഓടിപ്പോയി. മറ്റേയാള്‍ എന്നിട്ടും വിടാതെ പുറകേപോയി അവനെ കൊത്തിയോടിച്ചു. തോറ്റോടിയ പൂങ്കോഴി നാണിച്ച് ഒരു സ്ഥലത്തു പോയി ഒളിച്ചിരുന്നു.

ജയിച്ച പൂങ്കോഴി എന്തു ചെയ്തെന്നോ? അവന്‍ ഉറക്കെ കൂവി “കൊക്കരോ കോ.....കൊക്കരക്കോ കോ.....” അതുകേട്ട് ബാക്കി കോഴികളൊക്കെ അവിടെയെത്തി. അവരോടെല്ലാം അവന്‍ ജയിച്ച കാര്യം പറഞ്ഞു. അപ്പോള്‍ അവനു തോന്നി, ഇത്രയും പോരാ വീടിനു മുകളില്‍ക്കയറിനിന്ന് ഉറക്കെ കൂവി എല്ലാരോടും ഞാന്‍ ജയിച്ച കാര്യം പറയണം. അങ്ങനെ അവന്‍ വീടിനു മുകളിലേക്ക് പറന്നു കയറി, അവിടെ നിന്നുകൊണ്ട് തലയുയര്‍ത്തിപ്പിടിച്ച് ഉറക്കെ കൂവാന്‍ തുടങ്ങി.

ഒരു വലിയ പരുന്ത് ആ സമയത്ത് തീറ്റതേടി അതിലേ പറക്കുകയായിരുന്നു. അപ്പോഴാണ് ഒരു കോഴി പുരപ്പുറത്തുകയറി നില്‍ക്കുന്നത് അവന്‍ കണ്ടത്. താമസിച്ചില്ല, പരുന്ത് പുറകിലൂടെ പറന്നുവന്ന് അഹങ്കാരിക്കോഴിയെ റാഞ്ചിയെടുത്തുകൊണ്ട് പോയി.... !! തിന്നു വിശപ്പടക്കി.

ഈ കഥയില്‍നിന്നും കൂട്ടുകാര്‍ എന്തു പഠിച്ചു? അഹങ്കാരം ആര്‍ക്കും നല്ലതല്ല. ഞാന്‍ കേമനാണ് എന്നു പറഞ്ഞ് നമ്മള്‍ ഞെളിഞ്ഞു നില്‍ക്കുമ്പോഴായിരിക്കും ആപത്തു വന്നുഭവിക്കുന്നത്.


===========================

അവലംബം : ഈസോപ്പ് കഥകള്‍

Read more...

Wednesday, November 21, 2007

അപ്പുക്കുട്ടനും ഗെയിം പിശാശും.

മഹാ കുസൃതിയാണ് അപ്പുക്കുട്ടന്‍. ഒരു കമ്പ്യൂട്ടര്‍ വേണമെന്നതാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം. കമ്പ്യൂട്ടര്‍ വേണമെന്ന് പറഞ്ഞ് എപ്പോഴും അവന്‍ വാശി പിടിച്ചു കരയും. കരച്ചില്‍ സഹിക്കാതായപ്പോള്‍ അപ്പുക്കുട്ടന്റെ അമ്മ അവന്റെ അച്ഛനോട് പറഞ്ഞു : “ ദാണ്ടെ നമ്മടെ മോന്‍ എപ്പഴും കരയുന്നത് കണ്ടില്ലേ? അവനൊരു കമ്പ്യൂട്ടര്‍ മേടിച്ചു കൊടുക്ക്...“
അച്ഛനും വിചാരിച്ചു : “ശരിയാ, അപ്പുക്കുട്ടനൊരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കാം. കമ്പ്യൂട്ടറിന്റെ കാലമല്ലേ, അവനും പഠിച്ചു മിടുക്കനാകട്ടെ”

അടുത്ത ദിവസം തന്നെ അച്ഛന്‍ അപ്പുക്കുട്ടനൊരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊണ്ടു വന്നു. ഹോ! അപ്പുക്കുട്ടന്റെ സന്തോഷം പറയാനുണ്ടോ! അവന്‍ തുള്ളിച്ചാടി. മോണിറ്ററില്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. ചുണ്ടെലി മാതിരിയുള്ള മൌസപ്പനെ സ്നേഹത്തോടെ തലോടി. കീ ബോഡില്‍ കുഞ്ഞുവിരലുകള്‍ കൊണ്ട് താളം പിടിച്ചു.

പിന്നെ എപ്പഴും അപ്പുക്കുട്ടന്‍ കമ്പ്യൂട്ടറിന്റെ മുന്നിലായി ഇരിപ്പ്. രാത്രിയിലും കയ്യില്‍ മൌസും പിടിച്ചേ ഉറങ്ങൂ!

അങ്ങനെയിരിക്കേ അപ്പുക്കുട്ടന്റെ അമ്മാവന്‍ കമ്പ്യൂട്ടര്‍ കാണാന്‍ വന്നു. അപ്പുക്കുട്ടന്‍ കുഞ്ഞല്ലേ, അവന്‍ വല്ലപ്പോഴും കളിച്ചു രസിക്കട്ടെ എന്നു വിചാരിച്ച് അദ്ദേഹം കുറേ ഗെയിമുകള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ അപ്പുക്കുട്ടനെ പഠിപ്പിച്ചു.

ഹയ്യട ഹയ്യാ! അപ്പുക്കുട്ടന്‍ പിന്നെ നിലത്തൊന്നുമല്ല നില്‍പ്പ്. എന്തോരം ഗെയിമുകളാ... റോഡ്‌റാഷ്, നീഡ് ഫോര്‍ സ്പീഡ്, ഗിത്താര്‍ ഹീറോ, ക്രിക്കറ്റ്, മാരിയോ, പ്രിന്‍സ്...

അപ്പുക്കുട്ടനു പിന്നെ കമ്പ്യൂട്ടറില്‍ വേറൊന്നും കാണണ്ട, പഠിക്കണ്ട. ഗെയിം മാത്രം ഗെയിം. എപ്പോഴും ഗെയിമു കളി തന്നെ ഗെയിമു കളി. വന്ന് വന്ന് ഊണും ഉറക്കവുമില്ലാതെ അവന്‍ ഗെയിം കളിക്കാന്‍ തുടങ്ങി.

ഇതു കണ്ട് അപ്പുക്കുട്ടന്റെ അച്ഛന്‍ അവനെ ഉപദേശിച്ചു: “മോനേ അപ്പുക്കുട്ടാ, എപ്പോഴും ഗെയിം കളിക്കുന്നത് അത്ര നല്ലതല്ല കേട്ടോ. എപ്പോഴും കളിച്ചാല്‍ ബുദ്ധി കുറയും. മോനു വേറെ ഒത്തിരി പഠിക്കാനുണ്ടല്ലോ കമ്പ്യൂട്ടറില്‍. ഒത്തിരി പ്രോഗ്രാമുണ്ട്, ഇന്റര്‍ നെറ്റുണ്ട്, മലയാളത്തിലുള്ള വിക്കി പീഡിയ ഉണ്ട്, ഓരോ ചേട്ടന്മാരും ചേച്ചിമാരും എഴുതുന്ന നല്ല നല്ല ബ്ലോഗുകളുണ്ട്...തന്നേമല്ല, മോനു സ്കൂളിലെ പാഠങ്ങളും പഠിക്കണ്ടേ...?”

ങേ ഹേ! ഇതെല്ലാം കേട്ടിട്ടും അപ്പുക്കുട്ടനു ഒരു കുലുക്കവുമില്ല. അവന്‍ ഗെയിമു കളി തന്നെ ഗെയിമു കളി!

ഇതു കണ്ട് അപ്പുക്കുട്ടന്റെ അച്ഛനും അമ്മക്കും വിഷമമായി. ഒന്നും പഠിക്കാതെ അപ്പുക്കുട്ടന്‍ എപ്പോഴും ഗെയിം കളിച്ചിരുന്നാല്‍ എന്തു ചെയ്യും?
“വെളുക്കാന്‍ തേച്ചത് പാണ്ടായി...” അപ്പുക്കുട്ടന്റെ അമ്മ പരിഭവം പറഞ്ഞു.
ഈ വിഷമമെല്ലാം കണ്ട് മറ്റൊരാള്‍ക്ക് കൂടി സങ്കടം വന്നു. ആര്‍ക്ക്? നമ്മുടെ കുസൃതിക്കാരന്‍ മൌസപ്പന്. അവന്‍ വിചാരിച്ചു “ശരിയാണല്ലോ. അപ്പുക്കുട്ടന്‍ എപ്പോഴും ഗെയിം കളിച്ചിരുന്നാല്‍ അവനൊരു മരമണ്ടനായതു തന്നെ” മൌസപ്പന്‍ മെല്ലെ കീബോഡ് ചേട്ടനെ തോണ്ടി.
“എന്താടാ മൌസപ്പാ, നീയെന്നെ തോണ്ടുന്നത്?” കീ ബോഡു ചേട്ടന്‍ ചോദിച്ചു.

“അല്ല കീബോഡു ചേട്ടാ, ആ അപ്പുക്കുട്ടന്‍ ഏതു നേരവും ഗെയിം കളിച്ചോണ്ടിരിക്കുന്നത് കണ്ടില്ലേ? അവന്റെ ഗെയിം പ്രാന്ത് മാറ്റാന്‍ എന്തെങ്കിലും ചെയ്യണമല്ലോ? കണ്ടില്ലേ അവന്റെ അച്ഛനും അമ്മയും സങ്കടപ്പെടുന്നത്?”
“അതേടാ മൌസപ്പാ, നീ പറഞ്ഞത് ശരിയാ” കീ ബോഡു ചേട്ടന്‍ പറഞ്ഞു. “നമുക്കൊരു കാര്യം ചെയ്യാം. നമുക്ക് ഇക്കാര്യം നമ്മുടെ സി പി യു അമ്മാവന്റെ അടുത്ത് പറയാം. അമ്മാവന്‍ വല്യ ബുദ്ധിമാനല്ലേ, എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല”.

അങ്ങനെ മൌസപ്പനും കീബോഡു ചേട്ടനും കൂടി സി പി യു അമ്മാവനോട് കാര്യം പറഞ്ഞു. എല്ലാം കേട്ടിട്ട് അമ്മാവന്‍ മെല്ല്ലെ പുഞ്ചിരിച്ചു. “എടാ മൌസപ്പാ, കീബൊഡേ, നിങ്ങളു വിഷമിക്കേണ്ടെടാ. അപ്പുക്കുട്ടനെ നമുക്കൊരു പാഠം പഠിപ്പിക്കാം. അമ്മാവനൊരു സൂത്രം പറയാം...ശ്‌ശ്‌ശ്...”

സി പി യു അമ്മാവന്റെ സൂത്രം കേട്ട് മൌസപ്പനും കീ ബോഡ് ചേട്ടനും സന്തോഷമായി.

കുറേക്കഴിഞ്ഞ് അപ്പുക്കുട്ടന്‍ പതിവുപോലെ ഗെയിം കളിക്കാന്‍ വന്നു. അവന്‍ മോട്ടോര്‍ സൈക്കിള്‍ ഓട്ടത്തിന്റെ ഗെയിമായ റോഡ്‌റാഷ് തുറന്നു.

മറ്റു മോട്ടോര്‍ സൈക്കിള്‍ ഓട്ടക്കാരെയൊക്കെ തോല്‍പ്പിച്ച് മുന്നോട്ട് പോകാനായി അപ്പുക്കുട്ടന്‍ കീബോഡിലെ അപ് ആരോ അമര്‍ത്തി. ഉടന്‍ സി പി യു അമ്മാവന്‍ സൂത്രം പ്രയോഗിച്ചു. അപ്പുക്കുട്ടന്‍ അപ് ആരോ അമര്‍ത്തിയപ്പോള്‍ ഡൌണ്‍ ആരോ പ്രവര്‍ത്തിപ്പിച്ചു നമ്മുടെ സിപിയു അമ്മാവന്‍! മോട്ടോര്‍ സൈക്കിള്‍ മുന്നോട്ട് പോകേണ്ടതിനു പകരം പുറകോട്ടു പോകുന്നു. അപ്പുക്കുട്ടന്‍ കണ്ണു മിഴിച്ചു.

അവന്‍ മോട്ടോര്‍ സൈക്കിള്‍ വലത്തോട്ട് മാറ്റാനായി റൈറ്റ് ആരോ ഞെക്കി. അത്ഭുതം! മോട്ടോര്‍ സൈക്കിള്‍ ഇടത്തോട്ട് പോകുന്നു. ഇതെന്ത് മറിമായം! അവന്‍ ബ്രേക്ക് പിടിക്കാനായി ഡൌണ്‍ ആരോ അമര്‍ത്തി. എന്തു പറയേണ്ടൂ...മോട്ടോര്‍ സൈക്കില്‍ ശരം പോലെ പായുന്നു. അപ്പുക്കുട്ടന്‍ മിഴിച്ചിരുന്നു. ഇതെല്ലാം സി പി യു അമ്മാവന്റെ സൂത്രമാണെന്ന് അവനുണ്ടോ അറിയുന്നു!

അപ്പുക്കുട്ടന്‍ വേറൊരു ഗെയിം തുറന്നു. കാറോട്ടത്തിന്റെ നീഡ് ഫോര്‍ സ്പീഡ്. അവിടെയും സ്ഥിതി ഇത് തന്നെ. മറ്റു കാറുകള്‍ വന്ന് അപ്പുക്കുട്ടന്റെ കാറിനെ തുരുതുരാ ഇടിച്ചു. അപ്പുക്കുട്ടന്‍ കരയാന്‍ തുടങ്ങി..”ങ്‌ഹീ ഹീ...അയ്യോ എന്റെ കമ്പ്യൂട്ടര്‍ കേടായേ...എന്റെ കമ്പ്യൂട്ടര്‍ കേടായേ...“

വിവരമറിഞ്ഞ് അപ്പുക്കുട്ടന്റെ അച്ഛനും അമ്മയും അമ്മാവനുമൊക്കെ വന്നു. അവര്‍ നോക്കീട്ടും രക്ഷയില്ല. അപ്പുക്കുട്ടന്റെ അമ്മാവന്‍ വേറെ പ്രോഗ്രാമുകളും ഇന്റര്‍നെറ്റുമെല്ലാം തുറന്നു നോക്കി. അത്ഭുതം! അവിടെയൊന്നും ഒരു കുഴപ്പവുമില്ല.

എന്തായാലും അപ്പുക്കുട്ടന്റെ ഗെയിം കളി കുറക്കാന്‍ ഇതു തന്നെ അവസരമെന്ന് അവന്റെ അമ്മാവന്‍ വിചാരിച്ചു. അദ്ദേഹം ഒരു സൂത്രം പ്രയോഗിച്ചു. “മോനേ അപ്പുക്കുട്ടാ, ഇത് ഗെയിം പിശാശാണ്, ഗെയിം പിശാശ്. മോന്‍ എല്ലായ്‌പ്പോഴും ഗെയിം കളിക്കുന്നത് കൊണ്ട് ഗെയിം പിശാശ് വന്ന് ഈ കമ്പ്യൂട്ടറില്‍ കൂടിയിരിക്കുവാ...”

അപ്പുക്കുട്ടന്‍ കരച്ചിലോടെ ചോദിച്ചു: “അയ്യോ അമ്മാവാ, ഈ ഗെയിം പിശാശിനെ ഓടിക്കാന്‍ പറ്റില്ലേ?”

“ഓടിക്കാനൊക്കെ പറ്റും. പക്ഷേ പഠിക്കാനുള്ളതൊക്കെ പഠിച്ചിട്ട് ഞായറാഴ്‌ച്ച മാത്രം ഗെയിം കളിച്ചാല്‍ അന്ന് ഗെയിം പിശാശ് വരില്ല. എന്താ സമ്മതമാണോ” അമ്മാവന്‍ ചോദിച്ചു.

അപ്പുക്കുട്ടന് ആശ്വാസമായി. കമ്പ്യൂട്ടറിനു കുഴപ്പമൊന്നുമില്ലല്ലോ. അവന്‍ പറഞ്ഞു:
“ഇല്ലമ്മാവാ, ഞാനിനി എപ്പോഴും ഗെയിം കളിക്കില്ല. ഞാന്‍ പാഠങ്ങളൊക്കെ പഠിച്ചോളാം”.

അങ്ങനെ അപ്പുക്കുട്ടന്‍ അന്നു മുതല്‍ ഗെയിമുകളിയൊക്കെ കുറച്ച് മിടുക്കനായി പഠിച്ചു തുടങ്ങി.

അമിതമായ ഗെയിം കളി ആപത്താണ് കൂട്ടുകാരേ

Read more...

Sunday, November 18, 2007

ആരാമം


(സ്വരാക്ഷരമാലാക്രമത്തില്‍ എഴുതിയ കുട്ടിക്കവിത)

കുട്ടി :

മ്മേനോക്കുക!ആരാമത്തില്‍
ഹാ! പൂക്കളിതെത്ര വിടര്‍ന്നൂ!
ന്നലെയോളവും മൊട്ടുകളായവ

വിധമിന്നുവിടര്‍ന്നു ലസിപ്പൂ!
ല്ലാസിതരായ്‌ വല്ലികളിന്മേല്‍

ഞ്ഞാലാടാന്‍ കിളികളിതെത്ര?

അമ്മ :

തുവിതു മാധവമാണെന്‍ മകനേ
പൃഥയും പൂവണിയുന്നൊരു കാലം
ഹ്ലാദത്തോടാശ്ലേഷിപ്പൂ
അവനിയീ സുന്ദര വാസന്തത്തെ.

കുട്ടി :

ത്രനിറങ്ങളിലീസുമരാജികള്‍!
എത്രമനോഹരമെന്തു സുഗന്ധം!

അമ്മ :

കുവതെല്ലാം ഈശന്‍ മകനേ
ഹികമായതിതേതുംഎന്തും
രുമയിലുന്നതി എന്നോതും പോല്‍
മല്‍പൂക്കളൊരായിരമെണ്ണം
ന്നത്യത്തില്‍ വിരാജിക്കുന്നൊരു
ശാഖാഗ്രത്തില്‍ വിടര്‍ന്നതുകണ്ടോ?
അംഗോപാംഗം സുന്ദരമാമീ
അവനിയിതല്ലോ നമ്മുടെ അംബ!
ന്ത:കരണം മന്ത്രിക്കേണ്ടൊരു
മന്ത്രമിതത്രേ! ഓര്‍ക്കുക മകനേ.

രചന : കെ.സി. ഗീത

Copyright (C) 2006 K.C. Geetha.

Read more...

Friday, November 16, 2007

അമ്മപറയുന്നത് അനുസരിക്കാഞ്ഞാല്‍

കൊച്ചുകൂട്ടുകാരേ, കഥ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ, അല്ലേ? എങ്കില്‍, ഈ മഷിത്തണ്ടില്‍ നമുക്കിനി ഒരു കഥ വായിക്കാം.

പണ്ട്‌ പണ്ട്‌ ഒരു വീട്ടില്‍ ഒരമ്മയാടും ഒരു കുഞ്ഞാടും ഉണ്ടായിരുന്നു. കാടിന്റെ അടുത്തായിരുന്നു അവരുടെ വീട്‌. കാട്ടില്‍ ആരെക്കെയുണ്ടെന്നറിയുമോ? സിംഹം, കടുവാ, പുലി, ചെന്നായ്‌, ആന, കുരങ്ങന്‍ ഇങ്ങനെ പലജാതി മൃഗങ്ങള്‍ ഉണ്ട്‌. കുഞ്ഞാടാണെങ്കിലോ, വലിയ കുസൃതിക്കുട്ടന്‍, തുള്ളിച്ചാടി ഓടിനടക്കും. പൂച്ചക്കുഞ്ഞിന്റെയും പട്ടിക്കുഞ്ഞിന്റെയും കാക്കയുടേയുമൊക്കെ പുറകേകൂടും. ഓടിച്ചാടി അവനെവിടെക്കൊ പോകുമെന്ന് ആര്‍ക്കറിയാം? കാട്ടിലെങ്ങാനും പോയാലോ? അതുകൊണ്ട്‌ അമ്മയാടിന്‌ പേടിയാണ്‌. അമ്മയാട്‌ എപ്പോഴും കുഞ്ഞിനോടു പറയും "കുഞ്ഞേ നീയിങ്ങനെ ഓടി ഓടി വഴിതെറ്റി കാട്ടിലൊന്നും ചെന്നു കയറല്ലേ, അവിടെ ചെന്നായും പുലിയുമൊക്കെയുണ്ട്‌. നിന്നെ പിടിച്ചുതിന്നും അവന്മാര്‍". "ഇല്ലമ്മേ ഞാന്‍ ദൂരെയെങ്ങും പോവില്ല" കുഞ്ഞാടു പറഞ്ഞു. അവന്‍ അമ്മയോട് അങ്ങനെ പറയുമായിരുന്നെങ്കിലും അമ്മ അറിയാതെ ദൂരെയൊക്കെപ്പോയി കാടും, നാടും ഒക്കെ ചുറ്റിനടന്നു കാണാന്‍ അവന്‍ എപ്പോഴും കൊതിയായിരുന്നു.


അങ്ങനെയിരിക്കുമ്പോ ഒരു ദിവസം നിലാവുള്ള ഒരു രാത്രിയില്‍ കുഞ്ഞാട്‌ കൂടിന്റെ വെളിയിലിറങ്ങി കളിക്കുവാന്‍ തുടങ്ങി. അപ്പോഴാണ്‌ ഒരു മിന്നാമിനുങ്ങ്‌ അതിലേ വന്നത്‌. "ഹായ്‌, എന്തു ഭംഗി. ഈ മിന്നാമിനുങ്ങിന്റെ കൂടെ ഒന്നു നടക്കാം" ആട്ടിന്‍കുട്ടി അങ്ങനെ മിന്നാമിനുങ്ങിന്റെ പുറകേ നടന്നു. അങ്ങനെ നടന്നു നടന്ന് മിന്നാമിനുങ്ങ്‌ പറമ്പും കടന്ന് പുറത്തേക്ക്‌ പോയി. ആട്ടിന്‍ കുട്ടി വിചാരിച്ചു "ഓ സാരമില്ലെന്നേ, നല്ല വെട്ടമുണ്ടല്ലൊ, വഴിയൊന്നും തെറ്റുകയില്ല, അമ്മ ചുമ്മാതെ പേടിക്കുന്നതല്ലേ"

അങ്ങനെ നടന്ന് മിന്നാമിനുങ്ങും കുഞ്ഞാടുംകൂടെ കാട്ടിന്റെ ഒരരികിലെത്തി. കുഞ്ഞാടാണെങ്കിലോ ഇതൊന്നും അറിയാതെ നടപ്പുതന്നെ. പെട്ടന്ന് മിന്നാമിനുങ്ങിനെ കാണാതായി. ആട്ടിന്‍കുട്ടി ചുറ്റും നോക്കി. അയ്യോ, ഇരുട്ടാണല്ലോ എല്ലായിടത്തും, വഴിയും കാണുന്നില്ല" അവനങ്ങനെ വിഷമിച്ചു നില്‍ക്കുമ്പോള്‍ പുറകിലൊരു മുരള്‍ച്ചകേട്ടു. തിരിഞ്ഞുനോക്കിയപ്പാള്‍ ആരു നില്‍ക്കുന്നൂ ? ഒരു ചെന്നായ്‌! "എടാ കുഞ്ഞാടേ, നിന്നെ ഇന്നു ഞാന്‍ പിടിച്ചുതിന്നുമെടാ...ഗര്‍‌ര്‍‌ര്‍.... " ചെന്നായ നാവില്‍ വെള്ളമൂറിക്കൊണ്ടു പറഞ്ഞു.

പേടിച്ചുപോയ കുഞ്ഞാട്‌ മുന്നില്‍ക്കണ്ട കാടും പുല്ലും വള്ളികളും എല്ലാം ചവിട്ടി അമ്മേ, അമ്മേന്നു വിളിച്ചുകൊണ്ട്‌ ഓടി. ചെന്നായ പുറകെ. മുള്ളുകൊണ്ട് ആട്ടിന്‍ കുട്ടിയുടെ ദേഹമൊക്കെ മുറിഞ്ഞു. കുഞ്ഞാട്‌ വിചാരിച്ചു... "അയ്യോ എന്റെ അമ്മ പറഞ്ഞതു കേള്‍ക്കാഞ്ഞിട്ടല്ലേ ഇങ്ങനെയൊക്കെ വന്നത്‌... എന്റമ്മ ഇപ്പോ എന്നെക്കാണാതെ വിഷമിക്കുമായിരിക്കുമല്ലോ". അവന്‍ ഓടി ഓടി അവസാനം ഒരു കുറ്റിക്കാട്ടിനുള്ളില്‍കയറി ഒളിച്ചു. ചെന്നായ അതിനു ചുറ്റും നടക്കാന്‍ തുടങ്ങി.

ഇത്രയും സമയമായപ്പോഴേക്ക്‌ കുഞ്ഞാടിനെകാണാതെ അമ്മയാട്‌ കരയാന്‍ തുടണ്ടി. അവളുടെ കരച്ചില്‍ കേട്ട്‌ വീട്ടിലെ വളര്‍ത്തുനായ വീരന്‍ അവിടെയെത്തി. അമ്മയാടു പറഞ്ഞു,“വീരാ, എന്റെ കുഞ്ഞിനെ കാണുന്നില്ലെടാ, നീ ഒന്നുപോയി നോക്കാമോ"

വീരന്‍ ഉടന്‍തന്നെ കുഞ്ഞാടുപോയ വഴിയേ മണംപിടിച്ച്‌ ഓടി കാട്ടിലെത്തി. അവിടെയെത്തിയപ്പൊള്‍ എന്താ കണ്ടത്‌? കുഞ്ഞാടിനെ പിടിക്കാനായി ഒരുങ്ങിനില്‍ക്കുന്ന ചെന്നായ. ഉറക്കെ കുരച്ചുകൊണ്ട്‌ വീരന്‍ ചെന്നായുടെ അടുത്തേക്ക്‌ ചാടി. കുറേ കടിപിടികള്‍ക്കു ശേഷം തോറ്റോടിയ ചെന്നായ കാട്ടിലേക്ക്‌ ഓടിപ്പോയി.

വീരന്‍ കുഞ്ഞാടിനേയും കൂട്ടി വീട്ടിലേക്ക്‌ പോന്നു. വരുന്ന വഴിക്ക്‌ അവന്‍ കുഞ്ഞാടിനോടു പറഞ്ഞു, "കുഞ്ഞേ, നീ നിന്റെ അമ്മ പറഞ്ഞതു കേട്ടിരുന്നെങ്കില്‍ ഇങ്ങനെ വരുമായിരുന്നോ. ഇനി ഇങ്ങനെ തനിയെ എങ്ങും പോകരുത്‌ കേട്ടോ" കുഞ്ഞാടു പറഞ്ഞു "ശരി വീരമ്മമ്മാ, ഞാനിനി എന്റെ അമ്മ പറയുന്നത്‌ അനുസരിച്ചോളാം.."

കുഞ്ഞാടിനെ അമ്മയാടിന്റെ കൈയ്യിലേല്‍പ്പിചിട്ട്‌ വീരന്‍ വീട്ടുകാവലിനായി പോയി.

ഈ കഥയില്‍നിന്നും കൊച്ചുകൂട്ടുകാര്‍ എന്തു ഗുണപാഠമാണ് പഠിച്ചത്? നമ്മുടെ അച്ഛനും അമ്മയും പറയുന്ന കാര്യങ്ങള്‍ നാം അനുസരിക്കണം. അല്ലെങ്കില്‍ ആപത്തുകളില്‍ ചെന്നുചാടുകയായിരിക്കും ഫലം.


=============================================================================
ഇതൊരു പഴയനാടോടിക്കഥ തന്നെയാണ്. കഥയിലെ കഥാപാത്രങ്ങള്‍ ആരും മരിക്കുന്നത്‌ ഇഷ്ടമല്ലാത്ത കൊച്ചുകുട്ടികള്‍ക്കുവേണ്ടി ഒരല്‍പ്പം മാറ്റംവരുത്തിയ പഴയകഥ.

Read more...

Wednesday, November 14, 2007

ശിശുദിനത്തില്‍ കടങ്കഥകള്‍

ഇതാ പുതിയ കുറെ കടങ്കഥകള്‍. ഉത്തരം പറയാമോ..
(ക്ളൂ...... എല്ലാം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടവ.. )

1. തൊട്ടാല്‍ വാടും തൊടാതെ വിടരും.
2. കൊത്തിവലിച്ചാല്‍ കൂടെപ്പോരും.
3. അമ്മായിയെ കണ്ടപ്പോള്‍ അസുഖം മാറി
4. കുഞ്ഞിക്കൂനന്‍ കുഴിയില്‍ വീണു
5. പായ വിരിച്ചു പാരതിലിട്ടു
6. ചുമ്മാ കിട്ടും മുട്ടായി.. ഇമ്മിണി കട്ടി കുട്ടായി
7. ഒരച്ഛന്‍റെ മക്കളെല്ലാം ജനല്‍ പടിയില്‍
8. ഇരുമ്പില്ലാത്തൊരു താക്കോല്‍. തുരുമ്പിക്കാത്തൊരു താക്കോല്‍
9. രക്ഷപെടുത്താന്‍ എന്നെ വേണം. ഇഷ്ടത്തോടെ വിളിക്കില്ലാരും
10. നൂറ്റൊന്നു പടി ചവിട്ടി... നമ്പൂരി നാടു ചുറ്റി
11. മൂഷിക വീരനു മൂട്ടില്‍ ചൂട്ട്‌
12. തൊട്ടാല്‍ പൊട്ടും ഇംഗ്ളീഷ്‌ കട്ട
13. കുത്തീ ഞെക്കീ കത്തു പറന്നു
14. പണ്ടൊരു ഭീമന്‍ ഇന്നൊരെലുമ്പന്‍
15. വട്ടത്തലയന്‍ തവളച്ചാരെ കുട്ടന്‍ പാമ്പതു വെട്ടിവിഴുങ്ങി

======================================

1. സ്ക്രീന്‍ സേവര്‍
2. മൌസ്‌ പോയിണ്റ്റര്‍
3. 'ആന്‍റി' വൈറസ്‌
4. റീസൈക്കിള്‍ ബിന്നിലെ ഫയല്
5. ഇന്‍റര്‍ നെറ്റ്‌ ബ്രൌസര്‍
6. ലൈനക്സ്‌
7. വിന്‍ഡോസ്‌
8. പാസ്‌വേഡ്‌
9. റീസ്റ്റാര്‍ട്ട്‌ (ഹാംഗ്‌ ആവുമ്പോള്‍)
10. കീബോര്‍ഡ്‌
11. ഒപ്റ്റിക്കല്‍ മൌസ്‌
12. ക്ലോസ്‌ ബട്ടണ്‍
13. ഈ-മെയില്‍
14. മോണിട്ടര്‍ (ഇപ്പോള്‍ ഫ്ലാറ്റ്‌)
15. സി.ഡി ഡ്രവില്‍ സി. ഡി

Read more...

തത്തമ്മയ്ക്കൊരു ചോറൂണ്‌

മുറ്റത്തെ മാവിന്റെ കൊമ്പിലേയ്ക്കിന്നൊരു
പച്ചപ്പനംതത്ത പാറി വന്നൂ..
എത്താത്ത തുഞ്ചത്തു പിച്ച വച്ചൂ.. പിന്നെ,
കൊത്താത്ത മാമ്പഴം നോക്കി വച്ചൂ...

തുമ്പപ്പൂ കൊണ്ടെന്റെ പച്ചരിച്ചോറിന്നു
പച്ചിലക്കുമ്പിളിലിട്ടു വച്ചൂ...
പിച്ചിപ്പൂവിത്തിരി പിച്ചിയെടുത്തിട്ടു
പച്ചടിയൊന്നു ചമച്ചു വച്ചൂ...

തത്തിക്കളിയ്ക്കുമാ തത്തമ്മയ്ക്കിത്തിരി
മത്തപ്പൂ,ക്കാളനൊരുക്കി വച്ചൂ...
ഉച്ചയ്ക്കൊരു മണി നേരത്തിനൊത്തെന്റെ
തെച്ചിപ്പൂത്തോരനൊന്നായ നേരം...

ഇലയിട്ടു വച്ചൂ വിളിച്ചിട്ടു,മൂണിന്നു-
പച്ചപ്പനങ്കിളി വന്നതില്ലാ...
ചക്കര മാമ്പഴം മാത്രമത്രേ.. കിളി-
യ്കത്രമേലിഷ്ടം ! ഇതെന്തു കഷ്ടം !!!

Read more...

Tuesday, November 13, 2007

ചെമ്പരുന്ത്

കര്‍പ്പൂരമാവിന്റെകൊമ്പത്തിരിക്കുന്ന
കള്ളക്കണ്ണുള്ളൊരു ചെമ്പരുന്തേ
വട്ടമിട്ടിന്നുനീ നോക്കുവതെന്തേയീ
ക്കോഴിയമ്മച്ചിതന്‍ മക്കളെയോ?

അയ്യയ്യോ പാതകമൊന്നുമേകാട്ടല്ലേ
പാവമല്ലേയവരെന്തറിഞ്ഞൂ!
പഞ്ഞികണക്കെനനുത്തൊരാക്കുപ്പായ-
മിട്ടൊരാ കുഞ്ഞുങ്ങളെന്തു ചന്തം!

കള്ളപ്പരുന്തേനീ നോക്കേണ്ടയിങ്ങനെ
കാവലിനായിഞാനുണ്ടിവിടെ
പെട്ടന്നുപോകുവാന്‍ ഭാവമില്ലെന്നാലീ
ക്കല്ലുകളൊരോന്നായങ്ങോട്ടെത്തും!

തിക്കിത്തിരക്കിക്കളിയ്ക്കും കിടാങ്ങളെ-
ക്കണ്ണുവയ്ക്കല്ലേ നീ ചെമ്പരുന്തേ
കുട്ടിക്കവണയിലെത്തുന്ന കല്ലിന്റെ-
യുന്നം പിഴയ്ക്കില്ല ചെമ്പരുന്തേ!!

(അവസാന നാലുവരിക്ക് ചന്ദ്രകാന്തത്തിന്റെ കമന്റിനോട് കടപ്പാട്)


Read more...

Saturday, November 10, 2007

കുഞ്ഞിക്കുട്ടനും കുഞ്ഞിക്കിളിയും

മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ
മന്ദാരപ്പൂ വേണോടീ ?
മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ
മുല്ലപ്പൂവിതള്‍ വേണോടീ ?

കുഞ്ഞിക്കുട്ടാ കുഞ്ഞിക്കുട്ടാ
മന്ദാരപ്പൂ തന്നാട്ടേ
കുഞ്ഞിക്കിളിയുടെ മുടിയില്‍ച്ചൂടാന്‍
മുല്ലപ്പൂവും തന്നാട്ടേ

മന്ദാരപ്പൂവിതളുകള്‍ തന്നാല്‍
‍മഞ്ഞക്കിളിയേ എന്തുതരും ?
മുല്ലപ്പൂവൊരു വല്ലം തന്നാല്‍
‍ചെല്ലക്കിളിയേ എന്തുതരും ?

മഞ്ഞപ്പട്ടാല്‍ നെയ്തു മെനഞ്ഞൊരു
കുഞ്ഞിയുടുപ്പതു നല്‍കീടാം
ചിത്തിര മാവിന്‍ കൊമ്പില്‍ നിന്നൊരു
ചക്കരമാമ്പഴമേകീടാം





കൊച്ചുകൂട്ടുകാര്‍ക്ക് വേണ്ടി ആദ്യത്തെ കുട്ടിക്കവിതയുമായി മനുവും മഴത്തുള്ളിയും ഒന്നിച്ചെഴുതുന്നു ഈ ദീപാവലി ദിനത്തില്‍. എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ദീപാവലി ആശംസകള്‍.

Read more...

മഷിത്തണ്ട് - ഒരു അറിയിപ്പ്

മഷിത്തണ്ട് ബ്ലോഗില്‍ രചനകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കായി ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.

1. ഒന്നില്‍ കൂടുതല്‍ രചനകള്‍ ഒരു ദിവസം പ്രസിദ്ധീകരിക്കാതിരിക്കാന്‍ ടീം മെമ്പേഴ്സ് ശ്രദ്ധിക്കുക. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ രചനകളുണ്ടെങ്കില്‍ അവ അടുത്ത ദിവസത്തേക്ക് പ്രസിദ്ധീകരിക്കാനായി സേവ് ചെയ്യുക.

2. ടീം മെമ്പേഴ്സ് തങ്ങളുടെ ബ്ലോഗുകളുടെ ലിങ്കുകള്‍ പോസ്റ്റുകളില്‍ ഒരു പരസ്യമായി പ്രസിദ്ധീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

3. ടീം മെമ്പേഴ്സ് കുട്ടികള്‍ ഇഷ്ടപ്പെടുന്ന രചനകള്‍ കഴിവതും പ്രസിദ്ധീകരിക്കാന്‍ ശ്രദ്ധിക്കുക. കുട്ടിക്കവിതകള്‍, കുട്ടിക്കഥകള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, ചിത്രരചനകള്‍, നാടന്‍ പാട്ടുകള്‍, അമ്മൂമ്മക്കഥകള്‍, നാട്ടു വിശേഷങ്ങള്‍ തുടങ്ങിയവ ഇട്ടാല്‍ വളരെ നന്നായിരിക്കും.

4. മഷിത്തണ്ടില്‍ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഇമെയില്‍ വിലാസം കമന്റുകളുടെ കൂടെ അറിയിക്കുക.

എല്ലാ കൂട്ടുകാരുടേയും സഹകരണം പ്രതീക്ഷിക്കട്ടെ. :)

Read more...

Wednesday, November 7, 2007

നാടന്‍ചായക്കട

പുല്ലുകുളങ്ങരയമ്പലമുക്കില്‍
നല്ലൊരു ചായക്കടയുണ്ടേ
പലഹാരങ്ങള്‍ പലതുംകിട്ടും
പിള്ളേച്ചന്‍‌തന്‍ കടയുണ്ടേ.

ചില്ലലമാരിയില്‍ നിറയെച്ചൂടന്‍
വടയും നല്ലൊരു ബോളിയതും
പൊരിയന്‍ പഴവും ബോണ്ടകളും
ചെറുനെയ്യപ്പങ്ങളുമുണ്ടയ്യാ...!!

മച്ചില്‍ക്കെട്ടിയകയറില്‍ത്തൂക്കിയ
നല്ലപഴുത്ത പഴക്കുലയും
പുട്ടും കടലേം ദോശയുമെല്ലാ-
മുണ്ടീനാടന്‍ കടതന്നില്‍.

“തെക്കേബഞ്ചിന്നങ്ങേയറ്റത്തൊരു-
‘കടി’ നല്ലൊരു ചായയതും
രാമുണ്ണിക്കൊരു പുട്ടും കടലേം”
ഓഡറെടുത്തൂ പിള്ളേച്ചന്‍.

നീളനരിപ്പയിലിത്തിരിചായ-
പ്പൊടിയിട്ടതിലേക്കൊന്നായി
ആവിപറക്കുംവെള്ളമൊഴിച്ചാ
ചായ‘യടി’ച്ചൂ ചാക്കോച്ചന്‍

ചൂടോടങ്ങനെപത്രവിശേഷം
കുട്ടപ്പേട്ടന്‍ വായിക്കേ
പതപതയുന്നൊരു ചായനുണഞ്ഞാ
വാര്‍ത്തകള്‍കേള്‍ക്കുന്നൊരുകൂട്ടര്‍

നാട്ടുവിശേഷം പറയാനും ചെറു-
ചര്‍ച്ചകള്‍ പലതതുകേള്‍ക്കാനും
എത്തീപലരും, കച്ചവടം‌പല-
വിധമതു ബഹളംപൊടിപൂരം!

അലമാരയിലെയപ്പംനോക്കി
കൊതിയോടിങ്ങനെ ചൊന്നുണ്ണി
അമ്മേ കടയിലെയപ്പംതിന്നാ-
നെന്തൊരു രുചിയാണാഹാഹാ...!!

“കുട്ടികളെല്ലാമിങ്ങനെയാണീ
കടയിലെയപ്പമവര്‍ക്കിഷ്ടം”
അമ്മചിരിച്ചിട്ടുണ്ണിയ്കായാ
ബോണ്ടകള്‍ വാങ്ങീമൂന്നെണ്ണം!












ചിത്രീകരണം : സഹയാത്രികന്‍

Read more...