Monday, December 24, 2007

ആദ്യത്തെ ക്രിസ്മസ്

കൊച്ചു കൂട്ടുകാരേ, നാളെ ഡിസംബര്‍ 25, വീണ്ടും ഒരു ക്രിസ്മസ്‌ വന്നെത്തിയിരിക്കുന്നു. ക്രിസ്മസ്‌ നക്ഷത്രങ്ങളും പുല്‍ക്കൂടും, അതില്‍ പുഞ്ചിരിതൂകിക്കൊണ്ടു കിടക്കുന്ന ഉണ്ണിയേശുവും ഒക്കെ നമുക്ക്‌ സുപരിചിതമാണ്‌. തിന്മയുടെ ഇരുട്ടില്‍ ആണ്ടുപോയ ലോകത്തെ വെളിച്ചത്തിലേക്കു നയിക്കാന്‍ മനുഷ്യനായി അവതാരം ചെയ്ത ദൈവമായിരുന്നു ഉണ്ണിയേശു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. അങ്ങനെ, ദൈവം ഒരു മനുഷ്യനായി ഈ ലോകത്തിലേക്ക് വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണ് ക്രിസ്മസ്. എങ്ങനെയായിരുന്നു അധികമാരും അറിയാതെപോയ ആ ജനനം? ആ കഥ കേള്‍ക്കേണ്ടേ? ഇതാ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ക്രിസ്മസ്‌ കഥ.

********* ************ *************

സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍നിന്നും മറഞ്ഞിട്ട്‌ നേരം കുറെയായിരിക്കുന്നു. എങ്ങും ഇരുട്ടുപരക്കാന്‍ തുടങ്ങിക്കഴിഞ്ഞു, ഒപ്പം വീശിയടിക്കുന്ന തണുത്ത കോടക്കാറ്റും. ബേത്‌ലഹേം പട്ടണത്തില്‍ അന്ന് പതിവില്ലാത്ത തിരക്കായിരുന്നു. റോമാചക്രവര്‍ത്തിയായ അഗസ്റ്റസ്‌ സീസര്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്‌ ഒരു കല്‍പ്പന വിളംബരം ചെയ്തിരുന്നു. റോമാ സാമ്രാജ്യത്തില്‍ താമസിക്കുന്ന ഓരോ യഹൂദപൗരനും അവരവരുടെ ജന്മദേശത്തു നേരിട്ട്‌ ഹാജരായി അവരുടെ പേരും നിലവിലുള്ള മേല്‍വിലാസവും രേഖകളില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു ആ കല്‍പ്പന. അതിനാല്‍ ബേത്‌ലെഹേമില്‍നിന്നും ദൂരെ ദേശങ്ങളില്‍പോയി ജോലിചെയ്തു ജീവിക്കുന്ന എല്ലാവരും പട്ടണത്തിലേക്ക്‌ മടങ്ങി വന്നിരിക്കുകയാണ്‌. വീടുകളിലെല്ലാം വിരുന്നുകാരുടെ തിരക്ക്‌. വഴിയമ്പലങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു. ഒരിടത്തും സ്ഥലമില്ല.

വീശിയടിക്കുന്ന കാറ്റിനെ വകവയ്ക്കാതെ ഒരു കുടുംബം ആ തെരുവിലൂടെ നടക്കുകയാണ്‌ - ചെറുപ്പക്കാരനായ ഒരു മനുഷ്യനും, അയാളോടൊപ്പം ഒരു കഴുതപ്പുറത്ത്‌ ഗര്‍ഭിണിയായ ഭാര്യയും. നീണ്ട യാത്രയാല്‍ അവര്‍ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നു മുഖം കണ്ടാല്‍ അറിയാം. ആ സ്ത്രീ വേദനയാല്‍ നിലവിക്കുന്നുണ്ട്‌. അവള്‍ക്ക്‌ പ്രസവവേദന ആരംഭിച്ചിരിക്കുന്നു. അവളുടെ ഭര്‍ത്താവ്‌ പ്രതീക്ഷയോടെ ഓരോ സത്രങ്ങളുടെവാതിലിലും മുട്ടുകയാണ്‌, ഒരല്‍പ്പം ഇടംതരാനുണ്ടോ എന്ന അന്വേഷണത്തോടെ. ഒരിടത്തും പ്രതീക്ഷയ്കു വകയില്ല. സമയം കടന്നുപോകുന്നു. എന്തുചെയ്യണമെന്നറിയാതെ അവര്‍ ആകെ വിഷമിച്ചു.

താഴെയിരുന്ന് വല്ലാതെ വിമ്മിഷ്ടപ്പെടുന്ന ആ സാധുസ്ത്രീയോട്‌ സഹതാപം തോന്നിയ ആരോ അവരെ ഒരു സത്രത്തിനു പിന്നിലുള്ള കാലിത്തൊഴുത്തിലിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു കോണില്‍ ഒഴിഞ്ഞസ്ഥലത്ത്‌ ഇരുത്തി. ആശ്വാസം, അത്രയെങ്കിലും സ്ഥലം ലഭിച്ചുവല്ലോ. താമസിയാതെ അവിടെ അവള്‍ ഒരു ഓമനക്കുഞ്ഞിനെ പ്രസവിച്ചു. വൈക്കോല്‍ വിരിപ്പില്‍ ഒരു തുണിയിട്ട്‌ മെത്തയൊരുക്കി, കീറത്തുണികളില്‍ പൊതിഞ്ഞ്‌, ആ പുല്‍ക്കൂടിന്റെ ഒരു കോണില്‍ ആ കുഞ്ഞിനെ അവള്‍ കിടത്തി. ഒപ്പം ക്ഷീണിതയായ ആ അമ്മയും. തൊഴുത്തില്‍ മുനിഞ്ഞുകത്തുന്ന വിളക്കിന്റെ അരണ്ട പ്രകാശത്തില്‍, ശാന്തമായി ഉറങ്ങുന്ന ആ ശിശുവിന്റെ മുഖംകണ്ട്‌ അവര്‍ വേദനയെല്ലാം മറന്ന് സന്തോഷക്കണ്ണീര്‍ പൊഴിച്ചു.

പുല്‍ക്കൂട്ടില്‍ ഉറങ്ങുന്ന ആ കുഞ്ഞ്‌ ആരാണെന്ന് മനസ്സിലായോ - മനുഷ്യനായി അവതരിച്ച ഉണ്ണിയേശുവായിരുന്നു ആ കുഞ്ഞ്‌! യേശുവിന്റെ അമ്മയായ മറിയവും, വളര്‍ത്തച്ഛനായ ജോസഫും ആയിരുന്നു ആ ദമ്പതികള്‍. നക്ഷത്രങ്ങളുടെയും മാലാഖമാരുടെയും നാട്ടില്‍ വാഴുന്ന സര്‍വ്വശക്തനായ ദൈവം ഒരു മനുഷ്യശിശുവായി ആ പുല്‍ക്കൂട്ടില്‍ കിടക്കുന്ന വിസ്മയകരമായ കാഴ്ചകണ്ട്‌ മാലാഖമാര്‍ അത്ഭുതത്തോടെ അദൃശ്യരായി ആ കാലിത്തൊഴുത്തിനുള്ളില്‍ നിന്നു! മേലെ ആകാശത്ത്‌ ആയിരമായിരം നക്ഷത്രങ്ങള്‍ കണ്ണുചിമ്മി. അവയ്ക്കിടയില്‍ പുതിയൊരു നക്ഷത്രം ഉദിച്ചുയര്‍ന്നു.


********* ************ *************

നഗരത്തിനുവെളിയിലുള്ള ഒരു മലഞ്ചെരുവില്‍, തങ്ങളുടെ ആട്ടിന്‍കൂട്ടത്തിനു കാവലായി, അടുത്തുതന്നെ തീയും കൂട്ടി തണുപ്പകറ്റുന്ന ഇടയന്മാര്‍. പെട്ടന്ന് ഒരു വലിയ പ്രകാശം അവരുടെ ചുറ്റും മിന്നി. പാതിരാവില്‍ സൂര്യനുദിച്ചുവോ? അതോ ഇടിമിന്നലോ? പേടിച്ചുപോയ അവര്‍ പ്രകാശത്തിന്റെ ഉറവിടമന്വേഷിച്ച്‌ മുകളിലേക്ക്‌ നോക്കി. അവിടെയതാ ഉജ്വലമായ ഒരു പ്രകാശധാരയില്‍ തൂവെള്ളവസ്ത്രങ്ങള്‍ ധരിച്ച ഒരു മാലാഖനില്‍ക്കുന്നു. മാലാഖ അവരോട്‌ ഇങ്ങനെ പറഞ്ഞു: "ഇടയന്മാരേ, നിങ്ങള്‍ ഭയപ്പെടേണ്ടാ. നല്ലൊരു സന്തോഷവാര്‍ത്ത നിങ്ങളെ അറിയിക്കുവാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. യേശുക്രിസ്തു എന്നൊരു രക്ഷകന്‍ നിങ്ങള്‍ക്കായി ഇന്ന് ബേത്‌ലെഹേമില്‍ ജനിച്ചിരിക്കുന്നു. ആ ദിവ്യശിശുവിനെ കണ്ടെത്താനുള്ള അടയാളം എന്താണെന്നറിയാമോ, കീറ്റുതുണികളില്‍ പൊതിഞ്ഞ്‌ പുല്‍ക്കൂട്ടില്‍ കിടത്തിയിരിക്കുന്ന ഒരു കുഞ്ഞിനെ നിങ്ങള്‍ക്കു കാണാം."

പെട്ടന്ന് മാലാഖമാരുടെ ഒരു വലിയസംഘം ആകാശത്തില്‍ അണിനിരന്ന് ഇങ്ങനെ പാടി

"അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ മഹത്വം..
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം".


മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയതിനുശേഷം, ഇടയന്മാര്‍ ആ ദിവ്യശിശുവിനെ കാണുവാനായി പുറപ്പെട്ടു. ഓരോ സത്രങ്ങളിലും അവര്‍ അന്വേഷിച്ചു. അവസാനം ഒരു കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ അവര്‍ മാലാഖമാര്‍ പറഞ്ഞ കുഞ്ഞിനെ കണ്ടെത്തുകതന്നെ ചെയ്തു. അത്യന്തം സന്തോഷത്തോടെ കുഞ്ഞിനെ കണ്ടുവണങ്ങി അവര്‍ തിരികെപ്പോയി.

********* ************ *************

ബേത്‌ലഹേം സ്ഥിതിചെയ്തിരുന്ന യൂദിയ രാജ്യത്തില്‍നിന്നും വളരെ ദൂരെ കിഴക്കുദിക്കിലുള്ള മൂന്നു രാജ്യങ്ങളില്‍ വാനശാസ്ത്രവിദ്ഗ്ധരായ മൂന്നു ജ്ഞാനികള്‍ ഉണ്ടായിരുന്നു. നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും അവയെപ്പറ്റി പഠിക്കുകയുമായിരുന്നു അവരുടെ ജോലിയും വിനോദവും. അങ്ങു പടിഞ്ഞാറേ ചക്രവാളത്തില്‍ പുതുതായി ഉദിച്ചുയര്‍ന്ന പ്രകാശമേറിയ ഒരു നക്ഷത്രം അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ആ താരകത്തിന്റെ നിലയും, അത്‌ ഉദിച്ചുയര്‍ന്ന സമയവും ഗണിച്ച്‌ ഒരു തീരുമാനത്തിലെത്തി. പടിഞ്ഞാറുദിക്കിലെവിടെയോ ഒരു ദിവ്യശിശു ജനിച്ചിരിക്കുന്നു. ആ കുഞ്ഞിനെ കണ്ട്‌ കാഴ്ചകള്‍ വച്ചു വണങ്ങണം. ചിലപ്പോള്‍ മാസങ്ങള്‍ തന്നെ നീളുന്ന യാത്രയാവാമിത്‌. പക്ഷേ ഒരു മനുഷ്യായുസ്സില്‍ എപ്പോഴും ലഭിക്കാത്ത ഭാഗ്യമാണിത്‌. കഷ്ടപ്പാടുകള്‍ സാരമില്ല, പുറപ്പെടുകതന്നെ.

കാഴ്ചവയ്ക്കാനുള്ള സമ്മാനങ്ങളുമായി, മൂന്ന് ഒട്ടകങ്ങളുടെ മേലേറി ആ ജ്ഞാനികള്‍ നക്ഷത്രം കണ്ട ദിക്കിലേക്ക്‌ പുറപ്പെട്ടു. വഴിയില്‍ വച്ച്‌ അവര്‍ പരസ്പരം കണ്ടുമുട്ടി. നക്ഷത്രം അവര്‍ക്കു പോകാനുള്ള വഴികാട്ടിയായി. (ഈ നക്ഷത്രത്തിന്റെ ഓര്‍മ്മയ്കായാണ്‌ ക്രിസ്മസ്‌ കാലത്ത്‌ വീടുകളില്‍ നക്ഷത്രവിളക്കുകള്‍ തൂക്കുന്നത്‌). വളരെ കഷ്ടപ്പാടുകള്‍നിറഞ്ഞ നീണ്ട ആ യാത്രയ്ക്കൊടുവില്‍ അവര്‍ ബേത്‌ലെഹേമില്‍ എത്തുകയും ഉണ്ണിയേശുവിനെ കണ്ടെത്തി, പൊന്നും മീറയും, കുന്തിരിക്കവും കാഴ്ചകളായി നല്‍കുകയും ചെയ്തു.

********* ************ *************

ക്രിസ്മസ്‌ നല്‍കുന്ന സന്ദേശം എന്താണെന്നു കൂട്ടുകാര്‍ക്കറിയാമോ? ദൈവം സ്നേഹവാനാണ്‌. ദൈവത്തിനു നമ്മോട്‌ സ്നേഹമുള്ളതുപോലെ നമ്മളും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും അന്യോന്യം സഹായിക്കുകയും ചെയ്യുക എന്നതാണ്‌ ദൈവത്തിന്റെ ഇഷ്ടം. ധനവും, പ്രതാ‍പവും, അഹങ്കാരവും ഉള്ളിടത്തല്ല, സ്നേഹം ഉള്ളതെവിടെയോ അവിടെയാണ് ദൈവം ഇരിക്കുന്നത്. അതാണ്‌ ക്രിസ്മസിന്റെ സന്ദേശം.എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍!!


നമ്മുടെ കിരണ്‍സ് ‍ചേട്ടന്‍ ഒരു ക്രിസ്മസ് പാട്ട് പാടിയിരിക്കുന്നത് കേള്‍ക്കണോ? ദേ ഇവിടെ ക്ലിക്ക് ചെയ്യൂ

Read more...

Tuesday, December 18, 2007

ബലിപെരുനാള്‍

കൂട്ടുകാരെ, രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ ഈദ്‌ അല്‍ അദ്‌ഹ അഥവാ ബലിപെരുനാള്‍ ആയി. മുസ്ലീംങ്ങളുടെ വലിയപെരുനാള്‍ ആണിത്‌ എന്നറിയാമല്ലോ. ഈ ബലിപെരുനാളിനു പിന്നില്‍ ഒരു കഥയുണ്ട്‌. വളരെ വളരെ പണ്ട്‌ നടന്ന ഒരു കഥ. വിശുദ്ധ ഖുറാനില്‍ പറഞ്ഞിരിക്കുന്ന ആ കഥയാണ്‌ നമ്മളിന്നു പറയാന്‍ പോകുന്നത്‌.

പണ്ടു പണ്ട്‌ ഇന്നത്തെ ഇറാക്ക്‌ എന്നരാജ്യം സ്ഥിതിചെയ്യുന്ന പ്രദേശം ബാബിലോണിയ എന്നാണറിയപ്പെട്ടിരുന്നത്. അവിടെ താമസിച്ചിരുന്ന വളരെ നീതിമാനായ ഒരു പ്രവാചകനായിരുന്നു ഇബ്രാഹിം. വളരെ നല്ല ഒരു ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നതിനാല്‍ ദൈവത്തിന്‌ അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഇബ്രാഹിമിന്‌ ഒരു സങ്കടം ഉണ്ടായിരുന്നു. തൊണ്ണൂറുവയസ്സായ അദ്ദേഹത്തിനു മക്കള്‍ ഇല്ലായിരുന്നു. അതിനാല്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും വളരെ വിഷമമുണ്ടായിരുന്നു. ഇബ്രാഹിം പലപോഴും ഇപ്രകാരം ആഗ്രഹിച്ചു: “ദൈവം എനിക്കൊരു മകനെ നല്‍കിയിരുന്നെങ്കില്‍ അവനെ ദൈവത്തിനായി നല്‍കാന്‍ പോലും ഞാന്‍ തയ്യാറാവുമായിരുന്നു”. ഇബ്രാഹിമിന്റെ ദുഃഖം മനസ്സിലാക്കിയ ദൈവം അദ്ദേഹത്തിന്‌ ഒരു കുഞ്ഞിനെ നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യ ഹാജറ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു. അവന്‌ അവര്‍ ഇസ്മായില്‍ എന്നു പേരിട്ടു.

വാര്‍ദ്ധക്യകാലത്തുണ്ടായ തന്റെ അരുമക്കുഞ്ഞിനെ ഇബ്രാഹിം വളരെ സ്നേഹിച്ചു. ദൈവത്തിന്‌ അദ്ദേഹം നന്ദിപറഞ്ഞു. അങ്ങനെയിരിക്കെ, ഇബ്രാഹിമിന്‌ തന്നോടുള്ള ഇഷ്ടവും ബഹുമാനവും എത്രത്തോളമുണ്ട്‌ എന്നറിയുവാനായി ദൈവം ഇബ്രാഹിമിനെ ഒന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. ഒരു ദിവസം ദൈവം ഇബ്രാഹിമിനോട്‌ ഇങ്ങനെ പറഞ്ഞു: "ഇബ്രാഹിമേ, നിന്റെ പ്രിയപുത്രനായ ഇസ്മയിലിനെ നീ എനിക്ക്‌ തരണം. അവനെ നീ എനിക്കായിട്ട്‌ ബലിഅറുക്കുക".

സാധാരണ, ആടുകളെയായിരുന്നു അക്കാലത്ത് ബലിഅറുത്തിരുന്നത്. ഇവിടെ ദൈവം പറയുന്നത്‌ സ്വന്തം കുഞ്ഞിനെത്തന്നെ ബലിഅറുക്കാനാണ്. ഇബ്രാഹിമിന്‌ ആദ്യം വലിയ വിഷമം തോന്നി. എങ്കിലും ദൈവത്തിനോടുള്ള അതിയായ സ്നേഹവും, വിശ്വാസവും കാരണം ദൈവം ആവശ്യപ്പെട്ടകാര്യം ചെയ്യുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.

ഭാര്യയായ ഹാജറയോട്‌ താന്‍ കുട്ടിയേയും കൂട്ടി ഒരു സ്ഥലംവരെ പോകുകയാണെന്നുമാത്രം പറഞ്ഞിട്ട്‌ ഇബ്രാഹിം ദൂരെ ഒരു സ്ഥലത്തേക്ക്‌ യാത്രയായി. വഴിയില്‍ വച്ച്‌ ഇബ്രാഹിം ഇസ്മയിലിനോട്‌ ദൈവം തന്നോടാവശ്യപ്പെട്ട കാര്യമെന്താണെന്ന് അറിയിച്ചു. അതുകേട്ടപ്പോള്‍ ഇസ്മായില്‍ പറഞ്ഞു “പിതാവേ, അങ്ങ് ഒട്ടും അധൈര്യപ്പെടേണ്ട. ദൈവം അങ്ങയോടാവശ്യപ്പെട്ടകാര്യം പൂര്‍ണ്ണസന്തോഷത്തോടെ നടപ്പിലാക്കുക. അവിടുന്നു തന്നെ നമ്മെ കാത്തുകൊള്ളും”.

അങ്ങനെ നടന്നു നടന്ന് അവര്‍ ബലിയര്‍പ്പിക്കാനുള്ള സ്ഥലത്തെത്തി. അവസാനമായി പിതാവും മകനും കെട്ടിപ്പിടിച്ച് പരസ്പരം ചുംബിച്ചു. സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട്‌ ഇസ്മയിലെനെ ഇബ്രാഹിം ഒരു പാറമേല്‍ കിടത്തി. എന്നിട്ട്‌ അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “‘ദൈവമേ, അവിടുന്ന് എന്നോട് കല്‍പ്പിച്ച കാര്യം ഞാനിതാ ‍‍പൂര്‍ണ്ണ മനസ്സോടെ അനുസരിക്കുന്നു“. അതിനുശേഷം ഇബ്രാഹിം കത്തിയെടുത്ത്‌ ഇസ്മയിലിന്റെ കഴുത്തറക്കാനായി ആഞ്ഞുവെട്ടി. അത്ഭുതം! ഒന്നും സംഭവിച്ചില്ല!! പകരം പുറകില്‍ നിന്നും ഒരു ശബ്ദംകേട്ടു.

"ഇബ്രാഹിമേ.... കുട്ടിയുടെമേല്‍ ഇനി കൈവയ്ക്കരുത്‌" ദൈവം അയച്ച ഒരു മാലാഖയായിരുന്നു അത്‌. മാലാഖപറഞ്ഞു: "ഇബ്രാഹിം, നിന്റെ വിശ്വാസത്തില്‍ ദൈവം അതിയായി പ്രസാദിച്ചിരിക്കുന്നു. ഇതാ, ഇവിടെയൊരു ആട്‌ ഉണ്ട്‌. അതിനെ ബലിയായി അര്‍പ്പിച്ചിട്ട്‌ കുഞ്ഞിനേയും കൂട്ടി സന്തോഷമായി വീട്ടിലേക്ക്‌ പൊയ്ക്കൊള്ളുക".

അതിശയംതന്നെ, അവിടെയതാ മുള്‍ച്ചെടികള്‍ക്കിടയില്‍ ഒരു ആട്‌ നില്‍ക്കുന്നു. ഇബ്രാഹിം അതിനെ ബലിയായി അര്‍പ്പിച്ചിട്ട്‌ കുട്ടിയേയും കൂട്ടി വീട്ടിലേക്ക്‌ പോയി സന്തോഷമായി അനേകകാലം താമസിച്ചു. ഈ സംഭവത്തിന്റെ ഓര്‍മ്മയ്കായാണ്‌ ഇന്നും ബലിപെരുനാള്‍ കൊണ്ടാടുന്നത്‌.

എല്ലാവര്‍ക്കും ബലിപെരുനാള്‍ ആശംസകള്‍.

Read more...

Sunday, December 16, 2007

എടുത്തുചാട്ടം ആപത്ത് (കുട്ടിക്കഥ)

കൊച്ചുകൂട്ടുകാരേ, വീണ്ടും ഒരു കഥകേള്‍ക്കാന്‍ സമയമായി അല്ലേ? ദാ കേട്ടോളൂ. ഇതും ഈസോപ്പമ്മാവന്‍ പറഞ്ഞകഥതന്നെ. ആലോചിക്കാതെ ഒരോ കാര്യങ്ങള്‍ക്കെടുത്തുചാടുന്നവര്‍ക്കു പറ്റുന്ന അമളിയെപ്പറ്റിയാണ്‌ ഈ കഥ.

ഒരുകാട്ടില്‍കൂടി ഒരു കുറുക്കന്‍ തീറ്റയുംതേടി നടക്കുകയായിരുന്നു. അതിനിടയില്‍ അവന്‍ അറിയാതെ ഒരു ആഴമുള്ള കുഴിയിലേക്ക്‌ വീണുപോയി. നാലുവശവും ചെങ്കുത്തായ, കിണര്‍പോലെയൊരു കുഴി. കുഴിയില്‍ കുറേ വെള്ളവും ഉണ്ടായിരുന്നു.

"ഹയ്യോ, ഇതില്‍നിന്നെങ്ങനെ പുറത്തുചാടും?" അവന്‍ പലവഴികളും ആലോചിച്ചു.

തന്നെക്കൊണ്ടു പറ്റുന്ന അത്ര ഉയരത്തില്‍ ചാടിനോക്കി. ഒരു ഫലവുമില്ല. കുറുക്കച്ചന്‍ അങ്ങനെ വിഷമിച്ചുനിന്നപ്പോഴാണ്‌ ഒരു കാട്ടാട്‌ അതിലേ വന്നത്‌. അവന്‌ വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു.

ആട്‌ കുഴിയിലേക്കെത്തിനോക്കി. അപ്പോഴതാ ഒരു കുറുക്കന്‍ അവിടെ നില്‍ക്കുന്നു. കുറുക്കനു സന്തോഷമായി. എങ്ങനെയെങ്കിലും ഈ ആടിനെ കുഴിയിലേക്കിറക്കിയാല്‍ അവന്റെ മുതുകത്തുചവിട്ടിക്കയറി പുറത്തെത്താം, അവന്‍ വിചാരിച്ചു.

അപ്പോള്‍ ആടു ചോദിച്ചു, "കുറുക്കച്ചാരെ, നീയവിടെ എന്തെറ്റുക്കുകയാ? ഈ വെള്ളം എങ്ങനെ, കുടിക്കാന്‍ നല്ലതാണോ?"

കുറുക്കന്‍ കുഴിയില്‍ വീണതിന്റെ പേടിയൊന്നും പുറത്തുകാണിക്കാതെ പറഞ്ഞു, "എടാ കാട്ടാടേ, ഇത്‌ വനദേവതയുടെ കിണറാ, അറിയാമോ, ഹായ്‌, എന്തു മധുരമാണെന്നറിയാമോ ഈ വെള്ളത്തിന്‌? ഞനത്‌ കുടിച്ചു കുടിച്ചു ഇവിടെ നില്‍ക്കുകയാ. നിനക്കുവേണോ, എങ്കില്‍ വേഗമിങ്ങ്‌ ഇറങ്ങിവാ.."

അതു കേള്‍ക്കാത്ത താമസം ആടും കുഴിയിലേക്കെടുത്തുചാടി! അവന്‍ വന്നപാടെ കുറെ വെള്ളം കുടിച്ചു. എന്നിട്ടുപറഞ്ഞു, "കുറുക്കച്ചാ, ഇതിനു മധുരമൊന്നുമില്ലല്ലോ, എന്നാലും നല്ലവെള്ളം തന്നെ, പക്ഷേ ഇനി ഇവിടെനിന്നെങ്ങനെ നമ്മള്‍ പുറത്തെത്തും?"

കുറുക്കന്‍പറഞ്ഞു "ഇവിടെനിന്നു പുറത്തെത്തുന്നത്‌ അത്ര എളുപ്പമല്ല. ഒരു കാര്യം ചെയ്യാം, നീയീ കുഴിയുടെ അരികിനോടു ചേര്‍ന്നു നില്‍ക്ക്‌, ഞാന്‍ നിന്റെ പുറത്തു ചവിട്ടി വെളിയിലെത്താം, എന്നിട്ട്‌ ഞാന്‍ നിന്നെ വലിച്ചു കയറ്റാം".

മണ്ടനായ ആട്‌ സമ്മതിച്ചു. കുറുക്കന്‍ അവന്റെ പുറത്തുചവിട്ടി, കൊമ്പില്‍പ്പിടിച്ച്‌ ഒരുവിധത്തില്‍ കുഴിക്കുപുറത്തെത്തി. എന്നിട്ട്‌ അവന്റെ പാട്ടിനു പോയി. അമളിപറ്റിയെന്നു മനസ്സിലാക്കിയ ആട്‌ ഉറക്കെക്കരഞ്ഞു. കുറുക്കനെ വിളിച്ചു. കുറുക്കന്‍ തിരിച്ചെത്തിയിട്ടു പറഞ്ഞു: "എടാമണ്ടാ, നീ ഈ കുഴിയില്‍ ഇറങ്ങുന്നതിനു മുമ്പ്‌ ആലോചിക്കണമായിരുന്നു, നിനക്ക്‌ ഇവിടെനിന്ന് പുറത്തിറങ്ങാന്‍ പറ്റുമോ ഇല്ലയോ എന്ന്. നിനക്കേ, ഒട്ടും ബുദ്ധിയില്ല. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞതു കേട്ട്‌ നീ ഇവിടേക്ക്‌ ചാടുമായിരുന്നില്ല.." ഇത്രയും പറഞ്ഞിട്ട്‌ കുറുക്കന്‍ ഓടിപ്പോയി.

ഇതില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠം പഠിച്ചു? ഏതു കാര്യം ചെയ്യുന്നതിനു മുമ്പും നമ്മള്‍ നല്ലവണ്ണം ആലോചിക്കണം. ആരെങ്കിലും പറയുന്നതു കേട്ട്‌ എന്തിലും എടുത്തു ചാടരുത്‌. നമ്മുടെ മാതാപിതാക്കള്‍ തരുന്ന ഉപദേശങ്ങള്‍ നമുക്കു നല്ലതുവരാനാണെന്നു മനസ്സിലാക്കി അവര്‍ പറയുന്നത്‌ അനുസരിച്ച്‌ നല്ല കുട്ടികളായി ജീവിക്കാം.

******************
അവലംബം : ഈസോപ്പ് കഥകള്‍

Read more...

Monday, December 10, 2007

ക്രിസ്മസ് അപ്പൂപ്പന്‍

വര്‍ഷംതോറുംക്രിസ്മസ്‌കാല
ത്തെത്തുംനല്ലോരപ്പൂപ്പന്‍
പുഞ്ചിരിയുംസ്സമ്മാനവുമായിട്ടെ-
ത്തുംക്രിസ്മസ്സപ്പൂപ്പന്‍

നല്ലചുവന്നൊരുകോട്ടുംനീളന്‍
തൊപ്പിയുമിട്ടാക്കണ്ണടയും
പഞ്ഞികണക്കൊരുതാടിക്കാരന്‍
കുടവയറന്‍ നല്ലപ്പൂപ്പന്‍!

മഞ്ഞുപുതച്ചുകിടക്കുമൊരേതോ
നാട്ടിലിരിക്കുമൊരപ്പൂപ്പന്‍
മഞ്ഞില്‍കൂടെത്തെന്നിപ്പോമൊരു
വണ്ടിയുമുള്ളോരപ്പൂപ്പന്‍

മുതുകില്‍ത്തൂക്കിയസഞ്ചിയില്‍നിറയെ
സമ്മാനങ്ങളുമായെത്തും,
കുട്ടികള്‍തന്‍പ്രിയസ്നേഹിതനാമീ
സാന്താക്ലോസ് നല്ലപ്പൂപ്പന്‍!എന്റെ സുഹൃത്ത് മനോജും അദ്ദേഹത്തിന്റെ പത്നി രേണുവും ഈ കുട്ടിക്കവിത പാടി പോസ്റ്റു ചെയ്തിട്ടുണ്ട് അവരുടെ ബ്ലോഗില്‍ (സ്വപ്നാടകന്‍). ലിങ്ക് ഇവിടെയും ഇവിടെയും.

Read more...

ക്രിസ്തുമസ് അപ്പൂപ്പന്‍

മഞ്ഞുപൊഴിയുമ്പോള്‍, മാമരം കോച്ചുമ്പോള്‍,
കുഞ്ഞിക്കാറ്റീണത്തില്‍ പാടുമ്പോള്‍..
മണ്ണിലും വിണ്ണിലും താരകളൊന്നിച്ചു-
കണ്ണാരം പൊത്തിക്കളിയ്ക്കുമ്പോള്‍..

കൊഞ്ചും കിടാങ്ങള്‍ക്കു നന്മതന്‍ പുഞ്ചിരി-
ച്ചെണ്ടുമായെത്തുന്നൊരപ്പൂപ്പന്‍...
സഞ്ചിയില്‍ സമ്മാനക്കൂട്ടങ്ങളൊത്തിരി
തോളത്തു തൂക്കുമൊരപ്പൂപ്പന്‍..

ചോപ്പു കുപ്പായവും തൂവെള്ളത്താടിയും
വെള്ളാരങ്കണ്ണുമുള്ളപ്പൂപ്പന്‍..
ഉള്ളിന്റെയുള്ളിലെ സ്നേഹത്തിന്‍ മാധുര്യം
നുള്ളിക്കൊടുക്കുന്നോരപ്പൂപ്പന്‍..

മാനത്തു പാല്‍നുര തൂകിച്ചിരിയ്ക്കുന്ന
മേഘക്കടലിന്നുമക്കരയോ..
മാന്‍കിടാവോട്ടുന്ന വണ്ടിയിലെത്തുമീ-
യപ്പൂപ്പന്‍ പാര്‍ക്കുന്ന കൂടാരം...

**********************

Read more...

Thursday, December 6, 2007

സമ്പത്തുകാലത്ത് തൈപത്തുവച്ചാല്‍ - (കുട്ടിക്കഥ)

കൊച്ചുകൂട്ടുകാരേ, വീണ്ടും ഒരു കഥ കേള്‍ക്കാന്‍ സമയമായി അല്ലേ. ഇതാ ഒരു ഉറുമ്പിന്റേയും പുല്‍ച്ചാടിയുടേയും കഥ.

മഴയൊന്നുമില്ലാത്ത, നല്ല തെളിമയുള്ള ഒരു ദിവസം ഒരു പുല്‍ച്ചാടി പാട്ടും പാടി കളിച്ചുനടക്കുകയായിരുന്നു. അവനു വളരെ സന്തോഷം തോന്നി. എന്തുരസം,പുല്ലില്‍ക്കൂടെയൊക്കെ ചാടിച്ചാടി നടക്കാം, കൂട്ടുകാരെയെല്ലാം കാണാം, അവരുടെ കൂടെ കളിക്കാം, തിന്നാനാനെങ്കില്‍ ഇഷ്ടമ്പോലെ തീറ്റയും!

പുല്‍ച്ചാടി ഇങ്ങനെ ചുറ്റിനടക്കുമ്പോള്‍ അവനൊരു ഉറുമ്പിനെക്കണ്ടു. ഉറുമ്പ് എന്തു ചെയ്യുകയായിരുന്നെന്നോ?എവിടെനിന്നോ നല്ല ഭാരമുള്ള കുറേ അരിമണികള്‍ വളരെ കഷ്ടപ്പെട്ട് വലിച്ചുകൊണ്ടു വന്ന് അവന്റെ കൂട്ടില്‍ നിറച്ചുകൊണ്ടിരിക്കുന്നു. അതുകണ്ട് പുല്‍ച്ചാടി ചോദിച്ചു, “ഉറുമ്പേ ഉറുമ്പേ, നീയെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നേ, വാ നമുക്കിവിടൊക്കെ ഓടിനടന്ന് കളിക്കാം“. ഉറുമ്പു പറഞ്ഞു “കളിക്കാനോ.. ഏയ് അതിനൊന്നും ഞാന്‍ വരുന്നില്ല. ഒരു കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ മഴക്കാലം തുടങ്ങുമെന്ന് നിനക്കറിയില്ലേ. അപ്പോള്‍ നമുക്ക് തിന്നാനുള്ള ആഹാരസാധനങ്ങളൊന്നും കിട്ടില്ല. അതിനാല്‍ ഞാന്‍ ഇപ്പോഴേ അരിമണികള്‍ പെറുക്കിക്കൊണ്ടുവന്ന് അന്നത്തേക്ക് സൂക്ഷിച്ചുവയ്ക്കുകയാണ്. നീയും പോയി അതുപോലെ ചെയ്യൂ”.

പുല്‍ച്ചാടി അവനെ കളിയാക്കിക്കൊണ്ടു പറഞ്ഞു “നീയൊരു മണ്ടനാ ഉറുമ്പേ... നമുക്കിഷ്ടം പോലെ ആഹാരം ഇപ്പോള്‍ ഇവിടെയൊക്കെയുണ്ടല്ലോ, മഴപെയ്താലും ഇതൊക്കെ ഇവിടെ കാണും. അതിനാല്‍ ഞാനിപ്പോള്‍ കളീക്കാന്‍ പോകുവാ“.

അവനോടു സംസാരിച്ചിട്ടുകാര്യമില്ലെന്നറിയാമായിരുന്ന ഉറുമ്പ് തന്റെ ജോലികള്‍ തുടര്‍ന്നു. പുല്‍ച്ചാടി കളിക്കാനും പോയി. കുറേ നാള്‍ കഴിഞ്ഞ് മഴക്കാലം വന്നു. സര്‍വ്വത്ര മഴതന്നെ. എല്ലായിടത്തുംവെള്ളപ്പൊക്കം. പുല്‍ച്ചാടിക്ക് പുറത്തിറങ്ങാന്‍ വയ്യാതായി. അവന്റെ ചിറകെല്ലാം നനഞ്ഞു കുതിര്‍ന്നു. അവനു വല്ലാതെ വിശന്നു. അപ്പോള്‍ പുല്‍ച്ചാടി ഉറുമ്പിന്റെ കൂ‍ട്ടിലേക്ക് നോക്കി. അവിടെ ഉറുമ്പും കുഞ്ഞുങ്ങളും സന്തോഷമായി, അവര്‍ നേരത്തേതന്നെ സൂക്ഷിച്ചു വച്ചിരുന്ന അരിമണികളും തിന്ന് മഴയും കണ്ട് ഇരിക്കുന്നു.

പുല്‍ച്ചാടി അപ്പോള്‍ വിചാരിച്ചു “ഉറുമ്പു പറഞ്ഞത് കേള്‍ക്കേണ്ടതായിരുന്നു. അന്നു കളിച്ചുനടന്നപ്പോള്‍ ഒരല്‍പ്പം നേരം ജോലിചെയ്തിരുന്നെങ്കില്‍ എനിക്കും ഇപ്പൊള്‍ ആഹാരം കണ്ടേനേ..”

ഈ കഥയില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠമാണ് പഠിച്ചത്? ബുദ്ധിമുട്ടുള്ള കാലത്തേക്ക് നമ്മള്‍ നേരത്തേ തന്നെ കാര്യങ്ങള്‍ ഒരുക്കിവയ്ക്കണം. പാഠങ്ങള്‍ പഠിക്കാനുള്ളത് അന്നന്നു പഠിച്ചാല്‍ പരീക്ഷ വരുമ്പോഴേക്ക് എല്ലാം കൂടി പഠിക്കാനും ടെന്‍ഷനടിക്കാനും ഒന്നും പോകേണ്ടീവരില്ല. അതിനാല്‍ ഒരുപാടു ടി.വി. കാണുന്നവരും ഗെയിം കളിച്ചു സമയം കളയുന്നവരുമൊക്കെ പുല്‍ച്ചാടിയെപ്പോലെയാകാതെ നല്ല കുട്ടികളായി ഇരിക്കുക.

****************
അവലംബം : ഈസോപ്പ് കഥകള്‍

Read more...