Sunday, June 29, 2008

കൊറ്റിയും കുറുക്കനും

അപ്പോള്‍ നമ്മക്കു പുതിയ ഒരു കഥ കേട്ടാലോ?
ഒരു കാട്ടില്‍ രണ്ടു കൂട്ടുകാരുണ്ടായിരുന്നു.ഒരു കുറുക്കനും ഒരു കൊറ്റിയും. കുറുക്കന്‍ മഹാ കൌശലക്കാരനായിരുന്നു.
ഒരു ദിവസം കുറുക്കന്‍ തന്റെ കൂട്ടുകാരനെ വീട്ടിലേക്കു വിളിച്ചു ഒന്നു സത്കരിച്ചാലോ എന്നു വിചാരിച്ചു.അവന്‍ കൊറ്റിയോടു പറഞ്ഞു“നീ ഒരു ദിവസം എന്റെ വീട്ടിലേക്കു വാടാ, ഞാന്‍ നിനക്കു നല്ല ഒരു സൂപ്പ് ഉണ്ടാക്കി തരാം.”
കൊറ്റിക്കു വളരെ സന്തോഷം ആയി.പറഞ്ഞ ദിവസം പറഞ്ഞ സമയം തന്നെ കൊറ്റി ഒരു സമ്മാനപൊതിയും ഒക്കെയായി കുറുക്കന്റെ വീട്ടില്‍ എത്തി.കുറുക്കന്‍ കൊറ്റിയേ കാര്യമായി സ്വീകരിച്ചിരുത്തി, കുറെ കഥകളും വിശേഷങ്ങളും ഒക്കെ സംസാരിച്ചിരുന്നു, അങ്ങനെ ആഹാരം കഴിക്കാന്‍ സമയമായപ്പോള്‍ കുറുക്കന്‍ പറഞ്ഞു“ കൂട്ടുകാരാ ഞാന്‍ നല്ല സൂപ്പുണ്ടാക്കി വച്ചിട്ടുണ്ട് , എടുത്തിട്ടു വരാം” എന്നു പറഞ്ഞ് കുറുക്കന്‍ അടുക്കളയിലേക്കു പോയി.

രണ്ടു വലിയ പരന്ന പാത്രങ്ങളില്‍ നിറയെ സൂപ്പുമായി കുറുക്കന്‍ തിരികെ വന്നു.രണ്ടു പേരും കൊതിയോടെ സൂപ്പു കുടിക്കാന്‍ തുടങ്ങി.കുറുക്കന്‍ മന;പ്പൂര്‍വം പരന്ന പാത്രത്തില്‍ സൂപ്പു വിളമ്പിയതാണ്.കൊറ്റിക്ക് നീണ്ടചുണ്ടുകള്‍ അല്ലേ മക്കളേ അതിനാല്‍ ഒരു തുള്ളി സൂപ്പു പോലും ആ പാവത്തിനു കുടിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ കുറുക്കന്‍ ആ സൂപ്പു മുഴുവനും ആര്‍ത്തിയോടെ നക്കി നക്കി കുടിച്ചു. വിശന്നു പൊരിഞ്ഞ വയറുമായി കൊറ്റി കുറുക്കനെ നോക്കിയപ്പോള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട് ഒന്നുമറിയാത്തവനേപ്പോലേ കുറുക്കന്‍ ചോദിച്ചു “എന്താ കൂട്ടുകാരാ സൂപ്പു കഴിക്കാഞ്ഞത്? ഇഷ്ടപ്പെട്ടില്ലേ? നല്ല സ്വാദില്ലേ?ക്ഷമിക്കണം അടുത്തതവണ നന്നായിട്ടു ഉണ്ടാക്കിത്തരാം”.

“സാരമില്ല,ഇതില്‍ പരിഭവിക്കാനും, ക്ഷമചോദിക്കാനും എന്തിരിക്കുന്നു?താങ്കളുടെ ചങ്ങാത്തം ആണ് എനിക്കു വലുത്” കൊറ്റി പറഞ്ഞു.ഒരു ദിവസം കൊറ്റിയുടെ വീട്ടിലേക്ക് കുറുക്കനെ ക്ഷണിച്ചിട്ട് കൊറ്റി അവന്റെ വീട്ടിലേക്കു പോയി.കൊറ്റി കുടിക്കാതെ വച്ചിരുന്ന സൂപ്പും കുടെ കുറുക്കന്‍ സന്തോഷത്തോടെ അകത്താക്കി.

പറഞ്ഞ ദിവസം തന്നെ കുറുക്കന്‍ കൊറ്റിയുടെ വീട്ടില്‍ എത്തി.വാതില്‍ക്കല്‍ എത്തിയപ്പഴേ കൊറ്റിയുണ്ടാക്കിയ സൂപ്പിന്റെ മണം അവന്റെ മൂക്കിലെത്തി.’ഏതായാലും കുശാലായി,നിറയെ കഴിക്കണം അവന്‍ കൊതിയോടെ ചിന്തിച്ചു.

വിനയത്തോടെ കൊറ്റി കുറുക്കനെ സ്വീകരിച്ചിരുത്തി .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കൊറ്റിയുടെ ജോലിക്കാരന്‍ സൂപ്പുമായി വന്നു.നീളന്‍ കഴുത്തും ഇടുങ്ങിയ വായും ഉള്ള കലങ്ങളിലായിരുന്നു സൂപ്പു കൊണ്ടുവന്നത്.സൂപ്പു കണ്ടതും കുറുക്കന്‍ കൊതി മൂത്ത് മര്യാദകള്‍ ഒക്കെ മറന്ന് നാക്കു നീട്ടി നക്കാന്‍ ഒരുങ്ങി.തല അകത്തെക്കു കടക്കുന്നില്ല, ചെറിയ വാവട്ടമുള്ള കലമല്ലേ?പാത്രത്തിന്റെ വക്കു നക്കിയും,മണം പിടിച്ചും, നിലത്തു വീണതുള്ളികള്‍ നക്കിയും കുറുക്കച്ചന്‍ അവിടെ ഇരുന്നു.അതേസമയം കൊറ്റി തന്റെ നീണ്ട കൊക്ക് കലത്തിലേക്കു കടത്തി സൂപ്പു മുഴുവനും കുടിച്ചു.

കൊറ്റി മനസ്സില്‍ ചിരിച്ചു കൊണ്ട് കുറുക്കനോടു ചോദിച്ചു” അല്ല കൂട്ടുകാരാ എന്താ ഞാന്‍ ഉണ്ടാക്കിയ സൂപ്പ് നിനക്കും ഇഷ്ടായില്ല അല്ലെ?ഒട്ടും കഴിച്ചില്ലല്ലോ?“ കാര്യം മനസ്സിലായ കുറുക്കന്‍ നാണക്കേടോടെ കൊറ്റിയുടെ മുഖത്തേക്കു നോക്കി.വീണ്ടും കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നിന്ന ആ കുറുക്കച്ചനെ കൊറ്റി കണ്ണുരുട്ടി പേടിപ്പിച്ചു.കുറുക്കന്‍ വാലും ചുരുട്ടി ഒറ്റ ഓട്ടം.

ഇതില്‍ നിന്നു എന്താണ് കുഞ്ഞുങ്ങളേ നിങ്ങള്‍ക്ക് മനസ്സിലായതു?പരസ്പര ബഹുമാനമാണ് കൂട്ടുകാര്‍ക്കിടയില്‍ വേണ്ട്ത്. ആരോടും അപമര്യാദയായി പെരുമാറരുത്.

Read more...

Monday, June 23, 2008

ഒരു കുണ്ടാമണ്ടിക്കഥ

പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു.രാജാവ് ഒരിക്കല്‍ മന്ത്രിയുടെ ബുദ്ധിശക്തി ഒന്നു പരീക്ഷിച്ചു നോക്കുവാന്‍ തീരുമാനിച്ചു.ഒരു ദിവസം രാജാവ് മന്ത്രിയോടു ചോദിച്ചു

“മന്ത്രീ ഈ നാട്ടില്‍ എത്ര കാക്കകള്‍ ഉണ്ട്?”

രാജാവിന്റെ ഉദ്ദേശം അപ്പോള്‍ തന്നെ മന്ത്രിക്കു പിടി കിട്ടി.

‘അറുപതിനായിരത്തി അഞ്ഞൂറ്റിയന്‍പത്തി ഒന്‍പത്.” മന്ത്രി കൃത്യമായി പറഞ്ഞു.

അപ്പോള്‍ രാജാവ് അടുത്ത ചോദ്യം ചോദിച്ചു.

“ഈ കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍(കൂടുതലോ കുറവോ) ഒന്നുമില്ല്ല്ല്ലല്ലോ? കൃത്യമെന്നു തന്നെ കരുതട്ടെ?”

അപ്പോള്‍ മന്ത്രി പറഞ്ഞു“ഇതിലേറെയുണ്ടായാല്‍ അതു ബന്ധുക്കളും,ചെങ്ങാതികളുംവിരുന്നു വന്നു തമസിക്കുന്നവരും ,കുറവായാല്‍ ഇവിടുത്തെ കാക്കകള്‍ അന്യദേശത്തേക്ക് വിരുന്നു പോയതു കോണ്ടും ആയിരിക്കും.”

മന്ത്രിയുടെ ബുദ്ധിപരമായ ഉത്തരം രാജാവിനെ സന്തോഷിപ്പിച്ചു.

ചെറുചിരിയോടെ രാജാവു പറഞ്ഞു “മന്ത്രീ നിങ്ങള്‍ ബുദ്ധിമാന്‍ തന്നെ, സമ്മതിച്ചിരിക്കുന്നു.“

Read more...

Sunday, June 15, 2008

രാപ്പാടി പറഞ്ഞ സത്യങ്ങള്‍

പണ്ടു പണ്ട് ഒരു കര്‍ഷകന്റെ(കൃഷിക്കാരന്റെ) വീടിനടുത്തുള്ള തേന്മാവില്‍ ഒരു രാപ്പാടി(ഒരു കിളിയാണ്) കൂടുവച്ചു താമസിച്ചിരുന്നു.രാത്രികാലങ്ങളില്‍ അവള്‍ മധുരമായി പാടും.കര്‍ഷകന്‍ സന്തോഷത്തോടും കൌതുകത്തോടും കൂടി ഈ പാട്ടു എന്നും കേട്ടുകൊണ്ടിരുന്നു.

പക്ഷെ ഒരു ദിവസം കര്‍ഷകനു ഒരു ദുര്‍ബുദ്ധി തോന്നി। അയാള്‍ രാപ്പടിയെ കെണിവച്ചു പിടിച്ചു।എന്നിട്ട് അതിനെ മനോഹരമായ ഒരു കൂടുണ്ടാക്കി അതിലടച്ചു സ്വന്തം മുറിയില്‍ വച്ചു.എന്നിട്ട് കര്‍ഷകന്‍ രാപ്പാടിയോടു പറഞ്ഞു“അല്ലയോ സുന്ദരിയായ കൊച്ചു ഗായികേ,നിന്നെ ഞാന്‍ എന്റെ സ്വന്തം ആക്കിയിരിക്കുന്നു.ഇനി രാത്രി കാലങ്ങളില്‍ ഈ കൂട്ടില്‍ നിന്നും മനോഹരമായ ഗാനം എനിക്കു കേട്ടു സന്തോഷിക്കാം.നിനക്കു ഞാന്‍ പാലും പഴവും എല്ലാം നിറയെ തരാം, നീ എനിക്കു വേണ്ടി പാടണം.”

അപ്പോള്‍ രാപ്പടി പറഞ്ഞു“ഞങ്ങള്‍ രാപ്പാടികള്‍ കൂട്ടിലിരുന്നു പാടാറില്ല.സ്വതന്ത്രമായി വിഹരിച്ചാലേ(പറന്നു നടന്നാലേ) ഞങ്ങള്‍ക്കു പാട്ടു വരു.താങ്കള്‍ തരുന്ന പാലും പഴവും എനിക്കു വേണ്ട്.സ്വയം അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന ആഹാരമേ ഞങ്ങള്‍ കഴിക്കാറുള്ളു.ഈ കൂട്ടില്‍ പട്ടിണി കിടന്നു ഞാന്‍ മരിക്കും.ഇനി ഒരിക്കലും താങ്കള്‍(നിങ്ങള്‍) എന്റെ പാട്ടു കേള്‍ക്കില്ല. ഇതു സത്യം.”

കിളി പറഞ്ഞതു കേട്ട് കര്‍ഷകനു ഭയങ്കരമായ കോപം(ദേഷ്യം) വന്നു.അയാള്‍ രാപ്പാടിയെ ഭീഷണിപ്പെടുത്തി(പേടിപ്പിച്ചു).“അങ്ങനെയാണങ്കില്‍ ഞാന്‍ നിന്നെ കൊന്ന് ഇറച്ചിക്കറി ഉണ്ടാക്കി കഴിക്കും. രാപ്പടികളുടെ ഇറച്ചിക്കു നല്ല രുചി(സ്വാദ്) ആണെന്നു ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്”.

അപ്പോള്‍ രാപ്പാടി കര്‍ഷകനോട് അപേക്ഷിച്ചു“അയ്യോ ദയവു ചെയ്ത് എന്നെ കൊല്ലരുതേ, നിങ്ങള്‍ എന്നെ സ്വതന്ത്രയാക്കുകയാണങ്കില്‍(വിടുകയാണങ്കില്‍) ഞാന്‍ മൂന്നു മഹനീയ സത്യങ്ങള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.അതു എന്റെ ഇറച്ചിയേക്കാള്‍ എന്തുകൊണ്ടും പ്രയോജനകരവും, വിലപിടിച്ചതും ആണ്.”

ഇതു കേട്ട കര്‍ഷകന്‍ രാപ്പടിയെ മോചിപ്പിച്ചു.ഉടന്‍ തന്നെ അതു പറന്നു തേന്മാവില്‍ പോയിരുന്നു.എന്നിട്ടു സന്തോഷത്തോടെ ചിറകുകളടിച്ചു കൊണ്ട് കര്‍ഷകനോട് പറഞ്ഞു.“ഇതാ മൂന്നു സത്യങ്ങള്‍ കേട്ടുകൊള്ളൂ.
ഒന്നാമത്തെ സത്യം ഇതാണ്‌ :“കെണിയിലകപ്പെട്ടു പ്രാണനുവേണ്ടി കൊതിക്കുന്ന ഒരാള്‍ രക്ഷപെടുന്നതിനായി ഏതു വഗ്ദാനവും ചെയ്യും അതു വിശ്വസിക്കരുത്.“

രണ്ടാമത്തെ സത്യം കെട്ടു കൊള്ളൂ:“വരാനിരിക്കുന്ന സൌഭാഗ്യത്തേക്കാള്‍ നല്ലത് കൈയിലിരിക്കുന്ന സൌകര്യങ്ങള്‍ ആണ്.വരാനിരിക്കുന്നതിനു വേണ്ടി കൈയിലുള്ളവ നഷ്ടപ്പെടുത്തരുത്.”

മൂന്നാമത്തേയും അവസാനത്തേയും ആയ സത്യം ഇതാണ്:“മടയത്തരങ്ങള്‍ പറ്റിയാല്‍ അതോര്‍ത്ത് ദു;ഖിക്കരുത്, അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം(പഠിക്കണം).”
ഇത്രയും പറഞ്ഞ ശേഷം രാപ്പാടി ചിറകുകള്‍ അടിച്ചു ദൂരേക്കു പറന്നു പറന്നു പോയി.

Read more...

Sunday, June 8, 2008

ബുദ്ധി രക്ഷിക്കും

പണ്ടു പണ്ട് ഒരു ഗ്രാമത്തിനടുത്തുള്ള കാട്ടില്‍ ഒരു കുറുക്കന്‍ താമസിച്ചിരുന്നു.അവന്‍ ദിവസവും സന്ധ്യ കഴിഞ്ഞു (ഇരുട്ടി തുടങ്ങിയാല്‍)നാട്ടിലിറങ്ങും.വീടുകളുടെ അടുത്തുകൂടെ ആരും കാ‍ണാതെ കറങ്ങി നടക്കും.കൂട്ടില്‍ കയറാതെ നില്‍ക്കുന്ന കോഴിയെ കണ്ടാല്‍ ചാടിപ്പിടിച്ചുകൊണ്ട് കടന്നു കളയും.ആരെങ്കിലും കോഴിക്കൂട് അടക്കുവാന്‍ മറന്നു പോയിട്ടുണ്ട്ങ്കില്‍ ഒരു കോഴി അവനു അത്താഴമായതു തന്നെ.നാട്ടുകാര്‍ക്ക് അവനൊരു ശല്യമായിത്തീര്‍ന്നിരുന്നു.നാട്ടുകാര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചിട്ടുണ്ട്.സൂത്രക്കാരനായ അവന്‍ എപ്പോഴും രക്ഷപെടും.

പതിവുപോലെ കുറുക്കന്‍ ഇര(തീറ്റ) തേടി ഇറങ്ങി.നല്ല നിലാവ് പരന്നിരുന്നു.നിഴലുകളില്‍ കൂടിയും വെളിച്ചം വീഴാത്ത വഴികളില്‍ കൂടിയും അവന്‍ പാത്തും പതുങ്ങിയും നടന്നു. പാതിരാത്രി വരെ തിരഞ്ഞു നടന്നിട്ടും ആഹാരത്തിനു അവനു ഒന്നും കിട്ടിയില്ല. അവന്‍ ക്ഷീണം കൊണ്ടും വിശപ്പു കൊണ്ടും തീരെ നടക്കുവാന്‍ കഴിയാതെ ഒരു വീടിന്റെ പിറകില്‍ പോയി കിടന്നു.അപ്പോള്‍ അല്പം അകലെ ഒരു ശബ്ദം കേട്ടത് അവന്‍ ശ്രദ്ധിച്ചു.ഒരു മുയല്‍ മരച്ചീനിയുടെ ചുവടു മാന്തുകയാണ്. കുറുക്കന്‍ എഴുന്നേറ്റ് സാവധാനം മുയലിന്റെ പിറകില്‍ച്ചെന്നു. ഒറ്റ കുതിപ്പിനു(ചാട്ടത്തിനു)അതിന്റെ ചെവിയില്‍ പിടികൂടി.മുയല്‍ പേടിച്ചു പോയി.എന്നാല്‍ പെട്ടന്നു തന്നെ മുഖത്തു സന്തോഷം വരുത്തിക്കൊണ്ട് മുയല്‍ പറഞ്ഞു:

“ചേട്ടാ ഞാന്‍ കുറച്ചു വെണ്ണ തിന്നാന്‍ ഇറങ്ങിയതാ. എന്തൊരു കൊതി, പോയി നോക്കിയിട്ട് ഒരഞ്ചാറു പേര്‍ക്ക് തിന്നാനുള്ളതുണ്ട്.ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കൂടെ വിളിച്ചുകൊണ്ടുപോകാമെന്നു കരുതിയിരിക്കയായിരുന്നു”

“അതിനു മരച്ചീനിയുടെ മൂടു തുരക്കുന്നതു എന്തിനാണ്?”കുറുക്കന്‍ ചോദിച്ചു.

“അതു കൊള്ളാം; വെറുതേ ഇരുന്നപ്പോള്‍ ഒരു തമാശ, തന്നെയുമല്ല വെണ്ണ ഇന്നങ്ങു തീരും, നാളത്തേക്കു വല്ലതും വേണ്ടേ?” മുയല്‍ ചോദിച്ചു.

“അപ്പോള്‍ നീ നാളെ മരച്ചീനി തിന്നാനിരിക്കുവാ?” കുറുക്കന്‍ ചോദിച്ചു.

“പറഞ്ഞതു പോലെ ഞാനതങ്ങു മറന്നു, ചേട്ടനെന്നെ പിടിച്ചിരിക്കയാണല്ലോ, കൊന്നാലുമായി, തിന്നാലുമായി” മുയല്‍ സങ്കടത്തോടെ പറഞ്ഞു.

“ഇന്നെനിക്കു ഇതുവരെ ഒന്നും കിട്ടിയില്ല, നന്നായി വിശക്കുന്നും ഉണ്ട്, നല്ല പാലുപോലുള്ള നിന്റെ മാംസം ദൈവമായിട്ടെനിക്കു കാണിച്ചു തന്നതു ഞാന്‍ എങ്ങനെ വേണ്ട എന്നു വയ്ക്കും?”കുറുക്കന്‍ പിടി ഒന്നുകൂടി ബലപ്പെടുത്തി.

“ചേട്ടാ ഒരു ഉപകാരം ചെയ്യണം, എനിക്കു വെണ്ണ തിന്നാന്‍ വലിയ കൊതി, കുറച്ചു വെണ്ണ തിന്നാന്‍ ചേട്ടന്‍ എന്നെ സമ്മതിക്കണം, അതു കഴിഞ്ഞു ചേട്ടന്‍ എന്നെ തിന്നോ, എനിക്കു സമ്മതമാ, എന്റെ ചെവിയില്‍ നിന്നു പിടി വിടണ്ട്” മുയല്‍ പറഞ്ഞു

“വെണ്ണ എവിടെ?”കുറുക്കന്‍ ചോദിച്ചു.

ചേട്ടന്‍ വാ ഞാന്‍ കാണിച്ചു തരാം.” മുയല്‍ കുറുക്കനേയും കൊണ്ട് ആ വീടിന്റെ കിണറിനടുത്തു ചെന്നു.അവിടെ വലിയ ഒരു കയറിന്റെ രണ്ടറ്റത്തും തൊട്ടി കെട്ടി കപ്പിയില്‍ തൂക്കിയിട്ടിരുന്നു.മുയല്‍ കുറുക്കനോട് കിണ്ട്റ്റിലേക്കു നോക്കുവാന്‍ പറഞ്ഞു.കുറുക്കന്‍ എത്തിനോക്കി.ആകാശത്തു തെളിഞ്ഞു നിന്നിരുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രതിബിംബം(നിഴല്‍)കിണറ്റില്‍ കണ്ടു.അതു വെണ്ണയാണന്നു തെറ്റിദ്ധരിച്ച കുറുക്കന്‍ ആര്‍ത്തിയോടെ(കൊതിയോടെ) ചോദിച്ചു“ചെങ്ങാതീ നമ്മള്‍ ഇതു തിന്നാന്‍ എങ്ങനെ കിണറ്റിലിറങ്ങും?”

മുയല്‍ പറഞ്ഞു”അതിനോ പ്രയാസം, ചേട്ടന്‍ ചെവിയില്‍ നിന്നും പിടി വിടുക ഞാന്‍ കാണിച്ചു തരാം, ഒരു തൊട്ടിയില്‍ കയറി ഞാന്‍ ആദ്യം കിണറ്റിലിറങ്ങാം,പിറകേ അടുത്തതില്‍ കയറി ചേട്ടനും വരണം”.എന്നു പറഞ്ഞു മുയല്‍ ഒരു തൊട്ടിയില്‍ ചാടികയറി. തൊട്ടി കിണറ്റിലേക്കു താണു.മുയല്‍ ആദ്യം ചെന്നു മുഴുവനും തിന്നങ്കിലോ എന്നു വിചാരിച്ച് പെട്ടന്നു കുറുക്കന്‍ മറ്റെ തൊട്ടിയില്‍ ചാടിക്കയറി.അതു ഭാരം കാരണം പെട്ടന്നു കിണറ്റില്‍ താണു വെള്ളത്തില്‍ മുങ്ങി.കയറിന്റെ മറ്റേ അറ്റം മുകളിലേക്കു ഉയര്‍ന്നു.സൂത്രക്കാരനായ മുയല്‍ കരയിലേക്കു ചാടി ഓടി രക്ഷപെട്ടു.

ഗുണപാഠം; ബുദ്ധിയുണ്ട്ങ്കില്‍ ഏതു ചതിയില്‍ നിന്നും രക്ഷപെടാം

Read more...