Saturday, May 31, 2008

അലസനു കൂട്ട് അലസന്‍

എനിക്കും കുറേ കുട്ടിക്കഥകള്‍ അറിയാം. മഷിത്തണ്ടിലേ കഥകളും കവിതകളും ഒക്കെ കാണുമ്പോള്‍ , വായിക്കുമ്പോള്‍ എനിക്കറിയാവുന്നവയും ഇതിലൂടെ ഒരിക്കല്‍ക്കൂടി ഒന്നു ഓര്‍ത്തെടുത്ത് ഇതിന്റെ വായനക്കാരായ നിഷ്കളങ്ക മനസ്സുകളോട് പങ്കുവൈക്കണം എന്നു ഒരു തോന്നല്‍ . ഇതൊന്നും എന്റെ സ്വന്തം അല്ല. കുട്ടിയായിരുന്നപ്പോള്‍ കേട്ടതും എന്റെ കുട്ടികള്‍ക്കുവേണ്ടി എവിടുന്നൊക്കെയോ വായിച്ചെടുത്തതും . പറഞ്ഞോട്ടെ ഞാന്‍...


പണ്ട് പണ്ട് ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു.അയാള്‍ക്ക് ആറു കഴുതകളും.അവയില്‍ ഒരെണ്ണം ചത്തുപോയി.പിന്നെയുള്ള അഞ്ചു കഴുതകളില്‍ നാലെണ്ണവും നല്ല ചുണക്കുട്ടന്മാരായിരുന്നു, എന്നാല്‍ അഞ്ചാമനാകട്ടെ മഹാ മടിയനും അനുസരണയില്ലാത്തവനും ആയിരുന്നു.അതുകാരണം മറ്റു നാലുകഴുതകള്‍ക്കും വളരെക്കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വന്നു.അതുകാരണം പുതിയ ഒരു കഴുതയെക്കൂടെ വാങ്ങാന്‍ കൃഷിക്കാരന്‍ തീരുമാനിച്ചു.
ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരു കഴുതയെവില്‍ക്കാനുണ്ട് എന്നു കൃഷിക്കാരന്‍ അറിഞ്ഞു.അയാള്‍ അവിടെയെത്തി കഴുതയെക്കണ്ടു വിലയും ഉറപ്പിച്ചു.പക്ഷെ ഒരു വ്യവസ്ഥ. കഴുതയുടെ സ്വഭാവവും രീതികളും കൊള്ളാമോ എന്നു ഉറപ്പാക്കണം.അതിനായി കഴുത ഒരു ദിവസം കൃഷിക്കാരന്റെ കൂടെനില്‍ക്കണം.കഴുതയെ തൃപ്തിപ്പെട്ടങ്കില്‍ കച്ചവടം നടക്കും.വില്പനക്കാരനും ആ വ്യവസ്ഥ സമ്മതിച്ചു.കൃഷിക്കാരന്‍ കഴുതയുമായി വീട്ടില്‍ എത്തി. ആ കഴുതയെ അയാള്‍ മറ്റു കഴുതകളോടൊപ്പം വിട്ടു. അദ്ധ്വാനികളായ കഴുതകള്‍ പണിയെടുത്തുകൊണ്ടിരിക്കയായിരുന്നു. എങ്കിലും നവാഗതനെ സ്വീകരിക്കാന്‍ അവര്‍ സമയം കണ്ടെത്തി, പക്ഷെ നവാഗതനു അവരെ അത്ര രസിച്ചില്ല.അവരെ അവന്‍ പുഛത്തോടെ നോക്കി. അലസന്‍ കഴുത കുറേ മാറി ഒരു പണിയും ചെയ്യാതെ നില്‍ക്കുന്നുണ്ടായിരുന്നു. നവാഗതന്‍ ഉടന്‍ തന്നെ അലസന്‍ കഴുതയുടെ അടുത്തെത്തി, വേഗം തന്നെ അവര്‍ ചെങ്ങാതികളും ആയി. വര്‍ഷങ്ങളായി പരിചയമുള്ള ചെങ്ങാതിമാരെപ്പോലെ അവര്‍ സൊറ പറയുകയും ഉരുമ്മിനിന്നു സ്നേഹം പ്രകടിപ്പിക്കയും ചെയ്തു.

കൃഷിക്കാരന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.’ഈ കഴുതയെ എനിക്കു വേണ്ട‘ ആയാള്‍ തീരുമാനിച്ചു. വൈകിയെങ്കിലും വാങ്ങിയ കഴുതയെ കെട്ടി വലിച്ചു കൊണ്ട് കൃഷിക്കാരന്‍ വില്പനക്കാരന്റെ അരികിലെത്തി. വില്പനക്കാരനു അത്ഭുതമായി. അയാള്‍ ചോദിച്ചു“രണ്ടു ദിവസം നിരീക്ഷണം നടത്തണമെന്നല്ലേ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍.......?”

“ഇവന്റെ കാര്യത്തില്‍ രണ്ടു ദിവസം ആവിശ്യമായി വന്നില്ല ,ചെന്നപാടെതന്നെ അവന്‍ അവന്റെ ശരിയായ സ്വഭാവം കാണിച്ചു. ഇവന്‍ ഒരു അലസന്‍ ആണ്.ഇവന്‍ അലസനോടു കൂടിയതില്‍ നിന്നും എനിക്കത് മനസ്സിലായി. നിങ്ങളുടെ കഴുതയെ എനിക്കു വേണ്ട, മാത്രമല്ല നിങ്ങള്‍ ചോദിക്കുന്ന വിലയുടെ പകുതി വിലക്ക് ഇതു പോലെ ഒരു കഴുതയെ ഞാന്‍ നിങ്ങള്‍ക്ക് തരാം”. കൃഷിക്കരന്‍ കഴുതയെ അവിടെ വിട്ട് തിരികെ പോയി.

ഇതിലെ ഗുണപാഠം എന്താണ്?

നമ്മുടെ കൂട്ടുകാരില്‍ നിന്നാണ് മറ്റുള്ളവര്‍ നമ്മെ അളക്കുന്നത്. ഒരേ സ്വഭാവഗുണം ഉള്ളവരാണ് ഒരുമിച്ചു കൂടുന്നത്.

Read more...

Sunday, May 25, 2008

കാര്‍മുകിലേ...മാനത്തു മുട്ടുന്ന മാമല മേലേ...
മങ്ങിത്തുടങ്ങുന്ന സൂര്യന്നു താഴേ...
തെന്നിപ്പറക്കുന്ന കാറ്റിന്റെ കൂടേ...
കണ്ടല്ലോ കാക്കക്കറുമ്പി ഞാന്‍ നിന്നേ..

നീലക്കടലിലെ നീരെല്ലാം കോരീ..
ആകാശത്തോട്ടത്തിന്‍ ചാരത്തു കൂടീ..
പോരുമ്പോളാരേ പെരുമ്പറ കൊട്ടീ..
പേടിപ്പെടുത്തുവാനോടി വന്നെത്തീ..

ആടുന്നു പൊന്‍‌മയില്‍ പീലി വിടര്‍ത്തീ..
കാടിന്‍ തലപ്പുകള്‍ കാവടിയേറ്റീ..
മായുന്നു മാരിവില്‍ ചായം പരത്തീ..
മിന്നല്‍പ്പിണരുകള്‍ തോരണം തൂക്കീ..

വാടുന്ന പച്ചപ്പടര്‍പ്പിന്നു മീതേ..
പൂവാടി തീര്‍ക്കാനായെത്തുകയില്ലേ..
തണ്ണീരു താഴത്തു തൂവാത്തതെന്തേ..
മണ്ണിലെല്ലാവരും കാത്തിരിപ്പല്ലേ..

Read more...

Tuesday, May 20, 2008

പാറിവാ പച്ചക്കിളീ

പച്ചച്ചപ്പാടത്തെ പച്ചക്കതിര്‍കൊത്താന്‍
പച്ചപ്പനന്തത്തക്കൂട്ടമെത്തി
പച്ചനിറത്തിലാ കാടുതന്നെ പറ-
ന്നെത്തിയതോ നല്ല ശേലുതന്നെ !

ഒച്ചവച്ചങ്ങിങ്ങു പാറിപ്പറന്നിട്ടു
മിന്നല്‍പ്പിണര്‍പോലെ പാഞ്ഞിറങ്ങി
മൂര്‍ച്ചയേറുന്നൊരാ കൊക്കാലരിഞ്ഞവര്‍
പ്പച്ചക്കതിര്‍ക്കുല തണ്ടറുത്തൂ

പാടത്തിന്നക്കരെ നില്‍ക്കുന്നൊരാഞ്ഞിലി
ക്കൊമ്പിലേക്കാക്കിളി കൂട്ടരെത്തി
നെന്മണിയോരാന്നായ് പൊട്ടിച്ചു പൊട്ടിച്ചു
നെന്മണിപ്പാലു കുടിച്ചു മെല്ലെ

വീണ്ടും പറന്നുപോയ് നെല്‍ക്കതിര്‍ കൊത്തുവാന്‍‍
ആരെയും തെല്ലുമേ കൂസിടാതെ,
പാടിയും പാലുനുകര്‍ന്നുമാ തത്തകള്‍
കുഞ്ഞിവയറു നിറച്ചു വേഗം


പാടത്തിനപ്പുറം കുന്നിന്‍ ചെരുവിലാ
സൂര്യനും പോയിമറഞ്ഞനേരം
ചെമ്മേചിലച്ചുകൊണ്ടാക്കിളിക്കൂട്ടമാ
കാട്ടിലേക്കങ്ങു തിരിച്ചുപോയി.

Read more...

Monday, May 5, 2008

കളിത്തോഴന്‍

വേനല്‍ച്ചൂടിന്‍ നടുവിലുമിവിടെ-
ത്തൊടിയില്‍ നനവു പടര്‍ത്തും ചാലിന്‍
കരയില്‍ തളിരു വിടര്‍ത്തി;ത്തെല്ലും
കളവില്ലാ മനമഴകും കാട്ടി;
കുളിരും നീരും തണ്ടിലൊതുക്കും
തോഴനതാരെന്നറിയാമോ....?അറിയാമറിയാം കുഞ്ഞിക്കൈകള്‍
കളിയായെഴുതുവതെല്ലാമുള്ളില്‍
നിറയും നീരാല്‍ മായ്ക്കും തോഴന്‍
നീയാണെന്റെ മഷിത്തണ്ടേ..!!!

Read more...