Sunday, December 16, 2007

എടുത്തുചാട്ടം ആപത്ത് (കുട്ടിക്കഥ)

കൊച്ചുകൂട്ടുകാരേ, വീണ്ടും ഒരു കഥകേള്‍ക്കാന്‍ സമയമായി അല്ലേ? ദാ കേട്ടോളൂ. ഇതും ഈസോപ്പമ്മാവന്‍ പറഞ്ഞകഥതന്നെ. ആലോചിക്കാതെ ഒരോ കാര്യങ്ങള്‍ക്കെടുത്തുചാടുന്നവര്‍ക്കു പറ്റുന്ന അമളിയെപ്പറ്റിയാണ്‌ ഈ കഥ.

ഒരുകാട്ടില്‍കൂടി ഒരു കുറുക്കന്‍ തീറ്റയുംതേടി നടക്കുകയായിരുന്നു. അതിനിടയില്‍ അവന്‍ അറിയാതെ ഒരു ആഴമുള്ള കുഴിയിലേക്ക്‌ വീണുപോയി. നാലുവശവും ചെങ്കുത്തായ, കിണര്‍പോലെയൊരു കുഴി. കുഴിയില്‍ കുറേ വെള്ളവും ഉണ്ടായിരുന്നു.

"ഹയ്യോ, ഇതില്‍നിന്നെങ്ങനെ പുറത്തുചാടും?" അവന്‍ പലവഴികളും ആലോചിച്ചു.

തന്നെക്കൊണ്ടു പറ്റുന്ന അത്ര ഉയരത്തില്‍ ചാടിനോക്കി. ഒരു ഫലവുമില്ല. കുറുക്കച്ചന്‍ അങ്ങനെ വിഷമിച്ചുനിന്നപ്പോഴാണ്‌ ഒരു കാട്ടാട്‌ അതിലേ വന്നത്‌. അവന്‌ വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു.

ആട്‌ കുഴിയിലേക്കെത്തിനോക്കി. അപ്പോഴതാ ഒരു കുറുക്കന്‍ അവിടെ നില്‍ക്കുന്നു. കുറുക്കനു സന്തോഷമായി. എങ്ങനെയെങ്കിലും ഈ ആടിനെ കുഴിയിലേക്കിറക്കിയാല്‍ അവന്റെ മുതുകത്തുചവിട്ടിക്കയറി പുറത്തെത്താം, അവന്‍ വിചാരിച്ചു.

അപ്പോള്‍ ആടു ചോദിച്ചു, "കുറുക്കച്ചാരെ, നീയവിടെ എന്തെറ്റുക്കുകയാ? ഈ വെള്ളം എങ്ങനെ, കുടിക്കാന്‍ നല്ലതാണോ?"

കുറുക്കന്‍ കുഴിയില്‍ വീണതിന്റെ പേടിയൊന്നും പുറത്തുകാണിക്കാതെ പറഞ്ഞു, "എടാ കാട്ടാടേ, ഇത്‌ വനദേവതയുടെ കിണറാ, അറിയാമോ, ഹായ്‌, എന്തു മധുരമാണെന്നറിയാമോ ഈ വെള്ളത്തിന്‌? ഞനത്‌ കുടിച്ചു കുടിച്ചു ഇവിടെ നില്‍ക്കുകയാ. നിനക്കുവേണോ, എങ്കില്‍ വേഗമിങ്ങ്‌ ഇറങ്ങിവാ.."

അതു കേള്‍ക്കാത്ത താമസം ആടും കുഴിയിലേക്കെടുത്തുചാടി! അവന്‍ വന്നപാടെ കുറെ വെള്ളം കുടിച്ചു. എന്നിട്ടുപറഞ്ഞു, "കുറുക്കച്ചാ, ഇതിനു മധുരമൊന്നുമില്ലല്ലോ, എന്നാലും നല്ലവെള്ളം തന്നെ, പക്ഷേ ഇനി ഇവിടെനിന്നെങ്ങനെ നമ്മള്‍ പുറത്തെത്തും?"

കുറുക്കന്‍പറഞ്ഞു "ഇവിടെനിന്നു പുറത്തെത്തുന്നത്‌ അത്ര എളുപ്പമല്ല. ഒരു കാര്യം ചെയ്യാം, നീയീ കുഴിയുടെ അരികിനോടു ചേര്‍ന്നു നില്‍ക്ക്‌, ഞാന്‍ നിന്റെ പുറത്തു ചവിട്ടി വെളിയിലെത്താം, എന്നിട്ട്‌ ഞാന്‍ നിന്നെ വലിച്ചു കയറ്റാം".

മണ്ടനായ ആട്‌ സമ്മതിച്ചു. കുറുക്കന്‍ അവന്റെ പുറത്തുചവിട്ടി, കൊമ്പില്‍പ്പിടിച്ച്‌ ഒരുവിധത്തില്‍ കുഴിക്കുപുറത്തെത്തി. എന്നിട്ട്‌ അവന്റെ പാട്ടിനു പോയി. അമളിപറ്റിയെന്നു മനസ്സിലാക്കിയ ആട്‌ ഉറക്കെക്കരഞ്ഞു. കുറുക്കനെ വിളിച്ചു. കുറുക്കന്‍ തിരിച്ചെത്തിയിട്ടു പറഞ്ഞു: "എടാമണ്ടാ, നീ ഈ കുഴിയില്‍ ഇറങ്ങുന്നതിനു മുമ്പ്‌ ആലോചിക്കണമായിരുന്നു, നിനക്ക്‌ ഇവിടെനിന്ന് പുറത്തിറങ്ങാന്‍ പറ്റുമോ ഇല്ലയോ എന്ന്. നിനക്കേ, ഒട്ടും ബുദ്ധിയില്ല. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞതു കേട്ട്‌ നീ ഇവിടേക്ക്‌ ചാടുമായിരുന്നില്ല.." ഇത്രയും പറഞ്ഞിട്ട്‌ കുറുക്കന്‍ ഓടിപ്പോയി.

ഇതില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠം പഠിച്ചു? ഏതു കാര്യം ചെയ്യുന്നതിനു മുമ്പും നമ്മള്‍ നല്ലവണ്ണം ആലോചിക്കണം. ആരെങ്കിലും പറയുന്നതു കേട്ട്‌ എന്തിലും എടുത്തു ചാടരുത്‌. നമ്മുടെ മാതാപിതാക്കള്‍ തരുന്ന ഉപദേശങ്ങള്‍ നമുക്കു നല്ലതുവരാനാണെന്നു മനസ്സിലാക്കി അവര്‍ പറയുന്നത്‌ അനുസരിച്ച്‌ നല്ല കുട്ടികളായി ജീവിക്കാം.

******************
അവലംബം : ഈസോപ്പ് കഥകള്‍

8 അഭിപ്രായങ്ങള്‍:

അപ്പു ആദ്യാക്ഷരി December 16, 2007 at 1:15 PM  

മഷിത്തണ്ടില്‍ ഒരു കുട്ടിക്കഥ

ചന്ദ്രകാന്തം December 16, 2007 at 1:45 PM  

വളരെ ശരിയാണ്‌. ചിന്തിയ്ക്കാതെയുള്ള പ്രവൃത്തികള്‍ ആണ്‌, മിക്കവാറും അപകടങ്ങള്‍ വിളിച്ചു വരുത്തുന്നത്‌.
നല്ല കഥ.

മന്‍സുര്‍ December 16, 2007 at 3:26 PM  

അപ്പുവേട്ടാ...

എന്തൊരു കാര്യം നാം ചെയ്യാനൊരുങ്ങുബോഴും രണ്ടാമതൊന്ന്‌ ആലോചിക്കുന്നത്‌ നന്നായിരിക്കും..

നല്ല കഥ...കൂടെ നല്ലൊരു ഗുണപാഠവും

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

പ്രയാസി December 16, 2007 at 8:45 PM  

അപ്പു മാഷെ..
ച്ച്.. ഇതും ഇസ്ടായി..

ഇതൊക്കെ നാട്ടില്‍ ചെന്നു സുറുമിണികള്‍ക്കു പറഞ്ഞു കൊടുക്കണം..:)

നിരക്ഷരൻ December 17, 2007 at 10:56 AM  

എന്റെ മകള്‍ക്ക് പറഞ്ഞുകൊടുക്കാം ഈ കുട്ടിക്കഥ. നന്നായിരിക്കുന്നു.