Monday, January 12, 2009

കയ്‌ക്കുന്ന കോവയ്ക്ക (കുട്ടിക്കഥ)

കൊച്ചുകൂട്ടുകാര്‍ക്കെല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഒരു കഥകേട്ടിട്ട് കുറേ നാളായില്ലേ. പഴയൊരു മുത്തശ്ശിക്കഥ പറയാം.

പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ രണ്ടുകുട്ടികളുണ്ടായിരുന്നു, ദാമുവും ഗോപുവും. രണ്ടുപേരും നല്ല കൂട്ടുകാര്‍. അന്ന് ഇന്നത്തെപ്പോലെ സ്കൂളുകളൊന്നുമില്ല കേട്ടോ. ആശാന്‍പള്ളിക്കൂടത്തിലാണ് രണ്ടുപേരും അക്ഷരം പഠിക്കുവാന്‍ പോകുന്നത്. ദാമു ഒരു വികൃതിയായിരുന്നു. ഒരു ദിവസം പള്ളിക്കൂടത്തില്‍ നിന്നും തിരികെ വരുന്നവഴി ഒരു പറമ്പില്‍ നിറയെ നല്ല കോവയ്ക്ക വിളഞ്ഞുനില്‍ക്കുന്നതു കണ്ടു.

ദാമു പറഞ്ഞു: “എടാ ഗോപൂ, നോക്കടാ നല്ല കോവയ്ക്ക. ഇത് വറവാക്കി തിന്നാന്‍ എന്തു രസമാണെന്ന് നിനക്കറിയാമോ? വാ നമുക്ക് ഇത് കുറച്ച് പറിച്ചെടുത്തുകൊണ്ട് വീട്ടില്‍ പോകാം”

അതു കേട്ട് ഗോപു പറഞ്ഞു : “വേണ്ടാ ദാമൂ, ഇത് മറ്റാരോ കൃഷി ചെയ്തിരിക്കുന്നതല്ലേ, ആരെങ്കിലും കാണും”

“ആരും കാണുകയില്ല, നീ വാ” ദാമു ഗോപുവിനെ സമാധാനിപ്പിച്ചു. അങ്ങനെ ആരും കാണാതെ അവര്‍ രണ്ടുപേരും ഓരോ ഇലക്കുമ്പിള്‍ നിറയെ കോവയ്ക്കയും പറിച്ചുകൊണ്ട് വീട്ടിലെത്തി.

ദാമുവിന്റെ അമ്മയ്ക്കു സന്തോഷമായി. അവര്‍ കോവയ്ക്ക അരിഞ്ഞ് ദാമുവിന് നല്ല കറിയും, വറവും ഒക്കെയുണ്ടാക്കി കൊടുത്തു. ഗോപു കോവയ്ക്കയുമായി എത്തിയപ്പോള്‍ അവന്റെ അമ്മ അതെവിടെനിന്നാണെന്ന് ചോദിച്ചു മനസിലാക്കി. അവരെന്തുചെയ്തുവെന്നോ. ഗോപുവിനെ വഴക്കൊന്നും പറഞ്ഞില്ല. പകരം ഗോപുവിന്റെ അമ്മയും കോവയ്ക്ക കറിവച്ചു. പക്ഷേ അതില്‍ ഒരു കാഞ്ഞിരക്കുരുകൂടി ചേര്‍ത്താണ് അവന്റെ അമ്മ കറിയുണ്ടാക്കിയത്! കാഞ്ഞിരക്കുരു എന്താണെന്ന് കൂട്ടുകാര്‍ക്കറിയാമോ? ഭയങ്കര കയ്‌പ്പുള്ള ഒരു കായയാണത്. പണ്ട് നമ്മുടെ നാട്ടില്‍ എല്ലായിടത്തും ഉണ്ടായിരുന്ന ഒരു മരത്തിന്റെ കായ.

അങ്ങനെ ഗോപുവും സന്തോഷത്തോടെ ചോറുണ്ണാനിരുന്നു. പക്ഷേ കോവയ്ക്ക വായില്‍ വച്ചപ്പോഴോ, ഭയങ്കര കയ്‌പ്പ്!

ഗോപു ചോദിച്ചു: “അയ്യേ അമ്മേ ഇതെന്താ ഈ കോവയ്ക്ക് കയ്‌ക്കുന്നത്“

അപ്പോള്‍ ഗോപുവിന്റെ അമ്മ പറഞ്ഞു: “മോനേ, ഈ കോവയ്ക്ക നീ കട്ടുകൊണ്ടുവന്നതല്ലേ, മറ്റുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കരുത്. കട്ടെടുക്കുന്ന വസ്തുക്കള്‍ കയ്‌ക്കും കേട്ടോ?”

അതൊരു പുതിയ അറിവായീരുന്നു ഗോപുവിന്. ഗോപു പിന്നീടൊരിക്കലും മോഷ്ടിക്കാന്‍ പോയില്ല.

എന്നാല്‍ ദാമുവോ? അവന്റെ അമ്മ എന്നും അവന്‍ കട്ടുകൊണ്ടുവരുന്ന പച്ചക്കറികള്‍ കൊണ്ട് അവന് നല്ല നല്ല കറികളുണ്ടാക്കിക്കൊടുത്തു. അവനതു തിന്ന് തടിച്ചുകൊഴുത്തു. വലുതായപ്പോള്‍ അവന്‍ വലിയൊരു കള്ളനായി മാറുകയും ചെയ്തു. നാട്ടുകാര്‍ക്കെല്ലാം ശല്യമായി തീര്‍ന്ന ഒരു പെരുങ്കള്ളന്‍.

ഇതില്‍ നിന്നും കൂട്ടുകാര്‍ എന്തുപഠിച്ചു? കട്ടെടുക്കരുത്. മറ്റുള്ളവരുടെ ഒരു സാധനങ്ങളും നമ്മള്‍ അവരുടെ സമ്മതമില്ലാതെ എടുക്കരുത്. സ്കൂളില്‍ പോകുമ്പോള്‍ മറ്റുകുട്ടികളുടെ സാധനങ്ങള്‍, മറ്റു വീടുകളില്‍ പോയാല്‍ അവിടെനിന്ന് എന്തെങ്കിലും, കടകളില്‍ നിന്ന് സാധനങ്ങള്‍ - അങ്ങനെ എന്തുമാവട്ടെ, ഒരു കൊച്ചു സാധനം പോലും കട്ടെടുക്കരുത്. അത് നല്ല ശീലമല്ല.

13 അഭിപ്രായങ്ങള്‍:

കുഞ്ഞന്‍ January 12, 2009 at 9:25 AM  

മാഷെ..

നല്ല ഗുണപാഠ കഥ..നല്ല ഈണത്തില്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പറ്റുന്നത്...

പിന്നെ, കയ്ക്കുന്ന എന്നല്ലെ ശരി?

ഈ കഥയില്‍നിന്നും ഞാന്‍ മനസ്സിലാക്കിയത് തടിയില്ലെങ്കില്‍ കട്ടെടുത്ത് കഴിച്ചാല്‍ മതിയെന്നാണ്. ഞാനെപ്പെഴേ സ്ഥലം വിട്ടു..

അപ്പു January 12, 2009 at 9:31 AM  

കുഞ്ഞന്‍സ്, നന്ദി.
കൈപ്പിനെ കയിപ്പാക്കിയിട്ടുണ്ട് :-)

[Shaf] January 12, 2009 at 9:55 AM  

നല്ല ഗുണപാഠ കഥ...
വിഷമെ മെന്താണെന്ന് വെച്ചാല്‍ പറഞ്ഞുകൊടൂക്കാന്‍ കുട്ടികളില്ല..!!അടുത്ത ഫ്ലാറ്റിലെ പാക്കിസ്ത്ഥാനി പയ്യനോട് ഒന്നവതരിപ്പിക്കട്ടെ..അതും പ്രശ്ന്മാ ഞാന്‍ പറയുന്ന് ഹിന്ദി അവനങ്ങു മനസ്സിലാവുന്നില്ല..!ഗ്രാമറൊന്നും അറിയില്ല..പാവം കുട്ടിയല്ലെ... :)

kaithamullu : കൈതമുള്ള് January 12, 2009 at 11:16 AM  

ഗുണപാഠം:
അമ്മമാര്‍ വീട്ടിലെപ്പോഴും കാഞ്ഞിക്കുരു‍ കരുതണം.(അച്ഛന്മാര്‍ കാ‍ഞ്ഞിരവടിയും)

കോവയ്ക്ക നട്ട് വളര്‍ത്തരുത്.
(കട്ട് പറിയ്ക്കണം)

കോവയ്ക്ക തിന്ന് ദാമു‍ തടിയനായി.
(പാവം ഗോപു പോലീസും!)

അപ്പൂസെ,
കുട്ടിക്കഥയാകുമ്പൊ അവസാനം ഒന്ന് കൂടി പോളിഷ് ചെയ്ത് (ബ്ലാക് ഏന്‍ഡ് വൈറ്റ്) ക്ലീയര്‍ ആക്കാമായിരുന്നു എന്ന് തോന്നി.

സുല്‍ |Sul January 12, 2009 at 11:53 AM  

ഇതു കുട്ടിക്കഥയോ അമ്മക്കഥയോ.

അതായത് അമ്മക്കാണോ കുട്ടിക്കാണൊ പറഞ്ഞുകൊടുക്കേണ്ടത്? ഒരു സംശ്യം...

(താരെ സമീന്‍ പര്‍ - കുട്ടികളോടൊപ്പം കാണാനിരുന്ന പോലെ :))

-സുല്‍

ചന്ദ്രകാന്തം January 12, 2009 at 2:13 PM  

ഇത്‌ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ഒന്നായുള്ള ഗുണപാഠം തന്നെ.
അരുതാത്ത കാര്യങ്ങള്‍ക്ക്‌, അറിഞ്ഞോ അറിയാതെയോ വളമാകുന്ന സമീപനത്തെപ്പറ്റി മുതിര്‍ന്നവരും ചിന്തിക്കേണ്ടതുണ്ട്‌.

ഗീത് January 12, 2009 at 5:36 PM  

എത്ര നല്ല കഥ. തീര്‍ച്ചയായും ഇത് കുട്ടികള്‍ മാത്രമല്ല അമ്മമാരും വായിക്കണം.
അപ്പുവിന് അഭിനന്ദനങ്ങള്‍.

nardnahc hsemus January 13, 2009 at 1:09 PM  

ഗുണപാഠം കൊള്ളാം.

എങ്കിലും സ്കൂളില്‍ പോകുന്ന വഴിയില്‍ നില്‍ക്കുന്ന മാവിലും പുളിമരത്തിലുമൊക്കെ അതാരുടേതെന്ന് നോക്കാതെ തന്നെ കല്ലെറിഞ്ഞു വീഴ്ത്തണം എന്ന പക്ഷത്താ ഞാനും... അയ്യോ ഞാന്‍ ദാമുവിന്റെ അമ്മയുടേ കാറ്റഗറിയില്‍ വരുമെന്നോ?? ഉം അത് പള്ളീ പറഞ്ഞാ മതി...

പിന്നെ, കോവയ്ക്കയിലും കയ്പുള്ള കോവയ്ക്കകള്‍ ഉണ്ട്..ചിലതരം അരിവെള്ളരിയ്ക്കയില്‍ (കക്കിടി എന്നു ഹിന്ദിയില്‍) കാണുന്നപോലെ തന്നെ.. അതു കൊണ്ട് അന്യം (??) നിന്ന് പോയ കാഞ്ഞിരമരത്തെ അന്വേഷിച്ചു നടക്കാതെ ഈ കയ്പ് കോവയ്ക്കാ മിക്സിട്ടും ഇന്നത്തെ പാരന്റ്സിനു ഈ കലാപരിപാടി അവരവരുടേ വീടുകളില്‍ പെര്‍ഫോം ചെയ്യാവുന്നതേയുള്ളൂ....

ഹരീഷ് തൊടുപുഴ January 14, 2009 at 5:27 AM  

നല്ലൊരു സാരോപദേശ കഥയാണല്ലോ ഇത്!!
പണ്ടൊക്കെ കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെയുള്ള കുഞ്ഞിക്കഥകള്‍ ചൊല്ലിക്കൊടുക്കാന്‍ മുത്തശ്ശിമാര്‍ ഉണ്ടായിരുന്നു, പക്ഷേ ഇന്നത്തെ മുത്തശ്ശിമാര്‍ക്ക് മെഗാസീരിയല്‍ കഥകളേ അറിയാവൂ..
ഈ ബ്ലോഗ് എന്റെ ഫേവറൈറ്റിലാക്കി. എന്റെ പീക്കിരിക്കുഞ്ഞിന് ഈ കഥകള്‍ പറഞ്ഞു കൊടുക്കാമല്ലോ...
അപ്പുവേട്ടാ; അഭിനന്ദനങ്ങള്‍...

Mahesh Cheruthana/മഹി January 31, 2009 at 11:49 PM  

അപ്പുവേട്ടാ,
നല്ല ഗുണപാഠ കഥ!

പാര്‍ത്ഥന്‍ February 1, 2009 at 8:41 AM  

കുട്ടികളുടെ മനശാസ്ത്ര പരീക്ഷണത്തിനായി ഈ കഥ അമ്മമാർ അറിഞ്ഞിരിക്കുന്നതാണ് കൂടുതൽ നല്ലത്‌ എന്നു തോന്നുന്നു.

ഈ കാഞ്ഞിരത്തിന്റെ വേര് നല്ല വിഷമാണ് എന്ന് നിങ്ങൾക്കറിയുമോ?
പണ്ട് നമ്മുടെ തമാശക്കാരൻ മുഖ്യൻ ഉള്ള കാലത്ത്‌, ഒരു തെരുവു നായയെ കൊന്നാൽ 5 രൂപ സർക്കാരിൽനിന്നു കിട്ടും എന്നു പറഞ്ഞിരുന്നു. അതിനുവേണ്ടിയല്ലെങ്കിലും, നാട്ടിലെ നായ ശല്യം ഇല്ലാതാക്കാൻ, കാഞ്ഞിരത്തിന്റെ വേര് മാംസത്തിൽ (വേയ്റ്റ് മാംസം) ഇട്ടു വേവിച്ച്‌ നായക്കൾക്ക് തിന്നാൻ വെച്ചുകൊടുക്കും. നല്ല ഫലം കണ്ടിരുന്നു.