Wednesday, February 13, 2008

നായയാവാന്‍ ശ്രമിച്ച കഴുത

കൊച്ചുകൂട്ടുകാരേ, അടുത്തടുത്ത് മൂന്നു കുട്ടിക്കവിതകള്‍ നമ്മള്‍ വായിച്ചു. ഇനി ഒരു കഥയാകാം, അല്ലേ?

പണ്ട് പണ്ട് ഒരു നാട്ടില്‍ ഒരു വ്യാപാരിയുണ്ടായിരുന്നു. അദ്ദേഹത്തിന് ധാരാളം പശുക്കളും, ആടുകളും, ഒരു കഴുതയും, നായയയും ഒക്കെ വളര്‍ത്തുമൃഗങ്ങളായി ഉണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട് വ്യാപാരി തന്റെ മൃഗങ്ങളെ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് എത്തി. തീറ്റതിന്നു കൊണ്ടുനില്‍ക്കുന്ന തടിച്ചുകൊഴുത്ത പശുക്കളേയും, വെള്ളരോമക്കുപ്പായവുമിട്ടുകൊണ്ടു നില്‍ക്കുന്ന ആടുകളെയും, പട്ടണത്തിലേക്ക് വ്യാപര സാധനങ്ങള്‍ കൊണ്ടുപോകുവാനുപയോഗിക്കുന്ന കഴുതയേയും ഒക്കെ കണ്ട് അദ്ദേഹത്തിന് വളരെ സന്തോഷം തോന്നി. വ്യാപാരി അവയെ തൊട്ടും തലോടിയും അല്‍പ്പസമയം അവിടെ നിന്നു.

പെട്ടന്ന് വ്യാപാരിയുടെ വളര്‍ത്തുനായ അവിടേക്ക് ഓടിവന്നു. അവന്‍ വാലാട്ടിക്കൊണ്ട് അദ്ദേഹത്തിനു ചുറ്റും ഓടിക്കളിക്കുകയും കാലുയര്‍ത്തി ചാടി വ്യാപാരിയുടെ കാലുകളില്‍ ചാരിനില്‍ക്കുകയും ചെയ്തു. വ്യാപാരിക്ക് ഈ നായയെ വലിയ ഇഷ്ടമായിരുന്നു. അവനെ തലോടിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. എന്നിട്ട് നായയ്ക്ക് കൊടുക്കാനായി എന്തെങ്കിലും ഭക്ഷണം കൊണ്ടുവരുവാന്‍ വേലക്കാരോട് പറഞ്ഞു. നായ വ്യാപാരിയുടെ മടിയില്‍ കയറി അവിടെ ഇരുന്നുകൊണ്ട് തന്റെ സ്നേഹപ്രകടനങ്ങള്‍ തുടര്‍ന്നു.

ഇതുകണ്ട് കഴുതയ്ക്ക് വലിയ അസൂയതോന്നി നായയോട്. കഴുത ഇങ്ങനെ വിചാരിച്ചു “ഇത്ര ചെറുതായിട്ടും ഇവനെങ്ങനെ ഇത്രയധികം സ്നേഹം പിടിച്ചുപറ്റാന്‍ കഴിയുന്നു. അങ്ങനെ വിട്ടാല്‍പ്പറ്റില്ല, ഇതുപോലൊക്കെ എനിക്കും സാധിക്കുമോ എന്നു നോക്കുകതന്നെ“. ഉടന്‍ തന്നെ കഴുത വ്യാപാരി ഇരിക്കുന്നിടത്തേക്ക് വന്ന് നായ കാണിച്ചതുപോലെ ചുറ്റും ചാടാനും, വാലാട്ടാനും, അദ്ദേഹത്തെ നക്കാനും മറ്റും തുടങ്ങി. ഈ കഴുതയ്ക്ക് എന്തുപറ്റി എന്നോര്‍ത്ത് എല്ലാവരും ചിരിച്ചു. വ്യാപാരി തന്നെ നോക്കുന്നതേയില്ലെന്നു കണ്ട് അരിശം വന്ന കഴുത നായ ചെയ്തതുപോലെ തന്റെ കാലുരണ്ടും ഉയര്‍ത്തി വ്യാപാരിയുടെ തോളിലേക്ക് വയ്കാന്‍ ശ്രമിച്ചു. വ്യാപാരി കഴുതയെ ഉച്ചത്തില്‍ ശകാരിച്ചു. ഇതുകണ്ട് വേലക്കാര്‍ ഒരു വടിയുമായി വന്ന് കഴുതയ്ക്ക് നല്ല അടികൊടുക്കുകയും, അവനെ തൊഴുത്തിന്റെ ഒരു ഭാഗത്ത് കൊണ്ടുപോയി കെട്ടിയിടുകയും ചെയ്തു.


ഈ കഥയില്‍ നിന്ന് കൂട്ടുകാര്‍ എന്തൊക്കെ ഗുണപാഠങ്ങള്‍ പഠിച്ചു?

1. നമ്മെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്കേ തുനിയാവൂ. മുതിര്‍ന്നവര്‍ക്കു മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്കും ചെയ്യണം എന്നു വാശി പാടില്ല.

2. മറ്റുകുട്ടികളോ, മറ്റാള്‍ക്കാരോ എന്തെങ്കിലും ചെയ്യുന്നതുകണ്ട് അതുപോലെ നമുക്കും ആവാം എന്നുകരുതി എടുത്ത് ചാടരുത്. അതു ചിലപ്പോള്‍ നമുക്ക് പറ്റാത്ത കാര്യമാവാം.

3. നമുക്ക് പറ്റാത്ത കാര്യങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ നാം നാണംകെട്ടുപോകും
.

================================

അവലംബം : ഈസോപ്പ് കഥകള്‍

30 അഭിപ്രായങ്ങള്‍:

അപ്പു ആദ്യാക്ഷരി February 12, 2008 at 1:45 PM  

മഷിത്തണ്ടിലെ കുട്ടികള്‍ക്കായി മറ്റൊരു കഥ

Unknown February 12, 2008 at 1:49 PM  

ഹാവൂ..തേങ്ങ ഉടക്കട്ടെ..(ഹേയ് ,..ഇതു ഞാന്‍ ബ്ലോഗ് എഴുതണെനെപ്പറ്റിയല്ല..)

[ nardnahc hsemus ] February 12, 2008 at 1:55 PM  

haha...ഈശ്വരാ.. എന്റെ കമന്റല്ലേ മേലെക്കിടക്കുന്നേ...

സോപ്പ് കഥ കൊള്ളാം.. യെന്തിറ്റാ താങ്ങ്!!!
:)

ശ്രീ February 12, 2008 at 2:21 PM  

“നമുക്ക് പറ്റാത്ത കാര്യങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ നാം നാണംകെട്ടുപോകും.”

അതു തന്നെ.
:)

Unknown February 12, 2008 at 2:29 PM  

അപ്പുവേട്ടാ,
നന്നായിട്ടുണ്ട്. പണ്ട് കൊച്ച് കുട്ടികള്‍ക്ക് വായിച്ച് കൊടുക്കാന്‍ എന്ന് പറഞ്ഞ് ബാലമാസികകളില്‍ വരുമായിരുന്ന കഥകളെ ഓര്‍മ്മിപ്പിച്ചു.

സുല്‍ |Sul February 12, 2008 at 2:39 PM  

അപ്പേട്ടാ
ഗുഡ് കഥ. :)
താങ്ക്സ്
-സുല്‍

മുസ്തഫ|musthapha February 12, 2008 at 2:54 PM  

അപ്പുവേ... നല്ല കഥ...


സസ്നേഹം

- അഗ്രജന്‍കുട്ടി -

പ്രയാസി February 12, 2008 at 2:57 PM  

കുട്ട്യോള്‍ക്കും വല്യോര്‍ക്കും ഒരു പോലെ ഉപകാരപ്രദം..:)

കരീം മാഷ്‌ February 12, 2008 at 3:13 PM  

ഈ കഥയില്‍ നിന്ന് കൂട്ടുകാര്‍ എന്തൊക്കെ ഗുണപാഠങ്ങള്‍ പഠിച്ചു?
കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.
കാക്ക കുളിച്ചാല്‍ കൊക്കാകുമോ?

Meenakshi February 12, 2008 at 3:14 PM  

ലാളിത്യം കൊണ്ട്‌ മനോഹരമായിരിക്കുന്നു കുട്ടിക്കഥ

ശ്രീവല്ലഭന്‍. February 12, 2008 at 3:21 PM  

കൊച്ചു കഥ എനിക്ക് ഇഷ്ടപ്പെട്ടു.

ഒരേ ഒരു പ്രശ്നം ഇതൊന്നും അങ്ങോട്ട് കുട്ടൂസിന്റടുത്ത് ഏശത്തില്ല.......ഇപ്പം കാര്‍ട്ടൂണില് കാണുന്ന എന്തിരവന്റ്റേം എന്തിരവളുടേം കഥ വേണമെന്നാണ് നിര്‍ബന്ധം! നമ്മളാണേല് ഇതോട്ടു കണ്ടിട്ടും ഇല്ല...

അഭിലാഷങ്ങള്‍ February 12, 2008 at 5:48 PM  

“അപ്പുമാഷേ...“

“കഥ നന്നായി ഇഷ്ടപ്പെട്ടു.“

എന്ന് വിനയപൂര്‍വ്വം,

അഗ്രജന്‍കുട്ടിയുടെ പിറകിലത്തെ ബഞ്ചില്‍ ഇരിക്കുന്ന

അഭിക്കുട്ടി :-)

Anonymous,  February 12, 2008 at 6:10 PM  

കൊള്ളാം , നല്ലത് , അടിപൊളി :) :)
എന്ന് എഴുതുന്നവര്‍ സൃഷ്ടികള്‍ വായിക്കുന്നവരല്ല.

വെറുതെ തന്‍റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നു.
അവര്‍ എഴുതുന്ന എന്ത് കാര്യത്തിനും നമ്മളും നല്ലത് എന്ന് എഴുതാനുള്ള സുത്രപണി യാണിത്‌

ജാഗ്രതൈ

സൃഷ്ടികള്‍ വായിച്ച് അഭിപ്രായം പറയുന്നവര്‍ ഇഷ്ടമായാല്‍ എന്തുകൊണ്ട് ..? ഇഷ്ടമല്ലെ
എന്തുകൊണ്ട് ..? എന്ന് വ്യക്തമായി എഴുതുക.

തന്‍റെ ബ്ലോഗിലേക്ക് വായനക്കാരേ എത്തിക്കാനുള്ള ഒരു വഴിയായി ഇതിനെ ഉപയോഗിക്കുന്നവര്‍ ദയവായി
ബ്ലോഗ് തുറന്നു
കണ്ടു
എന്ന് മാത്രം എഴുതുക.

ദിലീപ് വിശ്വനാഥ് February 12, 2008 at 7:53 PM  

കഥ നന്നയി അപ്പുവേട്ടാ.. ഇതു കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഒര്രു ഗുണപാഠമാണ്.

തറവാടി February 12, 2008 at 8:24 PM  

അനോണി,

താങ്കള്‍ പറഞ്ഞത് കുറച്ചു സത്യം തന്നെയാണ് , അതു പറയാന്‍ മുഖം മൂടി എന്തിനുപയോഗിച്ചു എന്നതെനിക്കു മനസ്സിലാവുന്നില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ February 12, 2008 at 9:01 PM  

വാല്‍മീകി മാഷ് പറഞ്ഞപോലെ ഇതു മുതിര്‍ന്നവര്‍ക്കും വേണ്ടി ഉള്ളതാണ്.

ഒന്നല്ല രണ്ടുവട്ടം വായിച്ചു,കഥയുടെ രസം കൊണ്ട്.

നിരക്ഷരൻ February 12, 2008 at 9:39 PM  

പ്രയാസി പറഞ്ഞതുപോലെ ഈ ഗുണപാഠങ്ങള്‍ വലിയവര്‍ക്കും ഉപകരിക്കും. നന്ദി.

Mahesh Cheruthana/മഹി February 12, 2008 at 11:07 PM  

അപ്പുവേട്ടാ,
ഗുണപാഠ കഥകള്‍
ഇനിയും പ്രതീഷിക്കുന്നു!

ചന്ദ്രകാന്തം February 12, 2008 at 11:17 PM  

'അനുകരണം ആപത്ത്‌' എന്ന ചൊല്ല്‌, വളരെ ലളിതമായി പറഞ്ഞിരിയ്ക്കുന്നു..ഇവിടെ.
നന്നായി.

ശ്രീലാല്‍ February 12, 2008 at 11:27 PM  

കഥച്ചെപ്പിലേക്ക് ഒരു മുത്തുകൂടി...

ചെയ്യുന്ന ജോലികള്‍ നന്നായി ചെയ്യുന്നതിലൂടെയാണ് മറ്റുള്ളവരുടെ സ്നേഹവും അംഗീകാരവും ലഭിക്കുന്നത്. അല്ലാതെ മറ്റുള്ളവര്‍ ചെയ്യുന്നതിനെ അനുകരിച്ചാല്‍ അബദ്ധമകും എന്ന ഒരു ഗുണപാഠം കൂടി ഈ കഥ പറയുന്നു.

Gopan | ഗോപന്‍ February 13, 2008 at 12:09 AM  

അപ്പു മാഷേ,
കഥ കേമം.
ഗുണപാഠം കെങ്കേമം !
ഇങ്ങിനത്തെ കഥവായിക്കുമ്പോ
വീണ്ടും കുഞ്ഞാവാനൊരു മോഹം :-)

അപ്പു ആദ്യാക്ഷരി February 13, 2008 at 7:21 AM  

പ്രിയ അനോനി സുഹൃത്തേ, പെട്ടന്ന് ഇവിടെ ഇടപെടേണ്ടിവന്നത് താങ്കളുടെ കമന്റിനൊരു മറുപടി പറയാനാണ്. കമന്റില്‍ പറഞ്ഞിരിക്കുന്നകാര്യം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ നിവൃത്തിയില്ല (അല്‍പ്പം ശരി ഉണ്ടുതാനും). എല്ലാ പോസ്റ്റുകളെപ്പറ്റിയും കമന്റുചെയ്തവര്‍ക്ക് ഒരു പാരഗ്രാഫ് കമന്റെഴുതാന്‍ സാധിച്ചെന്നു വരില്ല, പലപ്പോഴും അതിന്റെ ആവശ്യവുമില്ല.

ഇവിടെ ഇതുവരെ കമന്റിട്ട എല്ലാ ആള്‍ക്കാരെയും എനിക്ക് നേരില്‍ പരിചയമുണ്ട്. അവരാരും അവരുടെ പോസ്റ്റില്‍ തിരികെ കമന്റു കിട്ടാനായി ഇവിടെ കമന്റിയതാണെന്നു തോന്നുന്നില്ല. വായിച്ചപ്പോഴുള്ള ഒരു സന്തോഷം, അത്രതന്നെ. ഇതൊരു വെറും ഈസോപ്പ് കഥ മാത്രമല്ലേ, സീരിയസ് പോസ്റ്റൊന്നും അല്ലല്ലോ.

സ്നേഹപൂര്‍വ്വം
അപ്പു

Ziya February 13, 2008 at 9:36 AM  

അപ്പുവേട്ടാ കഥ നന്നായി, അടിപൊളി :)
ഇനി അനോണിമാഷിന്റെ മനഃസമാധാനത്തിനായി,
പണ്ട് ഈസോപ്പ് ഈ കഥ പറഞ്ഞപ്പോഴും കുറേ അധികം ആള്‍ക്കാര്‍ നന്നായി, അടിപൊളി എന്നൊക്കെ പറഞ്ഞിരുന്നു, കാലം കുറേയായി ഈ കഥകള്‍ കേള്‍ക്കുന്ന കുട്ടികളും മുതിര്‍ന്നവരും അതു തന്നെ പറയുന്നു.
അതോണ്ട് ഞാനും പറയട്ടെ,
നന്നായി, അടിപൊളി :)

G.MANU February 13, 2008 at 9:41 AM  

കുട്ടികള്‍ക്ക് പറഞുകൊടുക്കുന്ന രീതിയില്‍ ഉള്ള ഈ കഥയും ഇഷ്ടമായി..

ഇനിയും വരട്ടെ ഇതുപോലെ

ഹരിത് February 13, 2008 at 10:51 AM  

:)നന്നായിട്ടുണ്ട്. ഇനിയിപ്പൊ അനോണി ചോദിച്ചതുകൊണ്ടു പറയുവാ.... എന്തുകൊണ്ട് നാന്നായി എന്നു പറഞ്ഞു?
1. എനിക്കു കഥ ഇഷ്ടമായതു കൊണ്ട്
2. പണ്ട് കേട്ട കഥ വീണ്ടും കേട്ടതു കൊണ്ട്
3.കുട്ടികള്‍ക്കു ഗുണപാഠമാവുന്നതുകൊണ്ട്.
4.അപ്പുവിനു ഈ പോസ്റ്റ് എഴുതണമെന്നുതോന്നിയ ഒരു നല്ല മനസ്സുള്ളതുകൊണ്ട്.
5. മക്കള്‍ ഉള്ളതുകൊണ്ട്.
6. നായ ഉള്ളതു കൊണ്ട്.
7. കഴുത ഇല്ലാത്തതുകൊണ്ട്.

മഴത്തുള്ളി February 13, 2008 at 10:57 AM  

അപ്പു മാഷേ,

വളരെ ഇഷ്ടപ്പെട്ടു ഈ ഗുണപാഠകഥ.

അനോണി മാഷേ,ഇഷ്ടമായി എന്നതില്പരം ഈ കഥയെക്കുറിച്ച് വിശദീകരിച്ചെഴുതാന്‍ എല്ലാവര്‍ക്കും സമയം കിട്ടിയെന്ന് വരില്ല.

അപ്പോള്‍ ഞാനും പറയുന്നു. അടിപൊളി ;)

അഗ്രജന്‍ കുട്ടിയുടെയും അഭിക്കുട്ടിയുടെയും ബേക്ക് സീറ്റിലിരിക്കുന്ന മഴത്തുള്ളിക്കുട്ടി ;)

Murali K Menon February 13, 2008 at 2:44 PM  

കഥ കൊള്ളാം, നല്ലത്, ഇഷ്ടപ്പെട്ടു. [അടിപൊളി എന്ന പ്രയോഗം എനിക്കിഷ്ടമല്ലാത്തതിനാല്‍ ഉപയോഗിക്കുന്നില്ല]. എന്തുകൊണ്ടിഷ്ടപ്പെട്ടു എന്ന് പറയാന്‍ തീരെ മനസ്സില്ല. ചിലപ്പോള്‍ അങ്ങനെ സംഭവിച്ചുവെന്നും വരാം.
[ഇതിന്റെ പേരില്‍ എന്റെ ബ്ലോഗിലേക്ക് വന്നു പോകരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു]

ഹ ഹ ഹ ഹ
എന്റെ അനോണിയെ എല്ലാറ്റിനും ടേംസ് ആന്റ് കണ്ടീഷന്‍സ് വെക്കുന്നതെന്തിനാ അനിയാ... ഇഷ്ടമുള്ളത് പറഞ്ഞട്ട് പോട്ട്....ഇതുകൊണ്ടൊന്നും നമ്മുടെ രചന നന്നാവാനും, ചീത്തയാവാനും പോണില്ല. കയ്യിലുള്ള കുന്തിരിക്കം വെച്ചല്ലേ പുകയ്ക്കാന്‍ പറ്റൂ...:)))

നിരക്ഷരൻ February 13, 2008 at 3:03 PM  

“കയ്യിലുള്ള കുന്തിരിക്കം വെച്ചല്ലേ പുകയ്ക്കാന്‍ പറ്റൂ...:)))“

മുരളീമേനോന്‍, വളരെനന്ദി ആ പ്രയോഗത്തിന്

ഈ അനോണി ചേട്ടന്മാരോട് എന്താ പറയുക എന്നാലോചിച്ച് വിഷമിച്ച് നടക്കുകയായിരുന്നു. :)

ഹാറ്റ്സ് ഓഫ് റ്റു, അവസാനത്തെ ആ പാരഗ്രാഫ്

ഇതൊരു ബ്ലോഗ് കവല(കടപ്പാട്- വേണുജി‌) കൂട്ടായ്മയല്ലേ എന്ന് എന്റെ വക ഒരു വരികൂടെ ചേര്‍ക്കുന്നു. :) :)

ഗീത February 14, 2008 at 10:43 PM  

പാവം കഴുത.

ഇനി അടുത്ത കഥയില്‍ കഴുതയ്ക്കൊരു നല്ല സ്ഥാനം നല്‍കണം, അപ്പൂ...

കഴുതയും മനുഷ്യനുവേണ്ടി എന്തെല്ലാം സേവനങ്ങള്‍ അനുഷ്ടിക്കുന്നുണ്ട്....