Wednesday, November 21, 2007

അപ്പുക്കുട്ടനും ഗെയിം പിശാശും.

മഹാ കുസൃതിയാണ് അപ്പുക്കുട്ടന്‍. ഒരു കമ്പ്യൂട്ടര്‍ വേണമെന്നതാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം. കമ്പ്യൂട്ടര്‍ വേണമെന്ന് പറഞ്ഞ് എപ്പോഴും അവന്‍ വാശി പിടിച്ചു കരയും. കരച്ചില്‍ സഹിക്കാതായപ്പോള്‍ അപ്പുക്കുട്ടന്റെ അമ്മ അവന്റെ അച്ഛനോട് പറഞ്ഞു : “ ദാണ്ടെ നമ്മടെ മോന്‍ എപ്പഴും കരയുന്നത് കണ്ടില്ലേ? അവനൊരു കമ്പ്യൂട്ടര്‍ മേടിച്ചു കൊടുക്ക്...“
അച്ഛനും വിചാരിച്ചു : “ശരിയാ, അപ്പുക്കുട്ടനൊരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കാം. കമ്പ്യൂട്ടറിന്റെ കാലമല്ലേ, അവനും പഠിച്ചു മിടുക്കനാകട്ടെ”

അടുത്ത ദിവസം തന്നെ അച്ഛന്‍ അപ്പുക്കുട്ടനൊരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊണ്ടു വന്നു. ഹോ! അപ്പുക്കുട്ടന്റെ സന്തോഷം പറയാനുണ്ടോ! അവന്‍ തുള്ളിച്ചാടി. മോണിറ്ററില്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. ചുണ്ടെലി മാതിരിയുള്ള മൌസപ്പനെ സ്നേഹത്തോടെ തലോടി. കീ ബോഡില്‍ കുഞ്ഞുവിരലുകള്‍ കൊണ്ട് താളം പിടിച്ചു.

പിന്നെ എപ്പഴും അപ്പുക്കുട്ടന്‍ കമ്പ്യൂട്ടറിന്റെ മുന്നിലായി ഇരിപ്പ്. രാത്രിയിലും കയ്യില്‍ മൌസും പിടിച്ചേ ഉറങ്ങൂ!

അങ്ങനെയിരിക്കേ അപ്പുക്കുട്ടന്റെ അമ്മാവന്‍ കമ്പ്യൂട്ടര്‍ കാണാന്‍ വന്നു. അപ്പുക്കുട്ടന്‍ കുഞ്ഞല്ലേ, അവന്‍ വല്ലപ്പോഴും കളിച്ചു രസിക്കട്ടെ എന്നു വിചാരിച്ച് അദ്ദേഹം കുറേ ഗെയിമുകള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ അപ്പുക്കുട്ടനെ പഠിപ്പിച്ചു.

ഹയ്യട ഹയ്യാ! അപ്പുക്കുട്ടന്‍ പിന്നെ നിലത്തൊന്നുമല്ല നില്‍പ്പ്. എന്തോരം ഗെയിമുകളാ... റോഡ്‌റാഷ്, നീഡ് ഫോര്‍ സ്പീഡ്, ഗിത്താര്‍ ഹീറോ, ക്രിക്കറ്റ്, മാരിയോ, പ്രിന്‍സ്...

അപ്പുക്കുട്ടനു പിന്നെ കമ്പ്യൂട്ടറില്‍ വേറൊന്നും കാണണ്ട, പഠിക്കണ്ട. ഗെയിം മാത്രം ഗെയിം. എപ്പോഴും ഗെയിമു കളി തന്നെ ഗെയിമു കളി. വന്ന് വന്ന് ഊണും ഉറക്കവുമില്ലാതെ അവന്‍ ഗെയിം കളിക്കാന്‍ തുടങ്ങി.

ഇതു കണ്ട് അപ്പുക്കുട്ടന്റെ അച്ഛന്‍ അവനെ ഉപദേശിച്ചു: “മോനേ അപ്പുക്കുട്ടാ, എപ്പോഴും ഗെയിം കളിക്കുന്നത് അത്ര നല്ലതല്ല കേട്ടോ. എപ്പോഴും കളിച്ചാല്‍ ബുദ്ധി കുറയും. മോനു വേറെ ഒത്തിരി പഠിക്കാനുണ്ടല്ലോ കമ്പ്യൂട്ടറില്‍. ഒത്തിരി പ്രോഗ്രാമുണ്ട്, ഇന്റര്‍ നെറ്റുണ്ട്, മലയാളത്തിലുള്ള വിക്കി പീഡിയ ഉണ്ട്, ഓരോ ചേട്ടന്മാരും ചേച്ചിമാരും എഴുതുന്ന നല്ല നല്ല ബ്ലോഗുകളുണ്ട്...തന്നേമല്ല, മോനു സ്കൂളിലെ പാഠങ്ങളും പഠിക്കണ്ടേ...?”

ങേ ഹേ! ഇതെല്ലാം കേട്ടിട്ടും അപ്പുക്കുട്ടനു ഒരു കുലുക്കവുമില്ല. അവന്‍ ഗെയിമു കളി തന്നെ ഗെയിമു കളി!

ഇതു കണ്ട് അപ്പുക്കുട്ടന്റെ അച്ഛനും അമ്മക്കും വിഷമമായി. ഒന്നും പഠിക്കാതെ അപ്പുക്കുട്ടന്‍ എപ്പോഴും ഗെയിം കളിച്ചിരുന്നാല്‍ എന്തു ചെയ്യും?
“വെളുക്കാന്‍ തേച്ചത് പാണ്ടായി...” അപ്പുക്കുട്ടന്റെ അമ്മ പരിഭവം പറഞ്ഞു.
ഈ വിഷമമെല്ലാം കണ്ട് മറ്റൊരാള്‍ക്ക് കൂടി സങ്കടം വന്നു. ആര്‍ക്ക്? നമ്മുടെ കുസൃതിക്കാരന്‍ മൌസപ്പന്. അവന്‍ വിചാരിച്ചു “ശരിയാണല്ലോ. അപ്പുക്കുട്ടന്‍ എപ്പോഴും ഗെയിം കളിച്ചിരുന്നാല്‍ അവനൊരു മരമണ്ടനായതു തന്നെ” മൌസപ്പന്‍ മെല്ലെ കീബോഡ് ചേട്ടനെ തോണ്ടി.
“എന്താടാ മൌസപ്പാ, നീയെന്നെ തോണ്ടുന്നത്?” കീ ബോഡു ചേട്ടന്‍ ചോദിച്ചു.

“അല്ല കീബോഡു ചേട്ടാ, ആ അപ്പുക്കുട്ടന്‍ ഏതു നേരവും ഗെയിം കളിച്ചോണ്ടിരിക്കുന്നത് കണ്ടില്ലേ? അവന്റെ ഗെയിം പ്രാന്ത് മാറ്റാന്‍ എന്തെങ്കിലും ചെയ്യണമല്ലോ? കണ്ടില്ലേ അവന്റെ അച്ഛനും അമ്മയും സങ്കടപ്പെടുന്നത്?”
“അതേടാ മൌസപ്പാ, നീ പറഞ്ഞത് ശരിയാ” കീ ബോഡു ചേട്ടന്‍ പറഞ്ഞു. “നമുക്കൊരു കാര്യം ചെയ്യാം. നമുക്ക് ഇക്കാര്യം നമ്മുടെ സി പി യു അമ്മാവന്റെ അടുത്ത് പറയാം. അമ്മാവന്‍ വല്യ ബുദ്ധിമാനല്ലേ, എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല”.

അങ്ങനെ മൌസപ്പനും കീബോഡു ചേട്ടനും കൂടി സി പി യു അമ്മാവനോട് കാര്യം പറഞ്ഞു. എല്ലാം കേട്ടിട്ട് അമ്മാവന്‍ മെല്ല്ലെ പുഞ്ചിരിച്ചു. “എടാ മൌസപ്പാ, കീബൊഡേ, നിങ്ങളു വിഷമിക്കേണ്ടെടാ. അപ്പുക്കുട്ടനെ നമുക്കൊരു പാഠം പഠിപ്പിക്കാം. അമ്മാവനൊരു സൂത്രം പറയാം...ശ്‌ശ്‌ശ്...”

സി പി യു അമ്മാവന്റെ സൂത്രം കേട്ട് മൌസപ്പനും കീ ബോഡ് ചേട്ടനും സന്തോഷമായി.

കുറേക്കഴിഞ്ഞ് അപ്പുക്കുട്ടന്‍ പതിവുപോലെ ഗെയിം കളിക്കാന്‍ വന്നു. അവന്‍ മോട്ടോര്‍ സൈക്കിള്‍ ഓട്ടത്തിന്റെ ഗെയിമായ റോഡ്‌റാഷ് തുറന്നു.

മറ്റു മോട്ടോര്‍ സൈക്കിള്‍ ഓട്ടക്കാരെയൊക്കെ തോല്‍പ്പിച്ച് മുന്നോട്ട് പോകാനായി അപ്പുക്കുട്ടന്‍ കീബോഡിലെ അപ് ആരോ അമര്‍ത്തി. ഉടന്‍ സി പി യു അമ്മാവന്‍ സൂത്രം പ്രയോഗിച്ചു. അപ്പുക്കുട്ടന്‍ അപ് ആരോ അമര്‍ത്തിയപ്പോള്‍ ഡൌണ്‍ ആരോ പ്രവര്‍ത്തിപ്പിച്ചു നമ്മുടെ സിപിയു അമ്മാവന്‍! മോട്ടോര്‍ സൈക്കിള്‍ മുന്നോട്ട് പോകേണ്ടതിനു പകരം പുറകോട്ടു പോകുന്നു. അപ്പുക്കുട്ടന്‍ കണ്ണു മിഴിച്ചു.

അവന്‍ മോട്ടോര്‍ സൈക്കിള്‍ വലത്തോട്ട് മാറ്റാനായി റൈറ്റ് ആരോ ഞെക്കി. അത്ഭുതം! മോട്ടോര്‍ സൈക്കിള്‍ ഇടത്തോട്ട് പോകുന്നു. ഇതെന്ത് മറിമായം! അവന്‍ ബ്രേക്ക് പിടിക്കാനായി ഡൌണ്‍ ആരോ അമര്‍ത്തി. എന്തു പറയേണ്ടൂ...മോട്ടോര്‍ സൈക്കില്‍ ശരം പോലെ പായുന്നു. അപ്പുക്കുട്ടന്‍ മിഴിച്ചിരുന്നു. ഇതെല്ലാം സി പി യു അമ്മാവന്റെ സൂത്രമാണെന്ന് അവനുണ്ടോ അറിയുന്നു!

അപ്പുക്കുട്ടന്‍ വേറൊരു ഗെയിം തുറന്നു. കാറോട്ടത്തിന്റെ നീഡ് ഫോര്‍ സ്പീഡ്. അവിടെയും സ്ഥിതി ഇത് തന്നെ. മറ്റു കാറുകള്‍ വന്ന് അപ്പുക്കുട്ടന്റെ കാറിനെ തുരുതുരാ ഇടിച്ചു. അപ്പുക്കുട്ടന്‍ കരയാന്‍ തുടങ്ങി..”ങ്‌ഹീ ഹീ...അയ്യോ എന്റെ കമ്പ്യൂട്ടര്‍ കേടായേ...എന്റെ കമ്പ്യൂട്ടര്‍ കേടായേ...“

വിവരമറിഞ്ഞ് അപ്പുക്കുട്ടന്റെ അച്ഛനും അമ്മയും അമ്മാവനുമൊക്കെ വന്നു. അവര്‍ നോക്കീട്ടും രക്ഷയില്ല. അപ്പുക്കുട്ടന്റെ അമ്മാവന്‍ വേറെ പ്രോഗ്രാമുകളും ഇന്റര്‍നെറ്റുമെല്ലാം തുറന്നു നോക്കി. അത്ഭുതം! അവിടെയൊന്നും ഒരു കുഴപ്പവുമില്ല.

എന്തായാലും അപ്പുക്കുട്ടന്റെ ഗെയിം കളി കുറക്കാന്‍ ഇതു തന്നെ അവസരമെന്ന് അവന്റെ അമ്മാവന്‍ വിചാരിച്ചു. അദ്ദേഹം ഒരു സൂത്രം പ്രയോഗിച്ചു. “മോനേ അപ്പുക്കുട്ടാ, ഇത് ഗെയിം പിശാശാണ്, ഗെയിം പിശാശ്. മോന്‍ എല്ലായ്‌പ്പോഴും ഗെയിം കളിക്കുന്നത് കൊണ്ട് ഗെയിം പിശാശ് വന്ന് ഈ കമ്പ്യൂട്ടറില്‍ കൂടിയിരിക്കുവാ...”

അപ്പുക്കുട്ടന്‍ കരച്ചിലോടെ ചോദിച്ചു: “അയ്യോ അമ്മാവാ, ഈ ഗെയിം പിശാശിനെ ഓടിക്കാന്‍ പറ്റില്ലേ?”

“ഓടിക്കാനൊക്കെ പറ്റും. പക്ഷേ പഠിക്കാനുള്ളതൊക്കെ പഠിച്ചിട്ട് ഞായറാഴ്‌ച്ച മാത്രം ഗെയിം കളിച്ചാല്‍ അന്ന് ഗെയിം പിശാശ് വരില്ല. എന്താ സമ്മതമാണോ” അമ്മാവന്‍ ചോദിച്ചു.

അപ്പുക്കുട്ടന് ആശ്വാസമായി. കമ്പ്യൂട്ടറിനു കുഴപ്പമൊന്നുമില്ലല്ലോ. അവന്‍ പറഞ്ഞു:
“ഇല്ലമ്മാവാ, ഞാനിനി എപ്പോഴും ഗെയിം കളിക്കില്ല. ഞാന്‍ പാഠങ്ങളൊക്കെ പഠിച്ചോളാം”.

അങ്ങനെ അപ്പുക്കുട്ടന്‍ അന്നു മുതല്‍ ഗെയിമുകളിയൊക്കെ കുറച്ച് മിടുക്കനായി പഠിച്ചു തുടങ്ങി.

അമിതമായ ഗെയിം കളി ആപത്താണ് കൂട്ടുകാരേ

27 അഭിപ്രായങ്ങള്‍:

Ziya November 21, 2007 at 11:12 AM  

"അപ്പുക്കുട്ടനും ഗെയിം പിശാശും."

ന്യൂ ജെനറേഷന്‍ കിഡ്‌സിനായി ഒരു ടെക്കിക്കഥ :)

G.MANU November 21, 2007 at 11:15 AM  

Really good one mashey..
post like this should come..
very very good

പ്രയാസി November 21, 2007 at 11:30 AM  

അപ്പൊ എല്ലാ മേഖലയിലും ഈ പിശാശെന്ന സംഭവമുണ്ടല്ലെ..!?

ആഹാരം കഴിക്കാന്‍ മടികാണിച്ചിരുന്ന ചേട്ടന്റെ മോനെ പൂച്ചാണ്ടി വരുമെന്നു പേടിപ്പിച്ചു കഴിപ്പിക്കുമായിരുന്നു..അവസാനം പൂച്ചാണ്ടിയില്ലാതെ അവന്‍ കഴിക്കാത്ത അവസ്ഥയായി..:)

അതെ അതികമായാല്‍ ഗെയിമും വിഷം..!

[ nardnahc hsemus ] November 21, 2007 at 11:34 AM  

കൊള്ളാം, സിയ...

(ഒരു 5% മാറ്റം വരുത്തിയാല്‍ ഇത് നമ്മുടെ മുതിര്‍ന്ന ബ്ലോഗ്ഗേര്‍സിനും കൂടിയുള്ള കഥയാക്കി മാറ്റാം!!!)

മഴതുള്ളികിലുക്കം November 21, 2007 at 11:36 AM  

അപ്പു...

മനോഹരമായിരിക്കുന്നു....സ്നേഹിതാ

ഇത്‌ രക്ഷസ്സന്‍മാരുടെ കാലം.......വ്യത്യസ്തത അപ്പുവിന്റെ രചനകള്‍ക്ക്‌ മിഴിവേക്കുന്നു....തുടരുക...എല്ലാ ഭാവുകങ്ങളും നേരുന്നു


നന്‍മകള്‍ നേരുന്നു

കുഞ്ഞന്‍ November 21, 2007 at 11:37 AM  

കാലിക പ്രാധാന്യമുള്ള ഗുണപാഠം..!

രസകരമായി അവതരിപ്പിച്ചൂ..!

asdfasdf asfdasdf November 21, 2007 at 11:51 AM  

നന്നായി ഗുണപാഠം.

മന്‍സുര്‍ November 21, 2007 at 11:56 AM  

തിരുത്ത്‌......മഴത്തുള്ളികിലുക്കം
ഒരു കൊച്ചു തെറ്റുപറ്റി...ക്ഷമിക്കുക..സിയ...

അപ്പുവിന്‍റെ കഥ വായിച്ച്‌ കമന്‍റ്റിട്ടത്‌ നമ്മുടെ അപ്പുവിനെ ഓര്‍ത്തായിരുന്നു അത്‌ കൊണ്ട്‌ അപ്പു എന്ന്‌ എഴുതി പോയി...
സിയ നന്നായിരിക്കുന്നു.
തെറ്റ്‌ പറ്റിയതില്‍ ഖേദിക്കുന്നു... അപ്പു എന്നുള്ളതൊക്കെ സിയ എന്ന്‌ തിരുത്തി വായിക്കുക....

നന്‍മകള്‍ നേരുന്നു

സുല്‍ |Sul November 21, 2007 at 12:07 PM  

കൊള്ളം ടെക്കികഥ സിയാ.
-സുല്‍

Sethunath UN November 21, 2007 at 12:13 PM  

നല്ല മോഡേണ്‍ കുട്ടിക്കഥ :)

ത്രിശങ്കു / Thrisanku November 21, 2007 at 1:19 PM  

ഇക്കാര്യം നമ്മുടെ സി പി യു അമ്മാവന്റെ അടുത്ത് പറയാം. അമ്മാവന്‍ വല്യ ബുദ്ധിമാനല്ലേ

Can computers think?
They only think they can.

krish | കൃഷ് November 21, 2007 at 1:36 PM  

കൊള്ളാം. അങ്ങിനെ അപ്പുക്കുട്ടനെ പറ്റിച്ചൂല്ലേ.

Ziya November 21, 2007 at 2:15 PM  

ത്രിശങ്കുവണ്ണാ...
A computer is not a magical device. It has no IQ and it has to be told what to do and in what sequence...

ഇത് നമുക്കെല്ലാം അറിയാവുന്ന സത്യം.
എന്നാലും നമ്മള്‍ ഇത്തിരി അതിശയോക്തി കലര്‍ത്തി കമ്പ്യൂട്ടറിനെ ‘ബുദ്ധിയുള്ള യന്ത്രം’ എന്നു വിളിക്കാറില്ലേ...

അപ്പോള്‍ പിന്നെ അതിശയോക്തികളുടെ കൂടാരമായ കുട്ടിക്കഥാ വിഭാഗത്തില്‍ പെടുന്ന ഒരു കഥയില്‍ അത്തരമൊരു പ്രയോഗം നടത്തിയതില്‍ ഞാന്‍ എന്നോട് ക്ഷമിച്ചിരിക്കുന്നു. സാരമില്ല :)

ത്രിശങ്കു / Thrisanku November 21, 2007 at 4:37 PM  

സിയാ, കമന്റില്‍ സ്മൈലി വിട്ടുപോയി.

ഈ :) കൂട്ടിക്കോളൂ. :)

Ziya November 21, 2007 at 4:52 PM  

ത്രിശങ്കവണ്ണാ...
ഇറ്റീസോക്കെ :)
കെട്ടുകഥയില്‍ ചോദ്യം മാത്രമല്ല ലോജിക്കുമില്ല എന്ന കാര്യം നമ്മള് മറക്കല്ല്..അത്രേ ഒള്ളൂ...:)

വലിയവരക്കാരന്‍ November 21, 2007 at 5:11 PM  

എന്റെ കമ്പ്യൂട്ടറിലുമുണ്ട് പിശാശ്. അച്ചടിപ്പിശാശ്!

ദിലീപ് വിശ്വനാഥ് November 22, 2007 at 12:14 AM  

ഈ ഗെയിം പിശാചിനെ ഒന്നു കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ?

ശ്രീ November 22, 2007 at 11:28 AM  

നല്ല കഥ തന്നെ... കൊച്ചു കൂട്ടുകാര്‍‌ക്കെല്ലാം പറഞ്ഞു കൊടുക്കാന്‍‌ പറ്റിയ കഥ.

:)

ഗീത November 22, 2007 at 9:21 PM  

Acomputer with (artificial?) intelligence!!!

ഇത് ഭാവിയില്‍ പ്രാവര്‍ത്തികമാവട്ടെ......

പക്ഷെ ഈ കഥ കുഞ്ഞുകുട്ടികള്‍ വാ‍യിച്ചാല്‍ പിന്നെ അവരെ ഗെയിം പിശാശ് എന്നു പറഞ്ഞു പറ്റിക്കാന്‍ പറ്റുമൊ?

മഴത്തുള്ളി November 23, 2007 at 10:49 AM  

സിയ,

ഗെയിം പിശാശ് കൊള്ളാം. പക്ഷേ ഇങ്ങിനെ ഒക്കെ ഗെയിം കളിക്കുന്ന അപ്പുക്കുട്ടന്മാര്‍ക്ക് ഇതുപോലെ തന്നെയുള്ള ബുദ്ധിമാന്മാരായ കമ്പ്യൂട്ടര്‍ ഭാവിയില്‍ വരുമായിരിക്കും അല്ലേ? കളിക്കാതിരുന്ന് പടിക്കെടാ അപ്പുക്കുട്ടാ എന്ന് പറയുന്ന കമ്പ്യൂട്ടര്‍ :)

ഹരിയണ്ണന്‍@Hariyannan November 27, 2007 at 2:34 AM  

ഇക്കൂട്ടത്തിലൊരു മെമ്പറാക്കാമോ?
മുട്ടായി മേടിച്ചുതരാം...

വാഴക്കോടന്‍ ‍// vazhakodan February 23, 2011 at 11:58 AM  

മോഡേണ്‍ കുട്ടിക്കഥ :)
കൊള്ളാം!