Thursday, March 20, 2008

ഏതാണീ കപ്പല്‍

അമ്പതു വെള്ളക്കാരേ കേറ്റീ
ട്ടമ്പോ ഒരു കപ്പല്‍
കടലുകടന്നുകടന്നിട്ടവരോ
കരകള്‍ തേടിപ്പോയ്‌
കടലുകടക്കും നേരത്തവരോ
കലപില ചിരിയായി
ഓരോ കരയിലുമോരോ സായി-
പ്പോടിയിറങ്ങിപ്പോയ്‌
കരയിലിറങ്ങും നേരത്തവരോ
കരിനിറമായിപ്പോയ്‌
അമ്പതുപേരുമിറങ്ങീ കപ്പലു-
മമ്പോ മുങ്ങിപ്പോയ്‌

അപ്പുക്കുട്ടാ കപ്പലതേതാ-
ണിപ്പം ചൊല്ലേണം
അപ്പം നല്‍കാം കപ്പലിലാരാ-
ണിപ്പം ചൊല്ലേണം


(ഉത്തരം കണ്ടുപിടിക്കൂ കൂട്ടുകാരേ.. ദയവായി ഉത്തരം മെയിലില്‍ അയക്കുക gopalmanu@gmail.com ആദ്യത്തെ പത്തു ശരിയുത്തരങ്ങള്‍ക്ക് പോപ്പിക്കുട സമ്മാനം.. ഉത്തരം ഇവിടെ പറയല്ലേ പ്ലീസ്......)

Read more...

Wednesday, March 19, 2008

ഉത്തരം പറയാമോ


വെള്ളപ്പട്ടു വിരിച്ചൊരു വഴിയേ
വെള്ളാരം വഴിയേ
കള്ളക്കുട്ടന്‍ കുഞ്ഞിക്കുട്ടന്‍
തുള്ളിച്ചാടിപ്പോയ്‌
കള്ളന്‍ കാലു ചവിട്ടുന്നിടമൊരു
പുള്ളിക്കുത്തായി
പുള്ളിക്കുത്തു നിരന്നതു കാണാന്‍
ഉള്ളില്‍ കൊതിയായി
പുള്ളിക്കുയിലുകള്‍ വന്നാക്കുന്നില്‍
തുള്ളിയിരുപ്പായി
കള്ളിപ്പെണ്ണേ ചൊല്ലാമോയീ
വെള്ളപ്പട്ടേത്‌?
ഉള്ളുതുറന്നൊന്നാലോചിക്കൂ
കള്ളനിതാരാണ്‌?
വെള്ളിത്തുട്ടുതരാം ഞാന്‍ ചൊല്ലൂ
പുള്ളിക്കുയിലേത്‌?


ഉത്തരം: കടലാസില്‍ പേനകൊണ്ടെഴുതുന്നത്‌
വെള്ളപ്പട്ട്‌ : കടലാസ്‌
കള്ളക്കുട്ടന്‍ : പേന
പുള്ളിക്കുയില്‍ : കണ്ണ്

Read more...

Sunday, March 16, 2008

അത്തള പിത്തള തവളാച്ചീ

കൊച്ചുകൂട്ടുകാരേ..

പണ്ട് പണ്ട് ഈ ബ്ലോഗന്മാരായ അങ്കിള്‍മാരും ആന്റിമാരും നിങ്ങളെപോലെ കുട്ടികളായിരുന്ന സമയത്ത് കളിച്ചിരുന്ന ഒരു കളിയാണിത്. എത്ര കൂട്ടുകാര്‍ക്കു വേണമെന്കിലും ഒന്നായിരുന്നു കളിക്കാവുന്ന ഒരു കളിയാണിത്.

ആദ്യമായി ഒരു ലീഡറെ തിരഞ്ഞെടുക്കുക. ആകുട്ടിയായിരിക്കും ഈ കളി നിയന്ത്രിക്കുന്നത്. എന്നിട്ട് താഴെകാണുന്ന ഫോട്ടോയിലെ പോലെ വട്ടത്തില്‍ ഇരിക്കുക. നിങ്ങളുടെ കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി നടുക്കായി വെക്കുക.


ഈ കളിയില്‍ ഉപയോഗിക്കുന്ന പാട്ട് ഇനി പറഞ്ഞു തരാം. എല്ലാരും ഇത് കാണാതെ പഠിച്ചോളണം കേട്ടോ.

അത്തള പിത്തള തവളാച്ചി
ചുക്കുമലിരിക്കണ ചൂലാപ്പ
മറിയം വന്നു വിളക്കൂതി
ഉണ്ടാ മാണി സാറാ പീറാ ഗോട്ട്.
(ഇതിന്റെ മീനിങ്ങൊന്നും ആരും ചോദിക്കരുത്. ചുമ്മാ പാടിയാല്‍ മതി)


ഫോട്ടോയിലെ ലീഡര്‍ കുട്ടി ചെയ്യുന്ന പോലെ ഒരു കൈ ചുരുട്ടി ഓരോ കുട്ടിയുടെ കയ്യിലും ചെറുതായി കുത്തി കുത്തി പോവുക. അത്തള, പിത്തള എന്നീ ഓരോ വാക്കിനും ഓരോ കൈ വീതം ഗോട്ട് വരെ പോകുക. ഗോട്ട് എന്നു ഏതു കയ്യിലാണോ എത്തുന്നത് ആ കൈ മലര്‍ത്തി വക്കുക. വീണ്ടും അടുത്ത കൈമുതല്‍ അത്തള പിത്തള തുടരുക.ഇങ്ങനെ പോകുമ്പോള്‍ ആരുടെയെങ്കിലും മലര്‍ത്തിയ കയ്യില്‍ ഗോട്ട് എത്തുകയാണെങ്കില്‍ ആ കൈ താഴെ കാണുന്ന ചിത്രത്തിലേതു പോലെ ചുരുട്ടി വക്കുക.വീണ്ടും തുടരുക. ചുരുട്ടിയ കൈയ്യില്‍ ഗോട്ട് എത്തുമ്പോള്‍ താഴെകാണുന്ന ചിത്രത്തിലേതു പോലെ കൈ പുറകില്‍ കൊണ്ട് ഒളിച്ചു വക്കുക. പിറകിലുള്ള കൈ ചുരുട്ടി തന്നെ വച്ചേക്കണേ. കൈ മുന്നോട്ടു കൊണ്ടുവന്നാല്‍ പിച്ചു കൊള്ളും.
ഇങ്ങനെ കളിച്ചു കളിച്ച് ആദ്യം രണ്ടുകൈകളും കളത്തിനു പുറത്താകുന്നവര്‍ ഔട്ടായി. ബാക്കിയുള്ളവര്‍ കളി തുടരണം. ഏറ്റവും അവസാനം കളത്തില്‍ ബാക്കിയാവുന്ന ഒരു കൈ ആരുടേതാണോ ആ കുട്ടിയായിരിക്കും ഈ കളിയിലെ വിജയി.ഈ കളിയില്‍ പങ്കെടുത്തവര്‍


അനു, പ്രജു, മനു, ഉണ്ണി, അമി, അച്ചു, കണ്ണന്‍
========================================
ഇതേ കളിയുടെ മറ്റൊരു പാട്ടാണ്,
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാവെള്ളം, താറാമ്മക്കടെ കയ്യേലൊരു ബ്ലാങ്ക്
=======================================

Read more...

Thursday, March 13, 2008

പച്ചമാങ്ങ ... പച്ചമാങ്ങ

നാടായ നാടെല്ലാം മാവുകള്‍ പൂത്തല്ലോ
മാവില്‍നിറഞ്ഞല്ലോ കണ്ണിമാങ്ങ
ചേലൊത്തപച്ചക്കുലകളായ്‌ തൂങ്ങുന്ന
നല്ല പുളിയുള്ളോരുണ്ണി മാങ്ങ

നാളുകരോന്നായ്‌ വാടിക്കൊഴിയവേ
മാങ്ങകളൊക്കെമുഴുത്തുവന്നു
ആയതിന്നൊപ്പമാ മൂവാണ്ടന്‍‌മാവിന്റെ
ചില്ലകളൊക്കെയും ചാഞ്ഞുവന്നു!

പച്ചമാങ്ങായൊന്നുപൊട്ടിച്ചുതിന്നുവാന്‍
കണ്ണനുമുണ്ണിയ്ക്കും പൂതിയായി
കല്ലെടുത്തുന്നം‌പിടിച്ചുണ്ണി 'വീക്കവേ’
മാങ്ങക്കുലയൊന്നു താഴെയെത്തി!

കല്ലിലിടിച്ചു പൊട്ടിച്ചുമുറിച്ചുണ്ണി
നല്ല ‘ചുന‘യുള്ള മാങ്ങയൊന്ന്
കണ്ണനോ വൈകാതെ വായിലൊതുക്കിയാ
നല്ലമുഴുത്തകഷണമൊന്ന്!

“അയ്യോയിതെന്തുപുളിപ്പാണീ മാങ്ങയ്ക്ക്
പല്ലും‌കൂടങ്ങുപുളിച്ചിടുന്നേ.....”
കൈനിറയെ കുറേ‘കല്ലുപ്പും‘ കോരീട്ടാ
കൊച്ചേച്ചി വന്നങ്ങടുത്തുകൂടി!

കണ്ണനുമുണ്ണിയുംകൊച്ചേച്ചിയുംകൂടെ
മാവിന്റെ ചോട്ടിലിരിന്നുമെല്ലെ,
മാങ്ങകളോരോന്നായ് പൊട്ടിച്ചുതിന്നവര്‍,
മാവിന്‍ ചുവട്ടിലൊരുത്സവമായ് !!
ഫോട്ടോ: കുട്ടിച്ചാത്തന്‍

* “ചുന” - മാങ്ങയുടെ കറയ്ക്ക് മദ്ധ്യതിരുവിതാംകൂറില്‍ പറയുന്ന പേര്

Read more...

Sunday, March 9, 2008

പൂത്തുമ്പിയോടൊരു സല്ലാപം.........


പൂത്തുമ്പീ പൂവന്‍ തുമ്പീ
പൂവാലന്‍ തുമ്പീ പൊന്നോണതുമ്പീ
പൂവാംകുരുന്നില തുഞ്ചത്തായൊരു
പൊന്നൂഞ്ഞാല്‍ കെട്ടാം-നിനക്കായ്‌
പൊന്നൂഞ്ഞാല്‍ കെട്ടാം
താണിരുന്നാട്‌ തുമ്പീ
ആയത്തിലാട്‌ തുമ്പീ
ഈണത്തില്‍ പാടീ, താളത്തില്‍ കൊട്ടി
ഞാനും കൂടീടാം - നിനക്കൊപ്പം
ഞാനും കൂടീടാം.

*** *** ***

തേന്‍ കുടമേന്തിനില്‍ക്കും- വെണ്‍
തുമ്പക്കുടങ്ങളുണ്ടേ - തുമ്പീ
പൂമ്പൊടിയേറ്റിനില്‍ക്കും - പൊന്‍
‍ചെമ്പകപൂക്കളുണ്ടേ
തേനുണ്ണാന്‍ നീ വായോ
പൂമ്പൊടി പൂശാന്‍ വായോ
പൂമണം കൊള്ളാം പൂക്കില നുള്ളാം
ആലോലമാടീടാം - തെന്നലില്‍
ആലോലമാടീടാം.

രചന: കെ.സി. ഗീത.
Copyright(C) 2008 K.C. Geetha.

Read more...

Monday, March 3, 2008

പാട്ടുപാടിയ കഴുത

കൊച്ചുകൂട്ടുകാരേ, ഇന്ന് പഞ്ചതന്ത്രം കഥകളില്‍നിന്നും ഒരു കഥ കേള്‍ക്കാം.

പണ്ട് പണ്ട് നടന്ന കഥയാണുകേട്ടോ. ഒരിടത്ത് ഒരു കുറുക്കനും കഴുതയും ഉണ്ടായിരുന്നു. വലിയ കൂട്ടുകാരായിരുന്നു അവര്‍. അങ്ങനെയിരിക്കെ ചൂടുകാലം വന്നു. വല്ലാത്ത ചൂടും ദാഹവും. കഴുതയ്ക്ക് ഒരു തണ്ണിമത്തങ്ങ തിന്നുവാന്‍ കൊതിയായി. അടുത്ത് ഒരിടത്ത് ഒരു വലിയ തണ്ണിമത്തന്‍ തോട്ടം ഉണ്ടെന്നു അവന് അറിയാമായിരുന്നു. കഴുതയും കുറുക്കനും കൂടി അവിടേക്ക് പോയി.

തോട്ടത്തിലെത്തിയപ്പോഴല്ലേ പ്രശ്നം. ചുറ്റും വേലികെട്ടിയിരിക്കുന്നു. അകത്താണെങ്കിലോ നല്ല വിളഞ്ഞുപഴുത്ത, അകമൊക്കെ നല്ല ചൊമചൊമാന്നു ചുവന്ന തണ്ണിമത്തങ്ങകളും. കഴുതയ്ക്കും കുറുക്കനും കൊതിയടക്കാനായില്ല. ആരും കാണാതെ കഴുത പതിയ വേലിയുടെ ഒരു ഭാഗം കടിച്ചും ചവിട്ടിയും പൊളിക്കാനാരംഭിച്ചു. കുറുക്കനും സഹായിച്ചു. അവസാനം ഒരു ചെറിയ വിടവ് ആ വേലിയില്‍ ഉണ്ടാക്കിയിട്ട് കഴുതയും കുറുക്കനും കൂടി തോട്ടത്തിനകത്തു കയറി!

താമസിയാതെ അവര്‍ തണ്ണിമത്തനുകള്‍ പൊട്ടിച്ച് തിന്നാന്‍ തുടങ്ങി. “ഹാ‍വൂ... എന്തു രുചി....” കഴുതയും കുറുക്കനും വയറുനിറയെ തിന്നു. അല്‍പ്പം കഴിഞ്ഞ് വയറുനിറഞ്ഞു എന്നായപ്പോള്‍ കഴുത ഉറക്കെ “ങീഹോ...ങീഹോ... “ എന്ന് അമറാന്‍ തുടങ്ങി. അതുകേട്ട് കുറുക്കന്‍ ചോദിച്ചു, “നീയെന്താ ഇങ്ങനെ അമറുന്നത്.....മിണ്ടാതിരിക്കെടാ കഴുതേ.. തോട്ടത്തിന്റെ കാവല്‍കാരെങ്ങാനും കേട്ടാല്‍ അവര്‍ വന്ന് നിന്നെ അടിച്ച് ശരിയാക്കും.”


കഴുത പറഞ്ഞു “ഞാന്‍ അമറിയതല്ല കുറുക്കാ, ഞാന്‍ പാട്ടുപാടുകയാണെന്ന് കേട്ടാലറിയില്ലേ. എനിക്കേ, വയറുനിറയെ ശാപ്പാട് കഴിച്ചാല്‍ പിന്നെ ഉറക്കെയൊന്നു പാടണം, ഇതെന്റെ പണ്ടേയുള്ള ശീലമാ.....”


കുറുക്കന്‍ വീണ്ടും കഴുതയെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ കഴുത അത് കേട്ടില്ല എന്നുമാത്രവുമല്ല, ഉറക്കെ തന്റെ പാട്ട് തുടര്‍ന്നു. ഇനി ഇവിടെ നിന്നാല്‍ തനിക്കും തല്ലുകൊള്ളും എന്നു മനസ്സിലാക്കിയ കുറുക്കന്‍ ഓടീപ്പോയി ഒരു കാടിനുള്ളില്‍ മറഞ്ഞിരുന്നു.


തോട്ടത്തില്‍നിന്നും കഴുതയുടെ കരച്ചില്‍കേട്ട കാവല്‍ക്കാര്‍ വടിയുമായി ഓടിവന്നു. വേലിപൊളിച്ച് അകത്തുകടന്ന് തണ്ണിമത്തന്‍ തിന്ന കഴുതയെ അവര്‍ അടിച്ചു. അടീകൊണ്ട് കഴുത ഓടാന്‍ തുടങ്ങി. കഷ്ടമേ, വേലി പൊളിച്ചഭാഗവും കാണുന്നില്ലല്ലോ. അവസാനം അടികൊണ്ട് അവശനായ കഴുത ഒരു വിധത്തില്‍ തോട്ടത്തിനു വെളീയില്‍ കടന്നു.
കാവല്‍ക്കാര്‍ പോയെന്നുറപ്പായപ്പോള്‍ കുറുക്കന്‍ അവന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു, “ചങ്ങാതീ, നിന്നോട് ഞാനപ്പോഴേ പറഞ്ഞതല്ലേ, പാടരുത്, കാവല്‍ക്കാര്‍ വരും എന്ന്. എന്നിട്ട് നീയത് കേട്ടീല്ല. ഇനി കിട്ടിയത് അനുഭവിച്ചോ“.


കഴുത ഒന്നും മിണ്ടാതെ തലയും താഴ്ത്തി കുറുക്കനോടൊപ്പം നടന്നു.

ഈ കഥയില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠം പഠിച്ചു?

അറിവുള്ളവര്‍ പറയുന്നത് അനുസരിക്കണം, എപ്പോഴും നാം വിചാരിക്കുന്നതും ചെയ്യുന്നതും ശരിയാവണമെന്നില്ല.


===========================
ഈ കഥയില്‍ ചേര്‍ത്തിരിക്കുന്ന കാരിക്കേച്ചര്‍ വരച്ചുതന്നത് നമ്മുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് സജീവേട്ടനാണ്. സജീവേട്ടന് നന്ദി.

Read more...