Sunday, March 16, 2008

അത്തള പിത്തള തവളാച്ചീ

കൊച്ചുകൂട്ടുകാരേ..

പണ്ട് പണ്ട് ഈ ബ്ലോഗന്മാരായ അങ്കിള്‍മാരും ആന്റിമാരും നിങ്ങളെപോലെ കുട്ടികളായിരുന്ന സമയത്ത് കളിച്ചിരുന്ന ഒരു കളിയാണിത്. എത്ര കൂട്ടുകാര്‍ക്കു വേണമെന്കിലും ഒന്നായിരുന്നു കളിക്കാവുന്ന ഒരു കളിയാണിത്.

ആദ്യമായി ഒരു ലീഡറെ തിരഞ്ഞെടുക്കുക. ആകുട്ടിയായിരിക്കും ഈ കളി നിയന്ത്രിക്കുന്നത്. എന്നിട്ട് താഴെകാണുന്ന ഫോട്ടോയിലെ പോലെ വട്ടത്തില്‍ ഇരിക്കുക. നിങ്ങളുടെ കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി നടുക്കായി വെക്കുക.






ഈ കളിയില്‍ ഉപയോഗിക്കുന്ന പാട്ട് ഇനി പറഞ്ഞു തരാം. എല്ലാരും ഇത് കാണാതെ പഠിച്ചോളണം കേട്ടോ.

അത്തള പിത്തള തവളാച്ചി
ചുക്കുമലിരിക്കണ ചൂലാപ്പ
മറിയം വന്നു വിളക്കൂതി
ഉണ്ടാ മാണി സാറാ പീറാ ഗോട്ട്.
(ഇതിന്റെ മീനിങ്ങൊന്നും ആരും ചോദിക്കരുത്. ചുമ്മാ പാടിയാല്‍ മതി)






ഫോട്ടോയിലെ ലീഡര്‍ കുട്ടി ചെയ്യുന്ന പോലെ ഒരു കൈ ചുരുട്ടി ഓരോ കുട്ടിയുടെ കയ്യിലും ചെറുതായി കുത്തി കുത്തി പോവുക. അത്തള, പിത്തള എന്നീ ഓരോ വാക്കിനും ഓരോ കൈ വീതം ഗോട്ട് വരെ പോകുക. ഗോട്ട് എന്നു ഏതു കയ്യിലാണോ എത്തുന്നത് ആ കൈ മലര്‍ത്തി വക്കുക. വീണ്ടും അടുത്ത കൈമുതല്‍ അത്തള പിത്തള തുടരുക.



ഇങ്ങനെ പോകുമ്പോള്‍ ആരുടെയെങ്കിലും മലര്‍ത്തിയ കയ്യില്‍ ഗോട്ട് എത്തുകയാണെങ്കില്‍ ആ കൈ താഴെ കാണുന്ന ചിത്രത്തിലേതു പോലെ ചുരുട്ടി വക്കുക.



വീണ്ടും തുടരുക. ചുരുട്ടിയ കൈയ്യില്‍ ഗോട്ട് എത്തുമ്പോള്‍ താഴെകാണുന്ന ചിത്രത്തിലേതു പോലെ കൈ പുറകില്‍ കൊണ്ട് ഒളിച്ചു വക്കുക. പിറകിലുള്ള കൈ ചുരുട്ടി തന്നെ വച്ചേക്കണേ. കൈ മുന്നോട്ടു കൊണ്ടുവന്നാല്‍ പിച്ചു കൊള്ളും.




ഇങ്ങനെ കളിച്ചു കളിച്ച് ആദ്യം രണ്ടുകൈകളും കളത്തിനു പുറത്താകുന്നവര്‍ ഔട്ടായി. ബാക്കിയുള്ളവര്‍ കളി തുടരണം. ഏറ്റവും അവസാനം കളത്തില്‍ ബാക്കിയാവുന്ന ഒരു കൈ ആരുടേതാണോ ആ കുട്ടിയായിരിക്കും ഈ കളിയിലെ വിജയി.



ഈ കളിയില്‍ പങ്കെടുത്തവര്‍


അനു, പ്രജു, മനു, ഉണ്ണി, അമി, അച്ചു, കണ്ണന്‍
========================================
ഇതേ കളിയുടെ മറ്റൊരു പാട്ടാണ്,
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാവെള്ളം, താറാമ്മക്കടെ കയ്യേലൊരു ബ്ലാങ്ക്
=======================================

34 അഭിപ്രായങ്ങള്‍:

സുല്‍ |Sul March 16, 2008 at 8:38 PM  

പണ്ട് പണ്ട് ഈ ബ്ലോഗന്മാരായ അങ്കിള്‍മാരും ആന്റിമാരും നിങ്ങളെപോലെ കുട്ടികളായിരുന്ന സമയത്ത് കളിച്ചിരുന്ന ഒരു കളിയാണിത്. എത്ര കൂട്ടുകാര്‍ക്കു വേണമെന്കിലും ഒന്നായിരുന്നു കളിക്കാവുന്ന ഒരു കളിയാണിത്.

"അത്തള പിത്തള തവളാച്ചീ" ഒന്നു കളിച്ചു നോക്കിക്കേ.
-സുല്ലങ്കിള്‍

അപ്പു ആദ്യാക്ഷരി March 16, 2008 at 8:40 PM  

“ഠേ”...”ഠേ”....”ഠേ”...........

മഷിത്തണ്ടിലെ ആദ്യ അത്തളപിത്തള തവളാച്ചി മുന്നുതേങ്ങകള്‍ അടിച്ച് ഉത്ഘാടനം ചെയ്തിരിക്കുന്നു. കുട്ടികള്‍ അടിച്ചുപൊളിച്ചു കളിക്കട്ടെ.

M. Ashraf March 16, 2008 at 9:08 PM  

ഇത്‌ നിറുത്തി നിറുത്തി ശ്വാസം വിടാതെ പാടി നോക്കാം.


അണ്ട ഉണ്ട വട്ടുണ്ട
എന്നെ തൊടാന്‍ പാടില്ല
അച്ഛനും അമ്മയും വന്നാലും
എന്നെ തൊടാന്‍ പാടില്ല

ഡാമ ഡീമ ഡെക്കണക്കിന്‌
ഡോക്കണക്കിന്‌ ഡോ
അങ്ങേ വീട്ടിലെ കറുത്ത കോഴി
വെളുത്ത മുട്ടയിട്ടു
വാപ്പയും കണ്ടില്ല ഉമ്മയും കണ്ടില്ല
ഇക്ക കട്ടെടുത്തു

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM March 16, 2008 at 10:35 PM  

അത്തള പിത്തള തവളാച്ചി - വായിച്ചപ്പോള്‍ പൊടുന്നനെ ചെന്നെത്തിയത് പഴയൊരു കാലത്തിലേക്കും, അവയില്‍ നീട്ടിവച്ചിരിക്കുന്ന കുറച്ചു കൊച്ചു കൈകളിലേക്കും. അശരീരി പോലെ പതുക്കെ പരിചയമുള്ള ഒരു പാടു ശബ്ദങ്ങള്‍ ... ശബ്ദങ്ങള്‍ ...

ഇതൊക്കെ ബ്ലോഗില്‍ ശേഖരിച്ചു വയ്ക്കാനുള്ള സംരംഭത്തെ അഭിനന്ദിക്കുന്നു.

മൂര്‍ത്തി March 16, 2008 at 10:48 PM  

:)ചില സ്ഥലത്ത് വിളക്കൂതാന്‍ മണിയനാണ് വരുന്നത്...

ദേവന്‍ March 17, 2008 at 12:54 AM  

ഞങ്ങക്കിത്‌ ലതാണ്‌

അക്കുത്തിക്കുത്താനവരമ്പില്‍
കല്ലേല്‍ കുത്ത്‌ കരിങ്കുത്ത്‌
ചീപ്പു വെള്ളം താറാവെള്ളം
താറാവുമക്കടെ കയ്യില്‍ ഒരു ബ്ലാങ്ക്‌
(ബ്ലാങ്ക്‌ അടിച്ച കൈ മലര്‍ത്തണം)

പ്രിയ ഉണ്ണികൃഷ്ണന്‍ March 17, 2008 at 5:07 AM  

അത്തള പിത്തള തവളാച്ചി കേമായി ട്ടാ

ശ്രീ March 17, 2008 at 6:36 AM  

ഹ ഹ. “അത്തള പിത്തള”...
കുട്ടിക്കാലം ഓര്‍ത്തു, സുല്ലേട്ടാ.
:)

ചന്ദ്രകാന്തം March 17, 2008 at 8:16 AM  

ആഹാ... ഇതു നല്ലൊരു കാര്യം തന്നെ.
കുഞ്ഞുമക്കള്‍ക്ക്‌ പഴമയുടെ ശീലുകള്‍ ആസ്വദിയ്ക്കാന്‍ ഒരവസരം.
(ഓ.ടൊ: മീറ്റില്‍, ഈ കളിയുടെ പരിശീലന പരിപാടി ആവാം...ല്ലെ. കുട്യോള്‍ക്ക്‌ രസാവും.)

G.MANU March 17, 2008 at 9:27 AM  

അക്കുത്തിക്കുത്താനവരമ്പേല്‍....

മണ്ണിന്റെ മണമുള്ള കുട്ടിക്കളി..
ഓര്‍മ്മകള്‍ ഇരമ്പുമ്പോള്‍ ജാതിയും മതവും പൊലിപ്പും ഉള്ളില്‍ പുരളാത്ത കൂട്ടുകാരോടൊത്ത് മുറ്റത്ത്...

ഹോംവര്‍ക്കിന്റെ ടെന്‍ഷര്‍ന്‍ ഇല്ലാതെ, സാറിന്റെ അടിയുടെ പേടിയില്ലാതെ, കഴുത്തില്‍ കുരുങ്ങുന്ന ടൈയുടെ ശ്വാസം മുട്ടലോര്‍ക്കാതെ... തളിരിട്ട ബാല്യം.

മക്കളെ ഇന്‌വെസ്റ്റ്മെന്റായി മാതാപിതാക്കള്‍ കാണാതിരുന്ന കാലം. ‘നീയെഴുതിയത് അടുത്തിരുക്കുന്നവനു പറഞ്ഞുകൊടുക്കരുത്’ എന്ന് ഡാഡി അട്ടഹസിക്കാത്ത കാലം..
മഴച്ചാറ്റല്‍ സ്നേഹം പൊഴിച്ചുതന്ന കാലം..

നന്നായി മാഷെ

Ziya March 17, 2008 at 9:30 AM  

എന്തായാലും അലക്കന്‍ സാധനം തന്നെ...:)

ഞങ്ങക്കിത് ലതാണിന്റെ മൊത്തോം ദേ ദാണ്ടെ...

അക്കുത്തിക്കുത്താനവരമ്പില്‍
കല്ലേല്‍ കുത്ത്‌ കരിങ്കുത്ത്‌
ചീപ്പു വെള്ളം താറാവെള്ളം
താറാമ്മക്കടെ കയ്യില്‍ ഒരു ബ്ലാങ്ക്‌
(കൈ മലര്‍ത്തണം)
ബ്ലാങ്കും പോയിട്ടെന്തും പൂ?
മുരിക്കും പൂ
മുരിക്കേ ചവിട്ടി കെടന്നോളേ
മുന്നാഴിയെണ്ണ കുടിച്ചോളേ
കൊക്കോ പ്രാവിന്റെ കയ്യോ
കാലോ ചെത്തിക്കൂട്ടി
മ...ട...ക്കി...ക്കോ !!!

(കൈ മടക്കണം/ചുരുട്ടണം. വളരെ നാടകീയമായിട്ടാണ് ഈ മ..ട...ക്കി...ക്കോ)

ബൈജു സുല്‍ത്താന്‍ March 17, 2008 at 9:31 AM  

ഇതൊക്കെ മറക്കുമോ മാനുഷനുള്ള കാലം....! നന്നായി കേട്ടോ.. കുറച്ചു കുഞുങ്ങളുടെ ചിത്രങ്ങളും..എല്ലാം ഇഷ്ടമായി...ഇന്നു വൈകുന്നേരം ഇതു മക്കള്‍ക്കും കാണിച്ചുകൊടുക്കട്ടേ...

[ nardnahc hsemus ] March 17, 2008 at 11:07 AM  

ഹഹ! ലീ പരുവാടി കൊള്ളാം !!!
ഫോട്ടോകളടക്കമായപ്പോള്‍ സംഭവം ഗഭീരമായി!
:)


ഞങ്ങള്‍ പറയുന്നത് ഇങന്നെ തന്നെ,
പക്ഷെ ചെറിയ ഒരു മാറ്റം:

അത്തള പിത്തള തവളാച്ചി
ചുക്കുമലിരിക്കണ ചൂലാപ്പ
മറിയന്‍ വന്നു വിളക്കൂതി
ഗുണ്ടു മാണി സാറാ പീറാ ഗോട്ട്.

ഹരിത് March 17, 2008 at 11:38 AM  

നന്നായി ഈ പോസ്റ്റ്

കുഞ്ഞന്‍ March 17, 2008 at 11:51 AM  

പഴയകാലത്തേയ്ക്കൊരു ഊളിയിടല്‍

ഈ കളികളൊക്കെ വൈകുന്നേരത്തിനു ശേഷവും പിന്നെ മഴക്കാലത്തുമാണ് കൂടുതല്‍ കളിച്ചിരുന്നത്. അതായിത് വീടിനു പുറത്തുപോയി കളിക്കാന്‍ പറ്റാത്ത അവസ്ഥയില്‍.

ഇതുപോലെതന്നെ കളിക്കാവുന്ന കളികളാണ് ഈശകൊട്ടാരം, പറ പറ ആന പറ എന്നിവ

മഷിത്തണ്ട് വളരെ താല്പര്യപൂര്‍വ്വം വായിക്കുന്നുണ്ട്.

സുബൈര്‍കുരുവമ്പലം March 17, 2008 at 11:52 AM  

എന്തിനാ മാഷേ..... എന്നെ ഇതു ഓര്‍മ്മിപ്പിഛത്. ഇങിനെ എന്റെ കുട്ടിക്കലത്ത് എന്നോടൊപ്പം കളിഛ
എന്റെ കളിക്കൂട്ടുകാരി ഞങളെയെല്ലാം
വിട്ടുപിരിഞു........ എന്റെ കൂട്ടുകാരിയെ ഓര്‍ മ്മിപ്പിഛതിനു നന്നി.......സുല്‍ .........

മിന്നാമിനുങ്ങുകള്‍ //സജി.!! March 17, 2008 at 12:31 PM  

അത്തള പിത്തള തവളാച്ചീ...
ചെക്കുമലിരിക്കണ ചൂളാച്ചീ....

കുട്ടിച്ചാത്തന്‍ March 17, 2008 at 2:07 PM  

ചാത്തനേറ്: ഇതിനു ഞങ്ങളു പാടണ പാട്ട് ഇതല്ല. മറന്നു. വടക്കേ മലബാറുകാരാരേലും ഒന്ന് ഓര്‍ത്തെടുത്തേ..

കുട്ടിച്ചാത്തന്‍ March 17, 2008 at 2:10 PM  

അവസാനം സിയ പറഞ്ഞതില്‍ നിന്നും കുറച്ച് എടുത്ത് “കയ്യോ
കാലോ ചെത്തിക്കോരി മടം കാ.. ട്..”

എന്ന ഭാഗം മാത്രം ഓര്‍മ്മ വരുന്നു.

അപ്പു ആദ്യാക്ഷരി March 17, 2008 at 2:27 PM  

കുട്ടിച്ചാത്തന്‍ തപ്പിനടക്കണ പാട്ട് ഇതാണോ?

അരിപ്പോ തിരിപ്പോ തോരണിമംഗലം
പരിപ്പൂ പന്ത്രണ്ടാനേം കുതിരേം
കുളിച്ച് ജപിച്ച് വരുമ്പം
എന്തമ്പൂ?
മുരിക്കുമ്പൂ!
മുരിക്കി ചെരിക്കി കെടന്നോളെ
അണ്ണായെണ്ണ കുടിച്ചോളെ
അക്കരനിക്കണ മാടോപ്രാവിന്റെ
കയ്യോ കാ‍ലോ രണ്ടാലൊന്ന്
കൊത്തിച്ചെത്തി
മടം കാട്ട്.

Areekkodan | അരീക്കോടന്‍ March 17, 2008 at 2:45 PM  

ഞങ്ങളുടെ അത്തള പിത്തള ഇങ്ങനെയാ...

അക്കുത്തിക്കുത്താന പെരുംകുത്ത്‌
അക്കരെ നിക്ക്‌ണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തട്ടിമുട്ടി ഒടിഞ്ഞാട്ടെ!!

(അയ്യോ അങ്ങനെ പാടരുത്‌ എന്ന് ഉമ്മ പറയാറും ഉണ്ടായിരുന്നു)

കുട്ടിച്ചാത്തന്‍ March 17, 2008 at 3:53 PM  

അപ്പ്വേട്ടോ ആദ്യഭാഗം കറക്ട് !!! എന്നാല്‍ ആ ഫസ്റ്റ് ബ്രേക്കിനു ശേഷം വേറെയാ എന്നാ ഓര്‍മ്മ...

ഒരേ ട്യൂണിനു തന്നെ എന്തോരം വരികളാ!!!!!!

[ nardnahc hsemus ] March 17, 2008 at 4:26 PM  

അതു ശരി ഇവിടെ സംഭാവനകള്‍ കുമ്പാരമാകുന്നത് അറിഞ്ഞില്ല.. എന്നാലും ബ്ലോഗാവുമ്പോള്‍ ബ്ലോഗിന്റേതായ ഒരു പാട്ടല്ലേ വേണ്ടെ.. ദേ ഇത്റ്റു പോലെ..

അത്തള പിത്തള ബ്ലോഗാച്ചീ..
ജി-റ്റാല്‍ക്കിലിരിയ്ക്കണ മത്തായീ
ദേരേലിരിയ്ക്കണ സുല്ലാപ്പാ
അനോണി വന്നു വിളക്കൂതി
മനു തമനൂ ഗൂഗിള്‍ ബൂഗിള്‍ ഗ്ലോം!!

മറ്റുള്ളവരും കോണ്ട്രിബ്യൂ‍ട്ട് ചെയ്യണേ...
ഹഹ
:)

മുസ്തഫ|musthapha March 17, 2008 at 4:31 PM  

അക്കുത്തിക്കുത്താന പെരുംകുത്ത്‌
അക്കരെ നിക്ക്‌ണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തട്ടിമുട്ടി ഒടിഞ്ഞാട്ടെ!

അരീക്കോടന്‍ മാഷെ, ഇത് തന്നെയായിരുന്നു ഞങ്ങളുടെ അത്തള പിത്തളയും...

രാവിലെ മുഴുവനും ഓര്‍മ്മ വരാത്തോണ്ട് മിണ്ടാതിരുന്നതാ :)

Ziya March 17, 2008 at 4:49 PM  

പണ്ടത്തെ കുട്ടീം കോലും ആര്‍ക്കെങ്കിലും ഓര്‍മ്മേണ്ടോ?
പലവകഭേദങ്ങളുണ്ട്. ഞങ്ങള്‍ ഈ ക്രിക്കറ്റൊക്കെ വരുന്നേനു മുന്നേ മധ്യതിരുവിതാം കൂറില്‍ കളിച്ച ആ കളി ഇന്നും ഓര്‍മ്മയില്‍ ആവേശമാകുന്നു.

അവസാനം ശ്വാസം വിടാതെ പച്ചില, പഴുത്തില..പച്ചില, പഴുത്തില എന്നും പറഞ്ഞു അവസാനം കുട്ടി പോയ ദൂരം മുതല്‍ കുഴി വരെ ഓടണം...

ഒരോ റൌണ്ടിനും ഓരോ പേരായിരുന്നു...ഐങ്കീസ്..അങ്ങനെ എന്തൊക്കെയോ മറന്നു പോയി :(

കുട്ടി കുഴിയില്‍ വെച്ച് തോണ്ടും ആദ്യം, പിന്നെ കയ്യില്‍ വെച്ച്, കണ്ണില്‍ വെച്ച്, കൈമുട്ടില്‍ , കാല്‍ മുട്ടില്‍..

Ziya March 17, 2008 at 5:09 PM  

ഇപ്പോള്‍ ശ്രീ കുറുമാന്‍ ചാറ്റില്‍ തന്നത്...:)

സാദ,മുറി, നായ, ഐറ്റി, ആറങ്ക്, വില്ലീസ് ഒന്ന് ........

പപ്പൂസ് March 17, 2008 at 6:02 PM  

ഹാവൂ... നല്ലൊരോര്‍മ്മ സമ്മാനിച്ചു... നന്ദി സുല്‍സ്... :)

മോളിലെ കമന്‍റുകളില്‍ ചിലതൊക്കെ മിക്സ് ചെയ്താല്‍ ഞങ്ങടെ നാട്ടിലെ പാട്ടായി...

അക്കുത്തിക്കുത്താനവരമ്പ-
ത്തക്കര നിക്കണ വെള്ളക്കൊക്കിന്‍റെ (വെള്ളക്കൊരങ്ങന്‍റെ എന്നും പറയാറുണ്ട് ചിലര്)
കയ്യോ കാലോ രണ്ടാലൊന്ന്
കൊത്തിയൊടിച്ച്
മാടം കാട്ടി...പ്പോ!!!!

സുമേഷ് ചന്ദ്രന്‍ ജീയുടെ ബ്ലോഗ് സ്പെഷ്യലിലേക്ക് എന്‍റെ വക സംഭാവന -

അപ്പോസ്റ്റിപ്പോസ്റ്റാളു വരാബ്ലോ-
ഗക്കിടി പറ്റിയ കഥ പറയുമ്പോ-
ളിത്തറ വല്യ കമന്‍റു പറഞ്ഞാല്‍
പോസ്റ്റോ ലിങ്കോ രണ്ടാലൊന്ന്
പൂട്ടി ഡിലീറ്റി ചാറ്റും നോക്കി...പ്പോ...!!! :)

[ nardnahc hsemus ] March 17, 2008 at 10:12 PM  

ഹഹ.. പപ്പൂസേ അതു കലക്കി.. എന്തിറ്റാ താങ്ങ്! സത്യം പറഞ്ഞാ, ആ 4 വരിയില്‍ എന്റെ ബ്ലോഗ് ചരിതം മുഴുവനുമുണ്ട്.. എനിയ്ക്ക് ഇപ്പൊ ചാറ്റ് മാത്രേ ഉള്ളൂ.. പോസ്റ്റൊന്നുമില്ല! അല്ല, പോസ്റ്റിയാലും വായിയ്ക്കാന്‍ ആളുമില്ല.. :)
എന്തായാലും പപ്പൂസിന്റെ ടാലന്റ് പുറത്ത് വന്നിരിയ്ക്കുന്നു, മഷിത്തണ്ടിലേയ്ക്ക് ഒരു മുതല്‍ക്കൂട്ടായിക്കൂടേ? :)

മഴത്തുള്ളി March 18, 2008 at 11:55 PM  

സുല്‍ മാഷേ തകര്‍ത്തൂട്ടോ... ചുമ്മാ തകര്‍ത്തൂന്നല്ല, തകര്‍ത്തു തരിപ്പണമാ‍ക്കി. എന്നാലും ഇതൊക്കെ ഫോട്ടോയും പിടിച്ച് ഇട്ടല്ലോ. കൊച്ചു കൂട്ടുകാര്‍ക്കൊരു സമ്മാനം - തവളാച്ചി :)

ഓ.ടോ. സുമേഷ് അച്ചായോ ചാറ്റിങ് കൊള്ളാം ചീറ്റിംഗ് അരുത് :) എന്നെപ്പറ്റി പാടിയിരിക്കുന്നെ കണ്‍ടു. ഒരു പോസ്റ്റിട്, ഞാന്‍ പിടിച്ഛോളാം. ങാ..

[ nardnahc hsemus ] March 19, 2008 at 8:55 AM  

(ഓ. ടോ. മാത്യൂ ഇച്ചായാ, ഇനി അങനെ വല്ല അബദ്ധവും ഞാന്‍ കാണിക്കാണെങ്കില്‍ അതിന്റെ കമന്റ് ഓപ്ഷന്‍ എടുത്തു കളഞ്ഞിട്ടേ, ഞാന്‍ പോസ്റ്റൂ... :))

ഹരിയണ്ണന്‍@Hariyannan March 25, 2008 at 1:52 AM  

ങാ...അതൊക്കെ ഒരു കാലം!
മഷിത്തണ്ടുപറിച്ച് കുപ്പിയിലെ ചുമന്ന വെള്ളത്തിലിട്ടുവച്ചും,വഴിയിലെ ചാണകത്തില്‍ ചവിട്ടിയ ദോഷം കൊണ്ട് മാഷിന്റെ തല്ലുകൊള്ളാതിരിക്കാന്‍ കൈതമുള്ള് വളച്ചുകുത്തിയും സര്‍വതന്ത്രസ്വതന്ത്രരായി മാവേലെറിഞ്ഞുനടന്ന കാലം!!

ഇപ്പോ അത്തളപിത്തള കളിച്ചെന്നെങ്ങാനുമറിഞ്ഞാല്‍ “ആരെടാ എന്റെ പൊന്നാരമുത്തിന്റെ കയ്യേലിടിച്ചത്” എന്നുചോദിച്ച് ‘പാരന്റ്സ്’തല്ലിനിറങ്ങും!!ആ ഇടിയുടെ മധുരവും സുഖവും അറിഞ്ഞവര്‍ക്കേ ഓര്‍മ്മകളിലേക്ക് ചായുന്ന ഈറന്‍ മിഴികളുണ്ടാവൂ..

പ്രബിൻ September 3, 2010 at 12:24 PM  

ഹോ............നന്നായിരിക്കുന്നു,....

Sidheek Thozhiyoor March 29, 2011 at 11:33 PM  

ഇതിപ്പോഴാ കണ്ടത് മാഷേ ,കുട്ടിക്കാലം ഓടിയെത്തി ഓര്‍മ്മകളിലേക്ക് .

ചെക്യാടന്‍ July 22, 2013 at 10:06 PM  

ഞങ്ങള്‍ നാദാപുരത്തുകാര്‍ പറയണത്‌ ഇങ്ങനെ...

അരിപ്പതെട്ടു ഇരിപ്പതെട്ടു തോരണി മംഗലം പടിക്കൂല്‍ പന്ത്രണ്ടാനേം കുതിരേം കുളിച്ചു ജപിച്ചു വരുമ്പോള്‍ എന്തോന്പ്‌
(അപ്പൊ ആരുടെ കയ്യിലാ കുത്തനെന്നു വച്ചാ അവന്‍ പറയണം ..)മുരിക്കൊന്പ്‌)..
മുരിക്കിലരിക്കില കൊക്കോ പ്രാവിന്റെ കാലോ കയ്യോ ചെത്തിക്കൊരി മടം കാട്ടു...