Tuesday, October 28, 2008

ചാന്ദ്രയാന്‍

അമ്മേ അമ്മേ കണ്ടോ നമ്മുടെ
ഇന്ത്യ കുതിക്കുന്നു
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

അമ്പിളിമാമനിലുള്ള വിശേഷം
നമ്മെയറിയിക്കാന്‍
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

നാടിന്‍ നന്മക്കിനിയും പല പല
വിദ്യകള്‍ കണ്ടെത്താന്‍
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

അമ്പിളിമാമനെ വട്ടം ചുറ്റി
ചിത്രമെടുത്തീടാന്‍
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

നാമെല്ലാരും ഇനിയൊരു നാളില്‍
ചന്ദ്രനിലെത്തീടാന്‍
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

അമ്മേ അമ്മേ കണ്ടോ നമ്മുടെ
ഇന്ത്യ കുതിക്കുന്നു
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

******************************************

ചാന്ദ്രയാനേക്കുറിച്ച് അല്പം


ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാന്‍. ചന്ദ്ര പര്യവേഷണങ്ങള്‍ക്കായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബര്‍ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാന്‍‍. ആയിരത്തോളം ഐ.എസ്.ആര്‍.ഓ. ശാസ്‌ത്രജ്ഞര്‍ നാലുവര്‍ഷമായി ഈ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ചന്ദ്രയാന്‍ പേടകം നിര്‍മ്മിക്കാന്‍ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാന്‍ പേടകം ചന്ദ്രന്‍റെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാന്‍-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങള്‍ തരും എന്നു പ്രതീക്ഷിക്കുന്നു. ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും അന്തര്‍ഭാഗവുമെല്ലാം പഠന വിധേയമാക്കും. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍, യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യ, സന്ദ്രത തുടങ്ങിയവ കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

അവലംബം : ചന്ദ്രയാന്‍-1(വിക്കിപീഡിയ മലയാളം) http://ml.wikipedia.org/wiki/ചന്ദ്രയാന്‍

Read more...

Sunday, October 26, 2008

വാശിമൂത്താല്‍ !

കുറെ കാലമായില്ലേ എന്റെ മക്കള്‍ക്കു വേണ്ടി ഞാന്‍ കഥ പറഞ്ഞിട്ട്.....
ഞാന്‍ നാട്ടില്‍ പോയി എന്റെ അമ്മയുടെ മടിയില്‍ കിടന്നു കുറെ കഥകള്‍ കേട്ടു,
മഷിത്തണ്ടിലെ നമ്മുടെ കഥ പറച്ചിലിനെ കുറിച്ചൊക്കെ ഞാന്‍ അമ്മയോടു പറഞ്ഞു.
അപ്പോള്‍ അമ്മ നിങ്ങള്‍ക്കായി കുറെ കഥകള്‍ എന്റെ കൈയില്‍ തന്നു വിട്ടിട്ടുണ്ട്.അതെല്ലാം ഞാന്‍ നിങ്ങള്‍ക്കും പറഞ്ഞു തരാം.

വീണ്ടും ഒരു കൊച്ചു കുട്ടിയായി അമ്മയുടെ മടിയില്‍ തലവെച്ചു കിടന്നു കുട്ടിക്കഥകള്‍ എല്ലാം ഒരിക്കല്‍ക്കൂടെ കേട്ടത്, അതിനു സമയം കണ്ടെത്തിയത് ഒക്കെ ‘മഷിത്തണ്ട്’ കാരണമാണ്.അതിനു മഷിത്തണ്ടിന്റെ എല്ലാമായ, എന്നെ കഥകള്‍ എഴുതാന്‍ ഇതിലെക്കു കൊണ്ടുവന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട അപ്പു വിനോട് ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു.പിന്നെ ഞാന്‍ പകര്‍ത്തിയെഴുതുന്ന കഥകള്‍ വായിച്ചു രസിക്കുന്ന എന്റെ കുഞ്ഞുങ്ങളോടും..............അങ്ങനെ വീണ്ടും ചേച്ചി കഥകള്‍ പറഞ്ഞു തുടങ്ങട്ടെ??

എന്റെ കുട്ടിക്കാലത്ത് അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും പല പല കഥകള്‍ കെട്ടിട്ടുണ്ട്.അതു കൂടുതലും പറഞ്ഞുതന്നിരുന്നതും എന്റെ അപ്പൂപ്പനും അമ്മൂമ്മയും തന്നെയായിരുന്നു.അതില്‍ ഒരു കഥ ഇങ്ങനെയാ..ഒരിടത്ത് ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.ചെറിയ കുട്ടികളേപ്പോലെ അടിയും വഴക്കും പിണക്കവും ഒക്കെയായി രണ്ടുപേരും കൂടെ ഒരു ചേറിയ കുടിലില്‍ താമസിച്ചിരുന്നു.എന്നും രാവിലെ രണ്ടുപേരുംകൂടെ പുറത്തു പോയി പിച്ചയെടുത്ത് ആഹാരത്തിനുള്ളതൊക്കെ സമ്പാദിച്ച്, വൈകുന്നെരം ആകുമ്പോഴേക്കും വിറക്, വെള്ളം എല്ലാമായിട്ടു രണ്ടാളും തിരികെ എത്തും.പിന്നെ തുടങ്ങില്ലെ ആഹാരം ഉണ്ടാക്കലും കഴിക്കലും അതിനിടെ അടികൂടലും .ഇതായിരുന്നു അവരുടെ പതിവു ജീവിതരീതി.

ഒരുദിവസം കുറെ അരിയും ശര്‍ക്കരയും തേങ്ങയും ഒക്കെ കിട്ടി.അവരു തീരുമാനിച്ചു ഇന്നു നമ്മള്‍ക്കു അപ്പം ഉണ്ടാക്കാം എന്ന്.മടങ്ങിയെത്തിയ ഉടനെ തന്നെ അപ്പൂപ്പന്‍ അരി ഒക്കെ വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചൊക്കെ വച്ചു. അമ്മൂമ്മ അടുപ്പൊക്കെ കത്തിച്ചു ദോശക്കല്ല് എടുത്തു വച്ചു.(ദോശക്കല്ലില്‍ ഉണ്ടാക്കുന്നെ ദോശ മാത്രം അല്ല കേട്ടോ)അരിയും തേങ്ങയും
ശര്‍ക്കരയും ഒക്കെ ചേര്‍ത്ത് അമ്മൂമ്മ അപ്പം ഉണ്ടാക്കി, കഴിക്കാനായി എടുത്തു വച്ചപ്പോള്‍ അടിയായി. അഞ്ച് അപ്പങ്ങള്‍.മൂന്ന്, രണ്ട്, എന്ന കണക്കു പറഞ്ഞു ഒരേ വഴക്ക്. അപ്പൂപ്പന്‍ പറഞ്ഞു“ഞാന്‍ അല്ലെ അരി അരച്ചത് അതു കൊണ്ട് എനിക്കു മൂന്നപ്പം” ഉടനെ അമ്മൂമ്മ പറഞ്ഞു “അതു പറ്റില്ല, ഞാന്‍ അല്ലെ ഉണ്ടാക്കിയത് എനിക്കു മൂന്ന്” അങ്ങനെ തര്‍ക്കിച്ചു തര്‍ക്കിച്ചു പാതിരാത്രിയായി.അവസാനം രണ്ടുപേരും കൂടെ ഒരു തീരുമാനത്തിലെത്തി.ആദ്യം മിണ്ടുന്നയാളിനു രണ്ടപ്പം.മിണ്ടാതിരിക്കുന്ന ആളിനു മൂന്നപ്പം.

അങ്ങനെ മിണ്ടാതിരുന്നിരുന്ന് രണ്ടുപേരും ഉറക്കം തുടങ്ങി.നേരം വെളുത്തു,സന്ധ്യയായി, വാശി പിടിച്ചു രണ്ടാളും മിണ്ടാതെ കിടന്നു.രണ്ടുദിവസം ആയി അനക്കം ഒന്നും കേള്‍ക്കാതെ അയലത്തുകാരൊക്കെ വന്നു നോക്കിയപ്പോള്‍ രണ്ടുപേരും അനങ്ങാതെ കിടക്കുന്നു. വിളിച്ചൊക്കെ നോക്കിയിട്ടും മിണ്ടാതെ കിടക്കുന്നു.രണ്ടാളും മരിച്ചു പോയി എന്നു വിചാരിച്ചു. പിന്നെ ശവം ദഹിപ്പിക്കാനുള്ള ഒരുക്കം ആയി. രണ്ടു പേരേയും എടുത്ത് ചിതയില്‍ വൈക്കാന്‍ തുടങ്ങുമ്പോഴേക്കും അപ്പൂപ്പന്‍ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു.അലറല്‍ ശബ്ദം കേട്ടു “ഞാന്‍ ജയിച്ചു ഞാന്‍ ജയിച്ചു, എനിക്കു മൂന്നപ്പം” എന്നും പറഞ്ഞു അമ്മൂമ്മയും ചാടി എണീറ്റു.

ഇവരുടെ അടികൂടലും വാശിപിടിക്കലും പന്തയംവൈക്കലും അറിയവുന്ന നാട്ടുകാര്‍ പൊട്ടിച്ചിരിച്ചു കൊണ്ട് അവരുടെ വഴിക്കു പോയി.രണ്ടാളും അപ്പം തിന്നാനയി അടുക്കളയില്‍ ചെന്നു നോക്കിയപ്പോള്‍ കണ്ടതോ ...
അപ്പം ഒക്കെ തിന്നു നിറഞ്ഞു അവരുടെ കുറിഞ്ഞിപ്പൂച്ച അടുപ്പില്‍ കിടന്നു ഉറങ്ങുന്നു.രണ്ടാളും ചമ്മി മുഖത്തോടു മുഖം നോക്കി വിശപ്പുമാറ്റാനുള്ള വഴി ആലോചിച്ചു കൊണ്ടിരുന്നു.

ഒരുപാടു കാര്യങ്ങള്‍ ഈ കഥയില്‍ ഉണ്ട്.വായിക്കുന്നവര്‍ക്കു അതു അവരവരുടെ ഇഷ്ടത്തിനനുസരിച്ചു മനസ്സിലാക്കി വായിക്കാമല്ലോ.
പുതിയ അമ്മൂമ്മക്കഥയുമായി ഉടനെ വരാം
എന്റെ എല്ലാ കുഞ്ഞുങ്ങള്‍ക്കും“ ദീപാവലി ആശംസകള്‍“

Read more...

Sunday, October 12, 2008

വവ്വാലും പക്ഷികളും മൃഗങ്ങളും

കൊച്ചുകൂട്ടുകാരേ, വീണ്ടും ഒരു കഥകേള്‍ക്കാന്‍ സമയമായോ? എന്നാല്‍ ദാ കേട്ടോളൂ. ഇതുമൊരു ഈസോപ്പമ്മാവന്‍ പറഞ്ഞകഥയാണ്. ഒരു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാതെ ആരുമായും അടുക്കാതെ എല്ലാവരുമായി അകന്നു നിന്നാല്‍ പറ്റുന്ന അമളിയെപ്പറ്റിയാണ്‌ ഈ കഥ.

ഒരിക്കല്‍ പക്ഷികളും മൃഗങ്ങളും തമ്മില്‍ ഘോരയുദ്ധമുണ്ടാകുമെന്ന സ്ഥിതി വന്നു. രണ്ടു സേനകളും കോപ്പുകൂട്ടിത്തുടങ്ങിയപ്പോഴും വവ്വാല്‍ ആരുടെ കൂടെ കൂടുമെന്ന ശങ്കയിലായിരുന്നു.

അവന്റെ കൂട്ടിനടുത്തുകൂടി പോയ പക്ഷികള്‍ വിളീച്ചു: "ഞങ്ങളുടെ കൂടെ വരൂ!".

പക്ഷെ അവന്‍ പറഞ്ഞു: "ഇല്ല, ഞാനൊരു മൃഗമാണു്‌."

അതുപോലെ മൃഗങ്ങളും അവനെ തങ്ങളുടെ കൂടെ കൂടാന്‍ വിളിച്ചു.

അപ്പോഴവന്‍ പറഞ്ഞു: "ഇല്ല, ഞാനൊരു പക്ഷിയാണു്‌."

ഭാഗ്യവശാല്‍ അവസാനനിമിഷം യുദ്ധം ഒഴിവായി. സമാധാനം പുലര്‍ന്നു.

പക്ഷികളുടെ സന്തോഷപ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ വവ്വാല്‍ ചെന്നു. എന്നാല്‍ അവര്‍ അവനെ കൊത്തിയോടിച്ചു. അപ്പോള്‍ അവന്‍ മൃഗങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്നുവച്ച് അവിടെച്ചെന്നപ്പോള്‍ അവരും അവനെ തുരത്തി.

അവന് ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി. ഒരു പറ്റത്തിലും പെടാത്തവനു്‌ സുഹൃത്തുക്കളില്ല.

ഇതില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠം പഠിച്ചു? മറ്റുള്ളവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ ചെവിക്കൊള്ളാനുള്ള വിവേചന ബുദ്ധി ഉണ്ടായിരിക്കണം. ആരുമായും അടുക്കാതെ എല്ലാവരുമായി അകന്നു നിന്നാല്‍ സ്വന്തം ആവശ്യം വരുമ്പോള്‍ ആരും സഹായത്തിനു കാണില്ല എന്നും ഓര്‍ക്കണം. സന്തോഷത്തില്‍ മാത്രമല്ല ദുഖത്തിലും സുഹൃത്തുക്കളെ വിട്ടുപിരിയാതെ ഇരിക്കണം. എന്നാലേ എല്ലാവരും നമ്മെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയുള്ളൂ.

മാതാപിതാക്കള്‍ നമുക്കു തരുന്ന ഉപദേശങ്ങള്‍ അനുസരിച്ച് ജീവിക്കുക.

********************

അവലംബം : ഈസോപ്പ് കഥകള്‍

Read more...