Thursday, December 18, 2008

രണ ഭൂമി

പ്രിയപ്പെട്ട കൂട്ടുകാരേ,
കഴിഞ്ഞ “മാനം” പോസ്റ്റ് എല്ലാവരും ചേര്‍ന്നൊരു വന്‍ വിജയമാക്കിയതിന്റെ ചുവടുപിടിച്ചാണ് ഈ പോസ്റ്റും ഉത്ഭവിയ്ക്കുന്നത്.

രണം‘ എന്നാല്‍ യുദ്ധം എന്നര്‍ത്ഥമാണ് മലയാളത്തില്‍ (രണഭൂമി = യുദ്ധഭൂമി)
പക്ഷെ ‘രണം‘ എന്ന ആ രണ്ടക്ഷരം അവസാനം വരുന്ന വ്യത്യസ്ഥാര്‍ത്ഥങ്ങളുള്ള ഒരുപാട് മലയാളവാക്കുകള്‍ നമ്മുടെ മലയാളത്തിലുണ്ട്.. അത്തരത്തിലുള്ള പത്ത് വാക്കുകളെ ചേര്‍ത്ത് വച്ച് കവിതാരൂപത്തില്‍ കോര്‍ത്തിണക്കാന്‍ ഒരു ശ്രമം നടത്തിയതാണ്.. പദപരിചയമാണ് ലക്ഷ്യം...

എന്റെ ജോലി കാലത്തെ പത്ര വിതരണം
കടകള്‍ക്കു മുന്നിലതെന്നുമൊരു തോരണം
കമ്മീഷന്‍ കുറയ്ക്കാതെയെന്‍ കൂലി തരണം
തരാത്തവന്റെ പത്രത്തിലോ മഴ ചോരണം
റോഡിലെ ചാണകമെല്ലാം നമ്മള്‍ കോരണം
ഇല്ലേല്‍ പറ്റിടും നിങ്ങള്‍ക്കും ആ മാരണം
ഒരിക്കലെന്‍ സൈക്കിള്‍ടയറിനു കാലഹരണം
മറിഞ്ഞുവീണു പൊട്ടിയതോ എന്റെ കരണം
താഴെവീണ പത്രമെല്ലാം ഞാന്‍ തന്നെ വാരണം
ആളുകൂടുന്നതിന്‍ മുന്നേ അവിടന്നു പോരണം..!

ഇതുവരെ രേഖപ്പെടുത്തിയ രണം എന്നടങ്ങുന്ന പദങ്ങള്‍ താഴെ:
(പുതിയ പദങ്ങള്‍ കമന്റിലൂടേ ചേര്‍ക്കുന്നവര്‍ താഴെയുള്ള ആല്‍ഫബെറ്റിക് ഓര്‍ഡറിലുള്ള ലിസ്റ്റില്‍ നോക്കി അവയില്ലെന്ന് ഉറപ്പുവരുത്തുമല്ലോ)

അപഹരണം, അനാവരണം, അനുകരണം, അനുസരണം, അംഗീകരണം, അമൂര്‍ത്തീകരണം, അലങ്കരണം, അശരണം, അസാധാരണം, അവതരണം, ആചരണം, ആഗിരണം, ആഗോളീകരണം, ആഗോളവല്‍കരണം, ആഭരണം, ആവരണം, ആയുധീകരണം, ഇരണം, ഈരണം, എരണം, ഏകീകരണം, ഉദാഹരണം, ഉതിരണം, ഉദ്ധരണം, ഉദാരീകരണം, ഉദാരവത്കരണം, ഉണരണം, ഉച്ചാരണം, ഉപകരണം, ഊരണം, ഉയരണം, കരണം, കാരണം, കലരണം, കിരണം, കുപ്രചരണം, ക്രമീകരണം, കവരണം, കുളിരണം, കോരണം, കാലഹരണം, ചരണം, ചാരണം, ചേരണം, ചോരണം, ചിത്രീകരണം, തരണം, തീരണം, തോരണം, തകരണം, തുടരണം, ദേശസാല്‍കരണം, ധ്രുവീകരണം, നാമകരണം, നിവരണം, നിവാരണം, നേരണം, നുകരണം, നിരായുധീകരണം, ന്യായീകരണം, ന്യൂനീകരണം, നിരാകരണം, പകരണം, പാര്‍ശ്വവത്കരണം, പരിഷ്കരണം, പരിചരണം, പുലരണം, പോരണം, പുനരാവിഷ്കരണം, പൂരണം, പൂര്‍ത്തീകരണം, പ്രചരണം, പ്രചാരണം, പ്രതികരണം, പ്രസരണം, പ്രസിദ്ധീകരണം, പ്രഹരണം, ബഹിഷ്കരണം, ഭരണം, മുകരണം, മുതിരണം, മരണം, മാരണം, മലരണം, മാനവീകരണം, മലിനീകരണം, രൂപാന്തരണം, രൂപീകരണം, രൂപവത്കരണം, ലഘൂകരണം, വനവത്കരണം, വരണം, വാരണം, വര്‍ഗ്ഗീകരണം, വിതരണം, വികിരണം, വിവരണം, വിശദീകരണം, വിമലീകരണം, വ്യാകരണം, വൈദ്യുതീകരണം, വസ്ത്രധാരണം, വശീകരണം, ശരണം, ശീതീകരണം, ശുചീകരണം, സ്ഫുരണം, സാത്മീകരണം, സാധാരണം, സാന്ദ്രീകരണം, സംഭരണം, സജ്ജീകരണം, സംവരണം, സമാഹരണം, സ്ഥാനീകരണം, സ്ഥിരീകരണം, സ്വാംശീകരണം, സ്വീകരണം, സഹകരണം, ഹരണം...

Read more...

Monday, December 8, 2008

കാക്കയുടെ ബുദ്ധി


കുറെ നാളായി അല്ലെ മക്കളെ ഞാന്‍ ഒരു കഥപറഞ്ഞിട്ട്...
കഥകേള്‍ക്കാന്‍ എല്ലാവരും വന്നോ....
ഞങ്ങളുടെ കുട്ടിക്കാലത്തെ സൂപ്പര്‍ ഹിറ്റ് ആയിരുന്ന കഥകളില്‍ ഒന്നാണിത്.

പണ്ടൊരിക്കല്‍ ഒരു കാക്കക്കു വല്ലാതെ ദാഹിച്ചു.കൊടും വേനല്‍ക്കാലം ആയിരുന്നു അത്.പുഴകളും, അരുവികളും, കുളങ്ങളും എല്ലാം വറ്റിവരണ്ടു കിടന്നിരുന്നു.കാക്ക കുറച്ചു വെള്ളം കുടിക്കാന്‍ വേണ്ടി പറന്നു പറന്നു തളര്‍ന്ന് ഒരു മരച്ചില്ലയില്‍ ഇരുന്നു. ആ മരം ഒരു വീടിന്റെ മുറ്റത്തായിരുന്നു.പെട്ടന്നു കാക്ക ചിന്തിച്ചു
“ഇതു ഒരു വീടല്ലേ? തീര്‍ച്ചയായും ഇതിന്റെ പരിസരത്ത് എവിടെയെങ്കിലും വെള്ളം കാണതിരിക്കില്ല”.

കാക്ക ചുറ്റിലും വളരെ ശ്രദ്ധയോടെ നോക്കി.അവന്‍ കണ്ണുകള്‍ വട്ടം കറക്കി ചലിപ്പിച്ചു കൊണ്ടേയിരുന്നു.പെട്ടന്നു വെള്ളം കോരുന്ന ഒരു മണ്‍കുടം അവന്‍ കണ്ടു.
“അതില്‍ ശകലം വെള്ളമെങ്കിലും കാണാതിരിക്കില്ല” കാക്ക മനസ്സില്‍ ഓര്‍ത്തു.

കാക്ക താഴ്ന്നു പറന്നുവന്നു ആ മണ്‍കുടത്തിന്റെ വക്കില്‍ ഇരുന്നു അതിനകത്തേക്കു നോക്കി.
“ഹാവൂ കുടത്തില്‍ കാല്‍ഭാഗത്തോളം വെള്ളം ഉണ്ടല്ലോ” കാക്കക്കു വല്ലാത്ത സന്തോഷവും സമാധാനവും ആയി.

കാക്ക വെള്ളം കുടിക്കാനായി കൊക്കു താഴേക്കിറക്കി.സാമാന്യം കുഴിവുള്ള ഒരു മണ്‍കുടം ആയിരുന്നു അത്.അതുകൊണ്ട് അതിന്റെ ചുണ്ടുകള്‍ വെള്ളത്തില്‍ മുട്ടിക്കാന്‍ ആ പാവം കാക്കക്കു കഴിഞ്ഞില്ല.‘കുടത്തിലേക്ക് ഇറങ്ങുന്നതും അത്ര ബുദ്ധിയായി തോന്നുന്നില്ല, എന്താണു ചെയ്യുക?’

വെള്ളം കണ്ടപ്പോള്‍ ഉണ്ടായ കാക്കയുടെ ആവേശം എല്ലാം തണുത്തു പോയി.വല്ലാത്ത നിരാശയും സങ്കടവും എല്ലാമായി.‘ഇനിയൊരു ശകലം പോലും പറക്കാനും വയ്യ.ദിവസങ്ങളായി ഒരു തുള്ളി വെള്ളം കുടിച്ചിട്ട്.ഇവിടെയെങ്ങാനും ചത്തുവീഴുകയേ ഉള്ളൂ’,ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നപ്പൊള്‍ പെട്ടന്നു നമ്മുടെ കാക്കക്കു ഒരു ബുദ്ധി തോന്നി.

ആ വീട്ടുമുറ്റത്ത് ധാരാളം കല്ലുകള്‍ കിടപ്പുണ്ടായിരുന്നു.അതില്‍ നിന്നും കൊച്ചു കൊച്ചു കല്ലുകള്‍ കൊത്തിയെടുത്ത് കാക്ക കുടത്തില്‍ ഇടാന്‍ തുടങ്ങി.കല്ലുകള്‍ ഇടുംതോറും വെള്ളം ഉയര്‍ന്നു വരുന്നത് കാക്ക കണ്ടു.അപ്പോള്‍ നല്ല ഉത്സാഹം ആയി. വേഗം വേഗം കല്ലുകള്‍ പെറുക്കിയിട്ടു.കുറച്ചു നേരത്തെ അദ്ധ്വാനം കൊണ്ട് വെള്ളം കുടത്തിന്റെ മുകളിലേക്കു എത്തിച്ചു കാക്ക.ഇഷ്ടം പോലെ വെള്ളം കുടിച്ച് കാക്ക ക്ഷീണം മാറ്റി.ക്ഷീണം ഒക്കെ മാറിയ കാക്ക വീണ്ടും പറന്നു മരക്കൊമ്പില്‍ പോയിരുന്നു. തന്റെ ബുദ്ധിയില്‍ കാക്കക്കു വല്ലാത്ത സന്തോഷം തോന്നി.


എന്താ ഇതില്‍ നിന്നും നമ്മള്‍ മനസ്സിലാക്കണ്ടത്?

ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ തളരാതെ എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നു ചിന്തിക്കുക, പരിശ്രമിക്കുക.

Read more...