Monday, December 8, 2008

കാക്കയുടെ ബുദ്ധി


കുറെ നാളായി അല്ലെ മക്കളെ ഞാന്‍ ഒരു കഥപറഞ്ഞിട്ട്...
കഥകേള്‍ക്കാന്‍ എല്ലാവരും വന്നോ....
ഞങ്ങളുടെ കുട്ടിക്കാലത്തെ സൂപ്പര്‍ ഹിറ്റ് ആയിരുന്ന കഥകളില്‍ ഒന്നാണിത്.

പണ്ടൊരിക്കല്‍ ഒരു കാക്കക്കു വല്ലാതെ ദാഹിച്ചു.കൊടും വേനല്‍ക്കാലം ആയിരുന്നു അത്.പുഴകളും, അരുവികളും, കുളങ്ങളും എല്ലാം വറ്റിവരണ്ടു കിടന്നിരുന്നു.കാക്ക കുറച്ചു വെള്ളം കുടിക്കാന്‍ വേണ്ടി പറന്നു പറന്നു തളര്‍ന്ന് ഒരു മരച്ചില്ലയില്‍ ഇരുന്നു. ആ മരം ഒരു വീടിന്റെ മുറ്റത്തായിരുന്നു.പെട്ടന്നു കാക്ക ചിന്തിച്ചു
“ഇതു ഒരു വീടല്ലേ? തീര്‍ച്ചയായും ഇതിന്റെ പരിസരത്ത് എവിടെയെങ്കിലും വെള്ളം കാണതിരിക്കില്ല”.

കാക്ക ചുറ്റിലും വളരെ ശ്രദ്ധയോടെ നോക്കി.അവന്‍ കണ്ണുകള്‍ വട്ടം കറക്കി ചലിപ്പിച്ചു കൊണ്ടേയിരുന്നു.പെട്ടന്നു വെള്ളം കോരുന്ന ഒരു മണ്‍കുടം അവന്‍ കണ്ടു.
“അതില്‍ ശകലം വെള്ളമെങ്കിലും കാണാതിരിക്കില്ല” കാക്ക മനസ്സില്‍ ഓര്‍ത്തു.

കാക്ക താഴ്ന്നു പറന്നുവന്നു ആ മണ്‍കുടത്തിന്റെ വക്കില്‍ ഇരുന്നു അതിനകത്തേക്കു നോക്കി.
“ഹാവൂ കുടത്തില്‍ കാല്‍ഭാഗത്തോളം വെള്ളം ഉണ്ടല്ലോ” കാക്കക്കു വല്ലാത്ത സന്തോഷവും സമാധാനവും ആയി.

കാക്ക വെള്ളം കുടിക്കാനായി കൊക്കു താഴേക്കിറക്കി.സാമാന്യം കുഴിവുള്ള ഒരു മണ്‍കുടം ആയിരുന്നു അത്.അതുകൊണ്ട് അതിന്റെ ചുണ്ടുകള്‍ വെള്ളത്തില്‍ മുട്ടിക്കാന്‍ ആ പാവം കാക്കക്കു കഴിഞ്ഞില്ല.‘കുടത്തിലേക്ക് ഇറങ്ങുന്നതും അത്ര ബുദ്ധിയായി തോന്നുന്നില്ല, എന്താണു ചെയ്യുക?’

വെള്ളം കണ്ടപ്പോള്‍ ഉണ്ടായ കാക്കയുടെ ആവേശം എല്ലാം തണുത്തു പോയി.വല്ലാത്ത നിരാശയും സങ്കടവും എല്ലാമായി.‘ഇനിയൊരു ശകലം പോലും പറക്കാനും വയ്യ.ദിവസങ്ങളായി ഒരു തുള്ളി വെള്ളം കുടിച്ചിട്ട്.ഇവിടെയെങ്ങാനും ചത്തുവീഴുകയേ ഉള്ളൂ’,ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നപ്പൊള്‍ പെട്ടന്നു നമ്മുടെ കാക്കക്കു ഒരു ബുദ്ധി തോന്നി.

ആ വീട്ടുമുറ്റത്ത് ധാരാളം കല്ലുകള്‍ കിടപ്പുണ്ടായിരുന്നു.അതില്‍ നിന്നും കൊച്ചു കൊച്ചു കല്ലുകള്‍ കൊത്തിയെടുത്ത് കാക്ക കുടത്തില്‍ ഇടാന്‍ തുടങ്ങി.കല്ലുകള്‍ ഇടുംതോറും വെള്ളം ഉയര്‍ന്നു വരുന്നത് കാക്ക കണ്ടു.അപ്പോള്‍ നല്ല ഉത്സാഹം ആയി. വേഗം വേഗം കല്ലുകള്‍ പെറുക്കിയിട്ടു.കുറച്ചു നേരത്തെ അദ്ധ്വാനം കൊണ്ട് വെള്ളം കുടത്തിന്റെ മുകളിലേക്കു എത്തിച്ചു കാക്ക.ഇഷ്ടം പോലെ വെള്ളം കുടിച്ച് കാക്ക ക്ഷീണം മാറ്റി.ക്ഷീണം ഒക്കെ മാറിയ കാക്ക വീണ്ടും പറന്നു മരക്കൊമ്പില്‍ പോയിരുന്നു. തന്റെ ബുദ്ധിയില്‍ കാക്കക്കു വല്ലാത്ത സന്തോഷം തോന്നി.


എന്താ ഇതില്‍ നിന്നും നമ്മള്‍ മനസ്സിലാക്കണ്ടത്?

ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ തളരാതെ എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നു ചിന്തിക്കുക, പരിശ്രമിക്കുക.

14 അഭിപ്രായങ്ങള്‍:

കിലുക്കാംപെട്ടി December 9, 2008 at 8:14 AM  

ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ തളരാതെ എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നു ചിന്തിക്കുക, പരിശ്രമിക്കുക.

മാറുന്ന മലയാളി December 9, 2008 at 9:29 AM  

കുട്ടികാലത്ത് മനസ്സില്‍ കുടിയേറിയ ഗുണപാഠകഥ. നന്ദി.ഈ ഓര്‍മപ്പെടുത്തലിന്

nardnahc hsemus December 9, 2008 at 12:00 PM  
This comment has been removed by the author.
nardnahc hsemus December 9, 2008 at 12:02 PM  

:) തളര്‍ന്നവശനായിട്ടും മുറ്റത്തുകിടക്കുന്ന കല്ലുകള്‍ മുഴുവന്‍ ക്ഷമയോടും ആവേശത്തോടും കൂടി, ലവലേശം ‘തൊണ്ടവരളാതെ’ പെറുക്കി കുടത്തിലിട്ട് വെള്ളത്തിന്റെ നിരപ്പ് ഉയര്‍ത്തി തന്റെ ദാഹം മാറ്റിയ കാക്കയെ സമ്മതിച്ചിരിയ്ക്കുന്നു! :)

പിന്നേയ് ഞങ്ങളുടെ നാട്ടില്‍ മണ്‍കുടം കൊണ്ട് ആരും വെള്ളം കോരാറില്ല, അങനെ കോരിയാല്‍ ആ പാത്രം അന്നത്തേയ്ക്കു മാത്രമേ ഉണ്ടാവൂ... വല്ല പാള വളച്ചുകൊട്ടിയതുകോണ്ടോ ബക്കറ്റുകൊണ്ടോ ഒക്കെയാ കോരാറ്...
..........................
കാണതിരിക്കില്ല
പെട്ടന്നു
സഞോഷവും
വേള്ളം

ഈ വാക്കുകള്‍ തിരുത്തിയെഴുതിയെങ്കില്‍ നന്നായിരുന്നു..

കിലുക്കാംപെട്ടി December 9, 2008 at 1:04 PM  

തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.പിന്നെ ഇതു ഞാന്‍ ഉണ്ടാക്കിയ കഥ അല്ല.അതുകൊണ്ട് മണ്‍കുടം തിരുത്തുന്നില്ല.

അപ്പു December 9, 2008 at 1:27 PM  

ചേച്ചീ, വീണ്ടും കഥയുമായെത്തിയതിനു നന്ദി.

ജയതി December 9, 2008 at 10:10 PM  

പാട്ടുപടി അപ്പം നഷ്ടപ്പെടുത്തിയ പൊങ്ങച്ചക്കാരി കാക്കയുടെ ചേച്ചിയല്ലേ ഈ കാക്ക

എം. എസ്. രാജ്‌ December 9, 2008 at 10:31 PM  

അയ്യപ്പന്റമ്മ ചുട്ട അപ്പം തട്ടിയെടുത്ത കാക്കയുടെ ഫസ്റ്റ് കസിനാ..

ഗീത് December 9, 2008 at 10:44 PM  

kilukkaampetti, രണ്ടാഴ്ച മുന്‍പ് ഈ കഥ ഇവിടത്തെ കുഞ്ഞിനു പറഞ്ഞു കൊടുത്തതേയുള്ളു.

കുട്ടികള്‍ക്ക് രസിക്കും വിധം എഴുതീട്ടുണ്ട്.

സുല്‍ |Sul December 11, 2008 at 11:05 AM  

“വണ്‍സ് ഏ ക്രോ വാസ് വെരി തേര്‍സ്റ്റി....“
കെ ജിയില്‍ പഠിക്കുന്ന മകളുടെ ചുണ്ടില്‍ നിന്ന്.

നന്ദി.
-സുല്‍

ജെസ്സി December 11, 2008 at 11:32 AM  

ഇതു പോലെ ഈയടുത്ത സമയത്ത് വേറൊരു കാക്ക ദാഹിച്ചപ്പോള്‍ ഈ മുത്തച്ഛന്‍ കാക്കയുടെ കഥയോര്‍ത്തു. പുള്ളിക്കാരനും കുടത്തില്‍ കുറേ കല്ലുകള്‍ കൊത്തിയിട്ടു.അപ്പോഴോ? ഉള്ള വെള്ളം വറ്റിപ്പോയി. കാരണമെന്തെന്നോ; നമ്മടെ പുതിയ കാക്ക കൊത്തിയിട്ടത് “ഇഷ്‌ടിക”ക്കഷ്‌ണങ്ങളായിരുന്നു. വെള്ളമെല്ലാം ഇഷ്‌ടിക കുടിച്ചു :)

ഗുണപാഠം.
1. പണ്ടുള്ളവരെ അനുകരിക്കുമ്പോള്‍ നമ്മടെ ബുദ്ധി പ്രയോഗിച്ച് സാഹചര്യത്തിലെ മാറ്റം മനസ്സിലാക്കണം
2. പഴേ കാലമൊന്നുമല്ല. കല്ലിലും മുള്ളിലും വരെ മായം കാണും.:)

കുഞ്ഞന്‍ December 11, 2008 at 12:40 PM  

ചേച്ചി..

കേട്ടത്, പറഞ്ഞത്, എന്നാലും കഥ വീണ്ടും വായിച്ചപ്പോള്‍ ഒരു സുഖം, നന്ദി.