Friday, February 22, 2008

നല്ലവളായ പരുന്തമ്മ

പൂഞ്ചോലക്കാട്ടിലെ ഒരു വലിയ ആല്‍മരത്തിന്റെ മുകളിലായിരുന്നു ചങ്ങാലിപ്പരുന്തമ്മ കൂടുകെട്ടി താമസിച്ചിരുന്നത്‌. പരുന്തമ്മയ്ക്ക്‌ രണ്ടു കൂട്ടുകാരുണ്ടായിരുന്നു - ചിണ്ടനെലിയും ചിന്നുക്കുരുവിയും, . പരുന്തും എലിയും കുരുവിയും കൂട്ടുകൂടുമോ എന്ന് കൂട്ടുകാര്‍ വിചാരിക്കുന്നുണ്ടാവും. സാധാരണ അങ്ങനെയില്ല. എന്നാല്‍ ഇവര്‍ മൂന്നുപേരും കൂട്ടുകാരാവാന്‍ ഒരു കാരണമുണ്ട്‌. അതു കേള്‍ക്കേണ്ടേ?


പണ്ടൊരുദിവസം ഒരു വേടന്‍ കാട്ടില്‍ പക്ഷികളെ പിടിക്കാന്‍ ഒരു വലവിരിച്ചു. അറിയാതെ നമ്മുടെ ചങ്ങാലിപ്പരുന്തമ്മ അതില്‍ കുടുങ്ങി. അവളുടെ കരച്ചില്‍കേട്ട്‌ ചിന്നുക്കുരുവി അവിടേക്ക് വന്നു. പരുന്തമ്മ സങ്കടത്തോടെ ചിന്നുവിനെ വിളിച്ച്‌, തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണേ എന്നു കരഞ്ഞു പറഞ്ഞു. ആദ്യം പരുന്തിന്റെ അടുത്ത്‌ പോകാന്‍ പേടിയായെങ്കിലും ചിന്നു പതുക്കെപ്പതുക്കെ വലയുടെ അടുത്തെത്തി. പരുന്തമ്മയുടെ കിടപ്പില്‍ കഷ്ടംതോന്നിയ അവള്‍ പോയി ചിണ്ടനെലിയെ വിളിച്ചുകൊണ്ടുവന്നു. ചിണ്ടനും പരുന്തമ്മയെ പേടിയായിരുന്നു.

പരുന്തമ്മ പറഞ്ഞു " ചിന്നൂ, ചിണ്ടാ, പണ്ടൊക്കെ ഞാന്‍ നിങ്ങളെ ഒരു പാടു പേടിപ്പിച്ചിട്ടുണ്ട്‌. ഇനിയങ്ങനെ ഉണ്ടാവില്ല. എന്നെ ഇവിടെനിന്നു രക്ഷിച്ചാല്‍ നമ്മള്‍ക്കെന്നും കൂട്ടുകാരായി ഇരിക്കാം. നിങ്ങളെ ഞാനൊന്നും ചെയ്യില്ല." ചിന്നുവും ചിണ്ടനും കൂടിയാലോചിച്ചു. അവസാനം വലകടിച്ചുമുറിച്ച്‌ ചിണ്ടന്‍ പരുന്തിനെ അവിടെനിന്നും രക്ഷിച്ചു. അന്നുമുതലാണ്‌ അവര്‍ കൂട്ടുകാരയത്‌.


അങ്ങനെയിരിക്കെ ചിന്നുക്കുരുവിയുടെ കല്യാണമായി. പൂഞ്ചോലക്കാട്ടില്‍ത്തന്നെയുള്ള കുട്ടുക്കുരുവിയായിരുന്നു ചെക്കന്‍. കല്യാണമൊക്കെക്കഴിഞ്ഞ്‌ ചിന്നുവും കുട്ടുവും അടുത്തുള്ള നെല്ലിമരത്തില്‍ ഒരു കൂടുകെട്ടി. നാരുകളും, ഉങ്ങങ്ങിയ ഇലകളുമൊക്കെ വച്ച നല്ലൊരു കൂടായിരുന്നു അവരുടേത്. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ചിന്നു മൂന്നു മുട്ടയിട്ടു. “ഹായ്‌.... മുട്ടവിരിഞ്ഞ്‌ കുഞ്ഞിക്കുരുവികള്‍ വരുമല്ലോ“. അതോര്‍ത്ത്‌ കുട്ടുവും ചിന്നുവും വളരെ സന്തോഷിച്ചു.

ചിന്നു മുട്ടയ്കുമേലെ അടയിരുന്ന് അവയ്ക്ക്‌ ചൂടുകൊടുത്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുട്ടവിരിഞ്ഞ്‌ നല്ല സുന്ദരന്മാരായ മൂന്നു കുരുവിക്കുഞ്ഞുങ്ങള്‍ പുറത്തെത്തി. കുഞ്ഞുങ്ങളെയും നോക്കി അങ്ങനെയിരിക്കുന്നത്‌ കുട്ടുവിനും ചിന്നുവിനും വലിയ സന്തോഷമായിരുന്നു. കുഞ്ഞുങ്ങളാണെങ്കിലോ, എപ്പോഴും കീ..കീ.. എന്നു കരച്ചിലും. അച്ഛനും അമ്മയും മാറിമാറി കാട്ടില്‍ പോയി അവര്‍ക്ക്‌ തീറ്റ കൊണ്ടുവന്നു നല്‍കി. അങ്ങനെ കുഞ്ഞുങ്ങള്‍ വളര്‍ന്നുവന്നു.

പക്ഷേ ഒരു അപകടം അവിടെ ഉണ്ടായിരുന്നു. താഴെയുള്ള ഒരു മാളത്തില്‍ കോരന്‍ എന്നൊരു പാമ്പ്‌ എവിടെനിന്നോ വന്ന് താമസമായി. കുഞ്ഞുങ്ങളുടെ കരച്ചില്‍ അവന്‍ കേട്ടു. അവയെ തിന്നാനായി അവന്‌ കൊതിയായി. ചിന്നുവും കുട്ടുവും ഇതറിഞ്ഞില്ല. ഒരു ദിവസം അവര്‍ തീറ്റതേടിപ്പോയ സമയം കോരന്‍ പാമ്പ് നെല്ലിമരത്തിലേക്ക്‌ കയറി. മണം പിടിച്ചുകൊണ്ട്‌ അവന്‍ കുരുവിക്കൂടിന്റെ അടുത്തേക്ക്‌ എത്തി. പാവം കുരുവിക്കുഞ്ഞുങ്ങള്‍. ഇതാരാണ്‌ വരുന്നതെന്നറിയാതെ അവര്‍ കീ..കീ.. എന്നു കരഞ്ഞു. പാമ്പ്‌ വാപിളര്‍ന്നുകൊണ്ട്‌ അവരുടെ അടുത്തേക്ക് ഇഴഞ്ഞുവന്നു.

"അയ്യോ.. നമ്മുടെ കുഞ്ഞുങ്ങളെ പാമ്പ്‌ പിടിക്കുന്നേ.." തീറ്റയുമായി തിരിച്ചെത്തിയ കുട്ടുവും ചിന്നുവും ഉറക്കെ കരഞ്ഞു.. "അയ്യോ....അയ്യോ... " പാമ്പ്‌ കുഞ്ഞുങ്ങളെ തിന്നാനായി പോവുകയാണ്‌. എന്തുചെയ്യണമെന്നറിയാതെ അവര്‍ വിഷമിച്ചു. പെട്ടന്ന് ചങ്ങാലിപ്പരുന്തമ്മ എവിടെനിന്നോ പറന്നെത്തി. തന്റെ കാലിലെ കൂര്‍ത്ത നഖങ്ങള്‍ പാമ്പിന്റെ വയറ്റിലേക്ക്‌ കുത്തിയിറക്കി. കോരന്‍ വേദന കൊണ്ട്‌ പുളഞ്ഞു. മരത്തിലെ പിടിവിട്ട്‌ അവന്‍ മരത്തില്‍നിന്നും താഴെവീണു. പരുന്തമ്മ വിട്ടില്ല. വീണ്ടും താഴേക്ക്‌ പറന്നു ചെന്ന് അവള്‍ കോരനെ കൊത്തി. പാമ്പ് പൂഞ്ചോലക്കാട്ടില്‍ നിന്നും ജീവനും കൊണ്ടോടി. കുട്ടുവും ചിന്നുവും പരുന്തമ്മയ്ക്ക്‌ നന്ദി പറഞ്ഞു.

========================
അവലംബം: ഇത് ഈസോപ്പ്‌ കഥയല്ല, മഴത്തുള്ളി മാഷുടെ കുരുവി എന്ന കവിതയാണ് ഇതിനു പ്രചോദനം.

18 അഭിപ്രായങ്ങള്‍:

അപ്പു ആദ്യാക്ഷരി February 21, 2008 at 12:47 PM  

മഷിത്തണ്ടിലെ കഥച്ചെപ്പിലേക്ക് ഒരു കഥകൂടി.

കഥയില്‍ ചോദ്യമില്ല എന്ന് പഴഞ്ചൊല്ല് എല്ലാ വലിയകുട്ടികളേയും ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് ഈ കുട്ടിക്കഥ കൊച്ചുകുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു..

ശ്രീ February 21, 2008 at 12:57 PM  

ഇതെന്തായാലും നന്നായി അപ്പുവേട്ടാ... ഇക്കാലത്ത് ഇത്തരം കൂട്ടുകെട്ടുകളുടെ കഥകളാണ്‍ കുട്ടികള്‍ക്കാവശ്യം.
:)

[ nardnahc hsemus ] February 21, 2008 at 1:01 PM  

അങനെ രണ്ടാമത്തെ വെജിറ്റേറിയന്‍ പരുന്തമ്മയേയും കാണേണ്ടി വന്നു... ബൂലോകമേ നീ‍യേ സാക്ഷി!!!
പരുന്തുസമൂഹം മൊത്തം അപമാനം സഹിയ്ക്കവയ്യാതെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നുവെന്ന്!!! ഇതു തുടങ്ങിവച്ച കുരുവിയെ കണ്‍ടാല്‍ ജീവനോടെ വിടരുതെന്നുമാണ് അവരുടെ പക്ഷം....:)

(അപ്പുവേ...കഥ കൊള്ളാട്ടോ)

മഴത്തുള്ളി February 21, 2008 at 1:05 PM  

ഹഹഹ അപ്പു മാഷേ, തന്ന വാക്ക് പാലിച്ചല്ലോ. 2 ദിവസത്തിനുള്ളില്‍ തന്നെ കവിതയെ കഥയാക്കിയ മാഷൊരു അതുല്യ പ്രതിഭ തന്നെ. സമ്മതിച്ചു.

മാഷേ, ഇവരെല്ലാം എങ്ങനെ കൂട്ടുകാരായി എന്ന് ആരും ചോദിക്കില്ല ഇനി. എന്നോട് ചിലര്‍ ചോദിച്ചു. ചന്ദ്രകാന്തം പരുന്തമ്മയെ ഇനി വിശ്വസിക്കുന്നത് ശരിയാണോ എന്നും ചോദിച്ചു. ;)

എന്നാല്‍ എന്റെ കവിതയില്‍ നിന്നും വ്യത്യസ്തമായി കഥയുടെ തുടക്കത്തില്‍ തന്നെ ഇവരെല്ലാം എങ്ങനെ കൂട്ടുകാരായി എന്ന് വിശദീകരിച്ചത് എന്തുകൊണ്ടും നന്നായി. കൊച്ചു കൂട്ടുകാര്‍ക്ക് നമ്മുടെ ശത്രുക്കളും ചിലപ്പോള്‍ മിത്രങ്ങള്‍ ആവുമെന്ന നല്ലൊരു സന്ദേശം ഇതിലൂടെ കൈമാറിയല്ലോ.

എന്തായാലും മാഷേ, ഇഷ്ടമായി ഇക്കഥ.

G.MANU February 21, 2008 at 1:10 PM  

അപ്പു..കൊച്ചുകുട്ടികളില്‍ സൌഹൃദത്തിന്‌റേയും സ്നേഹത്തിന്റേയും വികാരങ്ങള്‍ നിറയ്ക്ക്കുന്ന കഥ..ഇനിയും വേണം ഇതുപോലെ.....

ചന്ദ്രകാന്തം February 21, 2008 at 1:34 PM  

വര്‍ഗശത്രുക്കളും ചിലനേരങ്ങളില്‍.. ചങ്ങാതിമാരാകാം എന്നു മനസ്സിലാക്കാന്‍ പറ്റിയ കഥ.

(മഴത്തുള്ളിമാഷേ.. ഇക്കാലത്ത്‌ അങ്ങനെ ചിന്തിയ്ക്കാനല്ലേ.. ആദ്യം തോന്നൂ..)

Anonymous,  February 21, 2008 at 3:47 PM  

"പരുന്തമ്മ വിട്ടില്ല. വീണ്ടും താഴേക്ക്‌ പറന്നു ചെന്ന് അവള്‍ കോരനെ കൊത്തി. പാമ്പ് പൂഞ്ചോലക്കാട്ടില്‍ നിന്നും ജീവനും കൊണ്ടോടി. കുട്ടുവും ചിന്നുവും പരുന്തമ്മയ്ക്ക്‌ നന്ദി പറഞ്ഞു."

കുഞ്ഞിക്കഥകളൊക്കെ ഇങ്ങനെയായിരുന്നു എത്രക്രൂരനായ ശത്രുവിനേയും ജീവിക്കാന്‍ വിടുന്നവിധം മനസ്സലിവുള്ള കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.കാലം കഥളെല്ലാം കൊലപാതകങ്ങള്‍കൊണ്ടു നിറച്ചു.

മിന്നാമിനുങ്ങുകള്‍ //സജി.!! February 21, 2008 at 6:44 PM  

അപ്പുമാഷെ നന്നായിട്ടുണ്ട് കെട്ടൊ.
മനു മാഷ് പറഞ്ഞപോലെകൊച്ചുകുട്ടികളില്‍ സൌഹൃദത്തിന്‌റേയും സ്നേഹത്തിന്റേയും വികാരങ്ങള്‍ നിറയ്ക്ക്കുന്ന
ഒരു വികാരം ഉടലെടുക്കുന്നൂ.

പൊറാടത്ത് February 21, 2008 at 7:28 PM  

നല്ല കഥ. ഞാന്‍ ഇപ്പോ തന്നെ എന്റെ ആറുവയസ്സുകാരി മകള്‍ക്ക് വായിച്ച് കേള്‍പ്പിച്ച് കൊടുത്തേയുള്ളൂ. എപ്പോഴത്തേയും പോലെ “ഇനി അടുത്തത്” എന്ന അവളുടെ ആവശ്യം തന്നെ എനിയ്ക്കും.. അടുത്തത് വൈകാതെ പ്രതീക്ഷിയ്ക്കാമല്ലോ..?

Sethunath UN February 21, 2008 at 8:26 PM  

ന‌‌ല്ല കഥ അപ്പൂ.
:)

Gopan | ഗോപന്‍ February 22, 2008 at 12:44 AM  

അപ്പു മാഷേ,
കുട്ടിക്കഥ വളരെ ഇഷ്ടപ്പെട്ടു..

പ്രിയ ഉണ്ണികൃഷ്ണന്‍ February 22, 2008 at 1:10 AM  

കുട്ടിക്കഥ കലക്കന്‍.

ഇപ്പൊ കുട്ടിക്കഥ വയിക്കലാ പണി.

കുറുമാന്‍ February 22, 2008 at 2:13 AM  

കുട്ടി കവിതകള്‍ക്കപ്പുറമുള്ള കുട്ടി കഥകളും വരട്ടെ

ഗീത February 22, 2008 at 11:07 PM  

കുരുവി എന്ന കവിത ഇപ്പോള്‍ വായിച്ചതേയുള്ളൂ.....
അപ്പോഴേയ്ക്കുമിതാ കഥയും എത്തി....
കൊള്ളാം, നന്നായിട്ടുണ്ട്.

reshma February 23, 2008 at 1:48 AM  

നല്ലൊരു കുട്ടിക്കഥ അപ്പൂസേ.

Unknown February 23, 2008 at 7:37 PM  

അപ്പൂ.ഇതും നന്നായി...:)

സുല്‍ |Sul February 27, 2008 at 2:16 PM  

അപ്പുവേ
കഥനന്നായി കേട്ടോ.
പരുന്തമ്മയെ കുരുവി രക്ഷിച്ചതു പോലെ മത്തായിച്ചനെ അപ്പു രക്ഷിച്ചു. ഇങ്ങനെയാണൊ നിങ്ങളും കൂട്ടായത് :)
-സുല്‍

കുഞ്ഞന്‍ June 28, 2008 at 1:09 PM  

അപ്പു മാഷെ..

കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ പറ്റിയ കഥ.

കഥാ ദാരിദ്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഈയാഴ്ചത്തേക്ക് മോന് പറഞ്ഞുകൊടുക്കാന്‍ കഥയായി.

കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു.

ഓ.ടോ.. ഇപ്പോള്‍ ഈ കഥ വായിക്കുമ്പോള്‍ കേരള രാഷ്ട്രീയവുമായി കൂട്ടിവായിച്ചുപോകുന്നു.