Sunday, October 26, 2008

വാശിമൂത്താല്‍ !

കുറെ കാലമായില്ലേ എന്റെ മക്കള്‍ക്കു വേണ്ടി ഞാന്‍ കഥ പറഞ്ഞിട്ട്.....
ഞാന്‍ നാട്ടില്‍ പോയി എന്റെ അമ്മയുടെ മടിയില്‍ കിടന്നു കുറെ കഥകള്‍ കേട്ടു,
മഷിത്തണ്ടിലെ നമ്മുടെ കഥ പറച്ചിലിനെ കുറിച്ചൊക്കെ ഞാന്‍ അമ്മയോടു പറഞ്ഞു.
അപ്പോള്‍ അമ്മ നിങ്ങള്‍ക്കായി കുറെ കഥകള്‍ എന്റെ കൈയില്‍ തന്നു വിട്ടിട്ടുണ്ട്.അതെല്ലാം ഞാന്‍ നിങ്ങള്‍ക്കും പറഞ്ഞു തരാം.

വീണ്ടും ഒരു കൊച്ചു കുട്ടിയായി അമ്മയുടെ മടിയില്‍ തലവെച്ചു കിടന്നു കുട്ടിക്കഥകള്‍ എല്ലാം ഒരിക്കല്‍ക്കൂടെ കേട്ടത്, അതിനു സമയം കണ്ടെത്തിയത് ഒക്കെ ‘മഷിത്തണ്ട്’ കാരണമാണ്.അതിനു മഷിത്തണ്ടിന്റെ എല്ലാമായ, എന്നെ കഥകള്‍ എഴുതാന്‍ ഇതിലെക്കു കൊണ്ടുവന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട അപ്പു വിനോട് ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു.പിന്നെ ഞാന്‍ പകര്‍ത്തിയെഴുതുന്ന കഥകള്‍ വായിച്ചു രസിക്കുന്ന എന്റെ കുഞ്ഞുങ്ങളോടും..............അങ്ങനെ വീണ്ടും ചേച്ചി കഥകള്‍ പറഞ്ഞു തുടങ്ങട്ടെ??

എന്റെ കുട്ടിക്കാലത്ത് അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും പല പല കഥകള്‍ കെട്ടിട്ടുണ്ട്.അതു കൂടുതലും പറഞ്ഞുതന്നിരുന്നതും എന്റെ അപ്പൂപ്പനും അമ്മൂമ്മയും തന്നെയായിരുന്നു.അതില്‍ ഒരു കഥ ഇങ്ങനെയാ..



ഒരിടത്ത് ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.ചെറിയ കുട്ടികളേപ്പോലെ അടിയും വഴക്കും പിണക്കവും ഒക്കെയായി രണ്ടുപേരും കൂടെ ഒരു ചേറിയ കുടിലില്‍ താമസിച്ചിരുന്നു.എന്നും രാവിലെ രണ്ടുപേരുംകൂടെ പുറത്തു പോയി പിച്ചയെടുത്ത് ആഹാരത്തിനുള്ളതൊക്കെ സമ്പാദിച്ച്, വൈകുന്നെരം ആകുമ്പോഴേക്കും വിറക്, വെള്ളം എല്ലാമായിട്ടു രണ്ടാളും തിരികെ എത്തും.പിന്നെ തുടങ്ങില്ലെ ആഹാരം ഉണ്ടാക്കലും കഴിക്കലും അതിനിടെ അടികൂടലും .ഇതായിരുന്നു അവരുടെ പതിവു ജീവിതരീതി.

ഒരുദിവസം കുറെ അരിയും ശര്‍ക്കരയും തേങ്ങയും ഒക്കെ കിട്ടി.അവരു തീരുമാനിച്ചു ഇന്നു നമ്മള്‍ക്കു അപ്പം ഉണ്ടാക്കാം എന്ന്.മടങ്ങിയെത്തിയ ഉടനെ തന്നെ അപ്പൂപ്പന്‍ അരി ഒക്കെ വെള്ളത്തിലിട്ടു കുതിര്‍ത്ത് അരച്ചൊക്കെ വച്ചു. അമ്മൂമ്മ അടുപ്പൊക്കെ കത്തിച്ചു ദോശക്കല്ല് എടുത്തു വച്ചു.(ദോശക്കല്ലില്‍ ഉണ്ടാക്കുന്നെ ദോശ മാത്രം അല്ല കേട്ടോ)അരിയും തേങ്ങയും
ശര്‍ക്കരയും ഒക്കെ ചേര്‍ത്ത് അമ്മൂമ്മ അപ്പം ഉണ്ടാക്കി, കഴിക്കാനായി എടുത്തു വച്ചപ്പോള്‍ അടിയായി. അഞ്ച് അപ്പങ്ങള്‍.മൂന്ന്, രണ്ട്, എന്ന കണക്കു പറഞ്ഞു ഒരേ വഴക്ക്. അപ്പൂപ്പന്‍ പറഞ്ഞു“ഞാന്‍ അല്ലെ അരി അരച്ചത് അതു കൊണ്ട് എനിക്കു മൂന്നപ്പം” ഉടനെ അമ്മൂമ്മ പറഞ്ഞു “അതു പറ്റില്ല, ഞാന്‍ അല്ലെ ഉണ്ടാക്കിയത് എനിക്കു മൂന്ന്” അങ്ങനെ തര്‍ക്കിച്ചു തര്‍ക്കിച്ചു പാതിരാത്രിയായി.അവസാനം രണ്ടുപേരും കൂടെ ഒരു തീരുമാനത്തിലെത്തി.ആദ്യം മിണ്ടുന്നയാളിനു രണ്ടപ്പം.മിണ്ടാതിരിക്കുന്ന ആളിനു മൂന്നപ്പം.

അങ്ങനെ മിണ്ടാതിരുന്നിരുന്ന് രണ്ടുപേരും ഉറക്കം തുടങ്ങി.നേരം വെളുത്തു,സന്ധ്യയായി, വാശി പിടിച്ചു രണ്ടാളും മിണ്ടാതെ കിടന്നു.രണ്ടുദിവസം ആയി അനക്കം ഒന്നും കേള്‍ക്കാതെ അയലത്തുകാരൊക്കെ വന്നു നോക്കിയപ്പോള്‍ രണ്ടുപേരും അനങ്ങാതെ കിടക്കുന്നു. വിളിച്ചൊക്കെ നോക്കിയിട്ടും മിണ്ടാതെ കിടക്കുന്നു.രണ്ടാളും മരിച്ചു പോയി എന്നു വിചാരിച്ചു. പിന്നെ ശവം ദഹിപ്പിക്കാനുള്ള ഒരുക്കം ആയി. രണ്ടു പേരേയും എടുത്ത് ചിതയില്‍ വൈക്കാന്‍ തുടങ്ങുമ്പോഴേക്കും അപ്പൂപ്പന്‍ അലറിക്കൊണ്ട് ചാടി എഴുന്നേറ്റു.അലറല്‍ ശബ്ദം കേട്ടു “ഞാന്‍ ജയിച്ചു ഞാന്‍ ജയിച്ചു, എനിക്കു മൂന്നപ്പം” എന്നും പറഞ്ഞു അമ്മൂമ്മയും ചാടി എണീറ്റു.

ഇവരുടെ അടികൂടലും വാശിപിടിക്കലും പന്തയംവൈക്കലും അറിയവുന്ന നാട്ടുകാര്‍ പൊട്ടിച്ചിരിച്ചു കൊണ്ട് അവരുടെ വഴിക്കു പോയി.രണ്ടാളും അപ്പം തിന്നാനയി അടുക്കളയില്‍ ചെന്നു നോക്കിയപ്പോള്‍ കണ്ടതോ ...
അപ്പം ഒക്കെ തിന്നു നിറഞ്ഞു അവരുടെ കുറിഞ്ഞിപ്പൂച്ച അടുപ്പില്‍ കിടന്നു ഉറങ്ങുന്നു.രണ്ടാളും ചമ്മി മുഖത്തോടു മുഖം നോക്കി വിശപ്പുമാറ്റാനുള്ള വഴി ആലോചിച്ചു കൊണ്ടിരുന്നു.

ഒരുപാടു കാര്യങ്ങള്‍ ഈ കഥയില്‍ ഉണ്ട്.വായിക്കുന്നവര്‍ക്കു അതു അവരവരുടെ ഇഷ്ടത്തിനനുസരിച്ചു മനസ്സിലാക്കി വായിക്കാമല്ലോ.
പുതിയ അമ്മൂമ്മക്കഥയുമായി ഉടനെ വരാം
എന്റെ എല്ലാ കുഞ്ഞുങ്ങള്‍ക്കും“ ദീപാവലി ആശംസകള്‍“

15 അഭിപ്രായങ്ങള്‍:

ഉഷശ്രീ (കിലുക്കാംപെട്ടി) October 26, 2008 at 4:14 PM  

ഒരുപാടു കാര്യങ്ങള്‍ ഈ കഥയില്‍ ഉണ്ട്.വായിക്കുന്നവര്‍ക്കു അതു അവരവരുടെ ഇഷ്ടത്തിനനുസരിച്ചു മനസ്സിലാക്കി വായിക്കാമല്ലോ.
പുതിയ അമ്മൂമ്മക്കഥയുമായി ഉടനെ വരാം
എന്റെ എല്ലാ കുഞ്ഞുങ്ങള്‍ക്കും“ ദീപാവലി ആശംസകള്‍...........

പാമരന്‍ October 26, 2008 at 6:05 PM  

നല്ല കുഞ്ഞിക്കഥ. നന്ദി!

ജിജ സുബ്രഹ്മണ്യൻ October 26, 2008 at 7:56 PM  

കുഞ്ഞിക്കഥ ഇഷ്ടപ്പെട്ടു.എന്റെ മോള്‍ എന്നും വൈകുന്നേരം ആകുമ്പോള്‍ ബഹളമാണു കഥ കേള്‍ക്കണം എന്നും പറഞ്ഞ്..ബാലഭൂമിയിലെയും കളിക്കുടുക്കയിലെയും ഒക്കെ കഥകള്‍ തീര്‍ന്നു.ഇപ്പോള്‍ ചേച്ചീടെ കുഞ്ഞു കഥകളാ ഞാന്‍ അവളോട് പറയുന്നത്.ചേച്ചിക്ക് എന്റെ മോള്‍ രോഷ്നിയുടെ വക ചക്കര ഉമ്മ

ഉഷശ്രീ (കിലുക്കാംപെട്ടി) October 26, 2008 at 8:20 PM  

പാമരന്‍ നന്ദി.രോഷ്നി മോളുടെ ചക്കര ഉമ്മക്ക് എന്താ ഒരു മധുരം.. ദീപാവലിക്കു ഇത്ര നല്ല മധുരം തന്നൂല്ലോ.. സന്തോഷം. പകരം നല്ല ഒരു കഥ പറഞ്ഞു തരാം കേട്ടോ...മോളുടെ അമ്മയോടും സന്തോഷം അറിയിക്കുന്നു.

BS Madai October 26, 2008 at 10:05 PM  

ഓര്‍മ്മയില്‍ എവിടെയോ നഷ്ടപ്പെട്ട ഈ കഥ വീ‍ണ്ടും തിരിച്ചുകൊണ്ടുതന്നതിനൂ നന്ദി... ദീപാവലി ആശംസകള്‍.....

പാര്‍ത്ഥന്‍ October 27, 2008 at 1:22 AM  

ചേച്ചി, നല്ല കഥ. ഈ കഥയിലെ കാര്യം ആണ് കുഞ്ഞുങ്ങൾ മനസ്സിലാക്കേണ്ടത്. എന്തുകണ്ടാലും എനിയ്ക്കു സ്വന്തമാക്കണം എന്ന ചിന്ത കുഞ്ഞുനാളിൽ തന്നെ ഉണ്ടാകുന്നതാണ്. വലുതാവുമ്പോൾ ഒന്നിലും അത്യാഗ്രഹം ഇല്ലാതെ ജീവിക്കാൻ കുഞ്ഞുങ്ങളെ പ്രപ്തരാക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. ഇന്നു കാണുന്ന സാമ്പത്തിക ബാധ്യതകൊണ്ടുണ്ടാകുന്ന ആത്മഹത്യകൾ ഈ തരത്തിലുള്ള സ്വാർത്ഥതാല്പര്യങ്ങളിൽ നിന്നും ഉടലെടുക്കുന്ന നമ്മുടെ സ്വയം കൃതാനർത്ഥങ്ങളാണ്.

കുട്ടികളിൽ , എന്റേതെന്നും പറഞ്ഞു സ്വന്തമാക്കുന്നതിനേക്കാൾ, ഉള്ളതിൽ നിന്നും മറ്റുള്ളവർക്കും കൂടി കൊടുക്കുവാനുള്ള മാനസിക വളർച്ച ഉണ്ടാകണം.

“അവനവനാത്മസുഖത്തിനാചരിക്കു- ന്നവയപരന്നു സുഖത്തിനായ് വരേണം.”
(ഗുരുദേവൻ)

Cartoonist October 27, 2008 at 8:30 AM  

മഷിമാഷെ,
ഒരു സുസ്സുപ്രധാനായ കാര്യണ്ട്.
ഇത് കുട്ട്യോള് വായിക്കണംന്ന് നിര്‍ബ്ബന്ധല്ലെ ?
എങ്കില്‍, ആ ബ്ലാക്ക് ബാക്ക്ഗ്രൌണ്ട് ഉടന്‍ മാറ്റി, വെള്ളയോ, ഇളം നിറമോ കൊടുത്ത്, അക്ഷരങ്ങള്‍ അല്‍പ്പം കൂടി വലുതാക്കിക്കാണിച്ചു നോക്കൂ... കുട്ട്യോള്‍ ആര്‍ത്തു വരും.

ഇത് നല്ലൊരു ഉദ്യമമാണെന്ന എന്റെ തോന്നല്‍കൊണ്ടു കൂടിയാണിതു പറയുന്നത്.

വൈകിക്കല്ലെ... പരിഗണിക്കുമല്ലൊ. :)

ഗീത October 27, 2008 at 9:00 AM  

ഉള്ളതു തുല്യമായി പങ്കുവച്ചെടുക്കുക എന്ന ഗുണപാഠം അടങ്ങിയ കഥ. കിലുക്കാം‌പെട്ടീ, ഈ ഒരു വാചകം കൂടി കഥയില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നു തോന്നുന്നു.

Jayasree Lakshmy Kumar October 28, 2008 at 12:15 AM  

പണ്ടെങ്ങോ കേട്ടിട്ടുള്ള ഈ കഥ വീണ്ടും ഓർമ്മിപ്പിച്ചു ഈ പോസ്റ്റ്

അപ്പു ആദ്യാക്ഷരി October 28, 2008 at 6:59 AM  

ഉഷച്ചേച്ചീ, പുതിയ കഥയ്ക്കു നന്ദി.
കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ പറഞ്ഞ അഭിപ്രായം അതിന്റെ ഗൌരവത്തില്‍ തന്നെ എടുക്കുന്നു. എത്രയും വേഗം വേണ്ട മാ‍റ്റങ്ങള്‍ ചെയ്യുന്നതാണ്.

മുസാഫിര്‍ October 28, 2008 at 9:40 AM  

ഇപ്പഴും അമ്മയുടെ മടിയില്‍ കിടന്ന് കഥ കേള്‍ക്ക്വേ ?
എന്താ കഥ !

മഴത്തുള്ളി October 28, 2008 at 1:17 PM  

കൊള്ളാം നന്നായിരിക്കുന്നു കിലുക്കാം‌പെട്ടീ ഈ കുഞ്ഞിക്കഥ. മറന്നിരിക്കുകയായിരുന്നു ഈ കഥ വീണ്ടും ഓര്‍മ്മിപ്പിച്ചതിനും കൊച്ചുകൂട്ടുകാര്‍ക്കായി ഇവിടെ അവതരിപ്പിച്ചതിനും അഭിനന്ദനങ്ങള്‍.. ആശംസകള്‍. ഇനിയും പുതിയ കഥകള്‍ പോരട്ടെ.

വേണു venu October 28, 2008 at 8:01 PM  

നല്ല മുത്തശ്ശിക്കഥ.:)

smitha adharsh October 28, 2008 at 10:45 PM  

പണ്ടു കേട്ട ഈ കഥ ഒരിക്കല്‍ക്കൂടി കേള്‍പ്പിച്ചതിന് നന്ദി.

പൊറാടത്ത് October 29, 2008 at 7:56 AM  

"....എന്റെ അമ്മയുടെ മടിയില്‍ കിടന്നു ..." ഭാഗ്യവതീ..

കഥ നന്നായി.

“എന്റെ എല്ലാ കുഞ്ഞുങ്ങള്‍ക്കും“ ദീപാവലി ആശംസകള്‍“ വരവു വെച്ചിരിയ്ക്കുന്നു. നന്ദി