Thursday, January 24, 2008

കാക്കയുടെ കൌശലം (കുട്ടിക്കഥ)

കൊച്ചു കൂട്ടുകാരേ, ഈ കഥ പണ്ട് കേരള പാഠാവലി എന്ന മലയാള പാഠപുസ്തകത്തില്‍ ഞങ്ങളൊക്കെ പഠിച്ചതാണ്.

ഒരു മരത്തില്‍ രണ്ടു കാക്കകള്‍ കൂടുകൂട്ടി താമസിച്ചിരുന്നു. മര‍ത്തിന്റെ ചുവട്ടിലായി ഒരു മാളത്തില്‍ ഒരു പാമ്പും താമസിച്ചിരുന്നു. വെറും പാമ്പല്ല, ഒരു വിഷസര്‍പ്പം. പെണ്‍കാക്ക മുട്ടയിടും; പക്ഷേ ഈ സര്‍പ്പം മരത്തില്‍ക്കയറി മുട്ടകളെല്ലാം തിന്നുകളയും. അതുകൊണ്ട് മുട്ടകളൊന്നും വിരിഞ്ഞില്ല. പാ‍വം കാക്കകള്‍, എന്തു ചെയ്യാ‍നാണ്. സര്‍പ്പത്തെ ഓടിക്കാന്‍ അവര്‍ ശ്രമിച്ചപ്പോളൊക്കെ അവന്‍ പത്തിവിടര്‍ത്തി അവരെ കൊത്താനോങ്ങി. പാമ്പിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ കാക്കകള്‍ വളരെ സങ്കടത്തിലായി. ഇവനെ നശിപ്പിക്കാന്‍ എന്താണൊരു വഴി? കാക്കകള്‍ ആലോചിച്ചു.

ഒരു ദിവസം അടുത്തുള്ള വീട്ടിലെ കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളുടെ കഴുത്തില്‍ ഒരു സ്വര്‍ണ്ണമാലയുണ്ടായിരുന്നു. പെട്ടന്ന് ആ മാല ഊരി താഴെവീണുപോയി. പെണ്‍കാക്ക ഇതു കണ്ടു. കാക്കയ്ക്ക് ഒരു ബുദ്ധി തോന്നി. കാക്ക പറന്നു ചെന്ന് മാല കൊത്തിയെടുത്തുകൊണ്ട് ഒറ്റ പറക്കല്‍!! കുട്ടി ഉറക്കെക്കരഞ്ഞു. അതുകേട്ട് പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്ന അവളുടെ അച്ഛന്‍ ഓടിവന്നു. കാക്ക മാലയുമായി കൂടിരിക്കുന്ന മരത്തിലേക്ക് പോയി. ഒരു വടിയും കൈയ്യിലെടുത്തുകൊണ്ട് അയാളും പിറകേഓടി. കാക്ക പറന്നുചെന്ന് മാല പാമ്പിന്റെ മാളത്തില്‍ കൊണ്ടുപോയി ഇട്ടു. എന്നിട്ട് മരത്തില്‍ പോയി ഇരുന്നു.

കുട്ടിയുടെ അച്ഛന്‍ ഓടിയെത്തി മാളത്തില്‍ കുത്തി. സര്‍പ്പം പുറത്തുവന്നു. പത്തിവിടര്‍ത്തി ചീറ്റിക്കൊണ്ട് അത് കൊത്താനായി ഓടിവന്നു. കുട്ടിയുടെ അച്ഛന്‍ പാമ്പിനെ തല്ലിക്കൊന്നു, മാലയും എടുത്തുകൊണ്ട് വീട്ടിലേക്ക് പോയി. കാക്കകള്‍ സന്തോഷത്താല്‍ കാ...കാ... എന്ന് ഉറക്കെ കരഞ്ഞു. അവരോടൊപ്പം സന്തോഷിക്കാന്‍ മറ്റുകാക്കകളും അവിടെ വന്നു ചേര്‍ന്നു!


ഈ കഥയില്‍നിന്നും മനസ്സിലാക്കാവുന്ന ഗുണപാഠമെന്താണ്? ബുദ്ധി ഉപയോഗിച്ചാല്‍ ഏത് ആപത്തുകളില്‍നിന്നും രക്ഷപെടുവാന്‍ സാധിക്കും. പ്രയാസകരമായ സാഹചര്യങ്ങള്‍ വരുമ്പോള്‍ അതിനെനോക്കി ഭയപ്പെടാതെ, ബുദ്ധിഉപയോഗിച്ച് അതിനെ നേരിടുവാന്‍ പഠിക്കുക.


അവലംബം: പഞ്ചതന്ത്രം കഥകള്‍

12 അഭിപ്രായങ്ങള്‍:

അപ്പു ആദ്യാക്ഷരി January 24, 2008 at 7:20 AM  

മഷിത്തണ്ടിലെ കുട്ടികള്‍ക്കായി ഒരു കഥ!

സുല്‍ |Sul January 24, 2008 at 8:44 AM  

അപ്പുചേട്ടാ
പഴയ കഥകളൊക്കെ എങ്ങനെ ഓര്‍ത്തു വെക്കുന്നു. നന്നായിരിക്കുന്നു. പക്ഷെ പെട്ടെന്നു തീര്‍ന്ന പോലെ തോന്നി ::) ഇനിയൊരു തേങ്ങ.
(((((ഠേ.....)))))
-സുല്‍

പ്രിയ ഉണ്ണികൃഷ്ണന്‍ January 24, 2008 at 8:58 AM  

കുട്ടിക്കഥയാണേലും അങ്ങനെ വായിച്ചിരുന്നുപോയി.

പ്രയാസി January 24, 2008 at 10:36 AM  

അപ്പു മാഷെ..

കഥ കൊള്ളാംട്ടാ..

നമ്മുടെ ശത്രൂനെ ഇല്ലാതാക്കാന്‍ മറ്റുള്ളോരെ നല്ലോണം ഉപയോഗിക്കാം ഇല്ലെ..!

ഇവിടിപ്പം ചിലരിങ്ങനാ..:)

ശ്രീ January 24, 2008 at 11:32 AM  

നല്ല കുട്ടിക്കഥ
:)

മന്‍സുര്‍ January 24, 2008 at 12:25 PM  

അപ്പുവേട്ടാ...

നയിസ്‌ നയിസ്‌..വെരി വെരി നയിസ്‌
ക്രോ....സ്റ്റോറി...വെരി വെരി നയിസ്‌

നന്‍മകള്‍ നേരുന്നു

ഗീത January 24, 2008 at 12:39 PM  

ഗുണപാഠം : (1). പക്ഷിമൃഗാദികള്‍ക്കും ബുദ്ധിയുണ്ട് (കുരുട്ടു ബുദ്ധിയും!).
(2). ശത്രുവിനെ തുരത്താന്‍ മറ്റുള്ളവരെ ബുദ്ധിപൂര്‍വം ഉപയോഗിക്കുക. (ഈ ഗുണപാഠത്തിന് കടപ്പാട് പ്രയാസിയുടെ കമന്റിനോട്)

അപ്പു, കുട്ടിക്കഥ കൊള്ളാം.

Kaithamullu January 24, 2008 at 4:45 PM  

ശൂശൂശൂ......
എന്താത്? പാമ്പാ വല്ലോം ആണാ?(സാന്‍ഡോസ്)
കാ കാ കാ..
അല്ല, ഇത് നമ്മ്‌ടെ കാക്കയല്ലേ?(അമ്മായി)
അല്ലാ, വെറെന്താ ഒരു ശബ്ദം?
ബുഷ്ഷ്...മുഷ്ഷ്....(അപ്പു)

Gopan | ഗോപന്‍ January 25, 2008 at 1:37 AM  

അപ്പു..
നിങ്ങളെഴുതിയ കുട്ടി കഥയും
പ്രയാസി കമന്‍ടിയ ഗുണപാഠവും നന്നേ രസിച്ചു..

Unknown January 25, 2008 at 10:41 PM  

അസ്സലായി ആശംസകള്‍

ചന്ദ്രകാന്തം January 26, 2008 at 11:22 AM  

പണ്ടെന്നോ കേട്ടു മറന്ന കഥ.
അപകടങ്ങളെ തരണം ചെയ്യാന്‍ ഇത്തിരി കൗശലപ്രയോഗങ്ങള്‍ വേണമെന്ന ഓര്‍മ്മപ്പെടുത്തല്‍, ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ ഉപകാരപ്പെടട്ടെ..!!!

ചീര I Cheera January 26, 2008 at 5:25 PM  

നന്നായി ഇത്.