Tuesday, November 11, 2008

ധനികനു പറ്റിയ അമളി

കുറെ നാളായി മൃഗങ്ങളുടേയും പക്ഷികളുടേയും ഒക്കെ കഥകള്‍ അല്ലേ കേള്‍ക്കുന്നേ?ഇത്തവണ നമ്മക്കു നമ്മളേപോലെയുള്ള ഒരു മനുഷ്യന്റെ കഥ കേട്ടാലോ മക്കളെ..

പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന്‍ ജീവിച്ചിരുന്നു. അയാള്‍ വലിയ ധനികനും ആയിരുന്നു.ഒരു പാടു കൃഷി ഭൂമി,എണ്ണിയാല്‍ തീരാത്ത പണിക്കാര്‍,ആയിരക്കണക്കിനു കാളകള്‍, പശുക്കള്‍, പോത്തുകള്‍, എരുമകള്‍.സമ്പത്ത് എന്നു പറഞ്ഞാല്‍ അയാള്‍ക്കു കൈകാര്യം ചെയ്യാന്‍ വായ്യാത്തപോലെ സമ്പത്ത്.എല്ലാം ശരിക്കും നോക്കി നടത്താന്‍ കൃഷിക്കാരനു വല്ലാത്ത ബുദ്ധിമുട്ടായി.നോട്ടക്കുറവു കൊണ്ട് സ്വത്തുക്കള്‍ പലതും പലരും കയ്യേറാന്‍ തുടങ്ങി.

കൃഷിക്കാരന്‍ വളരെ ആലോചിച്ചു ഒരു തീരുമാനം എടുത്തു.തന്റെ ഭൂസ്വത്തും കാലിസ്വത്തും(മൃഗങ്ങള്‍) മുക്കാല്‍ ഭാഗവും വിറ്റ് സ്വര്‍ണ്ണവും, രത്നങ്ങളും , നാണയങ്ങളുമാക്കി.സ്വത്തുക്കള്‍ തന്നത്താന്‍ നോക്കാവുന്നത്രയുമാക്കി ചുരുക്കി.അയാള്‍ തന്റെ തോട്ടത്തിനു ചുറ്റും ബലമുള്ള മതിലുകള്‍ കെട്ടി.സ്വര്‍ണ്ണവും, രത്നങ്ങളും , നാണയങ്ങളും വലിയ ഒരു ഭരണിയിലാക്കി തോട്ടത്തിന്റെ ഒത്ത നടുവില്‍ കുഴിച്ചിട്ടു.

എല്ലാദിവസവും അയാള്‍ കുഴി മാന്തി ഭരണി പുറത്തെടുത്ത് ഉമ്മവൈക്കും,എന്നിട്ടു വീണ്ടും പഴയതുപോലെ ഭരണി കുഴിയില്‍ വച്ചു മൂടും.താന്‍ ലോകത്തിലേ ധനികന്മാരിലൊരാളാണല്ലോ എന്നോര്‍ത്ത് സന്തോഷിക്കും.ഈ പതിവു ഇങ്ങനെ കുറെക്കാലം തുടര്‍ന്നു.

അങ്ങനെയിരിക്കെ നഗരത്തിലെ ഒരു പെരുങ്കള്ളന്‍ ധനികന്റെ തോട്ടത്തില്‍ കയറി ഒളിച്ചിരുന്നു.ധനികന്റെ അസാധാരണമായ പ്രവൃത്തി കണ്ടു അയള്‍ക്കു കാര്യം മനസ്സിലായി.ധനികന്‍ പോയ സമയം നോക്കി കള്ളന്‍ കുഴി മാന്തി ഭരണി പുറത്തെടുത്തു.അതിലെ സ്വര്‍ണ്ണവും, രത്നങ്ങളും , നാണയങ്ങളും എല്ലാം എടുത്ത് സ്വന്തം ഭാണ്ഡത്തിലാക്കി കള്ളന്‍ സ്ഥലം വിട്ടു.

പിറ്റേന്നും പതിവുപോലെ കൃഷിക്കാരന്‍ കുഴിയുടെ അടുത്തെത്തി. വെളിയില്‍ കിടക്കുന്ന ഭരണി കണ്ട് അയാള്‍ വാവിട്ടു കരയാന്‍ തുടങ്ങി.കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. നിലവിളിച്ചു കൊണ്ട് നിലത്തു കീടന്നുരുളുന്ന കൃഷിക്കാരനോടു ചോദിച്ച് നാട്ടുകാര്‍ കാര്യം മനസ്സിലാക്കി. അയാളുടെ കഥ കേട്ട് എല്ലാവരും മൂക്കത്തു വിരല്‍ വച്ചു നിന്നു പോയി.
അവരിലൊരാള്‍ ധനികനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു “ഹേ! സഹോദരാ, നിങ്ങള്‍ സമാധാനമായിരിക്കു, നഷ്ട്ടപ്പെട്ടതു തിരിച്ചു കിട്ടട്ടേ എന്നു പ്രാര്‍ത്ഥിക്കാം”. അയാള്‍ തുടര്‍ന്നു.....
‘നിങ്ങള്‍ക്കു ഈ സ്വര്‍ണ്ണവും, രത്നങ്ങളും , നാണയങ്ങളും കൊണ്ട് എന്തു പ്രയോജനം ഉണ്ടായിരുന്നു?, ഒന്നുമില്ലായിരുന്നല്ലോ?ഭരണിക്കകത്തിട്ടു കുഴിച്ചു മൂടിയാല്‍ ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടോ?നിങ്ങള്‍ക്കു കിട്ടിയിരുന്ന ആനന്ദം അല്ലാതെ.പിന്നെ കുറെ നാളുകളായി എന്നും ചെയ്തുപോന്ന ഒരു പ്രവൃത്തി പെട്ടന്നു നിന്നാ‍ല്‍ ഉണ്ടാകുന്ന ഒരു വിഷമം . അതിനു ഒരു കര്യം ചെയ്യൂ,കുറെ മണ്ണു ഭരണിയില്‍ നിറച്ചു കുഴിയില്‍ മൂടു, എന്നിട്ടു പതിവു പോലെ വന്നു കുഴി മാന്തി ഭരണിയെടുത്ത് ഉമ്മവച്ചോളൂ”.
കൃഷിക്കാരന്‍ അപ്പോഴും ഒന്നും കേള്‍ക്കതെ വാവിട്ടു നില വിളിച്ചു കൊണ്ടിരുന്നു................

ഇതില്‍ നിന്നും നമ്മള്‍ എന്തു മനസ്സിലാക്കണം? നമ്മുടെ ധനമാകട്ടേ, അറിവുകളാവട്ടേ,കഴിവുകളാവട്ടേ,അവ മൂടി വൈക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല, എല്ലാം ശരിയായരീതിയില്‍ ഉപയോഗിച്ചാല്‍ അവ വര്‍ദ്ധിക്കുകയും സമൂഹത്തിനു ഉപകാരപ്രദമാവുകയും ചെയ്യും.

11 അഭിപ്രായങ്ങള്‍:

ഉഷശ്രീ (കിലുക്കാംപെട്ടി) November 11, 2008 at 9:10 AM  

ധനമാകട്ടേ, അറിവുകളാവട്ടേ,കഴിവുകളാവട്ടേ,അവ മൂടി വൈക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല, എല്ലാം ശരിയായരീതിയില്‍ ഉപയോഗിച്ചാല്‍ അവ വര്‍ദ്ധിക്കുകയും സമൂഹത്തിനു ഉപകാരപ്രദമാവുകയും ചെയ്യും.

അപ്പു ആദ്യാക്ഷരി November 11, 2008 at 9:50 AM  

ചേച്ചീ നല്ല കഥ.
ചേച്ചി പറഞ്ഞ ഗുണപാഠം മാത്രമല്ല, മറ്റൊന്നുകൂടിയുണ്ട്. ഓരോരുത്തര്‍ക്ക് സമ്പത്ത് ജീവിതത്തില്‍ ഉണ്ടാകുന്നത്, അത് യഥാസമയം ഉപയോഗിക്കാനും, ആനന്ദിക്കാനും ഒക്കെക്കൂടിയാണ്. പകരം പിശുക്കന്മാരായി ആയകാലത്ത് അത് ഉപയോഗിക്കാതെ മൊത്തം സമ്പാദിച്ചുവച്ചാല്‍ അത് വല്ലവനും ഉപയോഗിക്കുകയേ ഉള്ളൂ.

Kaithamullu November 11, 2008 at 11:42 AM  

അപ്പു പറഞ്ഞപോലെ ഞാനും തീരുമാനിച്ചു:അടുക്കളയിലെ ഭരണിയില്‍ ഇട്ട് വച്ചിരിക്കുന്നതൊക്കെ ഒന്നിച്ചെടുത്ത് കാച്ചിപ്പൊരിക്കാന്‍!
-വ്യാഴാഴ്ച സ്പെഷ്യല്‍:
ആരൊക്കെ വരും എന്നറിയിക്കണേ....

Rejeesh Sanathanan November 11, 2008 at 2:17 PM  

നല്ല കഥ .ഇനിയും തുടരുക

മഴത്തുള്ളി November 11, 2008 at 11:20 PM  

കിലുക്കാം‌പെട്ടീ, നല്ല ഗുണപാഠമുള്ള കഥ തന്നെ ഇത്തവണയും. കൊച്ചുകുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും.

അരുണ്‍ കരിമുട്ടം November 12, 2008 at 7:32 AM  

ശരിയാ ചേച്ചി,ആവശ്യത്തിനു ചിലവാക്കന്‍ അല്ലങ്കില്‍ സമ്പാദിക്കുന്നത് എന്തിനാ?

ബഷീർ November 12, 2008 at 10:40 AM  

ചേച്ചീ.. ഗുണപാഠമുള്ള കഥകള്‍ ഇന്ന് കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കാന്‍ വല്ല ഗുണവും മാതാപിതാക്കളിലും വേണ്ടേ.. അതിനാല്‍ ഈ കഥയും ഗുണപാഠവും മാതാപിതാക്കള്‍ ആദ്യം ഉള്‍കൊള്ളട്ടെ.. ഇവിടുത്തെ കഥകളെല്ലാം ഞാന്‍ കോപ്പിയടിക്കും : ) പ്രിന്റെടുത്ത്‌ കുട്ടികള്‍ക്ക്‌ കൊടുക്കുമെന്നര്‍ത്ഥം..

OT:
കൈതമുള്ളേ.. വെറുതെ കൊതിപ്പിക്കല്ലേ..

മാണിക്യം November 12, 2008 at 4:36 PM  

ധനം സമ്പാദിക്കുന്നതിലല്ല
അതു ശരിയായി വിനിയോഗിക്കുന്നതാ‍ണ് കഴിവ്
അതുപോലെ വിദ്യയും, വളരെ വലിയ വിദ്വാന്‍
ആ വിദ്യകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തില്ല
എങ്കില്‍ പ്രയോചനമില്ലല്ലോ..
ഇവിടെ കിലുക്കാം പെട്ടി ഈ കഥ പങ്കു വയ്ക്കുക വഴി നല്ലൊരാശയം വായനക്കാരില്‍ എത്തിച്ചു
നന്ദി....ആശംസകള്‍ നേരുന്നു....

Anil cheleri kumaran November 14, 2008 at 12:11 PM  

മണി മാനേജ്മെന്റ് ഒരു വലിയ ഫാക്റ്റ് ആണ്.

Unknown November 14, 2008 at 8:47 PM  

ചേച്ചി നന്നായിരിക്കുന്നു