Thursday, January 31, 2008

ഉമ്മമരുന്ന്


ന്നലെരാത്രിയിലപ്പൂനമ്മ
കൊടുത്തതുകുന്നിക്കുരുവല്ല!
ചോപ്പുനിറത്തിലെവട്ടത്തില്
‍മനമൊട്ടുവലച്ചൊരുമഞ്ചാടി?!

മീനൂനൊട്ടുകൊടുക്കാഞ്ഞതി-
നാലവളതുനേരേകണ്ടീലാ‍!
അമ്മതനിക്കുതരാതെകൊടു-
ത്തതുമധുരംകിനിയുംമുട്ടായി?!

എന്നുനിനച്ചവളിത്തിരിനേരം‌
കണ്ണുകലങ്ങിത്തേങ്ങുമ്പോള്‍,
അമ്മപുണര്‍ന്നുപറഞ്ഞതുകേ-
ട്ടവളപ്പൂന്റരികില്‍ ചെന്നോതി!

നിന്റെപനിക്കിന്നമ്മകൊടുത്ത
മരുന്നതുകണ്ടുകരഞ്ഞൂഞാന്‍!
ഇല്ല,പിണങ്ങില്ലപ്പൂഞാനിനി-
യുമ്മമരുന്നുപകര്‍ന്നീടാം!!

Read more...

Tuesday, January 29, 2008

പിറന്നാള്‍ - (കുട്ടിക്കവിത)

ആവണി മാസമണഞ്ഞു പൊന്നാതിരാ
ത്താരവു,മിന്നിതാ കണ്‍തുറന്നൂ..
അഞ്ചാം പിറന്നാളിലാരോമലാതിരാ-
ക്കുഞ്ഞിന്നു പുഞ്ചിരിപ്പൂ കൊടുത്തൂ..

അമ്മയുമച്ഛനുമൊന്നിച്ചു കാലത്തു
തേവരെക്കണ്ടു വിളക്കു വച്ചൂ..
പുത്തനുടുപ്പിട്ടു, പൊട്ടിട്ടു,ചേലൊത്ത
കുപ്പിവളക്കൂട്ടമൊത്തണിഞ്ഞൂ..

പായസം വെയ്ക്കുവാനമ്മയടുപ്പത്തു
കുത്തരി വേവിച്ചൊരുക്കിയിട്ടൂ..
ശര്‍ക്കരപ്പാനിയും പാലും നറും നെയ്യു-
മണ്ടിപ്പരിപ്പും രുചി പകര്‍ന്നൂ..

"ആരും കൊതിയ്ക്കും മണവും മധുരവു-
മിത്രമേലെങ്ങിനെ ചേര്‍ത്തിണക്കീ.."
കൂട്ടുകാരൊത്തുച്ചസദ്യയ്ക്കു പായസ-
മുണ്ണുമ്പോള്‍ ചോദിപ്പൂ കുഞ്ഞു മെല്ലേ..

"അമ്മതന്‍ വാല്‍സല്യമാധുര്യമാണതി-
ലോമനേയേറെ",യെന്നോതിയച്ഛന്‍.
അര്‍ത്ഥം മനസ്സിലേയ്ക്കെത്തിയിട്ടോ,
കുഞ്ഞു-പൂന്തിങ്കളായവള്‍ പുഞ്ചിരിച്ചൂ..

കവയത്രി : ചന്ദ്രകാന്തം


നമ്മുടെ പ്രിയ കവയത്രി ചന്ദ്രകാന്തം എഴുതിയ കുട്ടിക്കവിതയാണിത്. “ഊഞ്ഞാല്‍” ബ്ലോഗിലെ “പായസം” എന്ന കുട്ടിക്കവിതയുടെ മനോഹരമായ ഒരു പുനരാവിഷ്കരണമാണിത്. ഇത് മഷിത്തണ്ടിലെ കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വ്വം
അപ്പു


Read more...

Thursday, January 24, 2008

കാക്കയുടെ കൌശലം (കുട്ടിക്കഥ)

കൊച്ചു കൂട്ടുകാരേ, ഈ കഥ പണ്ട് കേരള പാഠാവലി എന്ന മലയാള പാഠപുസ്തകത്തില്‍ ഞങ്ങളൊക്കെ പഠിച്ചതാണ്.

ഒരു മരത്തില്‍ രണ്ടു കാക്കകള്‍ കൂടുകൂട്ടി താമസിച്ചിരുന്നു. മര‍ത്തിന്റെ ചുവട്ടിലായി ഒരു മാളത്തില്‍ ഒരു പാമ്പും താമസിച്ചിരുന്നു. വെറും പാമ്പല്ല, ഒരു വിഷസര്‍പ്പം. പെണ്‍കാക്ക മുട്ടയിടും; പക്ഷേ ഈ സര്‍പ്പം മരത്തില്‍ക്കയറി മുട്ടകളെല്ലാം തിന്നുകളയും. അതുകൊണ്ട് മുട്ടകളൊന്നും വിരിഞ്ഞില്ല. പാ‍വം കാക്കകള്‍, എന്തു ചെയ്യാ‍നാണ്. സര്‍പ്പത്തെ ഓടിക്കാന്‍ അവര്‍ ശ്രമിച്ചപ്പോളൊക്കെ അവന്‍ പത്തിവിടര്‍ത്തി അവരെ കൊത്താനോങ്ങി. പാമ്പിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ കാക്കകള്‍ വളരെ സങ്കടത്തിലായി. ഇവനെ നശിപ്പിക്കാന്‍ എന്താണൊരു വഴി? കാക്കകള്‍ ആലോചിച്ചു.

ഒരു ദിവസം അടുത്തുള്ള വീട്ടിലെ കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളുടെ കഴുത്തില്‍ ഒരു സ്വര്‍ണ്ണമാലയുണ്ടായിരുന്നു. പെട്ടന്ന് ആ മാല ഊരി താഴെവീണുപോയി. പെണ്‍കാക്ക ഇതു കണ്ടു. കാക്കയ്ക്ക് ഒരു ബുദ്ധി തോന്നി. കാക്ക പറന്നു ചെന്ന് മാല കൊത്തിയെടുത്തുകൊണ്ട് ഒറ്റ പറക്കല്‍!! കുട്ടി ഉറക്കെക്കരഞ്ഞു. അതുകേട്ട് പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്ന അവളുടെ അച്ഛന്‍ ഓടിവന്നു. കാക്ക മാലയുമായി കൂടിരിക്കുന്ന മരത്തിലേക്ക് പോയി. ഒരു വടിയും കൈയ്യിലെടുത്തുകൊണ്ട് അയാളും പിറകേഓടി. കാക്ക പറന്നുചെന്ന് മാല പാമ്പിന്റെ മാളത്തില്‍ കൊണ്ടുപോയി ഇട്ടു. എന്നിട്ട് മരത്തില്‍ പോയി ഇരുന്നു.

കുട്ടിയുടെ അച്ഛന്‍ ഓടിയെത്തി മാളത്തില്‍ കുത്തി. സര്‍പ്പം പുറത്തുവന്നു. പത്തിവിടര്‍ത്തി ചീറ്റിക്കൊണ്ട് അത് കൊത്താനായി ഓടിവന്നു. കുട്ടിയുടെ അച്ഛന്‍ പാമ്പിനെ തല്ലിക്കൊന്നു, മാലയും എടുത്തുകൊണ്ട് വീട്ടിലേക്ക് പോയി. കാക്കകള്‍ സന്തോഷത്താല്‍ കാ...കാ... എന്ന് ഉറക്കെ കരഞ്ഞു. അവരോടൊപ്പം സന്തോഷിക്കാന്‍ മറ്റുകാക്കകളും അവിടെ വന്നു ചേര്‍ന്നു!


ഈ കഥയില്‍നിന്നും മനസ്സിലാക്കാവുന്ന ഗുണപാഠമെന്താണ്? ബുദ്ധി ഉപയോഗിച്ചാല്‍ ഏത് ആപത്തുകളില്‍നിന്നും രക്ഷപെടുവാന്‍ സാധിക്കും. പ്രയാസകരമായ സാഹചര്യങ്ങള്‍ വരുമ്പോള്‍ അതിനെനോക്കി ഭയപ്പെടാതെ, ബുദ്ധിഉപയോഗിച്ച് അതിനെ നേരിടുവാന്‍ പഠിക്കുക.


അവലംബം: പഞ്ചതന്ത്രം കഥകള്‍

Read more...

Tuesday, January 15, 2008

പായസം

ആവണിമാസത്തിലാതിരനാളല്ലോ
ആതിരക്കുട്ടിക്കഞ്ചാംപിറന്നാ‍ള്‍
അമ്മയ്ക്കുമച്ഛനുമാരോമലായൊരീ
ചക്കരക്കുട്ടി‍പിറന്നൊരുനാള്‍‍

കുത്തരിപ്പായസമാണവള്‍ക്കേറ്റവു
മിഷ്ടമാണെന്നാലതിന്നു വയ്ക്കാം
പായസക്കൂട്ടുതന്‍കാര്യങ്ങളൊക്കവേ
ചട്ടത്തിലാക്കിയിട്ടച്ഛനെത്തി.

കുത്തരിവേവിച്ചതിലേക്കുനല്‍‍നറും
ശര്‍ക്കരപ്പാനിപകര്‍ന്നൊഴിച്ച്,
പാലുംനറുനെയ്യുംമേലംപൊടിച്ചതു-
മണ്ടിപ്പരിപ്പതുംചേര്‍ത്തിളക്കി

ചേലൊടാപ്പായസം വെച്ചു, വിളിച്ചമ്മ
ആതിരേ കൂട്ടാരെ കൂട്ടിവായോ
പായവിരിച്ചതില്‍ വാഴയിലയിട്ടു
കുട്ടികളെല്ലാരുമൊത്തിരുന്നു

അമ്മവിളമ്പിയപായസമുണ്ണവേ
ആതിരക്കുട്ടികുണുങ്ങിച്ചൊന്നാള്‍
ആരുകൊടുത്തതാണിത്രമധുരവു
മാരും കൊതിക്കും രുചിമണവും!

മക്കളേയമ്മതന്‍ സ്നേഹമല്ലേയിതില്‍
പാത്രംനിറഞ്ഞുകവിയുവോളം!
അച്ഛന്‍പറഞ്ഞൊരാവാചകമെന്തെ
ന്നറിഞ്ഞുവോ, ആതിര പുഞ്ചിരിച്ചു!


ബ്ലോഗര്‍ സുഹൃത്ത് മനോജ് ഈ കവിത ചൊല്ലിയിരിക്കുന്നതു കേള്‍ക്കൂ ഇവിടെ

Read more...

Friday, January 4, 2008

പൂമ്പാറ്റയോട്.......

(പൂമ്പാറ്റകളുടെ മനോഹരചിത്രങ്ങള്‍ കാണണമെങ്കില്‍ ശ്രീ. ഗോപന്റെ പേജ് സന്ദര്‍ശിക്കൂ....)

http://www.flickr.com/photos/22109639@N03/2166324207/in/set-72157603626949695/

പൂമ്പാറ്റയോട്‌....

..................................


പൂക്കള്‍തോറും പുഞ്ചിരിക്കും കൊച്ചുപൂമ്പാറ്റേ - നിന്റെ
പൂഞ്ചിറകിന്‍ വര്‍ണ്ണമേഴും ആരിതു തന്നു?

*** *** ***

ഓ........
കൊച്ചുപൂക്കള്‍തന്‍ അഴകില്‍ മയങ്ങിയോ - നല്ല
പൂമണം പുല്‍കി മയങ്ങിയോ?
പൂക്കള്‍തോറും പാറിടുംനീ കൊച്ചു പൂമ്പാറ്റേ
പൂമ്പൊടിയും പൂന്തേനും നീ നുകര്‍ന്നുവോ?

(പൂക്കള്‍ തോറും.....)

*** *** ***

മാനത്തെ മഴവില്ലിന്‍ ഭംഗിയോ?
നൃത്തമാടീടും മയിലിന്റെ പീലിയോ?
എങ്ങിനെയീ എങ്ങിനെയീ വര്‍ണ്ണജാലങ്ങള്‍
എങ്ങുനിന്നുഎങ്ങുനിന്നു നേടി നീയെത്തി?

(പൂക്കള്‍തോറും.....)

*** *** ***

ചാരുതയോലുമീചിറകുകള്‍ -ഒന്നു
ചാരെ ഞാന്‍ കണ്ടോട്ടേ ശലഭമേ
ചാരത്തായ് ഒന്നിരിക്കൂ കൊച്ചുപൂമ്പാറ്റേ
ചാരുവാം മേനി ഞാന്‍ ഒന്നു തൊട്ടോട്ടേ.

(പൂക്കള്‍ തോറും.....)


എഴുതിയത് : കെ.സി. ഗീത.

ഇതൊരു പഴയ ഹിന്ദി സിനിമാഗാനത്തിന്റെ ട്യൂണിനൊപ്പിച്ചാണ് എഴുതിയിരിക്കുന്നത്‌.

( പഞ്ചി ബനേ ഉഡ്‌തെ ഫിരേ മസ്ത്‌ ഗഗന്‍‌ മേം

ആജ് മൈം ആസാദ് ഹൂം ദുനിയാ കി മഹല്‍ മേം...

എന്ന ഗാനത്തിന്റെട്യൂണ് . മദര്‍ ഇന്‍ഡ്യ എന്നാണെന്നു തോന്നുന്നു സിനിമയുടെ പേരു്. നര്‍ഗീസ് അഭിനയിച്ചതാണ്. മലയാളത്തിലും ഒരു സിനിമാപാട്ടുണ്ടെന്നു തോന്നുന്നു, ഇതേ ട്യൂണില്‍. ലിറിക്സ് അറിയില്ല)

ഞാനിത് 5 - 8 വയസ്സുള്ള കൊച്ചുപെണ്‍കുട്ടിയ്ക്ക് നൃത്തം ചെയ്യാനായി എഴുതിയതാണ്.
copyright(C)2006 K.C.Geetha,TC2/2127-1, TPJ RD, Plamoodu, Pattom, Tvpm.

Read more...