Thursday, April 2, 2009

അക്കരപ്പച്ചകണ്ട് ആനന്ദിച്ചാല്‍

കൊച്ചു കൂട്ടുകാര്‍ക്കുവേണ്ടി ഒരു കഥപറഞ്ഞിട്ട് കുറേനാളായി! ഇതാ ഈസോപ്പമ്മാവന്‍ പറഞ്ഞിട്ടുള്ള കഥകളില്‍നിന്ന് മറ്റൊന്ന്.

പണ്ട് ഒരു കാ‍ട്ടില്‍ ഒരു സന്യാസി താമസിച്ചിരുന്നു. നല്ല മഴയുള്ള ഒരു ദിവസം എവിടെനിന്നോ ഒരു ചുണ്ടെലി അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് വന്നുചേര്‍ന്നു. ആകെ നനഞ്ഞുവിറച്ച് വന്നുകയറിയ ചുണ്ടെലിയെകണ്ട് സന്യാസിക്ക് ദയതോന്നി. അതിനെ തന്നോടോപ്പം താമസിക്കുവാന്‍ അനുവദിച്ചു. അങ്ങനെ ചുണ്ടെലി സന്യാസി താമസിക്കുന്ന ഗുഹയില്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം ചുണ്ടെലി പേടിച്ചോടിവന്ന് സന്യാസിയുടെ മടിയില്‍ കയറി. വിറച്ചുകൊണ്ട് അത് പറഞ്ഞു: “സന്യാസീ സന്യാസീ, കുറേ ദിവസമായി ഒരു പൂച്ച എന്നെ പിടിക്കുവാനായി പതുങ്ങി നടക്കുന്നു. ഈ പൂച്ചയുടെ ശല്യം കൊണ്ട് എനിക്ക് പുറത്തിറങ്ങുവാന്‍ പോലും കഴിയുന്നില്ല. അങ്ങ് ഒരു മന്ത്രംചൊല്ലി എന്നെ ഒരു പൂച്ചയാക്കിമാറ്റണം”

സന്യാസി ഒന്നു പുഞ്ചിരിച്ചുകൊണ്ട് എലിയെ എടുത്ത് കൈകളില്‍ വച്ചു. എന്നിട്ട് കണ്ണുകളടച്ച് ഒരു മന്ത്രം ചൊല്ലി. എന്തൊരതിശയം.. ചുണ്ടെലി ഒരു പൂച്ചയായി മാറി! നല്ല പുള്ളിക്കുത്തുകളുള്ള ഒരു സുന്ദരന്‍ പൂച്ച!

പൂച്ചയ്ക്ക് സന്തോഷമായി. അത് തുള്ളിച്ചാടി ഓടിനടന്നു. ഗുഹയ്ക്കുപുറത്ത് പാറ്റകളേയും പ്രാണികളേയും പിടിച്ചു തിന്നും, സന്യാസിയെ പറ്റിക്കൂടിയിരുന്ന് സ്നേഹം കാണിച്ചും പൂച്ച സന്തോഷമായി കഴിഞ്ഞുവരവേ ഒരു ദിവസം എങ്ങുനിന്നോ ഒരു വേട്ടപ്പട്ടി അതിലേ പാഞ്ഞുവന്നു. പൂച്ചയെക്കണ്ട പട്ടി കുരച്ചുകൊണ്ട് അതിനെ പിടിക്കാനായി ചാടിയെത്തി. പേടിച്ചു വിറച്ച പൂച്ച ഗുഹയിലേക്കോടിക്കയറി സന്യാസിയുടെ അടുത്തുചെന്നു. അത് പറഞ്ഞു “സന്യാസീ, സന്യാസീ, ഒരു നായ എന്നെ പിടിക്കുവാന്‍ വന്നിരിക്കുന്നു. അങ്ങ് എന്നെയും ഒരു നായയാക്കി മാറ്റണം”. ദയതോന്നിയ സന്യാസി തന്റെ കൈകള്‍ പൂച്ചയുടെ മേലേക്ക് നീട്ടി കണ്ണുകളടച്ച് ഒരു മന്ത്രം ചൊല്ലി. ഒട്ടും താമസിച്ചില്ല, പൂച്ച ഒരു നായയായി മാറി! കണ്ടാല്‍ ആരുമൊന്നു പേടിക്കുന്ന ഒരു മുട്ടന്‍ നായ.

നായ ഉച്ചത്തില്‍ കുരച്ചുകൊണ്ട് ഗുഹയുടെ പുറത്തേക്ക് വന്നു. അവനെക്കണ്ട് പേടിച്ച് വേട്ടപ്പട്ടി വാലും താഴ്ത്തി സ്ഥലം വിട്ടു. തന്റെ ശക്തിയില്‍ നായയ്ക്ക് അഹങ്കാരം തോന്നി. അവന്‍ ഗുഹയുടെ പരിസരത്തുവരുന്ന കിളികളേയും ചെറിയ മൃഗങ്ങളേയും കുരച്ചു പേടിപ്പിച്ചു. സൌകര്യം കിട്ടിയപ്പോഴൊക്കെ മുയലുകളെ പിടിച്ചു തിന്നു. അങ്ങനെ കഴിഞ്ഞുവരവേ ഒരു ദിവസം കാട്ടിലൂടെ ഒന്നുനടന്ന് സ്ഥലങ്ങള്‍ ചുറ്റുക്കാണുവാന്‍ അവന്‍ തീരുമാനിച്ചു. കുറേ നടന്നപ്പോള്‍ അവന്‍ ഒരു കടുവയെക്കണ്ടു. വലിയ മൃഗങ്ങളെ കടുവ ഓടിച്ചിട്ടു പിടിച്ചുതിന്നുന്നത് നായകണ്ടു. കടുവയുടെ ശക്തികണ്ടപ്പോള്‍ നായയ്ക്ക് ഒരു മോഹം. തനിക്കും ഒരു കടുവയാകണം.

അവന്‍ സന്യാസിയെ വീണ്ടും സമീപിച്ച്, തന്റെ ആവശ്യം അറിയിച്ചു. അവന്‍ സന്യാസിയോട് ഒരു കള്ളം പറഞ്ഞു. “സന്യാസീ സന്യാസീ, ഒരു കടുവ എന്നെ പിടിച്ചു തിന്നാന്‍ വന്നു. കടുവയുടെ ശല്യം കൊണ്ട് എനിക്ക് പുറത്തിറങ്ങാന്‍ ആവുന്നില്ല. അങ്ങ് എന്നെ ഒരു കടുവയാക്കി മാറ്റണം” സന്യാസി ഒന്നു പുഞ്ചിരിക്കുകമാത്രം ചെയ്തു. അദ്ദേഹം വീണ്ടും ഒരു മന്ത്രം ചൊല്ലി. അതാ, നായ ഒരു കടുവയായി മാറി.

കടുവയായി മാറിയതോടെ നായയുടെ സ്വഭാവം മാറി. അവന്‍ സന്യാസിയോടൊപ്പം ഗുഹയില്‍ താമസിക്കുന്നത് മതിയാക്കി കാട്ടിനുള്ളിലേക്ക് പോയി. അവിടെ ആരെയും പേടിക്കാതെ സ്വൈര്യമായി നടന്നു. മറ്റു മൃഗങ്ങളെയെല്ലാം ഉപദ്രവിക്കാനും ആവശ്യമില്ലാതെ പേടിപ്പിക്കാനും തുടങ്ങി. കടുവയെപേടിച്ച് പാവം മൃഗങ്ങള്‍ക്കൊന്നും പുറത്തിറങ്ങാനോ തീറ്റ തിന്നാനോ പറ്റില്ലെന്നായി. അവര്‍ ആകെ വിഷമിച്ചു.

മൃഗങ്ങളെല്ലാവരും കൂടി സന്യാസിയുടെ അടുത്ത് പരാതിയുമായി എത്തി. സന്യാസി അവരോടൊപ്പം കടുവയെ കാണുവാനായി കാട്ടിലേക്ക് തിരിച്ചു. കുറേ ഉള്ളിലെത്തിയപ്പോള്‍ കടുവ ഒരിടത്ത് ഇരിക്കുന്നത് അവര്‍ കണ്ടു. സന്യാസി കടുവയോട് പറഞ്ഞു “കുഞ്ഞേ, നിനക്ക് വിശക്കുമ്പോള്‍ മാത്രം ഇരതേടുന്നതല്ലേ നല്ലത്? നീയെന്തിന് അല്ലാത്തപ്പോഴും പാവം മൃഗങ്ങളെ ഉപദ്രവിക്കുന്നു”

കടുവ മുരണ്ടുകൊണ്ട് സന്യാസിയോട് പറഞ്ഞു “സന്യാസീ, ഇതെന്റെ കാടാണ്. ഇവിടെ ഞാനാണ് രാജാവ്. എന്നെ നിയന്ത്രിക്കുവാന്‍ ആരും വരരുത്” അതുകേട്ട് സന്യാസി ഒന്നു പുഞ്ചിരിച്ചു. അദ്ദേഹം പറഞ്ഞു “കുഞ്ഞേ നീ രാജാവായിരിക്കാം. പക്ഷേ നീ ആരെന്നു മറക്കരുത്, നിന്റെ പഴയകാലങ്ങളും” കടുവയ്ക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല. അവന്‍ ഗര്‍ജിച്ചു കൊണ്ട് സന്യാസിയെ കടിച്ചുകീറുവാനായി ഓടിയടുത്തു. മറ്റുമൃഗങ്ങളെല്ലാം പേടിച്ചു വിറച്ചുകൊണ്ട് ഓടി. സന്യാസിമാത്രം ശാന്തനായി അവിടെനിന്ന്, ഒരു പുഞ്ചിരിയോടെ വലതുകൈ ഉയര്‍ത്തി ചൂണ്ടുവിരലുകൊണ്ട് വായുവില്‍ ഒരു വൃത്തംവരച്ചു.. ഞൊടിയിടകൊണ്ട് ഓടിവന്ന കടുവ പഴയ ചുണ്ടെലിയായി മാറി!

“കീ..കീ...” എന്നു ചിലച്ചു കൊണ്ട് അത് സന്യാസിയുടെ അടുത്തുവന്നു വീണു. സന്യാസി പറഞ്ഞു, “അഹങ്കാരീ, അക്കരപ്പച്ച കണ്ട് ആനന്ദിക്കരുത്. സ്വയം ആരാണെന്നതു മറക്കുകയുമരുത്.രണ്ടും ആപത്താണ്“. അതുകേട്ട് നാണിച്ച് ചുണ്ടെലി കാട്ടിലേക്ക് ഓടിപ്പോയി.

ഈ കഥയില്‍ നിന്ന് കൂട്ടുകാര്‍ പഠിച്ച ഗുണപാഠങ്ങള്‍ എന്തൊക്കെയാണ്?

1. നമ്മള്‍ നല്ലതെന്നു കരുതുന്നതെല്ലാം നമുക്ക് നല്ലതായി ചേരണമെന്നില്ല
2. നമുക്ക് ഇണങ്ങുന്ന കാര്യങ്ങള്‍ മാത്രമേ ആഗ്രഹിക്കാവൂ.
3. അഹങ്കാരം നല്ലതല്ല, വന്ന വഴികള്‍ മറക്കരുത്.

13 അഭിപ്രായങ്ങള്‍:

ശ്രീ April 2, 2009 at 9:34 AM  

നല്ലൊരു ഗുണപാഠ കഥ.

Typist | എഴുത്തുകാരി April 2, 2009 at 10:31 AM  

അതെ, വന്ന വഴി മറക്കരുതു്, അഹങ്കാരം ഒട്ടും നല്ലതല്ല. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും മനസ്സിലാക്കട്ടെ.

കുഞ്ഞന്‍ April 2, 2009 at 12:07 PM  

ചേച്ചി..

കഥ നന്നായി..വളരെ നാളായി ഒരു കഥ ഇവിടെ വായിച്ചിട്ട്..


ഈയൊരു ഗുണപാഠം ഇതില്‍ ചേരുമൊ സൃഷ്ടാവിന് ഉണ്ടാക്കാന്‍ മാത്രമല്ല ഇല്ലാതാക്കാനും കഴിയുമെന്ന്..!

അപ്പു April 2, 2009 at 12:19 PM  

കുഞ്ഞാ... ചേച്ചിയോ.. ഏതു ചേച്ചി???

കുഞ്ഞന്‍ April 2, 2009 at 12:40 PM  

അയ്യോ അപ്പൂട്ടാ‍..ഗോമ്പറ്റീഷനില്‍ പങ്കെടുത്ത് പങ്കെടുത്ത്, ഇതുവായിച്ചപ്പൊ ഒരു ചേച്ചി എഴുതിയതുപോലെ തോന്നി..അപ്പൊ ചേച്ചിമാര്‍ എഴുതുന്നതുപോലെ എഴുതാന്‍ അപ്പൂണ്ണിക്കറിയാല്ലെ..കൊച്ചു ഗള്ളന്‍..!

ക്ഷമീര്....ക്ഷമീച്ചേ പറ്റൂ...ഏറുനെ കൈതയാക്കിയാളല്ലെയൊ....

nardnahc hsemus April 3, 2009 at 4:32 PM  

അങ്ങനെ ഒരു വട്ടം വരയ്ക്കാന്‍ കഴിവുള്ള ഒരു സന്യാസി(മന്ത്രവാദി?) വരുന്നെങ്കില്‍, നുമ്മളൊക്കെ ഇന്നെവിടെ എത്തിയേനെല്ലെ അപ്പ്വേ?

ആഗ്രഹങ്ങളും ആക്രാന്തങ്ങളും ഉണ്ടായിരിയ്ക്കണം.. വന്ന വഴി മറന്നിട്ടാണോ നമ്മളേല്ലാം ഇടയ്ക്കിടക്ക് നാട്ടില്‍ പോയി വരുന്നേ?
;)

nardnahc hsemus April 3, 2009 at 4:33 PM  

എന്നാലും കുഞ്ഞന്‍ പണി പറ്റിച്ചല്ലോ!

കാദംബരി April 4, 2009 at 5:57 PM  

നല്ല കഥ വായിച്ചു.ഗുണപാഠം മനസ്സില്‍ വെക്കാം

ചന്ദ്രകാന്തം April 5, 2009 at 9:54 AM  

സ്വന്തം നിലയില്‍ നിന്നുകൊണ്ടുതന്നെ, കഴിവിനെ പരമാവധി നല്ല രീതിയില്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നിടത്താണ്‌ സമാധാനപൂര്‍ണ്ണമായ വിജയം. മറ്റുള്ളവരെപ്പോലെ ആയാലേ പറ്റൂ എന്ന ചിന്തയേക്കാള്‍, അവരിലെ നല്ല ഗുണങ്ങള്‍ ഉള്‍ക്കൊണ്ട്‌ സ്വയം ഉയരാനാണ്‌ ശ്രമിയ്ക്കേണ്ടതെന്ന്‌ ബോദ്ധ്യപ്പെടുത്തുന്നു ഈ കഥ.

ചാണക്യന്‍ April 8, 2009 at 11:42 AM  

വായിച്ചൂ..വായിച്ചു....നല്ല ഗത..

Mahesh Cheruthana/മഹി April 16, 2009 at 6:07 PM  

ഗുണപാഠ കഥ വളരെ നന്നായി !!!!

ലതി May 5, 2009 at 6:00 PM  

പണ്ട് കേട്ടത്, വായിച്ചത്...
എങ്കിലും ഓര്‍മ്മിപ്പിച്ചതിനു നന്ദി.