Sunday, October 12, 2008

വവ്വാലും പക്ഷികളും മൃഗങ്ങളും

കൊച്ചുകൂട്ടുകാരേ, വീണ്ടും ഒരു കഥകേള്‍ക്കാന്‍ സമയമായോ? എന്നാല്‍ ദാ കേട്ടോളൂ. ഇതുമൊരു ഈസോപ്പമ്മാവന്‍ പറഞ്ഞകഥയാണ്. ഒരു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാതെ ആരുമായും അടുക്കാതെ എല്ലാവരുമായി അകന്നു നിന്നാല്‍ പറ്റുന്ന അമളിയെപ്പറ്റിയാണ്‌ ഈ കഥ.

ഒരിക്കല്‍ പക്ഷികളും മൃഗങ്ങളും തമ്മില്‍ ഘോരയുദ്ധമുണ്ടാകുമെന്ന സ്ഥിതി വന്നു. രണ്ടു സേനകളും കോപ്പുകൂട്ടിത്തുടങ്ങിയപ്പോഴും വവ്വാല്‍ ആരുടെ കൂടെ കൂടുമെന്ന ശങ്കയിലായിരുന്നു.

അവന്റെ കൂട്ടിനടുത്തുകൂടി പോയ പക്ഷികള്‍ വിളീച്ചു: "ഞങ്ങളുടെ കൂടെ വരൂ!".

പക്ഷെ അവന്‍ പറഞ്ഞു: "ഇല്ല, ഞാനൊരു മൃഗമാണു്‌."

അതുപോലെ മൃഗങ്ങളും അവനെ തങ്ങളുടെ കൂടെ കൂടാന്‍ വിളിച്ചു.

അപ്പോഴവന്‍ പറഞ്ഞു: "ഇല്ല, ഞാനൊരു പക്ഷിയാണു്‌."

ഭാഗ്യവശാല്‍ അവസാനനിമിഷം യുദ്ധം ഒഴിവായി. സമാധാനം പുലര്‍ന്നു.

പക്ഷികളുടെ സന്തോഷപ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ വവ്വാല്‍ ചെന്നു. എന്നാല്‍ അവര്‍ അവനെ കൊത്തിയോടിച്ചു. അപ്പോള്‍ അവന്‍ മൃഗങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്നുവച്ച് അവിടെച്ചെന്നപ്പോള്‍ അവരും അവനെ തുരത്തി.

അവന് ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി. ഒരു പറ്റത്തിലും പെടാത്തവനു്‌ സുഹൃത്തുക്കളില്ല.

ഇതില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠം പഠിച്ചു? മറ്റുള്ളവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ ചെവിക്കൊള്ളാനുള്ള വിവേചന ബുദ്ധി ഉണ്ടായിരിക്കണം. ആരുമായും അടുക്കാതെ എല്ലാവരുമായി അകന്നു നിന്നാല്‍ സ്വന്തം ആവശ്യം വരുമ്പോള്‍ ആരും സഹായത്തിനു കാണില്ല എന്നും ഓര്‍ക്കണം. സന്തോഷത്തില്‍ മാത്രമല്ല ദുഖത്തിലും സുഹൃത്തുക്കളെ വിട്ടുപിരിയാതെ ഇരിക്കണം. എന്നാലേ എല്ലാവരും നമ്മെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയുള്ളൂ.

മാതാപിതാക്കള്‍ നമുക്കു തരുന്ന ഉപദേശങ്ങള്‍ അനുസരിച്ച് ജീവിക്കുക.

********************

അവലംബം : ഈസോപ്പ് കഥകള്‍

12 അഭിപ്രായങ്ങള്‍:

മഴത്തുള്ളി October 12, 2008 at 11:00 PM  

മഷിത്തണ്ടിലെ കൂട്ടുകാര്‍ക്ക് ഒരു കുഞ്ഞിക്കഥ കൂടി.

ശിവ October 13, 2008 at 4:21 AM  

ഇത് കഥ ആയതിനാലാണ്....അല്ലാതെ ജീവിതത്തില്‍ മൌനം വിദ്വാനു ഭൂഷണം ആണ് ഇക്കാര്യങ്ങളില്‍ നല്ലതെന്ന് തോന്നുന്നു....

ചന്ദ്രകാന്തം October 13, 2008 at 10:28 AM  

കുഞ്ഞികഥകള്‍..ഇനിയും ..ഇനിയും.. മഴത്തുള്ളിയായല്ല..മഴയായിത്തന്നെ.. പെയ്യട്ടെ.
:)

(നമ്മുടെ വീക്ഷണങ്ങളോടടുത്തു നില്‍ക്കുന്നവരെ കൂട്ടുകാരായിക്കാണുകയും, അവരുടെ സുഖദു:ഖങ്ങളില്‍ പങ്കുചേരുകയും ചെയ്യുക എന്നത്‌, ജീവിയ്ക്കുന്ന സമൂഹത്തിനോടുള്ള അടുപ്പത്തെ കാണിയ്ക്കുന്നു.
നമ്മുടെ മനസ്സിന്‌ ഒട്ടും അംഗീകരിയ്ക്കാനാവാത്ത സംഗതികളില്‍/ തര്‍‌ക്കങ്ങളില്‍, സുഹൃദ്‌പക്ഷത്തെ തള്ളിപ്പറയാനാവാത്തപ്പോള്‍... ഒരു നിലപാടുമെടുക്കാനാവാത്ത നിസ്സഹായാവസ്ഥയില്‍.. ഒക്കെ ശിവ പറഞ്ഞ മൗനം ഭൂഷണമായെന്നും വരാം. )

അപ്പു October 13, 2008 at 10:33 AM  

മഴത്തുള്ളിമാഷ് കഥയിട്ടത് ഇപ്പോഴാണു കണ്ടത്.
ഈ കഥ ഇവിടെ പങ്കുവച്ചതിനു നന്ദി മാഷേ.

ശിവ പറഞ്ഞതിനോടു യോജിക്കാനാവുന്നില്ല. ഒന്നുംകാണാതെയാവില്ലല്ലോ ഈസോപ്പമ്മാവന്‍ ഈ കഥ പറഞ്ഞത്. തലമുറകളായുള്ള അനുഭവജ്ഞാനത്തില്‍നിന്നു തന്നെ. ശിവ പറഞ്ഞതുപോലെ അവനവന്റെ കാര്യംനോക്കി ആരോടും ഒരു പ്രതിപത്തിയുമില്ലാതെ കഴിയാന്‍ നാം പരിശീലിച്ചതാണ് ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ പരാജയം.

കുഞ്ഞന്‍ October 13, 2008 at 11:59 AM  

മഴത്തുള്ളിയമ്മാവാ..

കഥ നന്നായി..വവ്വാലിന്റെ പ്രത്യേകതകൂടി പറയാമായിരുന്നു.

ഇനിയും നിറയെ കുഞ്ഞിക്കഥകള്‍ എഴുതൂ..ഞാന്‍ കുടുംബത്തില്‍ സമാധാനം ഉണ്ടാക്കട്ടെ..ദിവസവും ഉണ്ടാക്കി കഥകള്‍ പറഞ്ഞ് ഊപ്പാടിളകി..

smitha adharsh October 13, 2008 at 6:44 PM  

നല്ല കഥ..മോള്‍ക്ക്‌ എന്തായാലും പറഞ്ഞു കൊടുക്കും..

ഗീതാഗീതികള്‍ October 13, 2008 at 9:47 PM  

ഈ കഥ കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഒരു പാഠമാണ്.
ചിലരുണ്ടല്ലോ, എല്ലാവരില്‍ നിന്നും അകന്ന്, ഞാനാരേയും ആശ്രയിക്കില്ല, ആരുടെ സഹായവുമെനിക്കാവശ്യമില്ല എന്നൊക്കെയുള്ള വിചാരത്തോടെ ജീവിക്കുന്നവര്‍ - അവരിതു വായിക്കണം. മനുഷ്യന്‍ സമൂഹ ജീവിയാണ്. സമൂഹത്തോട് ഇണങ്ങിയും ഇടപഴകിയും തന്നെ അവന്‍ ജീവിക്കണം.
നല്ല കഥ പോസ്റ്റിയതിന് മഴത്തുള്ളിക്ക് അഭിനന്ദനങ്ങള്‍.

മുസാഫിര്‍ October 14, 2008 at 9:00 AM  

നല്ല കഥ മഴത്തുള്ളീ.നെഹ്രു അമ്മാവന്റെ ചേരി ചേരാ നയവും ചൈനയുടെ ആക്രമണവും ഓര്‍മ്മിപ്പിച്ചു.

::സിയ↔Ziya October 19, 2008 at 12:23 PM  

മയത്തുല്ലിയമ്മാവാ മയത്തുല്ലിയമ്മാവാ എനിച്ച് ഈ കദ ഒത്തിരി ഇഷ്‌റ്റായി സത്തിയം.
ഇനീം മാമന്‍ എനിച്ച് ഒത്തിരി കദയൊക്കെ പറഞ്ഞു തരാവോ
മാമന് ഞാനേ ആന്റിയോട് പറഞ്ഞ് പായിസം വെപ്പിച്ചു തരാം ട്ടോ

ഉപ ബുദ്ധന്‍ October 19, 2008 at 8:27 PM  

എല്ലാ കുറ്റവും വവ്വാലിന്.
അതിനെ കൂട്ടു കൂട്ടാന്‍ സമ്മതിക്കാത്തവരെ ന്യായികരിക്കുന്നു.

ഞാന്‍ വവ്വാലിന്‍റെ കൂടെ ആണ്.

കണ്ടന്‍ പൂച്ച. October 19, 2008 at 11:09 PM  

ബുദ്ധോ,
അതാണ് !!
ബുദ്ധിയുള്ളവനാണ് വവ്വാല്‍. മണ്ടശിരോമണികളായ പക്ഷികളും മൃഗങ്ങളും എല്ലം മറക്കില്ലെ.