Monday, September 15, 2008

ഓണനിലാവ്‌

ചിങ്ങം പിറന്നപ്പോളോണവും കൊണ്ടെന്റെ
ഓമനത്തുമ്പികൾ പാറിവന്നൂ..
മാനത്തെപ്പൊൻകതിരൊന്നാകെ വാരി-
പ്പുതച്ചെന്റെ പാടം കതിരണിഞ്ഞൂ..

ആഞ്ഞിലിക്കൊമ്പത്തെ,ക്കൂട്ടിലെപ്പൂങ്കിളി
ഓണപ്പാട്ടോരോന്നും പാടിടുന്നൂ..
ഓരോരോ കാട്ടിലും മേട്ടിലും മൊട്ടിട്ടൊ-
രായിരം പൂക്കളുണർന്നു വന്നൂ..

അത്തക്കളത്തിലെ ചേലൊത്ത പൂക്കളി-
ലിത്തിരിപ്പൊൻവെയിലെത്തി നിന്നൂ..
ചിത്തിരപ്പൂക്കളോടൊത്തു വിരിഞ്ഞൊരു
തെച്ചിപ്പൂ മുറ്റത്തു പുഞ്ചിരിച്ചൂ..

തൃക്കാക്കരപ്പന്നു പൂപ്പട കൂട്ടുവാൻ
തുമ്പക്കുടങ്ങളൊരുങ്ങി വന്നൂ..
പത്താം നാളെത്തുന്നൊരോണപ്പുലരിയ്ക്കു
നാടാകെ പൂത്താലമേന്തി നിന്നൂ..

മാവേലിത്തമ്പുരാനെത്തും മെതിയടി-
കേൾക്കുന്നു; പൂവിളി പൊങ്ങിടുന്നൂ..
മാലോകരെല്ലാരുമൊന്നായി വാണൊരു
കാലത്തിന്നാനന്ദമോർത്തിടുന്നൂ..

സ്നേഹത്തിൻ പൂക്കളം വാടാതെ നിൽക്കുവാ-
നോണനിലാവതിൽ പെയ്തിടുന്നൂ..
മണ്ണിന്റെ നെഞ്ചിലെപ്പാലാഴി നമ്മളി-
ലെന്നും മധുരം പകർന്നിടുന്നൂ..

*******************************************

28 അഭിപ്രായങ്ങള്‍:

ചന്ദ്രകാന്തം September 15, 2008 at 10:48 AM  

ഒരു പൂമ്പാറ്റക്കുഞ്ഞിന്‌ ഓണപ്പാട്ടുപാടാന്‍ വേണ്ടി എഴുതീതാണ്‌.
എല്ലാ കുഞ്ഞുമനസ്സുകള്‍ക്കും വേണ്ടി ഇതിവിടെ പോസ്റ്റുന്നു.

അപ്പു ആദ്യാക്ഷരി September 15, 2008 at 10:49 AM  

വാക്കുകള്‍ മുത്തുപോല്‍ കോര്‍ത്തിണക്കീനല്ല
മാലകള്‍ കോര്‍ക്കുമീ ‘ചന്ദ്രകാന്തം’ !
ലാവണ്യമോലും പദങ്ങളും താളവും
ഈണവും ചേലൊത്ത പ്രാസങ്ങളും
ചായങ്ങളൊട്ടേറെച്ചാലിച്ചെഴുതിയ
വര്‍ണ്ണചിത്രങ്ങളും സംഗമിക്കും
ഓമല്‍ക്കവിതകളേറെ രചിക്കുവാ-
നേകട്ടെ ലക്ഷ്മി, വരപ്രസാദം.

ആദ്യകമന്റിനോടൊപ്പമീ ‘തേങ്ങയും’
പൊട്ടിച്ചു സല്യൂട്ടടിച്ചിടുന്നേന്‍ !! “ഠേ.....”


കലക്കീട്ടുണ്ട് ഈ കുട്ടിക്കവിത....
അഭിനന്ദനങ്ങള്‍

G.MANU September 15, 2008 at 11:03 AM  

തൃക്കാക്കരപ്പന്നു പൂപ്പട കൂട്ടുവാൻ
തുമ്പക്കുടങ്ങളൊരുങ്ങി വന്നൂ..
പത്താം നാളെത്തുന്നൊരോണപ്പുലരിയ്ക്കു
നാടാകെ പൂത്താലമേന്തി നിന്നൂ..

മനോഹരം

രാമചന്ദ്രന്‍ വെള്ളിനേഴി September 15, 2008 at 11:05 AM  

ബ്ലോഗു മുറ്റം മെഴുകി വക്കുകള്‍ കൊണ്ട് അതി ഭംഗിയായി ഒരു പൂക്കളം തീര്‍ത്തു ല്ലെ?


ഓഫീസ്സിലിരുന്ന് അറിയാതെ താളം പിടിച്ചു പോയി..

[ nardnahc hsemus ] September 15, 2008 at 11:39 AM  

ഓണത്തേക്കാള്‍ കേമം!

ജിജ സുബ്രഹ്മണ്യൻ September 15, 2008 at 1:32 PM  

അത്തക്കളത്തിലെ ചേലൊത്ത പൂക്കളി-
ലിത്തിരിപ്പൊൻവെയിലെത്തി നിന്നൂ..
ചിത്തിരപ്പൂക്കളോടൊത്തു വിരിഞ്ഞൊരു
തെച്ചിപ്പൂ മുറ്റത്തു പുഞ്ചിരിച്ചൂ..


യ്യോ എത്ര രസമായിട്ടാ കവിത എഴുതുന്നെ..കുഞ്ഞു മനസ്സുകള്‍ക്കു വേണ്ടിയാണു പോസ്റ്റിയതെങ്കിലും ഈ വലിയ മനസ്സും കൊച്ചു കുഞ്ഞിന്റേതു പോലെ ആയി.

ഇസ് ലാം വിചാരം September 15, 2008 at 1:42 PM  

താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.
ഒരാഴ്ചയായി ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...
സന്ദര്‍ശിക്കില്ലേ?
ഒന്നു കമന്റുകയില്ലേ?

മുസാഫിര്‍ September 15, 2008 at 1:46 PM  

ഓണം എന്ന മനോഹരമായ സങ്കല്‍പ്പ ലോകത്തേക്കു നമ്മെ കൊണ്ടു പോകുന്നു ഈ കൊച്ചു കവിതയും.

കാവലാന്‍ September 15, 2008 at 1:53 PM  

സുന്ദരം!

ഓണത്തിന്റെ വര്‍ണ്ണങ്ങളും സുഗന്ധവും സമൃദ്ധിയും ഇഴചേര്‍ത്തു നെയ്ത കവിതാ കൗതുകം.
അഭിനന്ദനങ്ങള്‍.

കമന്റാന്‍ പോയിട്ട് വായിക്കാന്‍ പോലും നേരമില്ലാത്തപ്പോഴാണു കവിത കാണുന്നത്. ചിലതിങ്ങനെയാണ് ഒരു തിരക്കിനേയും വകവയ്ക്കാതെയങ്ങ് ഇടിച്ചു കയറും പിന്നെ മിണ്ടാതെ പോവുന്നന്നതെങ്ങനെ ? :)

സുല്‍ |Sul September 15, 2008 at 1:55 PM  

"ആഞ്ഞിലിക്കൊമ്പത്തെ,ക്കൂട്ടിലെപ്പൂങ്കിളി
ഓണപ്പാട്ടോരോന്നും പാടിടുന്നൂ..
ഓരോരോ കാട്ടിലും മേട്ടിലും മൊട്ടിട്ടൊ-
രായിരം പൂക്കളുണർന്നു വന്നൂ..."

മനസ്സില്‍ നിന്നും മായാതെ കിടക്കുന്ന മറവികളുടെ കിനിവ്. നന്നായിരിക്കുന്നുനെന്നു പറയേണ്ടതില്ലല്ലൊ.
-സുല്‍

കുറുമാന്‍ September 15, 2008 at 3:38 PM  

വളരെ നന്നായിരിക്കുന്നു ഈ ഓണപാട്ട്. പണ്ട് പറഞ്ഞത് പോലെ ഇതൊക്കെ ആരേലും പാടി റെക്കോര്‍ഡ് ചെയ്തിട്ടാല്‍ മക്കള്‍ക്കൊരു വിരുന്നായേനെ. അപ്പുവിന്റെ കമന്റ് കവിതയും മനോഹരം.

നരിക്കുന്നൻ September 15, 2008 at 6:20 PM  

മനോഹരമായ വരികൾകൊണ്ട് ബൂലോഗ്ഗത്തൊരു പൂക്കളമിട്ടിരിക്കുന്നു.

നന്നായിരിക്കുന്നു.

krish | കൃഷ് September 15, 2008 at 6:23 PM  

ഓണപ്പാട്ട്‌ നന്നായിട്ടുണ്ട്‌.

മഴത്തുള്ളി September 15, 2008 at 7:00 PM  

ചന്ദ്രകാന്തത്തിന്റെ കവിത കണ്ടപ്പോഴേ ദാ തത്തകളുമെത്തിയല്ലോ പാടത്ത്. ഹി ഹി..

ആവണിപ്പാടത്തിലെത്തുന്ന തത്തകള്‍
പൊന്നിന്‍ കതിര്‍ക്കുല കൊക്കിലാക്കി
ഈണത്തില്‍ മൂളിപ്പറന്നുയരുന്നിതാ
പച്ചവിരിച്ച പൂന്തോപ്പു പോലെ....

എനിക്ക് വളരെ ഇഷ്ടമായി ഈ കവിതയും.

പാമരന്‍ September 15, 2008 at 8:56 PM  

ഒരു കുട്ടിമനസ്സും കൂടിയുണ്ടെന്ന്‌ തെളിയിച്ചിരിക്കുന്നു.. :)

ഷിജു September 16, 2008 at 7:19 AM  

മനോഹരമായിരിക്കുന്നു,പെട്ടെന്ന്
പാടാനും കഴിയും.

തണല്‍ September 16, 2008 at 7:57 AM  

മാനത്തെപ്പൊൻകതിരൊന്നാകെ വാരി-
പ്പുതച്ചെന്റെ പാടം കതിരണിഞ്ഞൂ..
-എന്റമ്മോ........!

Kaithamullu September 16, 2008 at 11:16 AM  

എല്ലാ ‘കുഞ്ഞു‘മനസ്സുകള്‍ക്കും വേണ്ടി ....(അപ്പൂനായിരിക്കും, ല്ലേ?)

siva // ശിവ September 16, 2008 at 9:35 PM  

സുന്ദരം ഈ ഓണനിലാവ്...

Sethunath UN September 17, 2008 at 4:12 AM  

ല‌ളിതസുന്ദരമായ വരിക‌ള്‍ ചന്ദ്രകാന്തം. താള‌മില്ലാത്തവനും പാടിയാല്‍ ഒരു താളം തോന്നും.

ചന്ദ്രകാന്തം September 17, 2008 at 9:22 AM  

നിറഞ്ഞ മനസ്സോടെ... ഓണനിലാവ്‌ ആസ്വദിച്ച എല്ലാര്‍ക്കും..നന്ദി.

ഗീത September 17, 2008 at 6:23 PM  

ഹായ് എത്ര സുന്ദരമായ ഓണക്കവിത. നല്ല താളത്തില്‍ പാടാം .

ഗീത September 17, 2008 at 6:28 PM  

അപ്പുവിന്റെ കവിതക്കമന്റ് ഉഗ്രന്‍ !
എന്നാലും ഒരു കാര്യം, ലക്ഷ്മിയല്ല സരസ്വതിയാണ് ആ വരപ്രസാദം ഏകുക.
( ലക്ഷ്മി എന്നയിടത്ത് ദേവി എന്നെഴുതിയാല്‍ മതി . ഇതൊരു ഒന്നാംതരം കവിത)

thoufi | തൗഫി September 19, 2008 at 10:17 PM  

മനോഹരം..
ഒറയടിക്ക് വായിച്ച്ചുപോകാന്‍ കഴിയുന്ന കവിത..
കുഞുങ്ങള്‍ക്ക് മാത്രമല്ല,വല്യോര്‍ക്കും
ഈണത്തില്‍ പാടാന്‍ കഴിയും വിധം
നന്നായി കോറിയിട്ടിരിക്കുന്നു

പ്രയാസി September 20, 2008 at 11:45 AM  

ഇങ്ങനത്തെ കവിതേണ് ഇക്കിസ്ടം,
നന്ദീണ്ട്ട്ടാ..
മനുസന് മച്ചിലാവണ ഭാസേലും എഴുതാനറിയാല്ലെ,
ശുക്രന്‍..;)

Kunjipenne - കുഞ്ഞിപെണ്ണ് October 7, 2008 at 3:46 PM  

ഇതൊക്കെ നമ്മുടെ കുഞ്ഞുങ്ങളുടെ ചെവീലെത്തുന്നില്ലല്ലോന്നോര്‍ക്കുമ്പോഴാണ് സങ്കടം

Cartoonist November 19, 2008 at 3:06 PM  

ടെമ്പ്ലേറ്റ് അസ്സല്‍ ! :)