Tuesday, September 9, 2008

പൂക്കളം

അത്തം പത്തിനു പൊന്നോണം
പൂക്കളമൊന്നു ചമയ്ക്കേണം
വീടുകള്‍ തോറും ഓണത്തപ്പനു
വരവേല്‍പ്പങ്ങനെ നല്‍കേണം..

മുറ്റമൊരുക്കിത്തറ മെഴുകീ
നടുവില്‍ തുളസിക്കതിര്‍ ചാര്‍ത്തീ
പുലരിയുണര്‍ത്തും പൂക്കളിറുക്കാന്‍
കുട്ടികളെല്ലാം വരവായീ

കോളാമ്പിപ്പൂ, തുമ്പപ്പൂ,
മുക്കുറ്റിപ്പൂ, മത്തപ്പൂ,
മന്ദാരപ്പൂ, തെച്ചിപ്പൂ, ചെറു-
കൊങ്ങിണിയങ്ങനെയെന്തെല്ലാം..!!

തൊടിയില്‍ പാടവരമ്പുകളില്‍
പുഞ്ചിരി തൂകുമരിപ്പൂക്കള്‍
പൂപ്പൊലി കൂട്ടും കുഞ്ഞുങ്ങള്‍ തന്‍
വട്ടിയില്‍ നിറയേ വര്‍ണ്ണങ്ങള്‍..!!

കുട്ടികള്‍വട്ടമിരുന്നിട്ടാ
പൂക്കളമിട്ടൂ ചേലോടെ..
മൂലയിലെല്ലാം കൃഷ്ണകിരീടം
തൃക്കാരപ്പനതിന്‍ ചാരേ..

ആനന്ദപ്പൂവിളി പൊങ്ങീ
വന്നെത്തീടുക മാവേലീ..
ഓലക്കുടയും ചൂടീ മെതിയടി-
മേലെയെണയുക മാവേലീ..

ഉള്ളില്‍പ്പൂക്കും സന്തോഷം,
മധുരം പകരും പൊന്നോണം..
വര്‍ഷം നീളെപ്പുലരട്ടെ, പുതു-
ഹര്‍ഷം ഓണമതെന്നോണം..!!ഒരു മേമ്പൊടിയായി ഞാന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിതകൂടി ഇവിടെ കിടക്കട്ടെ “ഓണംവന്നേ..“

======

ബിന്ദു കെ.പി എന്ന ബ്ലോഗര്‍ എഴുതിയ അല്പം പഴയ, എന്നാല്‍ അതുകൊണ്ടുതന്നെ അതിമനോഹരമായ ഒരു ഓണസ്മരണ ഇവിടെയുണ്ട്. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ കുട്ടിക്കവിത എഴുതിയിട്ടുള്ളത്.

ഈ കവിത ബിന്ദുവിന് തന്നെ സമര്‍പ്പിക്കുന്നു
.27 അഭിപ്രായങ്ങള്‍:

മഴത്തുള്ളി September 9, 2008 at 3:07 PM  

[{{(ഠേ)}}].............. കിടക്കട്ടെ ഒരു തേങ്ങ ;)

ഈ വര്‍ഷത്തെ ഓണക്കവിതയും കഴിഞ്ഞവര്‍ഷത്തേപ്പോലെ അടിപൊളി മാഷേ. :)

ഇന്നാ എന്റെ 2 ലൈന്‍ :

"അത്തം മുറ്റത്തെത്തിയ കണ്ടോ
പത്താം നാളില്‍ തിരുവോണം"

അപ്പു September 9, 2008 at 3:10 PM  

മഴത്തുള്ളി മാഷേ, തേങ്ങയ്ക്കും രണ്ടുവരിക്കും നന്ദി. ഇനി വരുന്നവര്‍ വരുന്നവര്‍ ഈരണ്ടുവരി എഴുതി ബിന്ദുവിന്റെ പോസ്റ്റ് മുഴുവനായും ഒരു കവിതയായി മാറട്ടെ.

ശ്രീ September 9, 2008 at 3:11 PM  

ആഹാ... ഓണക്കാലമായിട്ടും ഓണപ്പാട്ടുകള്‍ ഒന്നും എന്തേ എഴുതാത്തത് എന്നു ചോദിയ്ക്കണം എന്നു കരുതിയിരിയ്ക്കുകയായിരുന്നു... നല്ലൊരു ഓണപ്പാട്ട്... ഇഷ്ടായി. :)

♫ ഓണത്തുമ്പികള് പാറുന്നൂ
ഓണനിലാവു പരക്കുന്നൂ
ഓര്മ്മയിലെങ്ങും ഓണപ്പാട്ടിന്
മാറ്റൊലി മാത്രം കേള്ക്കുന്നൂ... ♫

ഓണാശംസകള്‍, അപ്പുവേട്ടാ...

ബിന്ദു കെ പി September 9, 2008 at 3:12 PM  

കവിത വായിച്ചു. നന്ദി പറയാന്‍ വാക്കുകളില്ല...സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറയുന്നു..

G.manu September 9, 2008 at 3:13 PM  

നല്ലൊരു ഓണക്കവിത.
ആശംസകള്‍ അപ്പൂസ്

ബൈജു സുല്‍ത്താന്‍ September 9, 2008 at 3:14 PM  

ഓണം കെങ്കേമമാക്കാന്‍ അപ്പുവേട്ടന്റെ കവിതയും.. വളരെ സന്തോഷം. !

കാന്താരിക്കുട്ടി September 9, 2008 at 3:47 PM  

ഓണത്തിനു കുട്ടികള്‍ക്ക് പാടി രസിക്കാന്‍ നല്ലൊരു കുട്ടിക്കവിത..നന്നായി ‘

nardnahc hsemus September 9, 2008 at 4:01 PM  

ഇതിന്റെ ട്യൂണ്‍ എനിക്കു വഴങ്ങുന്നില്ല... ഓണത്തിന്റെ ഡെഡ് ലൈന്‍ മനസ്സില്‍ കണ്ട് കായക്കുലകള്‍ ചുണ്ണാമ്പിട്ട് പഴുപ്പിച്ചപോലെ... ചിലപ്പൊ എന്റെ കുഴപ്പമാവും.
ഇനി ഓരോ പാരയ്ക്കും ഓരോ ട്യൂണ്‍ ആണോ? (അയ്യോ ആ പാരയല്ല, പാരഗ്രാഫ് എന്നേ ഞാനുദ്ദേശിച്ചുള്ളൂ...)

smitha adharsh September 9, 2008 at 7:09 PM  

കുട്ടി കവിത..അസ്സലായി..

ചന്ദ്രകാന്തം September 9, 2008 at 11:21 PM  

ഓണം വന്നേ.....

"വര്‍ഷം നീളേപുലരട്ടെ പുതു-
ഹര്‍ഷം ഓണമതെന്നോണം!"

പൊന്നോണാശംസകള്‍...!!!

കുഞ്ഞന്‍ September 10, 2008 at 9:07 AM  

ഓണം വന്നേ ഓണം വന്നേ
ഓണത്തപ്പനും വന്നേ..
ഓണപ്പൂപറിക്കാനായി
പൂക്കൂടയുമായി കുട്ടികളും

അപ്പു മാഷെ.. കുഞ്ഞിക്കവിത നന്നായിട്ടുണ്ട്.

എന്റെ ഓണാശംസകള്‍>>> അപ്പു,ദീപ ഉണ്ണിമോള്‍ മനുക്കുട്ടന്‍

Sharu.... September 10, 2008 at 10:59 AM  

കുട്ടിക്കവിത സൂപ്പറായി... എല്ലാവര്‍ക്കും പൊന്നോണാശംസകള്‍ :)

നിരക്ഷരന്‍ September 10, 2008 at 11:15 AM  

ഓണക്കവിത നന്നായി. ഇനി ബിന്ദൂന്റെ കവിത വായിക്കട്ടെ.

nardnahc hsemus September 10, 2008 at 11:23 AM  

ഇപ്പോള്‍ നന്നായി.

sv September 10, 2008 at 12:43 PM  

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഓണാശംസകള്‍..

സാജന്‍| SAJAN September 10, 2008 at 2:43 PM  

ആഹാ നന്നായിട്ടുണ്ടന്നേ, എന്താന്നാല്ലേ, ആ പ്രൊഫൈല്‍ പടം !
അതിനു ചേരുന്ന കവിതയും!
കവിത കണ്ട് പടം വരച്ചതാണോ പടം കണ്ട് കവിത എഴുതിയതാണോ എന്നൊരു സംശയം മാത്രമേ ബാക്കിയുള്ളൂ:)
മനോഹരമായ ഓണാശംസകള്‍,
പായസവും പ്രഥമനും ഒന്നും അധികംകുടിക്കണ്ടാട്ടോ വയറിനു കേടാ:(

ഷിജു | the-friend September 10, 2008 at 5:49 PM  

ആഹാ എല്ലാരും കവിത എഴുതി ,ഞാന്‍ എന്തിനാ വെറുതെ ഇരിക്കുന്നേ ദാ പിടിച്ചോ 2 വരി കവിത..

ഓണം വന്ന് ഓണം വന്നേ
മാണിക്ക്യ ചെമ്പഴുക്ക...

ഇതു എന്റെ കവിതയല്ല അറിയാവുന്ന ആരോ പണ്ട് എഴുതിയതാ...

പ്രിയ ഉണ്ണികൃഷ്ണന്‍ September 10, 2008 at 7:01 PM  

നല്ല ഓണക്കവിത

ഓണാശംസകള്‍

ആഗ്നേയ September 10, 2008 at 8:20 PM  

നല്ല ഈണത്തിലുള്ള ഓണസമ്മാനം...
അപ്പുവിനും കുടുംബത്തിനും ഓണാശംസകള്‍!

മഴത്തുള്ളി September 10, 2008 at 8:36 PM  

ഇപ്പോ ഒന്നുകൂടി അടിപൊളിയായി. :)

ഓ.ടോ : കഴിഞ്ഞ വര്‍ഷത്തേ തേങ്ങ ഉടക്കലും ഈ വര്‍ഷത്തെ തേങ്ങ ഉടക്കലും എനിക്ക് സ്വന്തം. അടുത്ത വര്‍ഷം ഇതിലും നല്ലൊരു ഓണപ്പാട്ടുമായി വരിക. സുല്ലിന്റെ തേങ്ങാ ഉടക്കല്‍ നിലച്ചെന്നു തോന്നുന്നു. ഹി ഹി.

അപ്പു September 10, 2008 at 8:48 PM  

കവിത വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും, ഓണാശംസ അറിയിച്ചവര്‍ക്കും നന്ദി.

സുമേഷിന്റെ സത്യസന്ധമായ കമന്റാണ് ഈ കവിതയെ അതിന്റെ ആദ്യരൂ‍പത്തില്‍ നിന്ന് ഈ രൂപത്തില്‍ എത്തിച്ചത്. നന്ദി സുമേഷ്.

ചന്ദ്രകാന്തത്തിന്റെ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.


മത്തായിച്ചാ ഇതിനാണു ഗുരുത്വം എന്നു പറയുന്നത്. :-) (ഗുരു ഒന്നും എഴുതാതാവുകയും ചെയ്തു :-(

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടീ നന്ദി

ശിഹാബ്‌ മൊഗ്രാല്‍ September 10, 2008 at 9:15 PM  

ഞാനിത്തിരി വൈകിയോ അപ്പൂ... ഓണക്കവിതകളും കുറിപ്പുകളുമെല്ലാം മനസില്‍ മലയാണ്‍മ നില നിര്‍ത്തുന്നു...
അഭിനന്ദനങ്ങള്‍..ആശംസകള്‍...
....................
....................
"തൂത്തു വെളുത്തൊരു മുറ്റം നിറയെ
നൃത്തമിടുന്ന കുരുന്നുകളും
ഒത്തൊരുമിച്ചൊരു പൂക്കളമിടണം
പത്തിരുപതു വക പൂ വേണം"
..................
...................

യാരിദ്‌|~|Yarid September 10, 2008 at 9:30 PM  

അപ്പു മാഷെ, ഓണാശംസകള്‍ ആദ്യമെ നേരുന്നു. ഓണപ്പാട്ടിനു ഒരു നന്ദി വേറെ..:)

സുല്‍ |Sul September 11, 2008 at 10:16 AM  

“പൂവിളി പൂവിളി പൊന്നോണമായി....”

അപ്പു കവിത നന്നായി... എന്നാലും കഴിഞ്ഞ വര്‍ഷത്തേതായിരുന്നു ;)

അപ്പു, ദീപ, മനു, ഉണ്ണി എല്ലാര്‍ക്കും ഓണാശംസകള്‍!
-സുല്‍കുടുംബം.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ September 11, 2008 at 12:06 PM  

കവിത നന്നായിരിക്കുന്നു ഒപ്പം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

'മുല്ലപ്പൂവ് November 12, 2008 at 12:21 PM  

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

കാന്താരിക്കുട്ടി March 1, 2009 at 9:36 AM  

എന്റമ്മച്ച്യേ ! ഓണം വീണ്ടും എത്തിയോന്നു നോക്കാൻ ഓടി വന്നതാ.വന്നപ്പോളല്ലേ അറിഞ്ഞത് ഈ കുട്ടിക്കവിത മുൻപേ കണ്ടു പോയതാണെന്ന് !!!