Monday, September 8, 2008

കൂട്ടുകാരന്‍
ഊഞ്ഞാല്‍പ്പടിയിലിരുന്നിട്ടോലപ്പന്തുണ്ടാക്കും നേരം
കാക്കപ്പൊന്നു പതിച്ചു പതക്കപ്ലാവില കോര്‍ക്കും നേരം..

താഴെത്തൊടിയിലെ തത്തച്ചുണ്ടന്‍മാവിന്‍ തെക്കേക്കൊമ്പില്‍
കാണാറുണ്ടൊരു പൂത്തിരിവാലന്നണ്ണാര്‍ക്കണ്ണനെയെന്നും...

ഇതളു വിടര്‍ത്തും കദളിപ്പൂവില്‍ തലകീഴായിട്ടാടും,
നിറയും പൂന്തേനുണ്ണും കുസൃതിക്കൂട്ടം പലതും കാട്ടും...

വാഴക്കയ്യിലിരുന്നു വിരുന്നുവിളിയ്ക്കും കാക്കപ്പെണ്ണിന്‍
കണ്ണുമറഞ്ഞുചിലയ്ക്കും'ഛില്‍ ഛില്‍'കളിയാക്കിക്കൊണ്ടോടും

വൈക്കോല്‍ക്കൂനക്കീഴില്‍ പതിരില്‍ നെന്മണി തിരയും പാവം
കരിയില വീഴും ശബ്ദം കേട്ടാല്‍ പേടിച്ചോടും വേഗം...

ഒരുനാളന്തി,ക്കിടിവെട്ടേറ്റിട്ടലറിപ്പെയ്തൂ മാനം
മന്ദാരത്തിന്നതിരു കടന്നുകളപ്പുര മൂടീ വെള്ളം..

ചില്ലയൊടിഞ്ഞു മറിഞ്ഞൂ കാറ്റില്‍മാവും വാഴത്തോപ്പും
കൊള്ളിക്കമ്പുമെനഞ്ഞോരുണ്ണി പ്പുരയും കളിമേലാപ്പും...

തേടിനടന്നൂ തൊടിയില്‍; ഞാവല്‍ക്കൊമ്പിലെ പച്ചക്കൂട്ടില്‍..
പിന്നൊരു നാളും കണ്ടില്ലെന്നുടെയണ്ണാര്‍ക്കണ്ണനെയെങ്ങും.


=============
ഇതു വായിച്ച് സങ്കടം തോന്നുന്നവര്‍ക്കായി ശ്രീലാല്‍ ഇതിനെ ശുഭപര്യവസായിയാക്കി മാറ്റിയിട്ടുണ്ട്. അതിങ്ങനെ
=============

"ചിന്നം പിന്നം പെയ്തൊരു മഴയോ
കടലു കടന്നേ പോയീ
വെയിലുപുതച്ചൂ നാടും മേടും
തൊടിയിലെ മാവിന്‍തോപ്പും

ഒരുനാളങ്ങനെയവധിക്കാലം
പൊടിപൂരത്തിന്‍ കാലം
താഴേത്തൊടിയിലെ മാവിന്‍ കൊമ്പില്‍
കേട്ടൂ പരിചിതശബ്ദം

സന്തോഷത്താല്‍ മനം നിറഞ്ഞി-
ട്ടങ്ങോട്ടോടീ ഞാനും
നില്പവിടലല്ലോ മാവിന്‍ കൊമ്പില്‍
നമ്മുടെയണ്ണാര്‍ക്കണ്ണന്‍

കണ്ണുനിറഞ്ഞൂ, "മിണ്ടൂലാ ഞാന്‍.. "
അവനോടായ് ഞാന്‍ ചൊല്‍കേ,
അരികത്തേക്കവനോടിയിറങ്ങീ
കളിയും കുസൃതിയുമായീ.."

28 അഭിപ്രായങ്ങള്‍:

അപ്പു September 8, 2008 at 1:10 PM  

ഹയ്യടാ....

എത്രനാളായി ഒരു കുട്ടിക്കവിത വായിച്ചിട്ട്. അതും വാക്കുകള്‍ കൊണ്ടു ചിത്രം വരയ്ക്കുന്ന ചന്ദ്രകാന്തത്തിന്റെ വരികളിലൂടെയാവുമ്പോള്‍.. സുന്ദരം..

അഭിനന്ദനങ്ങള്‍!!
മഷിത്തണ്ട് വാടാതെ നില്‍ക്കട്ടെ.

തണല്‍ September 8, 2008 at 1:11 PM  

ഞൊടിയിടകൊണ്ട്
കുട്ടിയാവാനും
കുമാരിയാവാനും കഴിവുള്ള
അക്ഷര മന്ത്രവാദിനീ‍ീ‍ീ‍ീ‍ീ..
നമിച്ചു!
:)

ശ്രീ September 8, 2008 at 1:18 PM  

അയ്യയ്യോ... പാവം അണ്ണാറക്കണ്ണന്‍!

സുല്‍ |Sul September 8, 2008 at 1:26 PM  

ഇതളു വിടര്‍ത്തും കദളിപ്പൂവില്‍
തലകീഴായിട്ടാടും,
നിറയും പൂന്തേനുണ്ണും കുസൃതി-
ക്കൂട്ടം പലതും കാട്ടും...

എല്ലാം കണ്ണില്‍ കണ്ടുകൊണ്ടങ്ങെഴുതുകയല്ലെ.. പിന്നെങ്ങനെ മോശാവാതിരിക്കും സോറി... മോശമാവും.. കുമാരീ ;)
-സുല്‍

മഴത്തുള്ളി September 8, 2008 at 1:38 PM  

ചന്ദ്രകാന്തം,

ഈ കവിത ഒറ്റശ്വാസത്തിലാണ് പാടിത്തീര്‍ത്തത്. ഹോ.. ഇനി ഒരു ദീര്‍ഘശ്വാസം വിടട്ടെ. എന്തൊരീണം, അനായാസമായി കുട്ടികള്‍ക്കു പാടാവുന്ന വരികള്‍.

കുട്ടിക്കവിതയെന്നല്ല എല്ലാത്തരം കവിതകളും അനായാസേന ഇതള്‍ വിരിക്കുന്ന ചന്ദ്രകാന്തത്തിന്റെ പ്രതിഭ ഇവിടെ വീണ്ടും തെളിയുന്നു. ഈ ചന്ദ്രപ്രഭ ഇനിയും ഒളിമങ്ങാതെ തുടരട്ടെ.. ആശംസകള്‍. അഭിനന്ദനങ്ങള്‍.

::സിയ↔Ziya September 8, 2008 at 1:46 PM  

ഹായ്
എന്താ ഞാനിപ്പോ വായിച്ചത്...കവിതാമൃതം..!

എന്നാലും അവസാന വരികള്‍ വായിച്ചപ്പോള്‍ ഒത്തിരി സങ്കടം വന്നു...
അണ്ണാര്‍ക്കണ്ണാ, നീ എവിടെയുണ്ടേലും ഛില്‍ ഛില്‍ന്ന് ഓടി വാ...

::സിയ↔Ziya September 8, 2008 at 1:48 PM  

അണ്ണാറക്കണ്ണനെ മടക്കി വിളിക്കുന്നുണ്ടോ? അല്ലെങ്കി മഷിത്തണ്ടില്‍ അര്‍ത്താല്‍ ...

കരീം മാഷ്‌ September 8, 2008 at 2:09 PM  

സാധാരണ പെണ്‍‌വര്‍ഗ്ഗത്തില്‍ പെട്ടതൊക്കെ പാവവും (കാക്കപ്പെണ്ണും കുയിലമ്മയും,മയില്‍‌പേടയും അങ്ങനെ പലരും) ആണ്‍ വര്‍ഗ്ഗത്തില്‍ പെട്ടതൊക്കെ വില്ലനും ദുഷ്ടനുമായിട്ടണു കുട്ടിക്കഥകളിലും കവിതകളിലും വരാറുള്ളത്.
പക്ഷെ അണ്ണാറക്കണ്ണന്‍ നല്ല കഥപാത്രം ആയിട്ടേ വായിച്ചിട്ടുള്ളൂ
നല്ല കവിത.

കാന്താരിക്കുട്ടി September 8, 2008 at 2:51 PM  

അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ ഒരു പൂളു മാങ്ങാ കടം തരാമോ


ചേച്ചീ ഒരു കുഞ്ഞികവിത കണ്ടിട്ട് ഏറെ നാളായി..ഈ കുഞ്ഞു അണ്ണാങ്കുഞ്ഞിനെ ഒത്തിരി ഒത്തിരി ഇഷ്ടമായി .

P.C.MADHURAJ September 8, 2008 at 3:59 PM  

nannaayi; vaLre nannaayi.
pazhukka pLaavila ennANO uddESichchathu?

ഇന്‍ഡ്യാഹെറിറ്റേജ്‌ September 8, 2008 at 4:05 PM  

നന്നായി , പക്ഷെ അണ്ണാറക്കണ്ണനെ കാണാതാക്കി നിര്‍ത്തണ്ടായിരുന്നു.

അല്ഫോന്‍സക്കുട്ടി September 8, 2008 at 6:24 PM  

അണ്ണാറക്കണ്ണന്മാര്‍ക്കായി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്ന ഈ കുഞ്ഞിവല്ല്യ കവിത വളരെ ഇഷ്ടമായി.

പാമരന്‍ September 8, 2008 at 10:46 PM  

ഹായ്.. നല്ല പാട്ട്‌..

പണിക്കര്‍ സാര്‍, ഒന്നു പാടിക്കേള്‍പ്പിക്കുമോ?

ആഗ്നേയ September 9, 2008 at 1:08 AM  

ഈ ചന്ദ്ര!
അണ്ണാര്‍ക്കണ്ണനേം,മന്ദാരത്തിന്നതിരു കടന്നു വന്ന മഴയേയും ഒത്തിരി ഇഷ്ടായി...
ഓ.ടോ..ഇതൊക്കെ കണ്ട് അസൂയ മൂത്താണേ ഇടക്കൊക്കെ ആ മെയില്‍ ബോക്സിലേക്ക് ഞാന്‍ അക്രമം അഴിച്ചുവിടുന്നത്..;-)

ഇത്തിരിവെട്ടം September 9, 2008 at 7:17 AM  

എനിക്കും ഉണ്ടായിരുന്നു ഇതേ പോലെ ഒരു കൂട്ടുകാരന്‍. ഓടിനിടയിലെ കൂടില്‍ നിന്ന് കണ്ണ് തുറക്കാത്ത പ്രായത്തില്‍ താഴെ വിണ് എനിക്ക് കിട്ടിയതായിരുന്നു അവനെ... എപ്പോഴും കൂടെയുണ്ടായിരുന്നു അവന്‍. രണ്ട് ചോക്ക് പെട്ടികള്‍ കൊണ്ടുണ്ടാക്കിയ കൂരയിലായിരുന്നു പുള്ളി താമസം. ശബ്ദം കേട്ടാല്‍ ശരീരത്തിലേക്ക് ഓടിക്കയറിയിരുന്ന സുന്ദരന്‍...
അവനേയും കൊണ്ട് സ്കൂളില്‍ പോയതിന് നല്ല ചുട്ട അടിയും വാങ്ങിച്ചിട്ടുണ്ട്. പക്ഷേ പെട്ടന്ന് ഒരു ദിവസം കാണാണ്ടായി...

ആ പഴയ ചങ്ങാതിയെ വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി. :)

മിന്നാമിനുങ്ങ്‌ September 9, 2008 at 9:31 AM  

വാഴക്കയ്യിലിരുന്നു വിരുന്നുവിളിയ്ക്കും
കാക്കപ്പെണ്ണിന്‍ കണ്ണുമറഞ്ഞുചിലയ്ക്കും
'ഛില്‍ ഛില്‍'കളിയാക്കിക്കൊണ്ടോടും..


വാക്കുകള്‍ കൊണ്ടൊരു കാവ്യതീര്‍ഥം..
കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ലാ, വല്യോര്‍ക്കൂം
ആസ്വദിച്ച് വായിക്കാനാവുന്ന വരികള്‍

അവസാനം, തേടിനടന്നിട്ടും കാണാത്ത
ആ കൂട്ടുകാരന്റെ വേര്‍പാട് ഒരിത്തിരി
നോവുണര്‍ത്തി.

അഗ്രജന്‍ September 9, 2008 at 10:02 AM  

വൈക്കോല്‍ക്കൂനക്കീഴില്‍ പതിരില്‍ നെന്മണി തിരയും പാവം
കരിയില വീഴും ശബ്ദം കേട്ടാല്‍ പേടിച്ചോടും വേഗം...

'ഛില്‍ ഛില്‍'

നല്ല രസമായി അണ്ണാറക്കണ്ണനെ പകര്‍ത്തി വെച്ചിരിക്കുന്നു...

തോളത്തും തലയിലും കയറിക്കളിച്ചിരുന്ന, പിന്നീട് കാണാതെ പോയ എന്‍റെ അണ്ണാങ്കുഞ്ഞിന് വേണ്ടി ഞാനും ഒരുപാട് തേടിയലഞ്ഞിട്ടുണ്ട്...

nardnahc hsemus September 9, 2008 at 11:47 AM  

കുത്തിയൊലിയ്ക്കും മഴവെള്ളത്തില്‍ വീണുതുഴഞ്ഞൂ എന്നാലും
കുഞ്ഞിക്കൈയ്യുകള്‍നീട്ടിത്തളരാതെ എങനെ നീന്താന്‍ ബഹുനേരം ?

കവിത അസ്സലായി എന്നു പറഞ്ഞ് പറഞ്ഞ് ബോറഡിപ്പിയ്ക്കുന്നില്ല.

ആശംസകള്‍!
:)

Rare Rose September 9, 2008 at 11:49 AM  

ഒരു കുഞ്ഞണ്ണാരക്കണ്ണന്‍ എന്റെ മുന്നില്‍ ഒരു നിമിഷത്തേക്ക് വന്നോടിക്കളിച്ച് മറഞ്ഞ പോലെ...ഇഷ്ടായീ ട്ടോ...

ശ്രീലാല്‍ September 9, 2008 at 1:19 PM  

മഷിത്തണ്ടിലേക്ക് അങ്ങനെ നല്ല ഒരു കുട്ടിക്കവിത കൂടി കൂടി.. നന്നായിട്ടുണ്ട്. പക്ഷേ ട്രാജഡിയാക്കിയത് സഹിക്കാന്‍ പറ്റുന്നില്ല.. മഷിത്തണ്ടിലേക്ക് വരുന്ന കൊച്ചു കുട്ടികളെ ഇങ്ങനെ വിഷമിപ്പിക്കണോ ? എനിക്കെന്തായാലും കുട്ടികളുടെ മനസ്സാ, വിഷമമായി. വായിത്തോന്നിയത് വച്ച് ഞാനിതിനെ സന്തോഷകരമായി അവസാനിപ്പിക്കും... അല്ലാതെ എനിക്കുറക്കം വരില്ല(ഓഫീസില്‍ വെച്ച്)..സഹിക്കൂ..


"ചിന്നം പിന്നം പെയ്തൊരു മഴയോ കടലുകടന്നേ പോയീ
വെയിലുപുതച്ചൂ നാടും മേടും തൊടിയിലെ മാവിന്‍തോപ്പും

ഒരുനാളങ്ങനെയവധിക്കാലം പൊടിപൂരത്തിന്‍ കാലം
താഴേത്തൊടിയിലെ മാവിന്‍ കൊമ്പില്‍ കേട്ടൂ പരിചിതശബ്ദം

സന്തോഷത്താല്‍ മനം നിറഞ്ഞിട്ടങ്ങോട്ടോടീ ഞാനും
നില്പവിടലല്ലോ മാവിന്‍ കൊമ്പില്‍ നമ്മുടെയണ്ണാര്‍ക്കണ്ണന്‍

കണ്ണുനിറഞ്ഞൂ, "മിണ്ടൂലാ ഞാന്‍.. "അവനോടായ് ഞാന്‍ ചൊല്‍കേ,
അരികത്തേക്കവനോടിയിറങ്ങീ കളിയും കുസൃതിയുമായീ.."


എന്റെ ഈ കൊച്ചുകവിത ഇവിടെ അവസാനിക്കുന്നു. എല്ലാവര്‍ക്കും നന്ദി നമസ്കാരം.
ജെയ് മഷിത്തണ്ട്.
എന്ന് മാസ്റ്റര്‍ ടിന്റു മോന്‍.

G.manu September 9, 2008 at 4:40 PM  

മനോഹരം കഥക്കവിത

കാവലാന്‍ September 9, 2008 at 7:45 PM  

എന്നെയൊന്നും കണ്ടാല് അണ്ണാറക്കണ്ണനെന്നവര്ഗ്ഗം പിന്നെ ആ പഞ്ചായത്തില് അടുക്കില്ലായിരുന്നു ഓമനിക്കാനാണ് വളര്ത്താനാണ് പാലുതരാം മാമ്പഴം തരാം എന്നൊക്കെ പറയാറുണ്ട് എന്തു പറഞ്ഞിട്ടെന്താ ഛില് ഛില് ഇതുതന്നെ മറുപടി.

നല്ല കവിത,പദങ്ങളെ നന്നായി ഉപയോഗിക്കുന്നു അഭിനന്ദനങ്ങള് ഓണാശംസകള്.ഓടോ;
ഇന്ന് ആകെ 'ള്' മയമാണ് യെന്തരോ എന്തോ!

RaFeeQ September 10, 2008 at 7:59 AM  

നല്ല കവിത.. ആശംസകള്‍..

വേണു venu September 12, 2008 at 7:15 PM  

നല്ല പാട്ട്‌.
അഭിനന്ദനങ്ങള്‍!

ഗീതാഗീതികള്‍ September 15, 2008 at 8:48 PM  

കൂട്ടുകാരന്‍ അണ്ണാറ‍ക്കണ്ണന്‍ മഴ കഴിഞ്ഞപ്പോള്‍ തിരിച്ചു വന്നു....
ചന്ദ്രകാന്തം, ശ്രീലാല്‍, രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.

നൊമാദ് | ans August 6, 2009 at 12:13 PM  

ഇത് വല്യ കുട്ടികള്‍ ക്കും കൂടിയുള്ളതാണല്ലോ. സുന്ദരമായ വരികള്‍
ലാലൂ നിനക്കൊരുമ്മ.
ഇതിപ്പഴാണല്ലോ കാണുന്നത് എന്നൊരു സങ്കടം