Tuesday, December 18, 2007

ബലിപെരുനാള്‍

കൂട്ടുകാരെ, രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ ഈദ്‌ അല്‍ അദ്‌ഹ അഥവാ ബലിപെരുനാള്‍ ആയി. മുസ്ലീംങ്ങളുടെ വലിയപെരുനാള്‍ ആണിത്‌ എന്നറിയാമല്ലോ. ഈ ബലിപെരുനാളിനു പിന്നില്‍ ഒരു കഥയുണ്ട്‌. വളരെ വളരെ പണ്ട്‌ നടന്ന ഒരു കഥ. വിശുദ്ധ ഖുറാനില്‍ പറഞ്ഞിരിക്കുന്ന ആ കഥയാണ്‌ നമ്മളിന്നു പറയാന്‍ പോകുന്നത്‌.

പണ്ടു പണ്ട്‌ ഇന്നത്തെ ഇറാക്ക്‌ എന്നരാജ്യം സ്ഥിതിചെയ്യുന്ന പ്രദേശം ബാബിലോണിയ എന്നാണറിയപ്പെട്ടിരുന്നത്. അവിടെ താമസിച്ചിരുന്ന വളരെ നീതിമാനായ ഒരു പ്രവാചകനായിരുന്നു ഇബ്രാഹിം. വളരെ നല്ല ഒരു ജീവിതം നയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നതിനാല്‍ ദൈവത്തിന്‌ അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഇബ്രാഹിമിന്‌ ഒരു സങ്കടം ഉണ്ടായിരുന്നു. തൊണ്ണൂറുവയസ്സായ അദ്ദേഹത്തിനു മക്കള്‍ ഇല്ലായിരുന്നു. അതിനാല്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും വളരെ വിഷമമുണ്ടായിരുന്നു. ഇബ്രാഹിം പലപോഴും ഇപ്രകാരം ആഗ്രഹിച്ചു: “ദൈവം എനിക്കൊരു മകനെ നല്‍കിയിരുന്നെങ്കില്‍ അവനെ ദൈവത്തിനായി നല്‍കാന്‍ പോലും ഞാന്‍ തയ്യാറാവുമായിരുന്നു”. ഇബ്രാഹിമിന്റെ ദുഃഖം മനസ്സിലാക്കിയ ദൈവം അദ്ദേഹത്തിന്‌ ഒരു കുഞ്ഞിനെ നല്‍കാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യ ഹാജറ ഗര്‍ഭിണിയായി ഒരു മകനെ പ്രസവിച്ചു. അവന്‌ അവര്‍ ഇസ്മായില്‍ എന്നു പേരിട്ടു.

വാര്‍ദ്ധക്യകാലത്തുണ്ടായ തന്റെ അരുമക്കുഞ്ഞിനെ ഇബ്രാഹിം വളരെ സ്നേഹിച്ചു. ദൈവത്തിന്‌ അദ്ദേഹം നന്ദിപറഞ്ഞു. അങ്ങനെയിരിക്കെ, ഇബ്രാഹിമിന്‌ തന്നോടുള്ള ഇഷ്ടവും ബഹുമാനവും എത്രത്തോളമുണ്ട്‌ എന്നറിയുവാനായി ദൈവം ഇബ്രാഹിമിനെ ഒന്നു പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. ഒരു ദിവസം ദൈവം ഇബ്രാഹിമിനോട്‌ ഇങ്ങനെ പറഞ്ഞു: "ഇബ്രാഹിമേ, നിന്റെ പ്രിയപുത്രനായ ഇസ്മയിലിനെ നീ എനിക്ക്‌ തരണം. അവനെ നീ എനിക്കായിട്ട്‌ ബലിഅറുക്കുക".

സാധാരണ, ആടുകളെയായിരുന്നു അക്കാലത്ത് ബലിഅറുത്തിരുന്നത്. ഇവിടെ ദൈവം പറയുന്നത്‌ സ്വന്തം കുഞ്ഞിനെത്തന്നെ ബലിഅറുക്കാനാണ്. ഇബ്രാഹിമിന്‌ ആദ്യം വലിയ വിഷമം തോന്നി. എങ്കിലും ദൈവത്തിനോടുള്ള അതിയായ സ്നേഹവും, വിശ്വാസവും കാരണം ദൈവം ആവശ്യപ്പെട്ടകാര്യം ചെയ്യുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.

ഭാര്യയായ ഹാജറയോട്‌ താന്‍ കുട്ടിയേയും കൂട്ടി ഒരു സ്ഥലംവരെ പോകുകയാണെന്നുമാത്രം പറഞ്ഞിട്ട്‌ ഇബ്രാഹിം ദൂരെ ഒരു സ്ഥലത്തേക്ക്‌ യാത്രയായി. വഴിയില്‍ വച്ച്‌ ഇബ്രാഹിം ഇസ്മയിലിനോട്‌ ദൈവം തന്നോടാവശ്യപ്പെട്ട കാര്യമെന്താണെന്ന് അറിയിച്ചു. അതുകേട്ടപ്പോള്‍ ഇസ്മായില്‍ പറഞ്ഞു “പിതാവേ, അങ്ങ് ഒട്ടും അധൈര്യപ്പെടേണ്ട. ദൈവം അങ്ങയോടാവശ്യപ്പെട്ടകാര്യം പൂര്‍ണ്ണസന്തോഷത്തോടെ നടപ്പിലാക്കുക. അവിടുന്നു തന്നെ നമ്മെ കാത്തുകൊള്ളും”.

അങ്ങനെ നടന്നു നടന്ന് അവര്‍ ബലിയര്‍പ്പിക്കാനുള്ള സ്ഥലത്തെത്തി. അവസാനമായി പിതാവും മകനും കെട്ടിപ്പിടിച്ച് പരസ്പരം ചുംബിച്ചു. സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട്‌ ഇസ്മയിലെനെ ഇബ്രാഹിം ഒരു പാറമേല്‍ കിടത്തി. എന്നിട്ട്‌ അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “‘ദൈവമേ, അവിടുന്ന് എന്നോട് കല്‍പ്പിച്ച കാര്യം ഞാനിതാ ‍‍പൂര്‍ണ്ണ മനസ്സോടെ അനുസരിക്കുന്നു“. അതിനുശേഷം ഇബ്രാഹിം കത്തിയെടുത്ത്‌ ഇസ്മയിലിന്റെ കഴുത്തറക്കാനായി ആഞ്ഞുവെട്ടി. അത്ഭുതം! ഒന്നും സംഭവിച്ചില്ല!! പകരം പുറകില്‍ നിന്നും ഒരു ശബ്ദംകേട്ടു.

"ഇബ്രാഹിമേ.... കുട്ടിയുടെമേല്‍ ഇനി കൈവയ്ക്കരുത്‌" ദൈവം അയച്ച ഒരു മാലാഖയായിരുന്നു അത്‌. മാലാഖപറഞ്ഞു: "ഇബ്രാഹിം, നിന്റെ വിശ്വാസത്തില്‍ ദൈവം അതിയായി പ്രസാദിച്ചിരിക്കുന്നു. ഇതാ, ഇവിടെയൊരു ആട്‌ ഉണ്ട്‌. അതിനെ ബലിയായി അര്‍പ്പിച്ചിട്ട്‌ കുഞ്ഞിനേയും കൂട്ടി സന്തോഷമായി വീട്ടിലേക്ക്‌ പൊയ്ക്കൊള്ളുക".

അതിശയംതന്നെ, അവിടെയതാ മുള്‍ച്ചെടികള്‍ക്കിടയില്‍ ഒരു ആട്‌ നില്‍ക്കുന്നു. ഇബ്രാഹിം അതിനെ ബലിയായി അര്‍പ്പിച്ചിട്ട്‌ കുട്ടിയേയും കൂട്ടി വീട്ടിലേക്ക്‌ പോയി സന്തോഷമായി അനേകകാലം താമസിച്ചു. ഈ സംഭവത്തിന്റെ ഓര്‍മ്മയ്കായാണ്‌ ഇന്നും ബലിപെരുനാള്‍ കൊണ്ടാടുന്നത്‌.

എല്ലാവര്‍ക്കും ബലിപെരുനാള്‍ ആശംസകള്‍.

27 അഭിപ്രായങ്ങള്‍:

G.MANU December 17, 2007 at 1:53 PM  

appu.. baliperunnalinte katha kuttikalkku paranju kodutha reethi nannayi... relevant and readable articile..

kodu kai

ചാന്ദ്‌നി December 17, 2007 at 2:04 PM  

ഇതു വളരെ നന്നായി. വളരെ ലളിതമായി പറഞ്ഞു.
കഥ വായിയ്ക്കുന്നവര്‍ക്കും, അത്‌ കേട്ടിരിക്കുന്ന കുഞ്ഞുമനസ്സുകള്‍ക്കും....
സ്നേഹപൂര്‍‌വ്വം... "പെരുന്നാള്‍ ആശംസകള്‍" നേരുന്നു.

മന്‍സുര്‍ December 17, 2007 at 2:42 PM  

അപ്പുവേട്ടാ....

ഒരു പെരുന്നാല്‍ രാവ്‌ കൂടി വന്നിരിക്കുന്നു...സന്തോഷത്തിന്റെയും..സമാധാനത്തിന്റെയും..നന്‍മയുടെ രാവുകള്‍...പെരുന്നാളിനെ കുറിച്ച്‌ മനോഹരമായി..കഥയായി തന്നെ പറഞ്ഞിരിക്കുന്നു..മനോഹരം.
ഈ സുദിനത്തിന്റെ തുടക്കവും..അതിന്റെ ഉദ്യേശവും..അതിന്റെ അര്‍ത്ഥവും ഈ വിവരണത്തില്‍ വ്യക്തമായി പറയാന്‍ സാധിച്ചിരിക്കുന്നു.

അഘോഷങ്ങള്‍ അര്‍ത്ഥമാക്കുന്നത്‌..ഒത്തുചേരലാണ്‌... സ്നേഹവും , ബന്ധങ്ങളും ഊട്ടി ഉറപ്പിക്കുക. ഉള്ളവന്‍ ഇല്ലാത്തവന്‌ കൊടുക്കുക..

എല്ല മതങ്ങളും നമ്മോട്‌ ചൂണ്ടി കാട്ടുന്നത്‌ ഇതൊക്കെയാണ്‌... മതങ്ങളുടെ ആശയങ്ങളിലും..ദൈവങ്ങളുടെ രൂപത്തിലുമാണ്‌ മാറ്റങ്ങള്‍ ഉള്ളത്‌..പക്ഷേ ഒന്ന്‌ സത്യമാണ്‌...

ദൈവത്തിന്റെ അനുഗ്രഹം...എല്ലാവരിലും ഒരു പോലെയാണ്‌ വര്‍ഷിക്കുന്നത്‌...

ശ്രീനാരായണ ഗുരു അരുളിയ പോലെ.... നന്‍മയുടെ...സ്നേഹത്തിന്റെ... അറിവിന്റെ.... മനുഷ്യരായ്‌ നമ്മുക്ക്‌ വളരാം

ഈ പെരുന്നാല്‍ പോസ്റ്റ്‌ ഒരു പെരുന്നാല്‍ സമ്മാനമായി സ്വീകരിക്കുന്നു...

അപ്പുവേട്ടനും , കുടുംബത്തിനും പെരുന്നാള്‍ ആശംസകള്‍

എല്ലാ ബ്ലോഗേര്‍സ്സിനും പെരുന്നാള്‍ ആശംസകള്‍

നന്‍മകള്‍ നേരുന്നു

ശ്രീ December 17, 2007 at 3:26 PM  

ഈ ഈദ് നാളുകളില്‍‌ നല്ല സന്ദേശം തരുന്ന കുട്ടിക്കഥ!

:)

പെരുന്നാള്‍‌ ആശംസകള്‍‌!

Areekkodan | അരീക്കോടന്‍ December 17, 2007 at 3:27 PM  

പെരുന്നാള്‍ പോസ്റ്റ്‌ വളരെ നന്നായി.മുഴുവന്‍ ബൂലോകര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

മുരളീധരന്‍ വി പി December 17, 2007 at 3:33 PM  

കഥ നന്നായി, മോള്‍ക്കിഷ്ടവുമായി.. പക്ഷെ അവള്‍ക്കൊരു സംശയം. കുട്ടിയെ ബലിയില്‍ നിന്നും രക്ഷിച്ച ദൈവം എന്തു കൊണ്ട് ആടിനെയും രക്ഷിച്ചില്ലെന്നത്? അവള്‍ക്ക് പൂച്ച, ആട്, പശു എന്നിവയെ വളരെ ഇഷ്ടമാണ്...

അഭിലാഷങ്ങള്‍ December 17, 2007 at 3:41 PM  

എല്ലാ കൂട്ടുകാര്‍ക്കും പെരുനാള്‍ ആശംസകള്‍..

ബാജി ഓടംവേലി December 17, 2007 at 3:43 PM  

പെരുന്നാള്‍‌ ആശംസകള്‍‌!

Ziya December 17, 2007 at 3:58 PM  

നല്ല അവതരണം....ഇഷ്ടപ്പെട്ടു :)
ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍...

മുസ്തഫ|musthapha December 17, 2007 at 4:10 PM  
This comment has been removed by the author.
മുസ്തഫ|musthapha December 17, 2007 at 4:10 PM  

ദൈവമാര്‍ഗ്ഗത്തിലുള്ള ആ ത്യാഗത്തിന്‍റെ കഥ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു... അപ്പു വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങള്‍...

ഏവര്‍ക്കും സ്നേഹത്തോടെ ബലിപെരുന്നാള്‍ ആശംസകള്‍!

സുല്‍ |Sul December 17, 2007 at 4:20 PM  

ഞമ്മള് പറയാനിരുന്നത് ഇങ്ങള് പറഞ്ഞീക്ക്ണ്...
പെര്ത്തിഷ്ടായി.

എല്ലാര്‍ക്കും ഈദ് മുബാറക്ക്.

-സുല്‍

ചീര I Cheera December 17, 2007 at 4:48 PM  

നന്നായി..
പറഞ്ഞുകൊടുക്കാന്‍ പറ്റിയതായി..
പെരുന്നാള്‍ ആശംസകള്‍..

un December 17, 2007 at 5:09 PM  

അപ്പൂ, കേട്ട കഥയാണെങ്കിലും ഒന്നൂടെ പറഞ്ഞുകേട്ടതില്‍ സന്തോഷം!
പെരുന്നാള്‍ ആശംസകള്‍!

ഉപാസന || Upasana December 17, 2007 at 5:17 PM  

പെരുന്നാളാശംസകള്‍
:)
ഉപാസന

അലി December 17, 2007 at 5:52 PM  

പെരുന്നാള്‍‌ ആശംസകള്‍‌!

കുഞ്ഞായി | kunjai December 17, 2007 at 9:52 PM  

കൊള്ളാം ...എന്റെ പെരുന്നാളാശംസകള്‍

പ്രയാസി December 17, 2007 at 10:44 PM  

അപ്പുവേട്ടാ... കലക്കി..:)

എല്ലാവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍..

ഏ.ആര്‍. നജീം December 18, 2007 at 2:15 AM  

എന്നും മനസില്‍ സൂക്ഷിക്കുന്ന ത്യാഗത്തിന്റെ കഥയാണ് ഇതെങ്കിലും അപ്പുവിന്റെ അവതരണ രസം കൊണ്ട് ഒരു കൊച്ച് കുഞ്ഞിനെ പോലെ ഞാനും വായിച്ചു രസിച്ചു,

എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍...

മയൂര December 18, 2007 at 3:29 AM  

വളരെ ലളിതമായി പറഞ്ഞിരിക്കുന്നു...
ബലിപെരുന്നാള്‍ ആശംസകള്‍!

ദിലീപ് വിശ്വനാഥ് December 18, 2007 at 7:35 AM  

അപ്പുവേട്ടാ.. കഥ നന്നായി.
ബലിപെരുനാള്‍ ആശംസകള്‍

പി.സി. പ്രദീപ്‌ December 18, 2007 at 8:04 AM  

അപ്പുവേ...
കൊള്ളാം.

പെരുന്നാള്‍ ആശംസകള്‍ നേരുന്നൂ എല്ലാവര്‍ക്കും സ്നേഹത്തോടെ:)

Murali K Menon December 18, 2007 at 12:05 PM  

അബ്രഹാമിന്റെ ബലി വായിച്ചു. അപ്പു എന്ന പേരിട്ട് ഇപ്പോള്‍ കുട്ടികളുടെ കൂടെ കളിച്ച് നടക്കുകയാണല്ലേ,,, കുട്ടികളെ സന്തോഷിപ്പിക്കാന്‍ കഴിയുന്നതിനപ്പുറം മറ്റൊരു സന്തോഷം എന്താണ്. നിഷ്ക്കളങ്കരായ കുട്ടികള്‍ മാത്രമേ മനസ്സു തുറന്ന് ഇഷ്ടായി എന്നു പറയു... അതുകൊണ്ട് സപര്യ തുടരുക...ഭാവുകങ്ങള്‍

മറ്റൊരാള്‍ | GG December 18, 2007 at 12:09 PM  

ഉടനെ കഴുത്തെന്റേതറക്കൂ ബാപ്പാ...
പടച്ചോന്‍ തുണയേകും നമുക്ക് ബാപ്പാ...
എന്ന പാട്ട് ഒരിക്കല്‍കൂടി ഓര്‍ത്തുപോയി.

ശ്രീലാല്‍ December 18, 2007 at 7:35 PM  

എല്ലാ സ്നേഹിതര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.

അപ്പുമാഷേ, കേട്ടതെങ്കിലും വായിക്കുമ്പോള്‍ ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും മൂല്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു ഇത്തരം കഥകള്‍. ഇനിയും എഴുതൂ.

deepdowne December 19, 2007 at 2:04 AM  

"ഈദ്‌ പെരുനാള്‍ അഥവാ ബലിപെരുനാള്‍"എന്നെഴുതിയിരിക്കുന്നല്ലോ. ഈദ്‌ എന്നാല്‍ പെരുന്നാള്‍ എന്നല്ലേ അര്‍ത്ഥം. ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്‌ഹ രണ്ടും ഈദ്‌ തന്നെയാണ്‌ . ബക്രീദ്‌ മാത്രമല്ല ഈദ്‌.

മുരളീധരന്റെ കമന്റിനെ അത്യധികം വിലമതിക്കുന്നു.