Friday, November 16, 2007

അമ്മപറയുന്നത് അനുസരിക്കാഞ്ഞാല്‍

കൊച്ചുകൂട്ടുകാരേ, കഥ കേള്‍ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ, അല്ലേ? എങ്കില്‍, ഈ മഷിത്തണ്ടില്‍ നമുക്കിനി ഒരു കഥ വായിക്കാം.

പണ്ട്‌ പണ്ട്‌ ഒരു വീട്ടില്‍ ഒരമ്മയാടും ഒരു കുഞ്ഞാടും ഉണ്ടായിരുന്നു. കാടിന്റെ അടുത്തായിരുന്നു അവരുടെ വീട്‌. കാട്ടില്‍ ആരെക്കെയുണ്ടെന്നറിയുമോ? സിംഹം, കടുവാ, പുലി, ചെന്നായ്‌, ആന, കുരങ്ങന്‍ ഇങ്ങനെ പലജാതി മൃഗങ്ങള്‍ ഉണ്ട്‌. കുഞ്ഞാടാണെങ്കിലോ, വലിയ കുസൃതിക്കുട്ടന്‍, തുള്ളിച്ചാടി ഓടിനടക്കും. പൂച്ചക്കുഞ്ഞിന്റെയും പട്ടിക്കുഞ്ഞിന്റെയും കാക്കയുടേയുമൊക്കെ പുറകേകൂടും. ഓടിച്ചാടി അവനെവിടെക്കൊ പോകുമെന്ന് ആര്‍ക്കറിയാം? കാട്ടിലെങ്ങാനും പോയാലോ? അതുകൊണ്ട്‌ അമ്മയാടിന്‌ പേടിയാണ്‌. അമ്മയാട്‌ എപ്പോഴും കുഞ്ഞിനോടു പറയും "കുഞ്ഞേ നീയിങ്ങനെ ഓടി ഓടി വഴിതെറ്റി കാട്ടിലൊന്നും ചെന്നു കയറല്ലേ, അവിടെ ചെന്നായും പുലിയുമൊക്കെയുണ്ട്‌. നിന്നെ പിടിച്ചുതിന്നും അവന്മാര്‍". "ഇല്ലമ്മേ ഞാന്‍ ദൂരെയെങ്ങും പോവില്ല" കുഞ്ഞാടു പറഞ്ഞു. അവന്‍ അമ്മയോട് അങ്ങനെ പറയുമായിരുന്നെങ്കിലും അമ്മ അറിയാതെ ദൂരെയൊക്കെപ്പോയി കാടും, നാടും ഒക്കെ ചുറ്റിനടന്നു കാണാന്‍ അവന്‍ എപ്പോഴും കൊതിയായിരുന്നു.


അങ്ങനെയിരിക്കുമ്പോ ഒരു ദിവസം നിലാവുള്ള ഒരു രാത്രിയില്‍ കുഞ്ഞാട്‌ കൂടിന്റെ വെളിയിലിറങ്ങി കളിക്കുവാന്‍ തുടങ്ങി. അപ്പോഴാണ്‌ ഒരു മിന്നാമിനുങ്ങ്‌ അതിലേ വന്നത്‌. "ഹായ്‌, എന്തു ഭംഗി. ഈ മിന്നാമിനുങ്ങിന്റെ കൂടെ ഒന്നു നടക്കാം" ആട്ടിന്‍കുട്ടി അങ്ങനെ മിന്നാമിനുങ്ങിന്റെ പുറകേ നടന്നു. അങ്ങനെ നടന്നു നടന്ന് മിന്നാമിനുങ്ങ്‌ പറമ്പും കടന്ന് പുറത്തേക്ക്‌ പോയി. ആട്ടിന്‍ കുട്ടി വിചാരിച്ചു "ഓ സാരമില്ലെന്നേ, നല്ല വെട്ടമുണ്ടല്ലൊ, വഴിയൊന്നും തെറ്റുകയില്ല, അമ്മ ചുമ്മാതെ പേടിക്കുന്നതല്ലേ"

അങ്ങനെ നടന്ന് മിന്നാമിനുങ്ങും കുഞ്ഞാടുംകൂടെ കാട്ടിന്റെ ഒരരികിലെത്തി. കുഞ്ഞാടാണെങ്കിലോ ഇതൊന്നും അറിയാതെ നടപ്പുതന്നെ. പെട്ടന്ന് മിന്നാമിനുങ്ങിനെ കാണാതായി. ആട്ടിന്‍കുട്ടി ചുറ്റും നോക്കി. അയ്യോ, ഇരുട്ടാണല്ലോ എല്ലായിടത്തും, വഴിയും കാണുന്നില്ല" അവനങ്ങനെ വിഷമിച്ചു നില്‍ക്കുമ്പോള്‍ പുറകിലൊരു മുരള്‍ച്ചകേട്ടു. തിരിഞ്ഞുനോക്കിയപ്പാള്‍ ആരു നില്‍ക്കുന്നൂ ? ഒരു ചെന്നായ്‌! "എടാ കുഞ്ഞാടേ, നിന്നെ ഇന്നു ഞാന്‍ പിടിച്ചുതിന്നുമെടാ...ഗര്‍‌ര്‍‌ര്‍.... " ചെന്നായ നാവില്‍ വെള്ളമൂറിക്കൊണ്ടു പറഞ്ഞു.

പേടിച്ചുപോയ കുഞ്ഞാട്‌ മുന്നില്‍ക്കണ്ട കാടും പുല്ലും വള്ളികളും എല്ലാം ചവിട്ടി അമ്മേ, അമ്മേന്നു വിളിച്ചുകൊണ്ട്‌ ഓടി. ചെന്നായ പുറകെ. മുള്ളുകൊണ്ട് ആട്ടിന്‍ കുട്ടിയുടെ ദേഹമൊക്കെ മുറിഞ്ഞു. കുഞ്ഞാട്‌ വിചാരിച്ചു... "അയ്യോ എന്റെ അമ്മ പറഞ്ഞതു കേള്‍ക്കാഞ്ഞിട്ടല്ലേ ഇങ്ങനെയൊക്കെ വന്നത്‌... എന്റമ്മ ഇപ്പോ എന്നെക്കാണാതെ വിഷമിക്കുമായിരിക്കുമല്ലോ". അവന്‍ ഓടി ഓടി അവസാനം ഒരു കുറ്റിക്കാട്ടിനുള്ളില്‍കയറി ഒളിച്ചു. ചെന്നായ അതിനു ചുറ്റും നടക്കാന്‍ തുടങ്ങി.

ഇത്രയും സമയമായപ്പോഴേക്ക്‌ കുഞ്ഞാടിനെകാണാതെ അമ്മയാട്‌ കരയാന്‍ തുടണ്ടി. അവളുടെ കരച്ചില്‍ കേട്ട്‌ വീട്ടിലെ വളര്‍ത്തുനായ വീരന്‍ അവിടെയെത്തി. അമ്മയാടു പറഞ്ഞു,“വീരാ, എന്റെ കുഞ്ഞിനെ കാണുന്നില്ലെടാ, നീ ഒന്നുപോയി നോക്കാമോ"

വീരന്‍ ഉടന്‍തന്നെ കുഞ്ഞാടുപോയ വഴിയേ മണംപിടിച്ച്‌ ഓടി കാട്ടിലെത്തി. അവിടെയെത്തിയപ്പൊള്‍ എന്താ കണ്ടത്‌? കുഞ്ഞാടിനെ പിടിക്കാനായി ഒരുങ്ങിനില്‍ക്കുന്ന ചെന്നായ. ഉറക്കെ കുരച്ചുകൊണ്ട്‌ വീരന്‍ ചെന്നായുടെ അടുത്തേക്ക്‌ ചാടി. കുറേ കടിപിടികള്‍ക്കു ശേഷം തോറ്റോടിയ ചെന്നായ കാട്ടിലേക്ക്‌ ഓടിപ്പോയി.

വീരന്‍ കുഞ്ഞാടിനേയും കൂട്ടി വീട്ടിലേക്ക്‌ പോന്നു. വരുന്ന വഴിക്ക്‌ അവന്‍ കുഞ്ഞാടിനോടു പറഞ്ഞു, "കുഞ്ഞേ, നീ നിന്റെ അമ്മ പറഞ്ഞതു കേട്ടിരുന്നെങ്കില്‍ ഇങ്ങനെ വരുമായിരുന്നോ. ഇനി ഇങ്ങനെ തനിയെ എങ്ങും പോകരുത്‌ കേട്ടോ" കുഞ്ഞാടു പറഞ്ഞു "ശരി വീരമ്മമ്മാ, ഞാനിനി എന്റെ അമ്മ പറയുന്നത്‌ അനുസരിച്ചോളാം.."

കുഞ്ഞാടിനെ അമ്മയാടിന്റെ കൈയ്യിലേല്‍പ്പിചിട്ട്‌ വീരന്‍ വീട്ടുകാവലിനായി പോയി.

ഈ കഥയില്‍നിന്നും കൊച്ചുകൂട്ടുകാര്‍ എന്തു ഗുണപാഠമാണ് പഠിച്ചത്? നമ്മുടെ അച്ഛനും അമ്മയും പറയുന്ന കാര്യങ്ങള്‍ നാം അനുസരിക്കണം. അല്ലെങ്കില്‍ ആപത്തുകളില്‍ ചെന്നുചാടുകയായിരിക്കും ഫലം.


=============================================================================
ഇതൊരു പഴയനാടോടിക്കഥ തന്നെയാണ്. കഥയിലെ കഥാപാത്രങ്ങള്‍ ആരും മരിക്കുന്നത്‌ ഇഷ്ടമല്ലാത്ത കൊച്ചുകുട്ടികള്‍ക്കുവേണ്ടി ഒരല്‍പ്പം മാറ്റംവരുത്തിയ പഴയകഥ.

15 അഭിപ്രായങ്ങള്‍:

അപ്പു November 16, 2007 at 9:17 AM  

മഷിത്തണ്ടിലെ കൊച്ചുകൂട്ടുകാര്‍ക്കായി ഒരു കൊച്ചുകഥ

മഴത്തുള്ളി November 16, 2007 at 9:29 AM  

അപ്പൂ, ഇത് കൊച്ചുകൂട്ടുകാര്‍ക്ക് എന്തായാലും രസിക്കുന്ന ഒരു കഥ തന്നെ. ചെറുപ്പകാലത്ത് കേട്ട കഥകളൊക്കെ ഇത് വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തി.

ഇനിയും പോരട്ടെ മാഷേ. ആശംസകള്‍. :)

G.manu November 16, 2007 at 9:36 AM  

kathha kalakki appooose

ശ്രീ November 16, 2007 at 10:31 AM  

അങ്ങനെ കുട്ടിക്കഥയുമായി.

:)

::സിയ↔Ziya November 16, 2007 at 2:51 PM  

പോരട്ടെ അപ്പു മാഷേ കുഞ്ഞു കുഞ്ഞു കഥകള്‍ :)
എന്തായാലും ഈ മാറ്റം കുഞ്ഞുങ്ങള്‍ക്ക് രസിക്കും...

കുഞ്ഞന്‍ November 16, 2007 at 3:09 PM  

അപ്പുമാഷെ..

കഥ വളരെ നന്നായി..കൊച്ചു കുട്ടികള്‍ക്കു വായിച്ചെ കേള്‍പ്പിക്കാന്‍ പറ്റിയ ഇതുപോലത്തെ കഥകള്‍ നിറച്ചും എഴുതൂ...!

പിന്നെ ‘"ശരി വീരാ, ഞാനിനി എന്റെ അമ്മ പറയുന്നത്‌ അനുസരിച്ചോളാം.." ശരി വീരനമ്മാവാ എന്നാക്കിയിരുന്നെങ്കില്‍ ഇത്തിരികൂടി നന്നായേനെയെന്നൊരു അഭിപ്രായമെനിക്കുണ്ട്, അത് കുട്ടികള്‍ക്ക് മുതിര്‍ന്നവരോട് ബഹുമാനത്തോടെ സംസാരിക്കണമെന്നുള്ള സന്ദേശവുമാവുകയും ചെയ്യും...!

കുട്ടിച്ചാത്തന്‍ November 16, 2007 at 3:24 PM  

ചാത്തനേറ്:“എടാ കുഞ്ഞാടേ, നിന്നെ ഇന്നു ഞാന്‍ പിടിച്ചുതിന്നുമെടാ” ചെന്നായ് ആളൊരു ഗുണ്ടയാണല്ലോ

“കുഞ്ഞാടേ നിന്നെ ഞാന്‍ തിന്നാന്‍ പോവുവാ വേണേല്‍ ഒന്നു പ്രാര്‍ത്ഥിച്ചോ “

ആ കിട്ടിയ അവസരത്തില്‍ കുഞ്ഞാട് ദൈവത്തെ വിളിച്ച് ഉറക്കെ പ്രാര്‍ത്ഥിച്ചു.

കുഞ്ഞാടിനെ തിരക്കി നടക്കുകയായിരുന്ന വീരന്‍ ആ ശബ്ദം കേട്ടു.

[ചുമ്മാ എഴുതീതാ പ്രാര്‍ത്ഥന എന്ന സാധനം ഇവിടെ കുത്തിക്കേറ്റാന്‍ പറ്റൂലെ? പിന്നെ ചെന്നായയെ കുറച്ചൂടെ ഡീസന്റുമാക്കി]

ചന്ദ്രകാന്തം November 16, 2007 at 6:01 PM  

കേട്ടു മറന്ന കഥകള്‍, പുതിയ തലമുറയ്ക്ക്‌ ഇഷ്ടമാവുന്ന വര്‍ണ്ണപ്പകിട്ടോടെ.. ഈ വഴിലൂടെ കടന്നു വരുമ്പോള്‍, നമ്മുടെ മനസ്സ്‌ വളരെ പിന്നോട്ടു നടക്കുന്ന അനുഭവം.. !!
വളരെ സന്തോഷം തോന്നി.

മുരളി മേനോന്‍ (Murali Menon) November 16, 2007 at 7:07 PM  

കഥകള്‍ കേള്‍ക്കാതെ വളരാന്‍ വിധിക്കപ്പെട്ട ഇക്കാലത്തെ കുട്ടികള്‍ക്ക് ഇങ്ങനെയുള്ള കഥകള്‍ വായിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും അതൊരു വലിയ അനുഗ്രഹമായിരിക്കും.
ആശംസകളോടെ,

വാല്‍മീകി November 17, 2007 at 4:03 AM  

അപ്പുമാഷെ, വളരെ നന്നായി..ഇതുപോലത്തെ കഥകള്‍ ഇനിയും എഴുതൂ...!

മന്‍സുര്‍ November 17, 2007 at 3:32 PM  

അപ്പൂസ്‌...

നന്നായിരിക്കുന്നു.....ഈ കുഞ്ഞിബല്യ കഥ....തുടരുക

അപ്പു നല്ല അപ്പു
കുഞ്ഞി പയ്യന്‍ അപ്പു
കുഞ്ഞി തലയില്‍ ഒത്തിരിയുണ്ടേ
കുഞ്ഞി കഥകള്‍ ഒരുപ്പാട്‌
കവിതകള്‍ ചൊല്ലും അപ്പു
കഥകള്‍ ചൊല്ലും അപ്പു
ആരും കാണതൊളിച്ചിരുന്നു
പാട്ടുകള്‍ പാടും അപ്പു
അപ്പു നല്ല അപ്പു
എന്റെ കൂട്ടുക്കാരന്‍ അപ്പു

നന്‍മകള്‍ നേരുന്നു

അപ്പു November 17, 2007 at 7:31 PM  

മന്‍സൂര്‍, കുഞ്ഞിപ്പാട്ടെനിക്കിഷ്ടമായി. പക്ഷേ ഒരു തിരുത്തുണ്ടേ.. ഒളിച്ചിരുന്നു പാട്ടു പാടുന്ന അപ്പൂ ഞാനല്ല, അത് അപ്പൂസാ. ഞാന്‍ ഒളിച്ചിരുന്നു ഫോട്ടോ എടുക്കുകയേ ഉള്ളു

സഹയാത്രികന്‍ November 17, 2007 at 7:56 PM  

അപ്പേറ്റാ..അപ്പേറ്റാ... എനിച്ച് ഇശ്റ്റായിറ്റാ...
ഇനീം വേനം കഥ... നാന്‍ പിന്നെ വരാറ്റാ...

:)

അപ്പ്വേട്ടാ വളരേ നല്ല കാര്യം...
:)

P.R November 18, 2007 at 4:33 PM  

രാത്രി ഉറക്കാന്‍ കിടത്തുമ്പോള്‍ കുട്ടികള്‍ക്ക് കഥ വേണം, സ്റ്റോക്കൊക്കെ കഴിഞ്ഞു, അങ്ങനെ ലൈബ്രറീന്ന് സുമംഗലയുടെ മിഠായിപ്പൊതി എടുത്ത് തല്‍ക്കാല്‍ം ല്കഴിഞു കൂടുന്നു...:)
ഇപ്പോളിനി വേറൊരു കഥയുമായല്ലോ എന്ന സന്തോഷത്തിലാണ് ഞാനിപ്പോള്‍..
ഇതു പോലെ വെറൊരു കഥ കേട്ടിട്ടുണ്ട്, കുരങ്ങന്‍ കുട്ടിയുടേം, സിംഹത്തിന്റേം കഥ.