Sunday, November 25, 2007

അഹങ്കാരത്തിന്റെ ഫലം

കൊച്ചു കൂട്ടുകാരേ, ഇന്നു നമ്മള്‍ പറയാന്‍ പോകുന്ന കഥ എന്താണെന്നറിയാമോ? അഹങ്കാരികളായ രണ്ടു കോഴികളുടെ കഥയാണിന്ന് നമ്മള്‍ പറയുന്നത്.

ഒരിക്കല്‍ രണ്ടു പൂവന്‍ കോഴികള്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. ആരാണ് തങ്ങളില്‍ കേമന്‍ എന്നായിരുന്നു അവരുടെ പ്രശ്നം. ആര്‍ക്കാണ് നല്ല പൂവുള്ളത്, ആര്‍ക്കാണ് നല്ല നിറമുള്ള തൂവലുകളുള്ളത്, ആര്‍ക്കാണ് കൂടുതല്‍ ശക്തിയുള്ളത് ഇങ്ങനെ വേണ്ടാത്തകാര്യങ്ങളെച്ചൊല്ലി അവര്‍ തമ്മില്‍ വഴക്കായി. വഴക്കിന്റെ അവസാനം അങ്ങോട്ടും ഇങ്ങോട്ടും അവര്‍ കൊത്തുകൂടാന്‍ തുടങ്ങി. കൊത്തിക്കൊത്തി അവരുടെ ദേഹവും, മുഖവും ഒക്കെ മുറിഞ്ഞു, ചോരയൊലിക്കുവാന്‍ തുടങ്ങി. എന്നിട്ടും രണ്ടുപേരും വിട്ടുകൊടുക്കാന്‍ ഭാവമില്ല.

അവസാനം കുറേ സമയം കഴിഞ്ഞ് അവരില്‍ ഒരു കോഴി വളരെ ക്ഷീണീച്ചു. അവന്‍ അവിടെനിന്നും ഓടിപ്പോയി. മറ്റേയാള്‍ എന്നിട്ടും വിടാതെ പുറകേപോയി അവനെ കൊത്തിയോടിച്ചു. തോറ്റോടിയ പൂങ്കോഴി നാണിച്ച് ഒരു സ്ഥലത്തു പോയി ഒളിച്ചിരുന്നു.

ജയിച്ച പൂങ്കോഴി എന്തു ചെയ്തെന്നോ? അവന്‍ ഉറക്കെ കൂവി “കൊക്കരോ കോ.....കൊക്കരക്കോ കോ.....” അതുകേട്ട് ബാക്കി കോഴികളൊക്കെ അവിടെയെത്തി. അവരോടെല്ലാം അവന്‍ ജയിച്ച കാര്യം പറഞ്ഞു. അപ്പോള്‍ അവനു തോന്നി, ഇത്രയും പോരാ വീടിനു മുകളില്‍ക്കയറിനിന്ന് ഉറക്കെ കൂവി എല്ലാരോടും ഞാന്‍ ജയിച്ച കാര്യം പറയണം. അങ്ങനെ അവന്‍ വീടിനു മുകളിലേക്ക് പറന്നു കയറി, അവിടെ നിന്നുകൊണ്ട് തലയുയര്‍ത്തിപ്പിടിച്ച് ഉറക്കെ കൂവാന്‍ തുടങ്ങി.

ഒരു വലിയ പരുന്ത് ആ സമയത്ത് തീറ്റതേടി അതിലേ പറക്കുകയായിരുന്നു. അപ്പോഴാണ് ഒരു കോഴി പുരപ്പുറത്തുകയറി നില്‍ക്കുന്നത് അവന്‍ കണ്ടത്. താമസിച്ചില്ല, പരുന്ത് പുറകിലൂടെ പറന്നുവന്ന് അഹങ്കാരിക്കോഴിയെ റാഞ്ചിയെടുത്തുകൊണ്ട് പോയി.... !! തിന്നു വിശപ്പടക്കി.

ഈ കഥയില്‍നിന്നും കൂട്ടുകാര്‍ എന്തു പഠിച്ചു? അഹങ്കാരം ആര്‍ക്കും നല്ലതല്ല. ഞാന്‍ കേമനാണ് എന്നു പറഞ്ഞ് നമ്മള്‍ ഞെളിഞ്ഞു നില്‍ക്കുമ്പോഴായിരിക്കും ആപത്തു വന്നുഭവിക്കുന്നത്.


===========================

അവലംബം : ഈസോപ്പ് കഥകള്‍

11 അഭിപ്രായങ്ങള്‍:

അപ്പു ആദ്യാക്ഷരി November 25, 2007 at 10:24 AM  

കൊച്ചുകൂട്ടുകാര്‍ക്കായി ഒരു കഥകൂടി മഷിത്തണ്ടില്‍

ചന്ദ്രകാന്തം November 25, 2007 at 1:53 PM  

കുഞ്ഞിക്കഥ നന്നായി.
കുട്ടികള്‍ക്കു മാത്രമല്ല, വലിയവര്‍ക്കും ഈ ഗുണപാഠം ഗുണം തന്നെ.

ബാജി ഓടംവേലി November 25, 2007 at 2:10 PM  

നല്ല കുഞ്ഞിക്കഥ.....

സാജന്‍| SAJAN November 25, 2007 at 2:23 PM  

ഇടക്കൊക്കെ ഇങ്ങനെയുള്ള കഥകള്‍ കേള്‍ക്കുന്നത് നല്ലതാണ് അപ്പു, ഡാങ്ക്സ്!

ഗീത November 25, 2007 at 3:57 PM  

നല്ല സന്ദേശം അടങ്ങിയ കഥ. തീര്‍ച്ചയായും കൊച്ചുകുട്ടികള്‍ക്ക് കുഞ്ഞുന്നാളിലേ പകര്‍ന്നു കൊടുക്കേണ്ടതുതന്നെ ഈ സന്ദേശം.

കുഞ്ഞന്‍ November 25, 2007 at 4:29 PM  

അപ്പൂ...

നല്ല കഥ പിന്നെ ഗീതേച്ചി പറഞ്ഞതില്‍ക്കൂടുതല്‍ എന്തു പറയും..അതു തന്നെ...!

Anonymous,  November 25, 2007 at 7:01 PM  

ഈ മഷിത്തണ്ട്‌ wordpress ന്റെ blogroll ല്‍
കണ്ടില്ല. എനിക്കിതിഷ്ടമായതിനാല്‍
അവരോട്‌ ചേര്‍ക്കാന്‍ പറഞ്ഞു.

ശ്രീ November 26, 2007 at 11:49 AM  

നല്ല ഗുണപാഠ കഥ തെന്ന്, അപ്പുവേട്ടാ...

:)

Ziya December 1, 2007 at 12:35 PM  

പനിയായതിനാല്‍ വായിക്കാന്‍ താമസിച്ചു...
നന്നായിരിക്കുന്നു :)