Saturday, May 31, 2008

അലസനു കൂട്ട് അലസന്‍

എനിക്കും കുറേ കുട്ടിക്കഥകള്‍ അറിയാം. മഷിത്തണ്ടിലേ കഥകളും കവിതകളും ഒക്കെ കാണുമ്പോള്‍ , വായിക്കുമ്പോള്‍ എനിക്കറിയാവുന്നവയും ഇതിലൂടെ ഒരിക്കല്‍ക്കൂടി ഒന്നു ഓര്‍ത്തെടുത്ത് ഇതിന്റെ വായനക്കാരായ നിഷ്കളങ്ക മനസ്സുകളോട് പങ്കുവൈക്കണം എന്നു ഒരു തോന്നല്‍ . ഇതൊന്നും എന്റെ സ്വന്തം അല്ല. കുട്ടിയായിരുന്നപ്പോള്‍ കേട്ടതും എന്റെ കുട്ടികള്‍ക്കുവേണ്ടി എവിടുന്നൊക്കെയോ വായിച്ചെടുത്തതും . പറഞ്ഞോട്ടെ ഞാന്‍...


പണ്ട് പണ്ട് ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു.അയാള്‍ക്ക് ആറു കഴുതകളും.അവയില്‍ ഒരെണ്ണം ചത്തുപോയി.പിന്നെയുള്ള അഞ്ചു കഴുതകളില്‍ നാലെണ്ണവും നല്ല ചുണക്കുട്ടന്മാരായിരുന്നു, എന്നാല്‍ അഞ്ചാമനാകട്ടെ മഹാ മടിയനും അനുസരണയില്ലാത്തവനും ആയിരുന്നു.അതുകാരണം മറ്റു നാലുകഴുതകള്‍ക്കും വളരെക്കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വന്നു.അതുകാരണം പുതിയ ഒരു കഴുതയെക്കൂടെ വാങ്ങാന്‍ കൃഷിക്കാരന്‍ തീരുമാനിച്ചു.
ഗ്രാമത്തില്‍ ഒരാള്‍ക്ക് ഒരു കഴുതയെവില്‍ക്കാനുണ്ട് എന്നു കൃഷിക്കാരന്‍ അറിഞ്ഞു.അയാള്‍ അവിടെയെത്തി കഴുതയെക്കണ്ടു വിലയും ഉറപ്പിച്ചു.പക്ഷെ ഒരു വ്യവസ്ഥ. കഴുതയുടെ സ്വഭാവവും രീതികളും കൊള്ളാമോ എന്നു ഉറപ്പാക്കണം.അതിനായി കഴുത ഒരു ദിവസം കൃഷിക്കാരന്റെ കൂടെനില്‍ക്കണം.കഴുതയെ തൃപ്തിപ്പെട്ടങ്കില്‍ കച്ചവടം നടക്കും.വില്പനക്കാരനും ആ വ്യവസ്ഥ സമ്മതിച്ചു.



കൃഷിക്കാരന്‍ കഴുതയുമായി വീട്ടില്‍ എത്തി. ആ കഴുതയെ അയാള്‍ മറ്റു കഴുതകളോടൊപ്പം വിട്ടു. അദ്ധ്വാനികളായ കഴുതകള്‍ പണിയെടുത്തുകൊണ്ടിരിക്കയായിരുന്നു. എങ്കിലും നവാഗതനെ സ്വീകരിക്കാന്‍ അവര്‍ സമയം കണ്ടെത്തി, പക്ഷെ നവാഗതനു അവരെ അത്ര രസിച്ചില്ല.അവരെ അവന്‍ പുഛത്തോടെ നോക്കി. അലസന്‍ കഴുത കുറേ മാറി ഒരു പണിയും ചെയ്യാതെ നില്‍ക്കുന്നുണ്ടായിരുന്നു. നവാഗതന്‍ ഉടന്‍ തന്നെ അലസന്‍ കഴുതയുടെ അടുത്തെത്തി, വേഗം തന്നെ അവര്‍ ചെങ്ങാതികളും ആയി. വര്‍ഷങ്ങളായി പരിചയമുള്ള ചെങ്ങാതിമാരെപ്പോലെ അവര്‍ സൊറ പറയുകയും ഉരുമ്മിനിന്നു സ്നേഹം പ്രകടിപ്പിക്കയും ചെയ്തു.

കൃഷിക്കാരന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.’ഈ കഴുതയെ എനിക്കു വേണ്ട‘ ആയാള്‍ തീരുമാനിച്ചു. വൈകിയെങ്കിലും വാങ്ങിയ കഴുതയെ കെട്ടി വലിച്ചു കൊണ്ട് കൃഷിക്കാരന്‍ വില്പനക്കാരന്റെ അരികിലെത്തി. വില്പനക്കാരനു അത്ഭുതമായി. അയാള്‍ ചോദിച്ചു“രണ്ടു ദിവസം നിരീക്ഷണം നടത്തണമെന്നല്ലേ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍.......?”

“ഇവന്റെ കാര്യത്തില്‍ രണ്ടു ദിവസം ആവിശ്യമായി വന്നില്ല ,ചെന്നപാടെതന്നെ അവന്‍ അവന്റെ ശരിയായ സ്വഭാവം കാണിച്ചു. ഇവന്‍ ഒരു അലസന്‍ ആണ്.ഇവന്‍ അലസനോടു കൂടിയതില്‍ നിന്നും എനിക്കത് മനസ്സിലായി. നിങ്ങളുടെ കഴുതയെ എനിക്കു വേണ്ട, മാത്രമല്ല നിങ്ങള്‍ ചോദിക്കുന്ന വിലയുടെ പകുതി വിലക്ക് ഇതു പോലെ ഒരു കഴുതയെ ഞാന്‍ നിങ്ങള്‍ക്ക് തരാം”. കൃഷിക്കരന്‍ കഴുതയെ അവിടെ വിട്ട് തിരികെ പോയി.

ഇതിലെ ഗുണപാഠം എന്താണ്?

നമ്മുടെ കൂട്ടുകാരില്‍ നിന്നാണ് മറ്റുള്ളവര്‍ നമ്മെ അളക്കുന്നത്. ഒരേ സ്വഭാവഗുണം ഉള്ളവരാണ് ഒരുമിച്ചു കൂടുന്നത്.

8 അഭിപ്രായങ്ങള്‍:

ഉഷശ്രീ (കിലുക്കാംപെട്ടി) May 31, 2008 at 11:16 PM  

എനിക്കും കുറേ കുട്ടിക്കഥകള്‍ അറിയാം. മഷിത്തണ്ടിലേ കഥകളും കവിതകളും ഒക്കെ കാണുമ്പോള്‍ , വായിക്കുമ്പോള്‍ എനിക്കറിയാവുന്നവയും ഇതിലൂടെ ഒരിക്കല്‍ക്കൂടി ഒന്നു ഓര്‍ത്തെടുത്ത് ഇതിന്റെ വായനക്കാരായ നിഷ്കളങ്ക മനസ്സുകളോട് പങ്കുവൈക്കണം എന്നു ഒരു തോന്നല്‍ . ഇതൊന്നും എന്റെ സ്വന്തം അല്ല. കുട്ടിയായിരുന്നപ്പോള്‍ കേട്ടതും എന്റെ കുട്ടികള്‍ക്കുവേണ്ടി എവിടുന്നൊക്കെയോ വായിച്ചെടുത്തതും . പറഞ്ഞോട്ടെ ഞാന്‍...

ഹരീഷ് തൊടുപുഴ June 1, 2008 at 9:44 AM  

ഗുണപാഠം തികച്ചും ശരിയാണ്.

മിന്നാമിനുങ്ങുകള്‍ //സജി.!! June 1, 2008 at 12:14 PM  

ഓര്‍മകളുടെ ചില്ലുജാലകം തനിയെ തുറക്കുന്നൂ

ചന്ദ്രകാന്തം June 1, 2008 at 7:14 PM  

ഇനിയും..ഇനിയും..ഇനിയും..
ഇതുപോലുള്ള ഗുണപാഠകഥകള്‍.....ഓര്‍‌മ്മയുടെ തിരശ്ശീല നീക്കി കടന്നു വരട്ടെ.

ഗീത June 1, 2008 at 9:25 PM  

കഥ വളരെ നല്ലത്. ഗുണപാഠം തീര്‍ച്ചയായും കുഞ്ഞുങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതു തന്നെ. കിലുക്കാം പെട്ടിക്ക്‌ ആശംസകള്‍.

അപ്പു ആദ്യാക്ഷരി June 2, 2008 at 11:59 AM  

ഉഷച്ചേച്ചീ, മഷിത്തണ്ടിലേക്ക് ഹാര്‍ദവമായ സ്വാഗതം. നല്ല കഥ, നല്ല എഴുത്ത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഒരു അഭിപ്രായം മാത്രം ഞാന്‍ പറയട്ടെ. കുട്ടികളോട് പറയുന്ന രീതിയില്‍ അല്പം കൂടി ലളീതമായ ശൈലി ഉപയോഗിക്കാം എന്നു തോന്നുന്നു. നവാഗതന്‍, നിരീക്ഷണം, വ്യവസ്ഥ, അദ്ധ്വാനം, പുച്ഛം തുടങ്ങിയ വാക്കുകള്‍ (ഉദാഹരണം മാത്രം) എന്താണെന്ന് കഥവായിക്കുന്നവര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടി വരുമെന്ന് തോന്നുന്നു.

ഇനിയും എഴുതണേ. പുതിയതായി ഇവിടെ കഥപറയുവാന്‍ ഒരു ചേച്ചിയെകൂടെ കിട്ടിയതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ സന്തോഷമുണ്ട്.

Unknown June 2, 2008 at 11:16 PM  

പണ്ടൊക്കെ കുട്ടികഥകള്‍ പറഞ്ഞു തരാന്‍ നമ്മുക്കൊക്കെ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ
ഉണ്ടായിരുന്നു അതൊക്കെ കേട്ടല്ലെ ഉഷ ചേച്ചി ഈ തലമുറ വളര്‍ന്നത്(ഇന്നത്തെ ബ്ലോഗേഴ്സ് പലരും) പക്ഷെ ഇന്ന് കുട്ടികള്‍
ആ കാര്യത്തില്‍ ശരിക്കും അനാഥരാണ്

നന്ദകുമാര്‍ ഇളയത് സി പി June 5, 2008 at 7:14 PM  

ലെക്ചററെ കേമായി ണ്ട് ട്ടോ