Sunday, May 25, 2008

കാര്‍മുകിലേ...മാനത്തു മുട്ടുന്ന മാമല മേലേ...
മങ്ങിത്തുടങ്ങുന്ന സൂര്യന്നു താഴേ...
തെന്നിപ്പറക്കുന്ന കാറ്റിന്റെ കൂടേ...
കണ്ടല്ലോ കാക്കക്കറുമ്പി ഞാന്‍ നിന്നേ..

നീലക്കടലിലെ നീരെല്ലാം കോരീ..
ആകാശത്തോട്ടത്തിന്‍ ചാരത്തു കൂടീ..
പോരുമ്പോളാരേ പെരുമ്പറ കൊട്ടീ..
പേടിപ്പെടുത്തുവാനോടി വന്നെത്തീ..

ആടുന്നു പൊന്‍‌മയില്‍ പീലി വിടര്‍ത്തീ..
കാടിന്‍ തലപ്പുകള്‍ കാവടിയേറ്റീ..
മായുന്നു മാരിവില്‍ ചായം പരത്തീ..
മിന്നല്‍പ്പിണരുകള്‍ തോരണം തൂക്കീ..

വാടുന്ന പച്ചപ്പടര്‍പ്പിന്നു മീതേ..
പൂവാടി തീര്‍ക്കാനായെത്തുകയില്ലേ..
തണ്ണീരു താഴത്തു തൂവാത്തതെന്തേ..
മണ്ണിലെല്ലാവരും കാത്തിരിപ്പല്ലേ..

29 അഭിപ്രായങ്ങള്‍:

സ്വപ്നാടകന്‍ May 25, 2008 at 9:49 PM  

“ഠേ”!! കുട്ടിക്കവിതയ്ക്ക് എന്തൊരു ഭംഗിയാണ്‍!! :-) പാടിയതിവിടെ കേള്‍ക്കാം...

സുമേഷ് ചന്ദ്രന്‍ May 25, 2008 at 11:13 PM  

നല്ല പഷ്ട്-ക്ലാസ്സ് പാട്ട് ടീച്ചറേ... സൂപ്പര്‍ ഡൂപ്പര്‍!

(കുട്ടിക്കവിതയില്‍ പി എച്ച് ഡി ഉള്ള കാര്യം അറിയില്ലായിരുന്നു!)


കരിയുന്ന കര്‍ഷകസ്വപ്നത്തിന്‍ മീതേ
തലപൊക്കികേഴുന്ന തവളയ്ക്കും മേലേ
വരളുന്നൊരീമണ്ണിന്‍ മാറിലേയ്ക്കായാ
കുളിരുന്ന തുള്ളികള്‍ തൂവാത്തതെന്തേ...

:)

മഴത്തുള്ളി May 26, 2008 at 12:16 AM  

ചന്ദ്രകാന്തം,

വളരെ ഇഷ്ടപ്പെട്ടു ഈ കുട്ടിക്കവിത. നല്ല
താളാത്മകമായ വരികള്‍.

അതുപോലെ സ്വപ്നാടകന്‍ ഈണത്തോടെ രണ്ടു ശൈലിയില്‍ പാടിയതും അതിമനോഹരം :)

പാമരന്‍ May 26, 2008 at 1:04 AM  

താളവും കാവ്യഭംഗിയുമുള്ള വരികള്‍ ഇഷ്ടപ്പെട്ടു..

ഹരിയണ്ണന്‍@Hariyannan May 26, 2008 at 1:24 AM  

സൂപ്പര്‍ കുട്ടിക്കവിത!!

സുമേഷിട്ട അനുബന്ധവും കൊള്ളാം..

ചന്ദ്രകാന്തത്തിന് ഒരു ലാല്‍ സലാം!!

ശിവ May 26, 2008 at 4:46 AM  

എത്ര സുന്ദരമീ കവിത.....വരികള്‍ എത്ര താളാത്മകം....

പ്രിയ ഉണ്ണികൃഷ്ണന്‍ May 26, 2008 at 5:58 AM  

നല്ല രസമുണ്ടീ കുട്ടിക്കവിത

അപ്പു May 26, 2008 at 6:28 AM  

വളരെ നന്നായി എന്നു പറയേണ്ടതില്ലല്ലോ. നന്നായിരിക്കുന്നു. താളാത്മകമായവരികള്‍, നല്ല ഭാവന! ഒപ്പം മനോജ് പാടിയിരിക്കുന്ന ഈണങ്ങളും സുന്ദരം!

രാമചന്ദ്രന്‍ വെള്ളിനേഴി May 26, 2008 at 7:08 AM  

ഒത്തിരി നിരാശകള്‍ക്കും ദുഖങ്ങള്‍ക്കുമിടക്ക് ആശ്വാസമായി ചിലപ്പോള്‍ സുഖംവന്നെത്താറുണ്ട്, അതുപോലെ

ഭൂമിയെ കുളിരണിയിക്കാന്‍ പുതുമണ്ണിന്റെ ദിവ്യ സുഗന്ധം വിരിയിക്കാന്‍ ഇത്തിരി വൈകിയാണെങ്കിലും അവളെത്തും

അതിമനോഹരമായിരിക്കുന്നു ...എല്ലാവിധ ആശംസകളും നേരുന്നു.

കിലുക്കാംപെട്ടി May 26, 2008 at 7:08 AM  

‘മാനത്തു മുട്ടുന്ന മാമല മേലേ...
മങ്ങിത്തുടങ്ങുന്ന സൂര്യന്നു താഴേ...
തെന്നിപ്പറക്കുന്ന കാറ്റിന്റെ കൂടേ...
കണ്ടല്ലോ ‘ചന്ദ്രകാന്തമേ’നിന്നേ..“കുട്ടി കവിതയിലായാലും, വലിയവരുടെ കവിതയിലായാലും ഈ ബൂലോകത്തില്‍ നീ മാനത്തു തന്നെയാ . കേട്ടോ.

അഭിലാഷങ്ങള്‍ May 26, 2008 at 7:54 AM  

ചന്ദ്രകാന്തം..ചന്ദ്രകാന്തം....

നല്ലത്.. നല്ലത്.. വളരെ നല്ലത്...

ഇത് പറഞ്ഞ് പറഞ്ഞ് മടുത്തു.

എന്നാലും പിന്നേം പറയുന്നു. വളരെ നന്നായി. നല്ല താളത്തില്‍ ചൊല്ലാന്‍ പറ്റുന്ന വരികള്‍ മാത്രമല്ല ചന്ദ്രകാന്തത്തിന്റെ കുട്ടിക്കവിതകളുടെ പ്രത്യേകത, മറിച്ച് കറക്റ്റ് പ്ലേസില്‍ കറക്റ്റ് വേഡ്‌സ് ആണ് കവിതയിലുടനീളം ഉപയോഗിക്കാറ് എന്നതാണ് എനിക്ക് എപ്പോഴും തോന്നുന്ന ഒരു പ്ലസ് പോയ്ന്റ്.

ഓഫ് ടോപ്പിക്ക്: സ്വപ്നാടകന്‍ പാടിയതും കേട്ടു. രണ്ട് ഈണങ്ങളും ഇഷ്ടപ്പെട്ടു. അദ്ദേഹവും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ആ ഡെഡിക്കേഷനാണ് അവാര്‍ഡ് കൊടുക്കേണ്ടത്. നന്നായി മാഷേ. ഈ ഈണത്തില്‍ ഒരു BGM ആര്‍ക്കെങ്കിലും ഉണ്ടാക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ്. എങ്കില്‍ കൂടുതല്‍ രസമായേനേ. പിന്നെ ഇയാള്‍ രണ്ട് തവണ പാടിയപ്പോഴും കവിതയിലെ അവസാന വാക്കായ ‘കാത്തിരിപ്പല്ലേ?’ എന്നത് ‘കാത്തിരിപ്പില്ലേ?’ എന്നാണ് പാടിയിരിക്കുന്നത്. അത് സാരല്യ. രണ്ടാമത്തെ ഈണത്തില്‍ ‘പൂവാടി തീര്‍ക്കാനായെത്തുകയില്ലേ..‘ എന്നത് ‘പൂവാടി തീര്‍ക്കുവാനെത്തുകയില്ലേ?‘ എന്നും പാടി. അതും സാരല്യ. വരികളുടെ അര്‍ത്ഥം മാറിയൊന്നും ഇല്ലല്ലോ.. നന്നായി സ്വപ്നാടകാ. ഞാന്‍ താങ്കളുടെ ഡെഡിക്കേഷന് 100 മാര്‍ക്ക് നല്‍കുന്നു.

:-)

ഗുരുജി May 26, 2008 at 8:22 AM  

എന്തു രസമുള്ള കവിത..
പദവിന്യാസമാണ്‌ കവിതയുടെ ഊര്‍ജ്ജമെന്ന്‌ ഇതുകണ്ടു എല്ലാവരും പഠിക്കട്ടെ...അക്ഷരങ്ങള്‍ കോറിയിടുന്നതല്ല, കോരിയിടുന്നതാണ്‌ കവിത........വളരെ നല്ല കവിത......പറയാതെ വയ്യ..

G.manu May 26, 2008 at 9:32 AM  

മനോഹരമായ കവിത..
മാസ്റ്റര്‍ പീസ് ഫ്രം ചന്ദ്രകാന്തം.
പലതവണ മൂളി

kaithamullu : കൈതമുള്ള് May 26, 2008 at 11:04 AM  

നല്ല കവിത, കുട്ടിക്കവിത.

മുസാഫിര്‍ May 26, 2008 at 11:15 AM  

കുട്ടികളുടെ മനസ്സുള്ളവര്‍ക്കേ ഇങ്ങിനെ കുട്ടികള്‍ക്ക് രസിക്കുന്ന കവിത എഴുതാന്‍ പറ്റൂ എന്ന് തോന്നി ഇതു വായിച്ചപ്പോള്‍.ഇഷ്ടപ്പെട്ടു ചന്ദ്രകാന്തം.

ശ്രീ May 26, 2008 at 12:48 PM  

മനോഹരം ചേച്ചീ.
:)

കാവലാന്‍ May 26, 2008 at 1:47 PM  

കൈക്കുമ്പിളില്‍ കോരിയെടുക്കാവുന്ന ലാളിത്യം കവിതയ്ക്ക്.
കവിത കഴിയാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുവളരെ നന്നായിരിക്കുന്നു.

Sharu.... May 26, 2008 at 2:00 PM  

മനോഹരമായ കുട്ടിക്കവിത.... :)

Rare Rose May 26, 2008 at 2:27 PM  

നല്ല ഈണമുള്ള സുന്ദരമായ കുഞ്ഞിക്കവിത...നന്നായിട്ടുണ്ട് ട്ടോ ചന്ദ്രകാന്തം...:)

ശ്രീലാല്‍ May 26, 2008 at 4:29 PM  

ഉള്ളം നിറയേ മഴതന്‍ തുള്ളികള്‍
ചിന്നം പിന്നം പെയ്യും മുന്‍പേ
വരികളില്ലൂടാ മഴതന്നാരവ-
മുള്ളില്‍ നിറയേ മഴയായ് പെയ്തു,
(ഉള്ളുനിറയ്ക്ക്കുവതെന്താകട്ടെ
‘മഴ‘ലെന്നല്ലാതെന്തു വിളിക്കും ?)

തോട്ടുവരമ്പില്‍, പുഴയോരത്തില്‍
വയലിന്‍ വക്കിലെ ആലിന്‍ ചോട്ടില്‍
ചറപറപറചറചറപറയായി
മഴപെയ്യാനെന്‍ മനം തുടിപ്പൂ

ദ്രൗപദി May 26, 2008 at 9:49 PM  

Chandre...
Ishttamayi

abinandanangal

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ May 26, 2008 at 10:45 PM  

നന്നായി സ്വപനാടകന്റെ പാട്ടും
മനോഹരമായി എഴുത്ത്

ഗീതാഗീതികള്‍ May 26, 2008 at 11:10 PM  

കാര്‍മുകിലായി മാനത്തു മൂടിക്കെട്ടി നില്‍ക്കാതെ, തൂവാനമായി, തുള്ളികളായി ചന്ദ്രകാന്തകവിതയാകുന്ന മഴ തിര്‍ത്തുപെയ്യട്ടെ...
ചന്ദ്രേ, നന്നായിട്ടുണ്ട് കേട്ടോ. മനോജിന്റെ ആലാപനം മറ്റൊരു കുളിര്‍മഴയായി.....

അത്ക്കന്‍ May 27, 2008 at 12:03 PM  

ചൊല്ലിക്കൊടുക്കാന്‍ ചേലുള്ളൊരു കവിത.

കരീം മാഷ്‌ May 27, 2008 at 4:16 PM  

"ആടുന്നു പൊന്‍‌മയില്‍ പീലി വിടര്‍ത്തീ..
കാടിന്‍ തലപ്പുകള്‍ കാവടിയേറ്റീ.."

ഗ്ലാസിട്ട ജാലകത്തിനപ്പുറത്തു പുകപടലം മാത്രം നിറയവേ !
മയിലുകളും, കാടും ഓര്‍മ്മ മാത്രമാവുകയാണ്.
നമ്മുടെ പറമ്പില്‍ പണ്ടു മയിലുകള്‍ വന്നിരുന്നു എന്നു ഒരു ദിവസം ഞാന്‍ മകളോടു പറഞ്ഞപ്പോള്‍ അവര്‍ പിറകോട്ടു തിരിഞ്ഞു അവളുടെ അനിയനോട്
"ഠോ"
ഞാന്‍ ചമ്മിപ്പോയി.

P.C.MADHURAJ June 3, 2008 at 10:24 AM  

കവിത വളരെ ഇഷ്ടമായി, ചന്ദ്രകാന്തം.
എസ്.കെ.പൊറ്റെക്കാടിന്റെ വീടിന്റെ പേര് ‘ചന്ദ്രകാന്തം’ എന്നായിരുന്നുവെന്നോര്‍ക്കുന്നു, ശരിയോ?

ചന്ദ്രകാന്തം June 9, 2008 at 7:24 AM  

...കാര്‍മുകില്‍ കാണാനും, പെയ്യുന്നെങ്കില്‍ മഴ കൊള്ളാനും വന്ന എല്ലാര്‍ക്കും നന്ദി, സന്തോഷം.
മധു...ജീ, ഞാനും അങ്ങിനെത്തന്നെയാണ്‌ ആ പേര്‌ കേട്ടറിഞ്ഞിട്ടുള്ളത്‌.

Dr. Rajan November 12, 2008 at 10:03 PM  

valare nanayittundu ,kavitha ishtapedunna enne polulla aradhakarkku ,oru venal mazha nananja aubhavam .