Wednesday, November 26, 2008

ഓര്‍മ്മയുണ്ടോ? ഒരു സൌഹൃദമത്സരം മഷിത്തണ്ടില്‍

മഷിത്തണ്ടില്‍ ഇത്തവണ ഒരു സൌഹൃദമത്സരമാണ്; ഇപ്പോഴത്തെ കുട്ടികള്‍ക്കായല്ല, പണ്ടത്തെ കുട്ടികള്‍ക്കുവേണ്ടി!

എഴുപതുകളുടെ അവസാനപകുതിയിലും, എണ്‍പതുകളിലും കേരളപാഠാവലി മലയാളം പുസ്തകത്തില്‍ രണ്ടുപാഠങ്ങളിലായി പഠിച്ച മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന കവിത, അത് പഠിച്ചിട്ടുള്ള പലര്‍ക്കും ഓര്‍മ്മകാണുമല്ലോ? കുട്ടിക്കാലത്ത് നമ്മുടെ മനസ്സില്‍ പതിയുന്ന ചിത്രങ്ങള്‍ അതുപോലെ മനസ്സില്‍ ഉണ്ടാവും എന്നും. അതിനു തെളിവായി ആ കവിത പൂര്‍ണ്ണമായും ഓര്‍ത്ത് ഇവിടെ എഴുതുവാന്‍ ഒരു അവസരം.

നിങ്ങള്‍ക്ക് ആ കവിത ഓര്‍മ്മയുണ്ടെങ്കില്‍ അതിവിടെ കമന്റായി എഴുതൂ. ആദ്യമാദ്യം എഴുതുന്ന കമന്റുകള്‍ കണ്ട് മറ്റുള്ളവര്‍ എഴുതാതെയിരിക്കുവാന്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. മത്സരഫലവും, കമന്റുകളും അഞ്ചുദിവസങ്ങള്‍ക്കുശേഷം പ്രസിദ്ധീ‍കരിക്കുന്നതാണ്.

============
സമ്മാനം
============

ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് പത്തു തീപ്പെട്ടിപടവും, അഞ്ചു നാരങ്ങമിഠായിയും സമ്മാനമായി നല്‍കുന്നു.


======================
UPDATE : 30-11-2008
======================

ഈ മത്സരത്തില്‍ ഒരുപാടുപേരൊന്നും പങ്കെടുത്തില്ലെങ്കിലും, പങ്കെടുത്തവരെല്ലാം തങ്ങള്‍ക്കോര്‍മ്മയുള്ള വരികള്‍ എഴുതിയിട്ട് കഴിവുതെളിയിച്ചു. ഒരാള്‍ പോലും പൂര്‍ണ്ണമായും ശരിയായി ആ പാട്ട് എഴുതിയില്ല. എങ്കിലും ഉമേഷ്‌ജിയും, കുട്ടുവും 98% ശരിയായി ഓര്‍ത്തെഴുതുകതന്നെ ചെയ്തു.അതിനാല്‍ സമ്മാനം അവര്‍ക്ക് രണ്ടുപേര്‍ക്കുമായി നല്‍കുന്നു..

ഇനി പാട്ടിന്റെ പൂര്‍ണ്ണരൂപം:

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്

തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീ‍ടൂം
കിങ്ങിണി കെട്ടിയ കുഞ്ഞാട്

മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.

ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരം

വെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂ

പള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍
മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് !

പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും ഓരോ നാരങ്ങ മിഠായിയും !!

Read more...

Wednesday, November 19, 2008

ചൈത്രനും മൈത്രനും

കൊച്ചുകൂട്ടുകാരേ, ഇത് പണ്ട് ഞങ്ങളൊക്കെ കുട്ടികളായിരുന്നപ്പോള്‍ നാലാം ക്ലാസിലെ മലയാള പാഠാവലിയില്‍ പഠിച്ച ഒരു കഥയാണ്. അതിവിടെ നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി പറയാം.

പണ്ട് പണ്ട് സ്കൂളുകളൊന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ കുട്ടികള്‍ എങ്ങനെയാണ് വിദ്യകള്‍ അഭ്യസിച്ചിരുന്നെതെന്നറിയാമോ? ഒരു ഗുരുവിന്റെ കൂടെ അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ കുറേനാള്‍ താമസിച്ച്, ഗുരുമുഖത്തുനിന്ന് എല്ലാം കണ്ടും, കേട്ടും, വായിച്ചും, എഴുതിയും പഠിക്കുക. ഇതിന് ഗുരുകുലവിദ്യാഭ്യാസം എന്നായിരുന്നു പറഞ്ഞിരുന്നത്.

അങ്ങനെ ഒരു ഗുരുവിനോടൊപ്പം താമസിച്ചു പഠിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളായിരുന്നു ചൈത്രനും മൈത്രനും. ചൈത്രന്‍ നല്ല കുട്ടി, ബുദ്ധിമാന്‍, വിനയശീലന്‍, എല്ലാവരോടും സ്നേഹമായി പെരുമാറുന്നവന്‍. അതുകൊണ്ടുതന്നെ ഗുരുവിനും ബാക്കി എല്ലാ കുട്ടികള്‍ക്കും അവനെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ മൈത്രനോ? ചൈത്രന്റെ നേരെ വിപരീത സ്വഭാവക്കാരന്‍. എല്ലാവരോടും ശണ്ഠകൂടും, പോരാത്തതിന് വലിയ അസൂയക്കാരനും. എല്ലാവര്‍ക്കും, പ്രത്യേകിച്ച് ഗുരുവിന് ചൈത്രനെ വലിയ ഇഷ്ടമാണെന്നത് മൈത്രനു തീരെ പിടിച്ചില്ല. അവനത് പലപ്പോഴും പലരീതിയില്‍ ചൈത്രനോടുള്ള പെരുമാറ്റത്തില്‍ കാണിക്കുകയും ചെയ്തു.

ഇതു മനസ്സിലാക്കിയ ഗുരു ചൈത്രനേയും മൈത്രനേയും ഒരു ദിവസം വിളിച്ചിട്ട് ഓരോ രൂപ അവരുടെ കൈയ്യില്‍ കൊടുത്തു. എന്നിട്ടു പറഞ്ഞു: “ഈ ഒരു രൂപകൊണ്ട് നിങ്ങള്‍ക്ക് എന്തൊക്കെ വാങ്ങാമോ അതൊക്കെ വാങ്ങി നിങ്ങളുടെ മുറികള്‍ നിറയ്ക്കുക. മൂന്നു ദിവസത്തെ സമയം തരാം. മൂന്നാം ദിവസം ഞാന്‍ നിങ്ങളുടെ മുറികള്‍ കാണുവാന്‍ വരും. അപ്പോള്‍ ജയിക്കുന്നതാരാണോ അവന് ഞാനൊരു സമ്മാനം തരുന്നതാണ്“.


മൈത്രന്‍ ആലോചിച്ചു. ഇത്തവണയെങ്കിലും ഈ ചൈത്രനെ എനിക്ക് തോല്‍പ്പിക്കണം. അതിനായി അവന്‍ തലപുകഞ്ഞാലോചിച്ചു. ഒരു രൂപയ്ക്ക് എന്തുസാധനം കിട്ടും ഒരു മുറിനിറയെ നിറയ്ക്കുവാന്‍? ആലോചിച്ചാലോചിച്ച് അവന്‍ ഒരു വഴികണ്ടെത്തി. അവന്‍ തെരുവിലേക്ക് പോയി, അവിടെ ചപ്പുചവറുകളും മറ്റു കച്ചടകളും വാരിമാറ്റി വൃത്തിയാക്കുന്നവരെ കണ്ടു. അവരോട് പറഞ്ഞു: “ഞാന്‍ നിങ്ങള്‍ക്ക് ഒരു രൂപതരാം. നിങ്ങള്‍ ഈ ചവറെല്ലാം കൊണ്ടുവന്ന് ഞാന്‍ പറയുന്ന മുറിയില്‍ നിറയ്ക്കണം“.


ചവറുനീക്കുന്നവര്‍ക്ക് സന്തോഷമായി. അവര്‍ ആ ചപ്പുചവറെല്ലാം കൊണ്ടുവന്ന് മൈത്രന്റെ മുറിയില്‍ നിറയെ നിറച്ചിട്ട് ഒരു രൂപയും വാങ്ങിപ്പോയി. മുറിയിലേക്ക് നോക്കിയ മൈത്രനു വളരെ സന്തോഷമായി. മുറിനിറയെ എന്തെങ്കിലും നിറയ്ക്കണമെന്നല്ലേ ഗുരുപറഞ്ഞത്, ഇപ്പോഴിതാ ഞാന്‍ മേല്‍പ്പുരവരെ എത്താന്‍ തക്കവിധം എന്റെ മുറി നിറച്ചിരിക്കുന്നു. ഇത്തവണ സമ്മാനം എനിക്കു തന്നെ.


ചൈത്രന്‍ ആദ്യ രണ്ടുദിവസങ്ങളിലും ഒന്നും ചെയ്തില്ല. അതുകണ്ട് മൈത്രനു കൂടുതല്‍ സന്തോഷമായി. ഇതിനിടെ മൈത്രന്റെ മുറിയിലെ ചവറുകള്‍ അഴുകുവാന്‍ തുടങ്ങീ. അവിടെയെല്ലാം അസഹ്യമായ ദുര്‍ഗന്ധം പരന്നു. അതൊന്നും മൈത്രന്‍ കാര്യമാക്കിയില്ല. “ഒരു ദിവസം കൂടി സഹിച്ചാല്‍ മതിയല്ലോ, സമ്മാനം എനിക്കു തന്നെ“. അവന്‍ മനസ്സില്‍ കരുതി.


മുന്നാം ദിവസമായി. ചൈത്രന്‍ രാവിലെതന്നെ എഴുന്നേറ്റു. കുളിച്ചു. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു. തിരികെ വരുന്ന വഴി ഒരു രൂപയ്ക്ക് ഒരു ചെറിയ മണ്‍‌വിളക്കും, ചന്ദനത്തിരികളും, ഒരു പൂമാലയും വാങ്ങി (കൂട്ടുകാരേ പണ്ട് ഒരു രൂപയ്ക്ക് ഇതൊക്കെ കിട്ടും കേട്ടോ!). തിരികെ മുറിയിലെത്തി, മുറി അടിച്ചുവാരി വൃത്തിയാക്കി, തറതുടച്ചു. ദേവിയുടെ ചിത്രത്തിനു മുമ്പില്‍ തിരിതെളിച്ചു, ചന്ദനത്തിരിയും, മാലയും ചാര്‍ത്തി. അവിടെയെലാം നല്ല സുഗന്ധവും വെളിച്ചവും പരന്നു.


അല്പസമയം കഴിഞ്ഞ്, ഗുരുവും ശിഷ്യന്മാരും ചൈത്രന്റെയും മൈത്രന്റെയും മുറികള്‍ സന്ദര്‍ശിക്കുവാന്‍ വരവായി. അവര്‍ ആദ്യം മൈത്രന്റെ മുറിയിലേക്കാണ് പോയത്. ദുര്‍ഗന്ധം കാരണം ആര്‍ക്കും അങ്ങോട്ടടുക്കുവാന്‍ പോലും ആയില്ല. അങ്ങോട്ടൊന്ന് എത്തിനോക്കിയിട്ട്, മൂക്കും പൊത്തിക്കൊണ്ട് എല്ലാവരും ചൈത്രന്റെ മുറിയിലേക്കെത്തി. അവിടെനിന്നും പരന്ന വെളിച്ചവും സുഗന്ധവും എല്ലാവരേയും സന്തോഷിപ്പിച്ചു.

സന്തോഷവാനായ ഗുരു മൈത്രനെ വിളിച്ചിട്ട് പറഞ്ഞു: “മൈത്രാ, ചീത്ത വിചാരങ്ങളുള്ള മനസ്സ് ദുര്‍ഗന്ധം വമിക്കുന്ന നിന്റെ മുറിപോലെയാണ്. അത് എല്ലാവരേയും അവിടെനിന്ന് അകറ്റും. നല്ല മനസ്സുകള്‍‍ സുഗന്ധം പരത്തുന്ന ഈ മുറിപോലെയും. എന്തുകൊണ്ടാണ് എല്ലാവര്‍ക്കും ചൈത്രനോട് ഇഷ്ടമെന്ന് നിനക്ക് മനസ്സിലായോ? നീയും അവനെപ്പോലെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പഠിക്കൂ“.

മൈത്രന്‍ അന്നുമുതല്‍ ചൈത്രന്റെ നല്ല ചങ്ങാതിയായി മാറി.

Read more...

Wednesday, November 12, 2008

മലയാളത്തിന്റെ പത്ത് ‘മാനങ്ങള്‍‘


ഒന്നാം .....മാനം പൂമാനം
രണ്ടാം ....മാനം സമ്മാനം
മൂന്നാം ....മാനം ബഹുമാനം
നാലാം ....മാനം വിമാനം
അഞ്ചാം ..മാനം അഭിമാനം
ആറാം ....മാനം കുറിമാനം
ഏഴാം .....മാനം തേയ്‌മാനം
എട്ടാം .....മാനം തീരുമാനം
ഒന്‍പതാം .മാനം അപമാനം
പത്താം ...മാനം ശതമാനം


ഇതുവരെ വായനക്കാര്‍ തന്നിരിയ്ക്കുന്ന വ്യത്യസ്ത മാനങ്ങള്‍: കമാനം, അമ്മാനം, ഉപമാനം, ആകമാനം, അനുമാനം, കണ്ടമാനം, സാമാനം, സമാനം, വരുമാനം, താപമാനം, സകലമാനം, രായ്ക്കുരാമാനം, ഏകമാനം, ദ്വിമാനം, ത്രിമാനം, ചതുര്‍മാനം, വര്‍ത്തമാനം, അതിമാനം...

മേലെ പറയുന്ന മാനങ്ങള്‍ക്ക് ‘ആകാശം‘ എന്നര്‍ത്ഥം വരുന്ന മാനവുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ അര്‍ത്ഥം വരുന്ന ചില പദങ്ങളാണ് വായനക്കാര്‍ തന്നിരിയ്ക്കുന്ന പൂമാനം, പൊന്മാനം, നീലമാനം, ചെമ്മാനം, തെളിമാനം തുടങ്ങിയവ ...

Read more...

Tuesday, November 11, 2008

ധനികനു പറ്റിയ അമളി

കുറെ നാളായി മൃഗങ്ങളുടേയും പക്ഷികളുടേയും ഒക്കെ കഥകള്‍ അല്ലേ കേള്‍ക്കുന്നേ?ഇത്തവണ നമ്മക്കു നമ്മളേപോലെയുള്ള ഒരു മനുഷ്യന്റെ കഥ കേട്ടാലോ മക്കളെ..

പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന്‍ ജീവിച്ചിരുന്നു. അയാള്‍ വലിയ ധനികനും ആയിരുന്നു.ഒരു പാടു കൃഷി ഭൂമി,എണ്ണിയാല്‍ തീരാത്ത പണിക്കാര്‍,ആയിരക്കണക്കിനു കാളകള്‍, പശുക്കള്‍, പോത്തുകള്‍, എരുമകള്‍.സമ്പത്ത് എന്നു പറഞ്ഞാല്‍ അയാള്‍ക്കു കൈകാര്യം ചെയ്യാന്‍ വായ്യാത്തപോലെ സമ്പത്ത്.എല്ലാം ശരിക്കും നോക്കി നടത്താന്‍ കൃഷിക്കാരനു വല്ലാത്ത ബുദ്ധിമുട്ടായി.നോട്ടക്കുറവു കൊണ്ട് സ്വത്തുക്കള്‍ പലതും പലരും കയ്യേറാന്‍ തുടങ്ങി.

കൃഷിക്കാരന്‍ വളരെ ആലോചിച്ചു ഒരു തീരുമാനം എടുത്തു.തന്റെ ഭൂസ്വത്തും കാലിസ്വത്തും(മൃഗങ്ങള്‍) മുക്കാല്‍ ഭാഗവും വിറ്റ് സ്വര്‍ണ്ണവും, രത്നങ്ങളും , നാണയങ്ങളുമാക്കി.സ്വത്തുക്കള്‍ തന്നത്താന്‍ നോക്കാവുന്നത്രയുമാക്കി ചുരുക്കി.അയാള്‍ തന്റെ തോട്ടത്തിനു ചുറ്റും ബലമുള്ള മതിലുകള്‍ കെട്ടി.സ്വര്‍ണ്ണവും, രത്നങ്ങളും , നാണയങ്ങളും വലിയ ഒരു ഭരണിയിലാക്കി തോട്ടത്തിന്റെ ഒത്ത നടുവില്‍ കുഴിച്ചിട്ടു.

എല്ലാദിവസവും അയാള്‍ കുഴി മാന്തി ഭരണി പുറത്തെടുത്ത് ഉമ്മവൈക്കും,എന്നിട്ടു വീണ്ടും പഴയതുപോലെ ഭരണി കുഴിയില്‍ വച്ചു മൂടും.താന്‍ ലോകത്തിലേ ധനികന്മാരിലൊരാളാണല്ലോ എന്നോര്‍ത്ത് സന്തോഷിക്കും.ഈ പതിവു ഇങ്ങനെ കുറെക്കാലം തുടര്‍ന്നു.

അങ്ങനെയിരിക്കെ നഗരത്തിലെ ഒരു പെരുങ്കള്ളന്‍ ധനികന്റെ തോട്ടത്തില്‍ കയറി ഒളിച്ചിരുന്നു.ധനികന്റെ അസാധാരണമായ പ്രവൃത്തി കണ്ടു അയള്‍ക്കു കാര്യം മനസ്സിലായി.ധനികന്‍ പോയ സമയം നോക്കി കള്ളന്‍ കുഴി മാന്തി ഭരണി പുറത്തെടുത്തു.അതിലെ സ്വര്‍ണ്ണവും, രത്നങ്ങളും , നാണയങ്ങളും എല്ലാം എടുത്ത് സ്വന്തം ഭാണ്ഡത്തിലാക്കി കള്ളന്‍ സ്ഥലം വിട്ടു.

പിറ്റേന്നും പതിവുപോലെ കൃഷിക്കാരന്‍ കുഴിയുടെ അടുത്തെത്തി. വെളിയില്‍ കിടക്കുന്ന ഭരണി കണ്ട് അയാള്‍ വാവിട്ടു കരയാന്‍ തുടങ്ങി.കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. നിലവിളിച്ചു കൊണ്ട് നിലത്തു കീടന്നുരുളുന്ന കൃഷിക്കാരനോടു ചോദിച്ച് നാട്ടുകാര്‍ കാര്യം മനസ്സിലാക്കി. അയാളുടെ കഥ കേട്ട് എല്ലാവരും മൂക്കത്തു വിരല്‍ വച്ചു നിന്നു പോയി.
അവരിലൊരാള്‍ ധനികനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു “ഹേ! സഹോദരാ, നിങ്ങള്‍ സമാധാനമായിരിക്കു, നഷ്ട്ടപ്പെട്ടതു തിരിച്ചു കിട്ടട്ടേ എന്നു പ്രാര്‍ത്ഥിക്കാം”. അയാള്‍ തുടര്‍ന്നു.....
‘നിങ്ങള്‍ക്കു ഈ സ്വര്‍ണ്ണവും, രത്നങ്ങളും , നാണയങ്ങളും കൊണ്ട് എന്തു പ്രയോജനം ഉണ്ടായിരുന്നു?, ഒന്നുമില്ലായിരുന്നല്ലോ?ഭരണിക്കകത്തിട്ടു കുഴിച്ചു മൂടിയാല്‍ ആര്‍ക്കെങ്കിലും പ്രയോജനം ഉണ്ടോ?നിങ്ങള്‍ക്കു കിട്ടിയിരുന്ന ആനന്ദം അല്ലാതെ.പിന്നെ കുറെ നാളുകളായി എന്നും ചെയ്തുപോന്ന ഒരു പ്രവൃത്തി പെട്ടന്നു നിന്നാ‍ല്‍ ഉണ്ടാകുന്ന ഒരു വിഷമം . അതിനു ഒരു കര്യം ചെയ്യൂ,കുറെ മണ്ണു ഭരണിയില്‍ നിറച്ചു കുഴിയില്‍ മൂടു, എന്നിട്ടു പതിവു പോലെ വന്നു കുഴി മാന്തി ഭരണിയെടുത്ത് ഉമ്മവച്ചോളൂ”.
കൃഷിക്കാരന്‍ അപ്പോഴും ഒന്നും കേള്‍ക്കതെ വാവിട്ടു നില വിളിച്ചു കൊണ്ടിരുന്നു................

ഇതില്‍ നിന്നും നമ്മള്‍ എന്തു മനസ്സിലാക്കണം? നമ്മുടെ ധനമാകട്ടേ, അറിവുകളാവട്ടേ,കഴിവുകളാവട്ടേ,അവ മൂടി വൈക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല, എല്ലാം ശരിയായരീതിയില്‍ ഉപയോഗിച്ചാല്‍ അവ വര്‍ദ്ധിക്കുകയും സമൂഹത്തിനു ഉപകാരപ്രദമാവുകയും ചെയ്യും.

Read more...

Monday, November 3, 2008

വാലു മുറിഞ്ഞ കുരങ്ങന്‍


ഒരു കാലത്ത് വളരെ വളരെ പ്രശസ്തമായ ഒരു കഥയാണ് ഇന്നു ഞാന്‍ എന്റെ പൈതങ്ങള്‍ക്കു പറഞ്ഞു തരാന്‍ പോകുന്നത്.ഈ കഥ അറിയാന്‍ വയ്യാത്ത ഒരു മക്കളും എന്റെ ഒക്കെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല.അപ്പോള്‍ റെഡിയായല്ലൊ എല്ലാവരും കഥ കേള്‍ക്കാന്‍ അല്ലെ?????????????

പണ്ട് ഒരിടത്ത് ഒരിടത്ത് ഒരു കുരങ്ങന്‍ ഉണ്ടായിരുന്നു.ഒരു ദിവസം അവന്‍ മരത്തില്‍ നിന്നും താഴെവീണു.അപ്പോള്‍ അവന്റെ വാലില്‍ ഒരു മുള്ളു കുത്തിക്കേറി.അവന്‍ ഒരു വൈദ്യന്റെ അടുത്തു പോയി.(വൈദ്യന്‍ എന്നു വച്ചാല്‍ ആരാന്നു മനസ്സിലായോ? ഇന്നത്തെ ഡോക്ടര്‍ തന്നെ).മുള്ള് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കത്തികൊണ്ട് വാല്‍ ശകലം മുറിഞ്ഞു പോയി.കുരങ്ങന് വല്ലാണ്ട് ദേഷ്യവും സങ്കടവും ഒക്കെയായി.കുരങ്ങന്‍ വൈദ്യനോടു പറഞ്ഞു “ഒന്നുകില്‍ എന്റെ വാല്‍ പഴയതു പോലെ വച്ചു തരണം, അല്ലെങ്കില്‍ വാല്‍ മുറിച്ച ആ കത്തി തരണം എന്നു”.വൈദ്യന്‍ കത്തി കോടുത്തു.

കത്തിയുമായി കുരങ്ങന്‍ കുറെ ദൂരം നടന്നു.അപ്പോള്‍ കുറെ കുട്ടികള്‍ കല്ലുകളും, കമ്പുകളും കൊണ്ട് മാമ്പഴം എറിഞ്ഞിടാന്‍ ശ്രമിക്കുന്നത് കണ്ടു.കുരങ്ങന്‍ ആ മക്കളുടെ അടുത്തു ചെന്നിട്ടു പറഞ്ഞു “ഇങ്ങനെ ഒന്നും എറിഞ്ഞാല്‍ മാമ്പഴം വീഴില്ല ഈ കത്തി കൊണ്ട് എറിഞ്ഞു നോക്കൂ” എന്നു.കുട്ടികള്‍ക്ക് സന്തോഷം ആയി, അവര്‍ കത്തി വാങ്ങി എറിഞ്ഞു, കുല കുലയായി മാമ്പഴങ്ങള്‍ വീണു.പക്ഷേ എന്തുണ്ടായി? കത്തി മാവിന്റെ മുകളില്‍ തറച്ചിരുന്നുപോയി.വീണ്ടും കുരങ്ങച്ചാര്‍ക്ക് വിഷമവും ദേഷ്യവും ഒക്കെയായി.കുരങ്ങന്‍ പറഞ്ഞു”ഒന്നുകില്‍ കത്തി തരണം,ഇല്ലങ്കില്‍ ഈ മാമ്പഴം മുഴുവനും തരണം എന്നു”.കുട്ടികള്‍ തര്‍ക്കിച്ചു ,കരഞ്ഞു,” തരില്ല“ എന്നു പറഞ്ഞു, കുരങ്ങനും വിട്ടില്ല. ഒടുവില്‍ ഒരു കുല മാമ്പഴം കൊടുത്ത് അവര്‍ കുരങ്ങനെ പറഞ്ഞു വിട്ടു.

മാമ്പഴവുമായി പോകുന്ന കുരങ്ങനെ മുറ്റമടിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി കണ്ടു.വല്ലാണ്ടേ വിശന്നിരുന്ന അവള്‍ കുരങ്ങനോടു ചോദിച്ചു “ആ മാമ്പഴം എനിക്കു തരുമോ കുരങ്ങാ” എന്നു.മാമ്പഴം കൊടുത്തിട്ട് ആ പെണ്ണ് അതു തിന്നു തീരുന്നതുവരെ കുരങ്ങന്‍ അതു നോക്കി നിന്നു.കുരങ്ങന്‍ ഉടന്‍ ബഹളം തുടങ്ങി”ഒന്നുകില്‍ മാമ്പഴം തന്നേ പറ്റൂ അല്ലങ്കില്‍ നീ എന്റെ കൂടെ വന്നേ പറ്റൂ“.അവന്റെ ബഹളം സഹിക്കാതെ പെണ്‍കുട്ടി കുരങ്ങന്റെ കൂടെപോയി.

കുരങ്ങനും പെണ്‍കുട്ടിയും കൂടെ കുറേദൂരം നടന്നപ്പോള്‍ ഒരു എണ്ണയാട്ടുന്ന ആള്‍ തനിയെ ചക്കുന്തുന്നതു(ഇതു മനസ്സിലായില്ലങ്കില്‍ എന്താണന്നു അച്ഛനോ അമ്മയോ പറഞ്ഞു തരും കേട്ടോ മക്കളേ) കണ്ടു.അയാളെ ഒന്നു സഹായിക്കാന്‍ കുരങ്ങന്‍ പെണ്‍കുട്ടിയോടു പറഞ്ഞു.പെണ്‍കുട്ടി അവനെ ചക്കുന്തുന്നതിനു സഹായിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു പോകാനായി കുരങ്ങന്‍ ആ കുട്ടിയെ വിളിച്ചു, അപ്പോള്‍ എണ്ണക്കാരന്‍ പറഞ്ഞു “ജോലി ചെയ്യാന്‍ നല്ലപോലെ സഹായിക്കുന്ന ഇവളെ എനിക്കു വേണം പകരം നിനക്കു ഞാന്‍ കുറെ എണ്ണ തരാം എന്നു”. കുരങ്ങന്‍ സമ്മതിച്ചു. അയാള്‍ കൊടുത്ത എണ്ണയുമായി കുരങ്ങന്‍ വീണ്ടും നടന്നു.

എണ്ണയുമായി നടന്ന കുരങ്ങന്‍ ഒരു അമ്മൂമ്മ എണ്ണയില്ലതെയിരുന്നു ദോശ ചുടുന്നതു കണു.ഉടനെ നമ്മുടെ കുരങ്ങന്‍ അമ്മൂമ്മയോടു പറഞ്ഞു”അമ്മുമ്മെ ഇതാ ഈ എണ്ണ പുരട്ടി നന്നായി ദോശ ഉണ്ടാക്കു എന്നു”.അമ്മുമ്മക്കു സന്തോഷം ആയി. ആ എണ്ണ പുരട്ടി അമ്മൂമ്മ കുറെ ദോശ ഉണ്ടാക്കി വച്ചു.അപ്പോള്‍ എന്തു പറ്റി?എണ്ണയങ്ങു തീര്‍ന്നു പോയി.കുരങ്ങന്റെ ഭാവം മാറിയില്ലെ..”എനിക്കെന്റെ എണ്ണതാ അല്ലെങ്കില്‍ ആ ദോശ താ...”.കുരങ്ങന്‍ ദേഷ്യം വന്നു വളരെ ഉച്ചത്തില്‍ അലറാന്‍ തുടങ്ങി.ശല്യം സഹിക്ക വയ്യതെ അമ്മൂമ്മ ദോശ മുഴുവനും കുരങ്ങനു കൊടുത്തു.

ദോശയുമായി അവന്‍ കുറെ ദൂരം നടന്നപ്പോള്‍ ഒരു ചെണ്ടക്കാരന്‍ വിശന്നു തളര്‍ന്ന് നിന്ന് ചെണ്ട കൊട്ടുന്നു.ദോശ കണ്ടതും ചേണ്ട്ക്കാരന്‍ ചോദിച്ചു” മോനേ മങ്കീശാ... ആ ദോശ എനിക്കു തരാമോ, വല്ലാതെ വിശക്കുന്നു എന്നു”. കുരങ്ങന്‍ ദോശ കൊടുത്തു. അയാള്‍ അതു ആര്‍ത്തിയോടെ കഴിക്കുന്നതു നോക്കി കുരങ്ങന്‍ അയാളുടെ അടുത്തിരുന്നു.അയാള്‍ ദോശ തിന്നു കഴിഞ്ഞപ്പോള്‍ കുരങ്ങന്‍ പറഞ്ഞു”ഞാന്‍ എന്റെ ആഹാരമാണ് നിനക്കു തന്നത് പകരം നീയെനിക്കു ആ ചെണ്ട ഒന്നു കോട്ടാന്‍ തരുമോ?”എന്നു.അയാള്‍ ചെണ്ട കുരങ്ങനു കൊട്ടാന്‍ കൊടുത്തു.

കുരങ്ങന്‍ ചെണ്ട കൊട്ടി ഇങ്ങനെ പാടി നടന്നു.

“വാലു പോയി കത്തി കിട്ടി
ഡും ഡും ഡും
കത്തി പോയി മാങ്ങാ കിട്ടി
ഡും ഡും ഡും
മങ്ങാ പോയി പെണ്ണിനെ കിട്ടി
ഡും ഡും ഡും
പെണ്ണു പോയി എണ്ണ കിട്ടി
ഡും ഡും ഡും
എണ്ണ പൊയി ദോശ കിട്ടി
ഡും ഡും ഡും
ദോശ പോയി ചെണ്ട കിട്ടി
ഡും ഡും ഡും ഡും ഡും ഡും”

ഈ കഥ കേള്‍ക്കുമ്പോള്‍ ഒരു കുരങ്ങന്റെ കഥ.എന്നാല്‍ ഇതില്‍ നമുക്കു പഠിക്കാന്‍ കുറെ കാര്യങ്ങള്‍ ഉണ്ട്.
മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധം
ബാര്‍ട്ടര്‍ സിസ്റ്റം(വസ്തുക്കള്‍ പകരത്തിനു പകരം കൊടുക്കുന്ന രീതി)
പ്രകൃതിയില്‍ നിന്നും പഴങ്ങള്‍ എറിഞ്ഞിട്ടും പറിച്ചും ഒക്കെ തിന്നിരുന്നു കുട്ടികള്‍, അതിനു കമ്പും ആയുധങ്ങളും ഉപയോഗിച്ചിരുന്നു
നമ്മുക്കു കിട്ടുന്ന ആഹാരം അധ്വാനിക്കുന്നവര്‍ക്കു കൂടെ കൊടുക്കണം
കഠിനാധ്വാനം ചെയ്യുന്നവരെകണ്ടാല്‍ ഒന്നു സഹായിക്കണം
വയസ്സായവരെ സഹായിക്കണം
കലാകാരന്മാരെ ആദരിക്കണം
വാദ്യ ഉപകരണങ്ങളെ വേണ്ട്പോലെ ഉപയോഗിക്കണം
നമുക്കു കിട്ടുന്ന എല്ലാ നല്ലകാര്യങ്ങളും എല്ലാവരോടും പങ്കു വൈക്കണം.
സംഗീതത്തിനു പകരം സംഗീതം മാത്രം. ഇത്രയും കാര്യങ്ങള്‍ ഈ കഥയില്‍ നിന്നും ഞാന്‍ മനസ്സിലക്കിയതാണ്.
നിങ്ങള്‍ക്ക് എന്തൊക്കെ മനസ്സിലായി മക്കളേ............

Read more...