Monday, September 15, 2008

ഓണനിലാവ്‌

ചിങ്ങം പിറന്നപ്പോളോണവും കൊണ്ടെന്റെ
ഓമനത്തുമ്പികൾ പാറിവന്നൂ..
മാനത്തെപ്പൊൻകതിരൊന്നാകെ വാരി-
പ്പുതച്ചെന്റെ പാടം കതിരണിഞ്ഞൂ..

ആഞ്ഞിലിക്കൊമ്പത്തെ,ക്കൂട്ടിലെപ്പൂങ്കിളി
ഓണപ്പാട്ടോരോന്നും പാടിടുന്നൂ..
ഓരോരോ കാട്ടിലും മേട്ടിലും മൊട്ടിട്ടൊ-
രായിരം പൂക്കളുണർന്നു വന്നൂ..

അത്തക്കളത്തിലെ ചേലൊത്ത പൂക്കളി-
ലിത്തിരിപ്പൊൻവെയിലെത്തി നിന്നൂ..
ചിത്തിരപ്പൂക്കളോടൊത്തു വിരിഞ്ഞൊരു
തെച്ചിപ്പൂ മുറ്റത്തു പുഞ്ചിരിച്ചൂ..

തൃക്കാക്കരപ്പന്നു പൂപ്പട കൂട്ടുവാൻ
തുമ്പക്കുടങ്ങളൊരുങ്ങി വന്നൂ..
പത്താം നാളെത്തുന്നൊരോണപ്പുലരിയ്ക്കു
നാടാകെ പൂത്താലമേന്തി നിന്നൂ..

മാവേലിത്തമ്പുരാനെത്തും മെതിയടി-
കേൾക്കുന്നു; പൂവിളി പൊങ്ങിടുന്നൂ..
മാലോകരെല്ലാരുമൊന്നായി വാണൊരു
കാലത്തിന്നാനന്ദമോർത്തിടുന്നൂ..

സ്നേഹത്തിൻ പൂക്കളം വാടാതെ നിൽക്കുവാ-
നോണനിലാവതിൽ പെയ്തിടുന്നൂ..
മണ്ണിന്റെ നെഞ്ചിലെപ്പാലാഴി നമ്മളി-
ലെന്നും മധുരം പകർന്നിടുന്നൂ..

*******************************************

Read more...

Tuesday, September 9, 2008

പൂക്കളം

അത്തം പത്തിനു പൊന്നോണം
പൂക്കളമൊന്നു ചമയ്ക്കേണം
വീടുകള്‍ തോറും ഓണത്തപ്പനു
വരവേല്‍പ്പങ്ങനെ നല്‍കേണം..

മുറ്റമൊരുക്കിത്തറ മെഴുകീ
നടുവില്‍ തുളസിക്കതിര്‍ ചാര്‍ത്തീ
പുലരിയുണര്‍ത്തും പൂക്കളിറുക്കാന്‍
കുട്ടികളെല്ലാം വരവായീ

കോളാമ്പിപ്പൂ, തുമ്പപ്പൂ,
മുക്കുറ്റിപ്പൂ, മത്തപ്പൂ,
മന്ദാരപ്പൂ, തെച്ചിപ്പൂ, ചെറു-
കൊങ്ങിണിയങ്ങനെയെന്തെല്ലാം..!!

തൊടിയില്‍ പാടവരമ്പുകളില്‍
പുഞ്ചിരി തൂകുമരിപ്പൂക്കള്‍
പൂപ്പൊലി കൂട്ടും കുഞ്ഞുങ്ങള്‍ തന്‍
വട്ടിയില്‍ നിറയേ വര്‍ണ്ണങ്ങള്‍..!!

കുട്ടികള്‍വട്ടമിരുന്നിട്ടാ
പൂക്കളമിട്ടൂ ചേലോടെ..
മൂലയിലെല്ലാം കൃഷ്ണകിരീടം
തൃക്കാരപ്പനതിന്‍ ചാരേ..

ആനന്ദപ്പൂവിളി പൊങ്ങീ
വന്നെത്തീടുക മാവേലീ..
ഓലക്കുടയും ചൂടീ മെതിയടി-
മേലെയെണയുക മാവേലീ..

ഉള്ളില്‍പ്പൂക്കും സന്തോഷം,
മധുരം പകരും പൊന്നോണം..
വര്‍ഷം നീളെപ്പുലരട്ടെ, പുതു-
ഹര്‍ഷം ഓണമതെന്നോണം..!!ഒരു മേമ്പൊടിയായി ഞാന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിതകൂടി ഇവിടെ കിടക്കട്ടെ “ഓണംവന്നേ..“

======

ബിന്ദു കെ.പി എന്ന ബ്ലോഗര്‍ എഴുതിയ അല്പം പഴയ, എന്നാല്‍ അതുകൊണ്ടുതന്നെ അതിമനോഹരമായ ഒരു ഓണസ്മരണ ഇവിടെയുണ്ട്. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഈ കുട്ടിക്കവിത എഴുതിയിട്ടുള്ളത്.

ഈ കവിത ബിന്ദുവിന് തന്നെ സമര്‍പ്പിക്കുന്നു
.Read more...

Monday, September 8, 2008

കൂട്ടുകാരന്‍
ഊഞ്ഞാല്‍പ്പടിയിലിരുന്നിട്ടോലപ്പന്തുണ്ടാക്കും നേരം
കാക്കപ്പൊന്നു പതിച്ചു പതക്കപ്ലാവില കോര്‍ക്കും നേരം..

താഴെത്തൊടിയിലെ തത്തച്ചുണ്ടന്‍മാവിന്‍ തെക്കേക്കൊമ്പില്‍
കാണാറുണ്ടൊരു പൂത്തിരിവാലന്നണ്ണാര്‍ക്കണ്ണനെയെന്നും...

ഇതളു വിടര്‍ത്തും കദളിപ്പൂവില്‍ തലകീഴായിട്ടാടും,
നിറയും പൂന്തേനുണ്ണും കുസൃതിക്കൂട്ടം പലതും കാട്ടും...

വാഴക്കയ്യിലിരുന്നു വിരുന്നുവിളിയ്ക്കും കാക്കപ്പെണ്ണിന്‍
കണ്ണുമറഞ്ഞുചിലയ്ക്കും'ഛില്‍ ഛില്‍'കളിയാക്കിക്കൊണ്ടോടും

വൈക്കോല്‍ക്കൂനക്കീഴില്‍ പതിരില്‍ നെന്മണി തിരയും പാവം
കരിയില വീഴും ശബ്ദം കേട്ടാല്‍ പേടിച്ചോടും വേഗം...

ഒരുനാളന്തി,ക്കിടിവെട്ടേറ്റിട്ടലറിപ്പെയ്തൂ മാനം
മന്ദാരത്തിന്നതിരു കടന്നുകളപ്പുര മൂടീ വെള്ളം..

ചില്ലയൊടിഞ്ഞു മറിഞ്ഞൂ കാറ്റില്‍മാവും വാഴത്തോപ്പും
കൊള്ളിക്കമ്പുമെനഞ്ഞോരുണ്ണി പ്പുരയും കളിമേലാപ്പും...

തേടിനടന്നൂ തൊടിയില്‍; ഞാവല്‍ക്കൊമ്പിലെ പച്ചക്കൂട്ടില്‍..
പിന്നൊരു നാളും കണ്ടില്ലെന്നുടെയണ്ണാര്‍ക്കണ്ണനെയെങ്ങും.


=============
ഇതു വായിച്ച് സങ്കടം തോന്നുന്നവര്‍ക്കായി ശ്രീലാല്‍ ഇതിനെ ശുഭപര്യവസായിയാക്കി മാറ്റിയിട്ടുണ്ട്. അതിങ്ങനെ
=============

"ചിന്നം പിന്നം പെയ്തൊരു മഴയോ
കടലു കടന്നേ പോയീ
വെയിലുപുതച്ചൂ നാടും മേടും
തൊടിയിലെ മാവിന്‍തോപ്പും

ഒരുനാളങ്ങനെയവധിക്കാലം
പൊടിപൂരത്തിന്‍ കാലം
താഴേത്തൊടിയിലെ മാവിന്‍ കൊമ്പില്‍
കേട്ടൂ പരിചിതശബ്ദം

സന്തോഷത്താല്‍ മനം നിറഞ്ഞി-
ട്ടങ്ങോട്ടോടീ ഞാനും
നില്പവിടലല്ലോ മാവിന്‍ കൊമ്പില്‍
നമ്മുടെയണ്ണാര്‍ക്കണ്ണന്‍

കണ്ണുനിറഞ്ഞൂ, "മിണ്ടൂലാ ഞാന്‍.. "
അവനോടായ് ഞാന്‍ ചൊല്‍കേ,
അരികത്തേക്കവനോടിയിറങ്ങീ
കളിയും കുസൃതിയുമായീ.."

Read more...