Sunday, June 8, 2008

ബുദ്ധി രക്ഷിക്കും

പണ്ടു പണ്ട് ഒരു ഗ്രാമത്തിനടുത്തുള്ള കാട്ടില്‍ ഒരു കുറുക്കന്‍ താമസിച്ചിരുന്നു.അവന്‍ ദിവസവും സന്ധ്യ കഴിഞ്ഞു (ഇരുട്ടി തുടങ്ങിയാല്‍)നാട്ടിലിറങ്ങും.വീടുകളുടെ അടുത്തുകൂടെ ആരും കാ‍ണാതെ കറങ്ങി നടക്കും.കൂട്ടില്‍ കയറാതെ നില്‍ക്കുന്ന കോഴിയെ കണ്ടാല്‍ ചാടിപ്പിടിച്ചുകൊണ്ട് കടന്നു കളയും.ആരെങ്കിലും കോഴിക്കൂട് അടക്കുവാന്‍ മറന്നു പോയിട്ടുണ്ട്ങ്കില്‍ ഒരു കോഴി അവനു അത്താഴമായതു തന്നെ.നാട്ടുകാര്‍ക്ക് അവനൊരു ശല്യമായിത്തീര്‍ന്നിരുന്നു.നാട്ടുകാര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചിട്ടുണ്ട്.സൂത്രക്കാരനായ അവന്‍ എപ്പോഴും രക്ഷപെടും.

പതിവുപോലെ കുറുക്കന്‍ ഇര(തീറ്റ) തേടി ഇറങ്ങി.നല്ല നിലാവ് പരന്നിരുന്നു.നിഴലുകളില്‍ കൂടിയും വെളിച്ചം വീഴാത്ത വഴികളില്‍ കൂടിയും അവന്‍ പാത്തും പതുങ്ങിയും നടന്നു. പാതിരാത്രി വരെ തിരഞ്ഞു നടന്നിട്ടും ആഹാരത്തിനു അവനു ഒന്നും കിട്ടിയില്ല. അവന്‍ ക്ഷീണം കൊണ്ടും വിശപ്പു കൊണ്ടും തീരെ നടക്കുവാന്‍ കഴിയാതെ ഒരു വീടിന്റെ പിറകില്‍ പോയി കിടന്നു.അപ്പോള്‍ അല്പം അകലെ ഒരു ശബ്ദം കേട്ടത് അവന്‍ ശ്രദ്ധിച്ചു.ഒരു മുയല്‍ മരച്ചീനിയുടെ ചുവടു മാന്തുകയാണ്. കുറുക്കന്‍ എഴുന്നേറ്റ് സാവധാനം മുയലിന്റെ പിറകില്‍ച്ചെന്നു. ഒറ്റ കുതിപ്പിനു(ചാട്ടത്തിനു)അതിന്റെ ചെവിയില്‍ പിടികൂടി.മുയല്‍ പേടിച്ചു പോയി.എന്നാല്‍ പെട്ടന്നു തന്നെ മുഖത്തു സന്തോഷം വരുത്തിക്കൊണ്ട് മുയല്‍ പറഞ്ഞു:

“ചേട്ടാ ഞാന്‍ കുറച്ചു വെണ്ണ തിന്നാന്‍ ഇറങ്ങിയതാ. എന്തൊരു കൊതി, പോയി നോക്കിയിട്ട് ഒരഞ്ചാറു പേര്‍ക്ക് തിന്നാനുള്ളതുണ്ട്.ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കൂടെ വിളിച്ചുകൊണ്ടുപോകാമെന്നു കരുതിയിരിക്കയായിരുന്നു”

“അതിനു മരച്ചീനിയുടെ മൂടു തുരക്കുന്നതു എന്തിനാണ്?”കുറുക്കന്‍ ചോദിച്ചു.

“അതു കൊള്ളാം; വെറുതേ ഇരുന്നപ്പോള്‍ ഒരു തമാശ, തന്നെയുമല്ല വെണ്ണ ഇന്നങ്ങു തീരും, നാളത്തേക്കു വല്ലതും വേണ്ടേ?” മുയല്‍ ചോദിച്ചു.

“അപ്പോള്‍ നീ നാളെ മരച്ചീനി തിന്നാനിരിക്കുവാ?” കുറുക്കന്‍ ചോദിച്ചു.

“പറഞ്ഞതു പോലെ ഞാനതങ്ങു മറന്നു, ചേട്ടനെന്നെ പിടിച്ചിരിക്കയാണല്ലോ, കൊന്നാലുമായി, തിന്നാലുമായി” മുയല്‍ സങ്കടത്തോടെ പറഞ്ഞു.

“ഇന്നെനിക്കു ഇതുവരെ ഒന്നും കിട്ടിയില്ല, നന്നായി വിശക്കുന്നും ഉണ്ട്, നല്ല പാലുപോലുള്ള നിന്റെ മാംസം ദൈവമായിട്ടെനിക്കു കാണിച്ചു തന്നതു ഞാന്‍ എങ്ങനെ വേണ്ട എന്നു വയ്ക്കും?”കുറുക്കന്‍ പിടി ഒന്നുകൂടി ബലപ്പെടുത്തി.

“ചേട്ടാ ഒരു ഉപകാരം ചെയ്യണം, എനിക്കു വെണ്ണ തിന്നാന്‍ വലിയ കൊതി, കുറച്ചു വെണ്ണ തിന്നാന്‍ ചേട്ടന്‍ എന്നെ സമ്മതിക്കണം, അതു കഴിഞ്ഞു ചേട്ടന്‍ എന്നെ തിന്നോ, എനിക്കു സമ്മതമാ, എന്റെ ചെവിയില്‍ നിന്നു പിടി വിടണ്ട്” മുയല്‍ പറഞ്ഞു

“വെണ്ണ എവിടെ?”കുറുക്കന്‍ ചോദിച്ചു.

ചേട്ടന്‍ വാ ഞാന്‍ കാണിച്ചു തരാം.” മുയല്‍ കുറുക്കനേയും കൊണ്ട് ആ വീടിന്റെ കിണറിനടുത്തു ചെന്നു.അവിടെ വലിയ ഒരു കയറിന്റെ രണ്ടറ്റത്തും തൊട്ടി കെട്ടി കപ്പിയില്‍ തൂക്കിയിട്ടിരുന്നു.മുയല്‍ കുറുക്കനോട് കിണ്ട്റ്റിലേക്കു നോക്കുവാന്‍ പറഞ്ഞു.കുറുക്കന്‍ എത്തിനോക്കി.ആകാശത്തു തെളിഞ്ഞു നിന്നിരുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രതിബിംബം(നിഴല്‍)കിണറ്റില്‍ കണ്ടു.അതു വെണ്ണയാണന്നു തെറ്റിദ്ധരിച്ച കുറുക്കന്‍ ആര്‍ത്തിയോടെ(കൊതിയോടെ) ചോദിച്ചു“ചെങ്ങാതീ നമ്മള്‍ ഇതു തിന്നാന്‍ എങ്ങനെ കിണറ്റിലിറങ്ങും?”

മുയല്‍ പറഞ്ഞു”അതിനോ പ്രയാസം, ചേട്ടന്‍ ചെവിയില്‍ നിന്നും പിടി വിടുക ഞാന്‍ കാണിച്ചു തരാം, ഒരു തൊട്ടിയില്‍ കയറി ഞാന്‍ ആദ്യം കിണറ്റിലിറങ്ങാം,പിറകേ അടുത്തതില്‍ കയറി ചേട്ടനും വരണം”.എന്നു പറഞ്ഞു മുയല്‍ ഒരു തൊട്ടിയില്‍ ചാടികയറി. തൊട്ടി കിണറ്റിലേക്കു താണു.മുയല്‍ ആദ്യം ചെന്നു മുഴുവനും തിന്നങ്കിലോ എന്നു വിചാരിച്ച് പെട്ടന്നു കുറുക്കന്‍ മറ്റെ തൊട്ടിയില്‍ ചാടിക്കയറി.അതു ഭാരം കാരണം പെട്ടന്നു കിണറ്റില്‍ താണു വെള്ളത്തില്‍ മുങ്ങി.കയറിന്റെ മറ്റേ അറ്റം മുകളിലേക്കു ഉയര്‍ന്നു.സൂത്രക്കാരനായ മുയല്‍ കരയിലേക്കു ചാടി ഓടി രക്ഷപെട്ടു.

ഗുണപാഠം; ബുദ്ധിയുണ്ട്ങ്കില്‍ ഏതു ചതിയില്‍ നിന്നും രക്ഷപെടാം

8 അഭിപ്രായങ്ങള്‍:

കിലുക്കാംപെട്ടി June 9, 2008 at 9:17 AM  

ഇതിനു മുന്‍പ് ഞാന്‍ ഇട്ട കഥക്കു അപ്പു പറഞ്ഞ അഭിപ്രായം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു കൊണ്ടാണ് ഈ കഥ ഇട്ടത്.എന്നാല്‍ ചില വാക്കുകള്‍ ഞാന്‍ ഇട്ടിട്ടുണ്ട്ങ്കിലും അതിനു നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍ ബ്രാക്കറ്റില്‍ ഇട്ടിട്ടുണ്ട്.കാരണം ഗുണപാഠങ്ങളൊടൊപ്പം, പുതിയ ചില അക്ഷരങ്ങള്‍, പദങ്ങള്‍, വാചകങ്ങള്‍ ഇവയൊക്കെയും മനസ്സിലാക്കാമല്ലോ കുട്ടികള്‍ക്കു.പിന്നെ ഇതു മിക്കവയും വലിയവര്‍ തന്നെ വായിച്ചു മക്കള്‍ക്കു പറഞ്ഞു കൊടുക്കുകയായിരിക്കുമല്ലോ,നമ്മള്‍ എല്ലാവരും ചെറുപ്പത്തിലേ കേട്ടിട്ടുള്ളവയും ആണു എല്ലാ കഥകളും. ഒന്നു ഒര്‍മ്മ പുതുക്കുന്നു ഞാന്‍.

ശ്രീ June 9, 2008 at 10:52 AM  

ഈ ഗുണപാഠ കഥ നന്നായി ഇഷ്ടപ്പെട്ടു, ചേച്ചി.
:)

സുല്‍ |Sul June 10, 2008 at 1:48 PM  

കിലുക്കാംപെട്ടി,
കഥ കിലു കിലു.
-സുല്‍

ഗീതാഗീതികള്‍ June 11, 2008 at 11:20 PM  

കിലുക്ക്, കഥ പറച്ചില്‍ നന്നായിട്ടുണ്ട്.
ആ പറഞ്ഞപോലെ പുതിയ പദങ്ങള്‍ കുഞ്ഞുങ്ങള്‍ മനസ്സിലാക്കന്‍ ഇങ്ങനെ എഴുതുന്നത് നല്ലതു തന്നെ.

ചന്ദ്രകാന്തം June 13, 2008 at 4:16 PM  

നല്ല കഥ.
പണ്ട്‌ കേട്ടിട്ടുണ്ടെങ്കിലും, ഈ ഓര്‍‌മ്മപ്പെടുത്തല്‍ നന്നായി.
(ഇവിടെ അവധിക്കാലം വരുന്നു... പഴങ്കഥകള്‍ ആസ്വദിയ്ക്കാന്‍ കുട്ടികള്‍ക്ക്‌ കൂടുതല്‍ നേരം കിട്ടും. അതുകൊണ്ട്‌...... ഇനിയും ഇനിയും.. കഥകള്‍ വന്നോട്ടെ വേഗം.)
:)