Monday, September 13, 2010

ആനന്ദം

കുട്ടി:

മാനത്തൂടെ പാറിനടക്കും
കുഞ്ഞിക്കിളിയേ പോരാമോ?
കുഞ്ഞിക്കൂടുപണിഞ്ഞുതരാം
ഞാന്‍ പാലും പഴവും തന്നീടാം!

കിളി:

അയ്യോ വേണ്ടെടി മണിമോളേ
ഞാനിങ്ങനെ ചുറ്റിനടന്നോളാം!
പാലും പഴവും കുഞ്ഞിക്കൂടും
കിട്ടീലേലുമിതാനന്ദം!!

Read more...

Monday, July 26, 2010

സ്വപ്നം

മേഘച്ചാര്‍ത്തിന്‍ മേലേക്കൂടി
തെന്നല്‍ക്കൈകളിലൂഞ്ഞാലാടി
കനവിന്‍ മേട്ടില്‍ പൂക്കള്‍ ചൂടീ
പോയീ വെയിലിന്‍ കൂടും തേടീ

താഴേക്കാട്ടിലെ പൂവിളി കേട്ടൂ
മേലേക്കുന്നിലെ മഞ്ഞില്‍ത്തൊട്ടൂ
പാലച്ചോട്ടിലെ പൂമണമേറ്റൂ
പാടും കിന്നരഗാനം കേട്ടൂ

മാനം നോക്കിച്ചൂളം കുത്തും
പച്ചമുളന്തളിരൊന്നേ നുള്ളീ
ഓടത്തണ്ടിന്നുള്ളില്‍ക്കയറീ
പാടാപാട്ടിന്നീണം മീട്ടീ

നീലക്കടലിന്‍ കുറുകേക്കൂടീ
ആലിലയിട്ടു തോണിയിറക്കീ
നീന്തും ചിറകില്‍ മീനുകള്‍ പാറീ
നീലാകാശച്ചെരുവില്‍ക്കൂടീ

മഴവില്ലൊന്നു നിവര്‍ത്താനായി-
ട്ടൊരുകൈ നീട്ടിയെടുക്കും നേരം
അമ്മയുണര്‍ത്തി, തന്നൂ മുത്തം
മാഞ്ഞ കിനാവിലുമതിമധുരം
**********************

Read more...

Tuesday, May 12, 2009

മാഞ്ഞുപോകും ഒഴിവുകാലം




ശ്രീ. നന്ദകുമാറിന്റെ "ദൃശ്യപര്‍‌വ്വം"എന്ന ബ്ലോഗിലെ ഹൃദയസ്പര്‍ശിയായ ഈ ചിത്രത്തിനൊരു അടിക്കുറിപ്പാണീ വരികള്‍.







കേള്‍ക്കുന്നുണ്ടാക്കുയില്‍ പാട്ടെന്റെ കാതില്‍
ആടുന്നുണ്ടൂഞ്ഞാലെന്‍ പൂമരക്കൊമ്പില്‍..
മൊട്ടിട്ടു മന്ദാരച്ചില്ലയൊന്നുള്ളില്‍
തൊട്ടു കൈവിട്ടൊരാപ്പച്ചപ്പെന്‍ കണ്ണില്‍..

പൂവാലിപ്പയ്യിന്റെ നെറ്റിപ്പൊട്ടൊന്നില്‍
കുങ്കുമം തൊട്ട ചെഞ്ചോപ്പുണ്ടു കയ്യില്‍
നെല്ലിപ്പുളിയ്ക്കുപ്പുകല്ലൊന്നു മുക്കീ
കൂട്ടിക്കടിച്ചതിന്‍ ചേലുണ്ടു നാവില്‍..


പാടത്തെത്തോട്ടുവരമ്പിന്റെ തോളില്‍
വേലിപ്പടര്‍പ്പിലൊരായിരം പൂക്കള്‍
ആരാരും കാണാതെ കാവിലെക്കാട്ടില്‍
തേടിപ്പോയെത്തിപ്പറിച്ചിട്ട കായ്കള്‍

മുത്തശ്ശിപ്പാട്ടിന്റെയീണങ്ങള്‍ രാവില്‍
പീലിക്കെട്ടേറ്റിപ്പറക്കുന്നു നെഞ്ചില്‍
പുള്ളോര്‍ക്കുടങ്ങളും വീണയും പാടീ-
വന്നൂ,കളം കൊള്ളും നാഗരാജാക്കള്‍..

പൊട്ടാത്ത പട്ടിന്റെ നൂലുകൊണ്ടുള്ളില്‍
കോര്‍ത്തിട്ടൊരോര്‍മ്മ തന്‍ ചെമ്പകപ്പൂക്കള്‍
കാണുന്നതെന്നിനി; വീര്‍പ്പിട്ടു കണ്ണീര്‍-
ക്കണ്‍‌മറഞ്ഞോടുന്നു പാളങ്ങള്‍ പിന്നില്‍..

******************************************

Read more...