Monday, July 26, 2010

സ്വപ്നം

മേഘച്ചാര്‍ത്തിന്‍ മേലേക്കൂടി
തെന്നല്‍ക്കൈകളിലൂഞ്ഞാലാടി
കനവിന്‍ മേട്ടില്‍ പൂക്കള്‍ ചൂടീ
പോയീ വെയിലിന്‍ കൂടും തേടീ

താഴേക്കാട്ടിലെ പൂവിളി കേട്ടൂ
മേലേക്കുന്നിലെ മഞ്ഞില്‍ത്തൊട്ടൂ
പാലച്ചോട്ടിലെ പൂമണമേറ്റൂ
പാടും കിന്നരഗാനം കേട്ടൂ

മാനം നോക്കിച്ചൂളം കുത്തും
പച്ചമുളന്തളിരൊന്നേ നുള്ളീ
ഓടത്തണ്ടിന്നുള്ളില്‍ക്കയറീ
പാടാപാട്ടിന്നീണം മീട്ടീ

നീലക്കടലിന്‍ കുറുകേക്കൂടീ
ആലിലയിട്ടു തോണിയിറക്കീ
നീന്തും ചിറകില്‍ മീനുകള്‍ പാറീ
നീലാകാശച്ചെരുവില്‍ക്കൂടീ

മഴവില്ലൊന്നു നിവര്‍ത്താനായി-
ട്ടൊരുകൈ നീട്ടിയെടുക്കും നേരം
അമ്മയുണര്‍ത്തി, തന്നൂ മുത്തം
മാഞ്ഞ കിനാവിലുമതിമധുരം
**********************

15 അഭിപ്രായങ്ങള്‍:

ചന്ദ്രകാന്തം July 26, 2010 at 4:31 PM  

ഒരു കുഞ്ഞുസ്വപ്നം..

Manickethaar July 26, 2010 at 4:41 PM  

മധുരം,നന്നായിട്ടുണ്ട്‌

nandakumar July 26, 2010 at 4:44 PM  

പൂവിളി കേട്ടൂ മഞ്ഞില്‍ത്തൊട്ടൂ
പൂമണമേറ്റൊരീ കിന്നരഗാനം
ചൊല്ലിപ്പാടാനെന്തു രസം
ചൊല്ലിക്കേള്‍ക്കാനെന്തു കൊതി...
:) :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് July 26, 2010 at 4:49 PM  

മധുരമുള്ള വരികള്‍..

വര്‍ഷത്തിനു ശേഷം മഷിത്തണ്ട് നനഞ്ഞു കണ്ടതില്‍ സന്തോഷം

hashe July 26, 2010 at 4:57 PM  

________________________
മഴവില്ലൊന്നു നിവര്‍ത്താനായി-
ട്ടൊരുകൈ നീട്ടിയെടുക്കും നേരം
അമ്മയുണര്‍ത്തി, തന്നൂ മുത്തം
മാഞ്ഞ കിനാവിലുമതിമധുരം
________________________
nalla kavitha.. ashamsakal...

Kaithamullu July 26, 2010 at 5:02 PM  

സ്വപ്നകാന്തം!!

രാജേഷ്‌ ചിത്തിര July 26, 2010 at 9:38 PM  

നഴ്സറിയിലെ തനിയെ ആടുന്ന അരയന്നത്തിലെ
ഊഴം കാത്തിരിക്കിന്റെ ഓര്‍മ്മപുതുക്കലായി
ഈ സ്വപ്നലോക യാത്ര.

ഏതു സ്വപ്നസ്വര്‍ഗ്ഗത്തെക്കാളും മേലേയായ
അമ്മയുടെ മടിത്തട്ടും,
അമ്മതന്നുമ്മമധുരം കിനിയും
ഓര്‍മ്മകളും തിരിച്ചെത്തിച്ചു ഈ വരികള്‍

(അസൂയപ്പെടുന്നുണ്ട്; ഈ കുഞ്ഞു വരികള്)

ഉപാസന || Upasana July 28, 2010 at 5:02 PM  

ചാന്ദ്‌നി ചെച്ചി :-)

Appu Adyakshari July 28, 2010 at 6:52 PM  

വീണ്ടും ഒരു മഴക്കാലം. അപ്പോള്‍ ഈ മഷിത്തണ്ട് ഉണര്‍ന്നു എന്ന് കാണുന്നതില്‍ സന്തോഷം. കവിത നന്നായി എന്ന് പ്രത്യേകമ പറയേണ്ടതില്ലല്ലോ.

Mahesh Cheruthana/മഹി September 6, 2010 at 1:06 PM  

ചന്ദ്രേച്ചി,
"മഴവില്ലൊന്നു നിവര്‍ത്താനായി-
ട്ടൊരുകൈ നീട്ടിയെടുക്കും നേരം
അമ്മയുണര്‍ത്തി, തന്നൂ മുത്തം
മാഞ്ഞ കിനാവിലുമതിമധുരം"
കുഞ്ഞു സ്വപ്നത്തിനെ മഷിത്തണ്ടിനു നല്കിയതില്‍ ഒത്തിരി സന്തോഷം ....

Unknown September 12, 2010 at 8:09 PM  

നല്ലവരികള്‍ ... നല്ല ഭാവനയും. ആശംസകള്‍