Thursday, December 6, 2007

സമ്പത്തുകാലത്ത് തൈപത്തുവച്ചാല്‍ - (കുട്ടിക്കഥ)

കൊച്ചുകൂട്ടുകാരേ, വീണ്ടും ഒരു കഥ കേള്‍ക്കാന്‍ സമയമായി അല്ലേ. ഇതാ ഒരു ഉറുമ്പിന്റേയും പുല്‍ച്ചാടിയുടേയും കഥ.

മഴയൊന്നുമില്ലാത്ത, നല്ല തെളിമയുള്ള ഒരു ദിവസം ഒരു പുല്‍ച്ചാടി പാട്ടും പാടി കളിച്ചുനടക്കുകയായിരുന്നു. അവനു വളരെ സന്തോഷം തോന്നി. എന്തുരസം,പുല്ലില്‍ക്കൂടെയൊക്കെ ചാടിച്ചാടി നടക്കാം, കൂട്ടുകാരെയെല്ലാം കാണാം, അവരുടെ കൂടെ കളിക്കാം, തിന്നാനാനെങ്കില്‍ ഇഷ്ടമ്പോലെ തീറ്റയും!

പുല്‍ച്ചാടി ഇങ്ങനെ ചുറ്റിനടക്കുമ്പോള്‍ അവനൊരു ഉറുമ്പിനെക്കണ്ടു. ഉറുമ്പ് എന്തു ചെയ്യുകയായിരുന്നെന്നോ?എവിടെനിന്നോ നല്ല ഭാരമുള്ള കുറേ അരിമണികള്‍ വളരെ കഷ്ടപ്പെട്ട് വലിച്ചുകൊണ്ടു വന്ന് അവന്റെ കൂട്ടില്‍ നിറച്ചുകൊണ്ടിരിക്കുന്നു. അതുകണ്ട് പുല്‍ച്ചാടി ചോദിച്ചു, “ഉറുമ്പേ ഉറുമ്പേ, നീയെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നേ, വാ നമുക്കിവിടൊക്കെ ഓടിനടന്ന് കളിക്കാം“. ഉറുമ്പു പറഞ്ഞു “കളിക്കാനോ.. ഏയ് അതിനൊന്നും ഞാന്‍ വരുന്നില്ല. ഒരു കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ മഴക്കാലം തുടങ്ങുമെന്ന് നിനക്കറിയില്ലേ. അപ്പോള്‍ നമുക്ക് തിന്നാനുള്ള ആഹാരസാധനങ്ങളൊന്നും കിട്ടില്ല. അതിനാല്‍ ഞാന്‍ ഇപ്പോഴേ അരിമണികള്‍ പെറുക്കിക്കൊണ്ടുവന്ന് അന്നത്തേക്ക് സൂക്ഷിച്ചുവയ്ക്കുകയാണ്. നീയും പോയി അതുപോലെ ചെയ്യൂ”.

പുല്‍ച്ചാടി അവനെ കളിയാക്കിക്കൊണ്ടു പറഞ്ഞു “നീയൊരു മണ്ടനാ ഉറുമ്പേ... നമുക്കിഷ്ടം പോലെ ആഹാരം ഇപ്പോള്‍ ഇവിടെയൊക്കെയുണ്ടല്ലോ, മഴപെയ്താലും ഇതൊക്കെ ഇവിടെ കാണും. അതിനാല്‍ ഞാനിപ്പോള്‍ കളീക്കാന്‍ പോകുവാ“.

അവനോടു സംസാരിച്ചിട്ടുകാര്യമില്ലെന്നറിയാമായിരുന്ന ഉറുമ്പ് തന്റെ ജോലികള്‍ തുടര്‍ന്നു. പുല്‍ച്ചാടി കളിക്കാനും പോയി. കുറേ നാള്‍ കഴിഞ്ഞ് മഴക്കാലം വന്നു. സര്‍വ്വത്ര മഴതന്നെ. എല്ലായിടത്തുംവെള്ളപ്പൊക്കം. പുല്‍ച്ചാടിക്ക് പുറത്തിറങ്ങാന്‍ വയ്യാതായി. അവന്റെ ചിറകെല്ലാം നനഞ്ഞു കുതിര്‍ന്നു. അവനു വല്ലാതെ വിശന്നു. അപ്പോള്‍ പുല്‍ച്ചാടി ഉറുമ്പിന്റെ കൂ‍ട്ടിലേക്ക് നോക്കി. അവിടെ ഉറുമ്പും കുഞ്ഞുങ്ങളും സന്തോഷമായി, അവര്‍ നേരത്തേതന്നെ സൂക്ഷിച്ചു വച്ചിരുന്ന അരിമണികളും തിന്ന് മഴയും കണ്ട് ഇരിക്കുന്നു.

പുല്‍ച്ചാടി അപ്പോള്‍ വിചാരിച്ചു “ഉറുമ്പു പറഞ്ഞത് കേള്‍ക്കേണ്ടതായിരുന്നു. അന്നു കളിച്ചുനടന്നപ്പോള്‍ ഒരല്‍പ്പം നേരം ജോലിചെയ്തിരുന്നെങ്കില്‍ എനിക്കും ഇപ്പൊള്‍ ആഹാരം കണ്ടേനേ..”

ഈ കഥയില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠമാണ് പഠിച്ചത്? ബുദ്ധിമുട്ടുള്ള കാലത്തേക്ക് നമ്മള്‍ നേരത്തേ തന്നെ കാര്യങ്ങള്‍ ഒരുക്കിവയ്ക്കണം. പാഠങ്ങള്‍ പഠിക്കാനുള്ളത് അന്നന്നു പഠിച്ചാല്‍ പരീക്ഷ വരുമ്പോഴേക്ക് എല്ലാം കൂടി പഠിക്കാനും ടെന്‍ഷനടിക്കാനും ഒന്നും പോകേണ്ടീവരില്ല. അതിനാല്‍ ഒരുപാടു ടി.വി. കാണുന്നവരും ഗെയിം കളിച്ചു സമയം കളയുന്നവരുമൊക്കെ പുല്‍ച്ചാടിയെപ്പോലെയാകാതെ നല്ല കുട്ടികളായി ഇരിക്കുക.

****************
അവലംബം : ഈസോപ്പ് കഥകള്‍

18 അഭിപ്രായങ്ങള്‍:

അപ്പു ആദ്യാക്ഷരി December 6, 2007 at 8:39 AM  

മഷിത്തണ്ടിലെ കുട്ടികള്‍ക്കായി മറ്റൊരു കുട്ടിക്കഥ

G.MANU December 6, 2007 at 8:43 AM  

nannayi mashey..
kuttikalude manasilekku chellunna reethiyil paranjirikkunnu.

കുഞ്ഞന്‍ December 6, 2007 at 8:47 AM  

കുട്ടികള്‍ക്കും മുതിര്‍ന്നവരും ഒരു പോലെ അറിഞ്ഞിരിക്കേണ്ട ഗുണപാഠം..!

സം 10 കാലത്ത് കാ 10 വയ്ക്കുകയാണെങ്കില്‍
ആ 10 കാലത്ത് കാ 10 തിന്നാം...!

അപ്പൂ.. ആഴ്ചയിലൊരിക്കല്‍ ഇത്തരം കഥകളെഴുകയാണെങ്കില്‍, എനിക്ക് മകന് പറഞ്ഞു കൊടുക്കുവാന്‍ വേറെ ബുക്ക് നോക്കേണ്ട വരില്ല..കഥകള്‍ മനസ്സിലാകുന്ന കാലത്ത് അവനു പറഞ്ഞുകൊടുക്കണം മഷിത്തണ്ടില്‍ വരുന്ന കഥകള്‍..നന്ദി..

സാജന്‍| SAJAN December 6, 2007 at 11:48 AM  

അപ്പു നിങ്ങള്‍ വെറും അപ്പു അല്ല,അപ്പുണ്ണിയാണ്,
കുഞ്ഞുണ്ണിയെപോലെ, കൊച്ചുകുട്ടികള്‍ക്ക് നല്ല കഥയും കവിതയും ഒക്കെ ചൊല്ലിക്കൊടുക്കുന്ന മറ്റൊരു കുഞ്ഞുണ്ണി!!!

ചന്ദ്രകാന്തം December 6, 2007 at 12:22 PM  

നല്ല ഗുണപാഠമുള്ള കഥ.
കുഞ്ഞുങ്ങള്‍ക്ക്‌ സ്വയം വായിച്ചു മനസ്സിലാക്കാവുന്ന ലളിതമായ രീതിയില്‍ എഴുതിയത്‌ വളരെ നന്നായി.

ഉപാസന || Upasana December 6, 2007 at 1:12 PM  

appuchchEttaa

kollalo ee kuttikkathakal
njanum oru kuttiyayi kurache samayaththEkke
:)
upaasana

krish | കൃഷ് December 6, 2007 at 1:18 PM  

അതെ, ഇത് നേരത്തെ ബാലരമയിലും വായിച്ചിട്ടുണ്ട്.

മന്‍സുര്‍ December 6, 2007 at 2:41 PM  

അപ്പു...

ട്ടെന്‍ കാലത്ത്‌ കാ ട്ടെന്‍ വെച്ചാല്‍
ആപത്ത്‌ കാലത്ത്‌ ട്ടെന്‍ കാ തിന്നാം

അടിപൊളി


നന്‍മകള്‍ നേരുന്നു

Ziya December 6, 2007 at 4:14 PM  

ബാലരമേ വരുന്നേനു മുന്നേ ഈസോപ്പ് നാടായ നാടെല്ലാം പാടി നടന്ന കഥയല്ലേ ഇത് കൃഷേ!!!:)

പഞ്ചതന്ത്രവും ആയിരത്തൊന്നു രാവുകളും ഈസോപ്പു കഥകളും എത്ര പറഞ്ഞാലും മതിയാവുമോ?
ഇനി അതിനൊക്കെ കോപിറൈറ്റ് ആരെങ്കിലും അടിച്ചു മാറ്റീട്ടുണ്ടാവുമോ? കാലം കോപിറൈറ്റിന്റെയല്ലേ :)

ദിലീപ് വിശ്വനാഥ് December 7, 2007 at 8:19 AM  

വളരെ നല്ല കുട്ടിക്കഥ.

ശ്രീലാല്‍ December 7, 2007 at 9:28 AM  

എന്നാണ് മുതിര്‍ന്ന ബ്ലോഗര്‍മാരല്ലാതെ സ്കൂള്‍കുട്ടികള്‍ ഈ പാട്ടുകളും കഥകളും വായിക്കാന്‍ വരിക....? ഇതില്‍ അവര്‍ കമന്റിടുകയും സന്തോഷം പങ്കുവെക്കുകയും തമാശകള്‍ പറയുകയും ചെയ്യുക..? ഈ ബ്ലോഗിനു കുട്ടി വായനക്കാര്‍ ഇല്ല എന്ന ഒരു കുറവുമാത്രമേ ഉള്ളൂ‍.. (വായിക്കുന്നുണ്ടാവും അല്ലേ..? ). അവരെല്ലാം വരുമ്പോഴേക്കും നിറയട്ടെ ഇതെല്ലാം, നല്ല പാട്ടുകളും കവിതകളും,കഥകളും കൊണ്ട്.

ഒരുപാടു മാഷമ്മാരും ടീച്ചര്‍മാരും ഇപ്പൊത്തന്നെ ഈ വിദ്യാലയത്തിലുണ്ടല്ലോ...:) ( ബ്ലോദ്യാലയം എന്നൊന്നും പറയല്ലേ.. പ്ലീസ്.അതു മടുത്തു.)
വല്യമ്മായിട്ടീച്ചറും വേണുസാറും ഇത്തിരിവെട്ടം മാഷും ആഷട്ടീച്ചറും സിയാമിസ്സും മേനോന്‍സാറും... അങ്ങനെ ഒരു പാട്.. ദേയ് അതിനിടയ്ക്ക് ഒരു ശിശുമാഷും.... ഹ..ഹ.

അപ്പുമാഷെ ഹെഡ്മാഷാക്കിയാലോ.. ?

പ്യൂണിന്റെ ഒഴിവുണ്ടെങ്കില്‍ എനിക്കു തരണേ.. :) കൃത്യമായി മണിയടിക്കാം. ;)

പ്രയാസി December 7, 2007 at 4:50 PM  

അപ്പു മാഷെ.. ച്ച് ഇസ്ടായി..:)

പി.സി. പ്രദീപ്‌ December 7, 2007 at 7:40 PM  

അപ്പുവേ,
കഥ അറിയാം,എങ്കിലും അപ്പു ബ്ലോഗില്‍ എഴുതിയതു കണ്ട് വായിച്ച ഉടനെ തന്നെ എന്റെ മകള്‍ക്ക് പറഞ്ഞു കൊടുത്തു.
ഇനിയും എഴുതുക:)

Ziya December 8, 2007 at 9:41 AM  

ശ്രീലാല്‍ എന്നെ മിസ് ആക്കി അല്ലേ...
ഇതിലു ഭേദം എന്നെ അങ്ങ് ‘മിസ്സ്’ അക്കുന്നതായിരുന്നു :)

ശ്രീലാല്‍ December 13, 2007 at 9:29 AM  

അയ്യോ.... :) അറീല്ലേനും.. ആ പേരിനു ചേര്‍ന്നതായതുകൊണ്ട് വിളിച്ചു പോയതാ. ക്ഷമിക്കൂ..
സിയാ മാസ്റ്റര്‍.... :)

മഴത്തുള്ളി December 13, 2007 at 10:39 AM  

അപ്പുണ്ണി, ഓ, സാജന്‍ വിളിച്ചത് കേട്ട് ഓര്‍ക്കാതെ വിളിച്ചതാ... വളരെ നന്നായിട്ടുണ്ട് ഈസോപ്പ് കഥ അപ്പു മാഷേ, ഇന്നാ കേട്ടോ വായിക്കാന്‍ ഒത്തത്.

ഇനിയുമെഴുതൂ, ആശംസകള്‍.