Thursday, January 15, 2009

നാക്കിന്റെ ഗുണം - രണ്ടു കഥകള്‍

ഒന്ന്‌.

ഒരു ഗ്രാമത്തില്‍ വളരെ ജ്ഞാനിയായ ഒരു വൃദ്ധന്‍ പാര്‍ത്തിരുന്നു.

പണ്ഡിതനായ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചും അറിവു പകര്‍ന്നുകൊടുത്തും ദിവസം കഴിച്ചുകൊണ്ടിരിക്കെ ഒരു ദിവസം വാര്‍ദ്ധക്യസഹജമായ കാരണത്താല്‍ ശയ്യാവലംബിയായി.

വളരെയേറെ ശിഷ്യസമ്പത്തുണ്ടായിരുന്ന, സമാരാധ്യനായിരുന്ന അദ്ദേഹത്തെ കാണാന്‍ അയല്‍ഗ്രാമങ്ങളില്‍ നിന്നുപോലും ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ കുടിലിലെത്തി.

രോഗവിവരം അറിഞ്ഞെത്തിയ എല്ലവരേയും അദ്ദേഹം തന്റെ തളര്‍ന്ന കണ്ണുകള്‍ കൊണ്ടു നോക്കി സംതൃപ്തി അടഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യവൃന്ദങ്ങളെല്ലാം വൃദ്ധന്റെ കാല്‍ക്കലിരുന്നു. അദ്ദേഹം എന്തോ പറയാന്‍ ശ്രമിക്കുന്നതായി അവര്‍ക്കു തോന്നി.

വൃദ്ധന്‍ തന്റെ ശിഷ്യഗണങ്ങളെ അരികില്‍ വിളിച്ചു ഇങ്ങനെ പറഞ്ഞു.

'നിങ്ങള്‍ എന്റെ വായിലൊന്നു പരിശോധിക്കുവിന്‍. എന്നിട്ട് എത്ര പല്ലുകള്‍ ബാക്കിയുണ്ട് എന്ന്‌ ഒന്നു പറയുക"

അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും ആരാധകരും ഓരോരുത്തരായി അദ്ദേഹത്തിന്റെ വായ പരിശോധിച്ചു. അതിനുശേഷം അവര്‍ പറഞ്ഞു.

'അങ്ങയുടെ പല്ലുകളെല്ലാം വളരെ മുമ്പേ തന്നെ കൊഴിഞ്ഞുപോയിരിക്കുന്നുവല്ലോ. ഒരെണ്ണം പോലും ബാക്കിയില്ല"

വൃദ്ധന്‍ ചോദിച്ചു. "നാക്കില്ലേ?"

എല്ലാവരും പറഞ്ഞു. "ഉണ്ട്‌, അങ്ങയുടെ വായയില്‍ നാക്കുണ്ട്".

വൃദ്ധന്‍ ചോദിച്ചു. "അതെങ്ങനെ സംഭവിച്ചു? ജനിച്ച സമയത്ത്‌ എനിക്കു നാക്കുണ്ടായിരുന്നു. പല്ലു വന്നതു പിന്നീടായിരുന്നുവല്ലോ. താമസിച്ചു വന്നവര്‍ താമസിച്ചു പോകേണ്ടതാണ്‌. പക്ഷേ ഇവിടെയിപ്പോള്‍ താമസിച്ചു വന്നത്‌ നേരത്തെ പോയിരിക്കുന്നുവല്ലോ"

ശിഷ്യര്‍ പറഞ്ഞു. 'ഗുരോ, അതിന്റെ കാരണം ഞങ്ങള്‍ക്കറിയില്ല."

ചെറുതായി ഒന്നു ചിരിച്ചുകൊണ്ട്‌ വൃദ്ധന്‍ തന്റെ ശിഷ്യരോടായി പറഞ്ഞു.

"ഈ നാക്ക്‌ വളരെ മൃദുവായിരുന്നതിനാലാണ്‌ അത്‌ ഇത്രയും കാലം നിലനിന്നത്. പല്ലുകള്‍ താമസിച്ചു വന്നിട്ടും നേരത്തേ പോയത് അവ വളരെ കഠോരങ്ങളായിരുന്നതിനാലാണ്‌. ഇതുപോലെ നിങ്ങള്‍ ഏറെക്കാലം ജീവിക്കണമെങ്കില്‍ പല്ലുകളെപ്പോലെ കഠിനസ്വഭാവക്കാരാകാതിരിക്കുക. നാവിനെപ്പോലെ മൃദുവായ സ്വഭാവമുള്ളവരായിരിക്കുക. ഇതാണ്‌ എനിക്കു അവസാനമായി നിങ്ങളോടു പറയാനുള്ളത്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

രണ്ട്.

ധനികനും അല്പം അഹങ്കാരിയുമായ ഒരു വ്യവസായി ഒരിക്കല്‍ നഗരത്തിലെ വലിയ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. നഗരത്തിലെ ധനികന്‍ തന്റെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതു കണ്ട് ഹോട്ടലുടമ വളരെ സന്തോഷത്തോടെ അയാള്‍ക്കു വേണ്ടുന്ന ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കാനായി സ്വയം അദ്ദേഹത്തിന്റെ മേശക്കരികില്‍ എത്തി.

ഹോട്ടലുടമയെ പരീക്ഷിക്കാനായി ധനികന്‍ ഇങ്ങനെ പറഞ്ഞു.

'ഈ ലോകത്തെ ഏറ്റവും നല്ലതും ഏറ്റവും മോശമായതുമായ സാധനം എനിക്കു വേണം. എന്റെ തീന്‍മേശയില്‍ അതെത്തിക്കുവാന്‍ താങ്കള്‍ക്കു കഴിയുമോ?"

ഹോട്ടലുടമ സന്തോഷത്തോടെ അയാളുടെ ഓര്‍ഡര്‍ സ്വീകരിച്ചു.
അല്പസമയത്തിനുശേഷം വറുത്തു പൊരിച്ച ഒരു ബീഫ്‌കഷണം വ്യവസായിയുടെ മേശപ്പുറത്തെത്തിച്ചു. ഒപ്പം ഹോട്ടലുടമയുമെത്തി. ഹോട്ടലുടമ ധനികനോടു പറഞ്ഞു.

"ഇത് ഇന്നു രാവിലേ അറുത്ത പോത്തിന്റെ നാവാണ്‌. ലോകത്തെ ഏറ്റവും നല്ലതും ഏറ്റവും മോശമായതുമായ 'സാധനം'ഇപ്പോള്‍ അങ്ങയുടെ മേശപ്പുറത്തുണ്ട്. നാവാണ്‌ ഈ ലോകത്തെ ഏറ്റവും നല്ലതും ഏറ്റവും മോശമായതുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ‌ഇനി എല്ലാം അങ്ങയുടെ ഇഷ്ടം"

ധനികന്‍ ആ ഹോട്ടലുടമയെ തന്റെ ആത്മസുഹൃത്തായി സ്വീകരിക്കുവാന്‍ പിന്നെ അധികസമയം വേണ്ടി വന്നില്ല.

Read more...

Monday, January 12, 2009

കയ്‌ക്കുന്ന കോവയ്ക്ക (കുട്ടിക്കഥ)

കൊച്ചുകൂട്ടുകാര്‍ക്കെല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഒരു കഥകേട്ടിട്ട് കുറേ നാളായില്ലേ. പഴയൊരു മുത്തശ്ശിക്കഥ പറയാം.

പണ്ട് പണ്ട് ഒരു ഗ്രാമത്തില്‍ രണ്ടുകുട്ടികളുണ്ടായിരുന്നു, ദാമുവും ഗോപുവും. രണ്ടുപേരും നല്ല കൂട്ടുകാര്‍. അന്ന് ഇന്നത്തെപ്പോലെ സ്കൂളുകളൊന്നുമില്ല കേട്ടോ. ആശാന്‍പള്ളിക്കൂടത്തിലാണ് രണ്ടുപേരും അക്ഷരം പഠിക്കുവാന്‍ പോകുന്നത്. ദാമു ഒരു വികൃതിയായിരുന്നു. ഒരു ദിവസം പള്ളിക്കൂടത്തില്‍ നിന്നും തിരികെ വരുന്നവഴി ഒരു പറമ്പില്‍ നിറയെ നല്ല കോവയ്ക്ക വിളഞ്ഞുനില്‍ക്കുന്നതു കണ്ടു.

ദാമു പറഞ്ഞു: “എടാ ഗോപൂ, നോക്കടാ നല്ല കോവയ്ക്ക. ഇത് വറവാക്കി തിന്നാന്‍ എന്തു രസമാണെന്ന് നിനക്കറിയാമോ? വാ നമുക്ക് ഇത് കുറച്ച് പറിച്ചെടുത്തുകൊണ്ട് വീട്ടില്‍ പോകാം”

അതു കേട്ട് ഗോപു പറഞ്ഞു : “വേണ്ടാ ദാമൂ, ഇത് മറ്റാരോ കൃഷി ചെയ്തിരിക്കുന്നതല്ലേ, ആരെങ്കിലും കാണും”

“ആരും കാണുകയില്ല, നീ വാ” ദാമു ഗോപുവിനെ സമാധാനിപ്പിച്ചു. അങ്ങനെ ആരും കാണാതെ അവര്‍ രണ്ടുപേരും ഓരോ ഇലക്കുമ്പിള്‍ നിറയെ കോവയ്ക്കയും പറിച്ചുകൊണ്ട് വീട്ടിലെത്തി.

ദാമുവിന്റെ അമ്മയ്ക്കു സന്തോഷമായി. അവര്‍ കോവയ്ക്ക അരിഞ്ഞ് ദാമുവിന് നല്ല കറിയും, വറവും ഒക്കെയുണ്ടാക്കി കൊടുത്തു. ഗോപു കോവയ്ക്കയുമായി എത്തിയപ്പോള്‍ അവന്റെ അമ്മ അതെവിടെനിന്നാണെന്ന് ചോദിച്ചു മനസിലാക്കി. അവരെന്തുചെയ്തുവെന്നോ. ഗോപുവിനെ വഴക്കൊന്നും പറഞ്ഞില്ല. പകരം ഗോപുവിന്റെ അമ്മയും കോവയ്ക്ക കറിവച്ചു. പക്ഷേ അതില്‍ ഒരു കാഞ്ഞിരക്കുരുകൂടി ചേര്‍ത്താണ് അവന്റെ അമ്മ കറിയുണ്ടാക്കിയത്! കാഞ്ഞിരക്കുരു എന്താണെന്ന് കൂട്ടുകാര്‍ക്കറിയാമോ? ഭയങ്കര കയ്‌പ്പുള്ള ഒരു കായയാണത്. പണ്ട് നമ്മുടെ നാട്ടില്‍ എല്ലായിടത്തും ഉണ്ടായിരുന്ന ഒരു മരത്തിന്റെ കായ.

അങ്ങനെ ഗോപുവും സന്തോഷത്തോടെ ചോറുണ്ണാനിരുന്നു. പക്ഷേ കോവയ്ക്ക വായില്‍ വച്ചപ്പോഴോ, ഭയങ്കര കയ്‌പ്പ്!

ഗോപു ചോദിച്ചു: “അയ്യേ അമ്മേ ഇതെന്താ ഈ കോവയ്ക്ക് കയ്‌ക്കുന്നത്“

അപ്പോള്‍ ഗോപുവിന്റെ അമ്മ പറഞ്ഞു: “മോനേ, ഈ കോവയ്ക്ക നീ കട്ടുകൊണ്ടുവന്നതല്ലേ, മറ്റുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കരുത്. കട്ടെടുക്കുന്ന വസ്തുക്കള്‍ കയ്‌ക്കും കേട്ടോ?”

അതൊരു പുതിയ അറിവായീരുന്നു ഗോപുവിന്. ഗോപു പിന്നീടൊരിക്കലും മോഷ്ടിക്കാന്‍ പോയില്ല.

എന്നാല്‍ ദാമുവോ? അവന്റെ അമ്മ എന്നും അവന്‍ കട്ടുകൊണ്ടുവരുന്ന പച്ചക്കറികള്‍ കൊണ്ട് അവന് നല്ല നല്ല കറികളുണ്ടാക്കിക്കൊടുത്തു. അവനതു തിന്ന് തടിച്ചുകൊഴുത്തു. വലുതായപ്പോള്‍ അവന്‍ വലിയൊരു കള്ളനായി മാറുകയും ചെയ്തു. നാട്ടുകാര്‍ക്കെല്ലാം ശല്യമായി തീര്‍ന്ന ഒരു പെരുങ്കള്ളന്‍.

ഇതില്‍ നിന്നും കൂട്ടുകാര്‍ എന്തുപഠിച്ചു? കട്ടെടുക്കരുത്. മറ്റുള്ളവരുടെ ഒരു സാധനങ്ങളും നമ്മള്‍ അവരുടെ സമ്മതമില്ലാതെ എടുക്കരുത്. സ്കൂളില്‍ പോകുമ്പോള്‍ മറ്റുകുട്ടികളുടെ സാധനങ്ങള്‍, മറ്റു വീടുകളില്‍ പോയാല്‍ അവിടെനിന്ന് എന്തെങ്കിലും, കടകളില്‍ നിന്ന് സാധനങ്ങള്‍ - അങ്ങനെ എന്തുമാവട്ടെ, ഒരു കൊച്ചു സാധനം പോലും കട്ടെടുക്കരുത്. അത് നല്ല ശീലമല്ല.

Read more...