Thursday, January 15, 2009

നാക്കിന്റെ ഗുണം - രണ്ടു കഥകള്‍

ഒന്ന്‌.

ഒരു ഗ്രാമത്തില്‍ വളരെ ജ്ഞാനിയായ ഒരു വൃദ്ധന്‍ പാര്‍ത്തിരുന്നു.

പണ്ഡിതനായ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചും അറിവു പകര്‍ന്നുകൊടുത്തും ദിവസം കഴിച്ചുകൊണ്ടിരിക്കെ ഒരു ദിവസം വാര്‍ദ്ധക്യസഹജമായ കാരണത്താല്‍ ശയ്യാവലംബിയായി.

വളരെയേറെ ശിഷ്യസമ്പത്തുണ്ടായിരുന്ന, സമാരാധ്യനായിരുന്ന അദ്ദേഹത്തെ കാണാന്‍ അയല്‍ഗ്രാമങ്ങളില്‍ നിന്നുപോലും ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ കുടിലിലെത്തി.

രോഗവിവരം അറിഞ്ഞെത്തിയ എല്ലവരേയും അദ്ദേഹം തന്റെ തളര്‍ന്ന കണ്ണുകള്‍ കൊണ്ടു നോക്കി സംതൃപ്തി അടഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യവൃന്ദങ്ങളെല്ലാം വൃദ്ധന്റെ കാല്‍ക്കലിരുന്നു. അദ്ദേഹം എന്തോ പറയാന്‍ ശ്രമിക്കുന്നതായി അവര്‍ക്കു തോന്നി.

വൃദ്ധന്‍ തന്റെ ശിഷ്യഗണങ്ങളെ അരികില്‍ വിളിച്ചു ഇങ്ങനെ പറഞ്ഞു.

'നിങ്ങള്‍ എന്റെ വായിലൊന്നു പരിശോധിക്കുവിന്‍. എന്നിട്ട് എത്ര പല്ലുകള്‍ ബാക്കിയുണ്ട് എന്ന്‌ ഒന്നു പറയുക"

അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും ആരാധകരും ഓരോരുത്തരായി അദ്ദേഹത്തിന്റെ വായ പരിശോധിച്ചു. അതിനുശേഷം അവര്‍ പറഞ്ഞു.

'അങ്ങയുടെ പല്ലുകളെല്ലാം വളരെ മുമ്പേ തന്നെ കൊഴിഞ്ഞുപോയിരിക്കുന്നുവല്ലോ. ഒരെണ്ണം പോലും ബാക്കിയില്ല"

വൃദ്ധന്‍ ചോദിച്ചു. "നാക്കില്ലേ?"

എല്ലാവരും പറഞ്ഞു. "ഉണ്ട്‌, അങ്ങയുടെ വായയില്‍ നാക്കുണ്ട്".

വൃദ്ധന്‍ ചോദിച്ചു. "അതെങ്ങനെ സംഭവിച്ചു? ജനിച്ച സമയത്ത്‌ എനിക്കു നാക്കുണ്ടായിരുന്നു. പല്ലു വന്നതു പിന്നീടായിരുന്നുവല്ലോ. താമസിച്ചു വന്നവര്‍ താമസിച്ചു പോകേണ്ടതാണ്‌. പക്ഷേ ഇവിടെയിപ്പോള്‍ താമസിച്ചു വന്നത്‌ നേരത്തെ പോയിരിക്കുന്നുവല്ലോ"

ശിഷ്യര്‍ പറഞ്ഞു. 'ഗുരോ, അതിന്റെ കാരണം ഞങ്ങള്‍ക്കറിയില്ല."

ചെറുതായി ഒന്നു ചിരിച്ചുകൊണ്ട്‌ വൃദ്ധന്‍ തന്റെ ശിഷ്യരോടായി പറഞ്ഞു.

"ഈ നാക്ക്‌ വളരെ മൃദുവായിരുന്നതിനാലാണ്‌ അത്‌ ഇത്രയും കാലം നിലനിന്നത്. പല്ലുകള്‍ താമസിച്ചു വന്നിട്ടും നേരത്തേ പോയത് അവ വളരെ കഠോരങ്ങളായിരുന്നതിനാലാണ്‌. ഇതുപോലെ നിങ്ങള്‍ ഏറെക്കാലം ജീവിക്കണമെങ്കില്‍ പല്ലുകളെപ്പോലെ കഠിനസ്വഭാവക്കാരാകാതിരിക്കുക. നാവിനെപ്പോലെ മൃദുവായ സ്വഭാവമുള്ളവരായിരിക്കുക. ഇതാണ്‌ എനിക്കു അവസാനമായി നിങ്ങളോടു പറയാനുള്ളത്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

രണ്ട്.

ധനികനും അല്പം അഹങ്കാരിയുമായ ഒരു വ്യവസായി ഒരിക്കല്‍ നഗരത്തിലെ വലിയ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. നഗരത്തിലെ ധനികന്‍ തന്റെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതു കണ്ട് ഹോട്ടലുടമ വളരെ സന്തോഷത്തോടെ അയാള്‍ക്കു വേണ്ടുന്ന ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കാനായി സ്വയം അദ്ദേഹത്തിന്റെ മേശക്കരികില്‍ എത്തി.

ഹോട്ടലുടമയെ പരീക്ഷിക്കാനായി ധനികന്‍ ഇങ്ങനെ പറഞ്ഞു.

'ഈ ലോകത്തെ ഏറ്റവും നല്ലതും ഏറ്റവും മോശമായതുമായ സാധനം എനിക്കു വേണം. എന്റെ തീന്‍മേശയില്‍ അതെത്തിക്കുവാന്‍ താങ്കള്‍ക്കു കഴിയുമോ?"

ഹോട്ടലുടമ സന്തോഷത്തോടെ അയാളുടെ ഓര്‍ഡര്‍ സ്വീകരിച്ചു.
അല്പസമയത്തിനുശേഷം വറുത്തു പൊരിച്ച ഒരു ബീഫ്‌കഷണം വ്യവസായിയുടെ മേശപ്പുറത്തെത്തിച്ചു. ഒപ്പം ഹോട്ടലുടമയുമെത്തി. ഹോട്ടലുടമ ധനികനോടു പറഞ്ഞു.

"ഇത് ഇന്നു രാവിലേ അറുത്ത പോത്തിന്റെ നാവാണ്‌. ലോകത്തെ ഏറ്റവും നല്ലതും ഏറ്റവും മോശമായതുമായ 'സാധനം'ഇപ്പോള്‍ അങ്ങയുടെ മേശപ്പുറത്തുണ്ട്. നാവാണ്‌ ഈ ലോകത്തെ ഏറ്റവും നല്ലതും ഏറ്റവും മോശമായതുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ‌ഇനി എല്ലാം അങ്ങയുടെ ഇഷ്ടം"

ധനികന്‍ ആ ഹോട്ടലുടമയെ തന്റെ ആത്മസുഹൃത്തായി സ്വീകരിക്കുവാന്‍ പിന്നെ അധികസമയം വേണ്ടി വന്നില്ല.

10 അഭിപ്രായങ്ങള്‍:

Guruji-രഘുവംശി January 15, 2009 at 1:31 PM  

"ഈ നാക്ക്‌ വളരെ മൃദുവായിരുന്നതിനാലാണ്‌ അത്‌ ഇത്രയും കാലം നിലനിന്നത്. പല്ലുകള്‍ താമസിച്ചു വന്നിട്ടും നേരത്തേ പോയത് അവ വളരെ കഠോരങ്ങളായിരുന്നതിനാലാണ്‌. ഇതുപോലെ നിങ്ങള്‍ ഏറെക്കാലം ജീവിക്കണമെങ്കില്‍ പല്ലുകളെപ്പോലെ കഠിനസ്വഭാവക്കാരാകാതിരിക്കുക.

അപ്പു January 15, 2009 at 1:51 PM  

ഗുരുജീ,ഈ കഥകള്‍ ഇവിടെ പങ്കുവച്ചതിനു നന്ദി.

മാണിക്യം January 15, 2009 at 6:08 PM  

നാവിന്‍ തുമ്പിലാ എല്ലാം
അതു രുചി ആയാലും
വാ‍ക്ക് ആയാലും .
ഓര്‍മ്മപ്പെടുത്തലിനു നന്ദി..

പാറുക്കുട്ടി January 16, 2009 at 9:14 AM  

ശരിയാ. നമുക്ക് ദോഷം വരുത്തുന്നതിനും നന്മ വരുത്തുന്നതിനും നാക്ക് കാരണമാകാറുണ്ട്.

ഈ നാക്കിന്റെ ഒരു മഹിമ അപാരം.

My......C..R..A..C..K........Words January 17, 2009 at 9:26 AM  

nalla kadha ... madhuramulla vaakkukal ellavarkkum sammaanikkaan kazhiyatte ennnaashamsikkunnu

lakshmy January 18, 2009 at 4:37 AM  

കൊള്ളാം. നല്ല കഥകൾ

Mahesh Cheruthana/മഹി January 18, 2009 at 6:47 PM  

Guruji, ee nalla ormappetutthalini nandi,Thudaruka,Elle bhavukangalum!

jwalamughi January 19, 2009 at 6:51 AM  

ഗുണപാഠമുള്ള കഥകള്‍..

പണ്യന്‍കുയ്യി March 30, 2009 at 3:43 PM  

വളരെ അതികം ഇഷ്ടപ്പെട്ടു