Sunday, February 24, 2008

കാക്കേ കാക്കേ കൂടെവിടെ ?

കാക്കേ കാക്കേ കൂടെവിടെ ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞുകിടന്നു കരയില്ലേ?

കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയ്യിലെ നെയ്യപ്പം?
ഇല്ല തരില്ലീ നെയ്യപ്പം,
അയ്യോ കാക്കേ പറ്റിച്ചോ !!


ഈ പഴയ പാട്ട്, ഇവിടെ മൂന്നര വയസ്സുകാരന്‍ മനു പാടിയിരിക്കുന്നു.ഇവിടെ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ യൂട്യൂബിലെ ഈ ലിങ്ക് ഒന്നു നോക്കൂ

Read more...

Friday, February 22, 2008

നല്ലവളായ പരുന്തമ്മ

പൂഞ്ചോലക്കാട്ടിലെ ഒരു വലിയ ആല്‍മരത്തിന്റെ മുകളിലായിരുന്നു ചങ്ങാലിപ്പരുന്തമ്മ കൂടുകെട്ടി താമസിച്ചിരുന്നത്‌. പരുന്തമ്മയ്ക്ക്‌ രണ്ടു കൂട്ടുകാരുണ്ടായിരുന്നു - ചിണ്ടനെലിയും ചിന്നുക്കുരുവിയും, . പരുന്തും എലിയും കുരുവിയും കൂട്ടുകൂടുമോ എന്ന് കൂട്ടുകാര്‍ വിചാരിക്കുന്നുണ്ടാവും. സാധാരണ അങ്ങനെയില്ല. എന്നാല്‍ ഇവര്‍ മൂന്നുപേരും കൂട്ടുകാരാവാന്‍ ഒരു കാരണമുണ്ട്‌. അതു കേള്‍ക്കേണ്ടേ?


പണ്ടൊരുദിവസം ഒരു വേടന്‍ കാട്ടില്‍ പക്ഷികളെ പിടിക്കാന്‍ ഒരു വലവിരിച്ചു. അറിയാതെ നമ്മുടെ ചങ്ങാലിപ്പരുന്തമ്മ അതില്‍ കുടുങ്ങി. അവളുടെ കരച്ചില്‍കേട്ട്‌ ചിന്നുക്കുരുവി അവിടേക്ക് വന്നു. പരുന്തമ്മ സങ്കടത്തോടെ ചിന്നുവിനെ വിളിച്ച്‌, തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണേ എന്നു കരഞ്ഞു പറഞ്ഞു. ആദ്യം പരുന്തിന്റെ അടുത്ത്‌ പോകാന്‍ പേടിയായെങ്കിലും ചിന്നു പതുക്കെപ്പതുക്കെ വലയുടെ അടുത്തെത്തി. പരുന്തമ്മയുടെ കിടപ്പില്‍ കഷ്ടംതോന്നിയ അവള്‍ പോയി ചിണ്ടനെലിയെ വിളിച്ചുകൊണ്ടുവന്നു. ചിണ്ടനും പരുന്തമ്മയെ പേടിയായിരുന്നു.

പരുന്തമ്മ പറഞ്ഞു " ചിന്നൂ, ചിണ്ടാ, പണ്ടൊക്കെ ഞാന്‍ നിങ്ങളെ ഒരു പാടു പേടിപ്പിച്ചിട്ടുണ്ട്‌. ഇനിയങ്ങനെ ഉണ്ടാവില്ല. എന്നെ ഇവിടെനിന്നു രക്ഷിച്ചാല്‍ നമ്മള്‍ക്കെന്നും കൂട്ടുകാരായി ഇരിക്കാം. നിങ്ങളെ ഞാനൊന്നും ചെയ്യില്ല." ചിന്നുവും ചിണ്ടനും കൂടിയാലോചിച്ചു. അവസാനം വലകടിച്ചുമുറിച്ച്‌ ചിണ്ടന്‍ പരുന്തിനെ അവിടെനിന്നും രക്ഷിച്ചു. അന്നുമുതലാണ്‌ അവര്‍ കൂട്ടുകാരയത്‌.


അങ്ങനെയിരിക്കെ ചിന്നുക്കുരുവിയുടെ കല്യാണമായി. പൂഞ്ചോലക്കാട്ടില്‍ത്തന്നെയുള്ള കുട്ടുക്കുരുവിയായിരുന്നു ചെക്കന്‍. കല്യാണമൊക്കെക്കഴിഞ്ഞ്‌ ചിന്നുവും കുട്ടുവും അടുത്തുള്ള നെല്ലിമരത്തില്‍ ഒരു കൂടുകെട്ടി. നാരുകളും, ഉങ്ങങ്ങിയ ഇലകളുമൊക്കെ വച്ച നല്ലൊരു കൂടായിരുന്നു അവരുടേത്. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ചിന്നു മൂന്നു മുട്ടയിട്ടു. “ഹായ്‌.... മുട്ടവിരിഞ്ഞ്‌ കുഞ്ഞിക്കുരുവികള്‍ വരുമല്ലോ“. അതോര്‍ത്ത്‌ കുട്ടുവും ചിന്നുവും വളരെ സന്തോഷിച്ചു.

ചിന്നു മുട്ടയ്കുമേലെ അടയിരുന്ന് അവയ്ക്ക്‌ ചൂടുകൊടുത്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുട്ടവിരിഞ്ഞ്‌ നല്ല സുന്ദരന്മാരായ മൂന്നു കുരുവിക്കുഞ്ഞുങ്ങള്‍ പുറത്തെത്തി. കുഞ്ഞുങ്ങളെയും നോക്കി അങ്ങനെയിരിക്കുന്നത്‌ കുട്ടുവിനും ചിന്നുവിനും വലിയ സന്തോഷമായിരുന്നു. കുഞ്ഞുങ്ങളാണെങ്കിലോ, എപ്പോഴും കീ..കീ.. എന്നു കരച്ചിലും. അച്ഛനും അമ്മയും മാറിമാറി കാട്ടില്‍ പോയി അവര്‍ക്ക്‌ തീറ്റ കൊണ്ടുവന്നു നല്‍കി. അങ്ങനെ കുഞ്ഞുങ്ങള്‍ വളര്‍ന്നുവന്നു.

പക്ഷേ ഒരു അപകടം അവിടെ ഉണ്ടായിരുന്നു. താഴെയുള്ള ഒരു മാളത്തില്‍ കോരന്‍ എന്നൊരു പാമ്പ്‌ എവിടെനിന്നോ വന്ന് താമസമായി. കുഞ്ഞുങ്ങളുടെ കരച്ചില്‍ അവന്‍ കേട്ടു. അവയെ തിന്നാനായി അവന്‌ കൊതിയായി. ചിന്നുവും കുട്ടുവും ഇതറിഞ്ഞില്ല. ഒരു ദിവസം അവര്‍ തീറ്റതേടിപ്പോയ സമയം കോരന്‍ പാമ്പ് നെല്ലിമരത്തിലേക്ക്‌ കയറി. മണം പിടിച്ചുകൊണ്ട്‌ അവന്‍ കുരുവിക്കൂടിന്റെ അടുത്തേക്ക്‌ എത്തി. പാവം കുരുവിക്കുഞ്ഞുങ്ങള്‍. ഇതാരാണ്‌ വരുന്നതെന്നറിയാതെ അവര്‍ കീ..കീ.. എന്നു കരഞ്ഞു. പാമ്പ്‌ വാപിളര്‍ന്നുകൊണ്ട്‌ അവരുടെ അടുത്തേക്ക് ഇഴഞ്ഞുവന്നു.

"അയ്യോ.. നമ്മുടെ കുഞ്ഞുങ്ങളെ പാമ്പ്‌ പിടിക്കുന്നേ.." തീറ്റയുമായി തിരിച്ചെത്തിയ കുട്ടുവും ചിന്നുവും ഉറക്കെ കരഞ്ഞു.. "അയ്യോ....അയ്യോ... " പാമ്പ്‌ കുഞ്ഞുങ്ങളെ തിന്നാനായി പോവുകയാണ്‌. എന്തുചെയ്യണമെന്നറിയാതെ അവര്‍ വിഷമിച്ചു. പെട്ടന്ന് ചങ്ങാലിപ്പരുന്തമ്മ എവിടെനിന്നോ പറന്നെത്തി. തന്റെ കാലിലെ കൂര്‍ത്ത നഖങ്ങള്‍ പാമ്പിന്റെ വയറ്റിലേക്ക്‌ കുത്തിയിറക്കി. കോരന്‍ വേദന കൊണ്ട്‌ പുളഞ്ഞു. മരത്തിലെ പിടിവിട്ട്‌ അവന്‍ മരത്തില്‍നിന്നും താഴെവീണു. പരുന്തമ്മ വിട്ടില്ല. വീണ്ടും താഴേക്ക്‌ പറന്നു ചെന്ന് അവള്‍ കോരനെ കൊത്തി. പാമ്പ് പൂഞ്ചോലക്കാട്ടില്‍ നിന്നും ജീവനും കൊണ്ടോടി. കുട്ടുവും ചിന്നുവും പരുന്തമ്മയ്ക്ക്‌ നന്ദി പറഞ്ഞു.

========================
അവലംബം: ഇത് ഈസോപ്പ്‌ കഥയല്ല, മഴത്തുള്ളി മാഷുടെ കുരുവി എന്ന കവിതയാണ് ഇതിനു പ്രചോദനം.

Read more...

Tuesday, February 19, 2008

എന്തു രസം....!!

മഞ്ഞിന്‍‌തട്ടമണിഞ്ഞോരാ
കൊച്ചുവെളുപ്പാന്‍ കാലത്ത്
പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി-
ക്കിടന്നുറങ്ങാനെന്തുരസം......!

കുളിര്‍കാ‍റ്റേറ്റാ മുറ്റത്ത്
കരിയിലകൂട്ടി തീപൂട്ടി
അതിന്റെചുറ്റും നിരന്നിരുന്നാ-
ത്തീകാഞ്ഞീടാനെന്തുരസം.....!!

അങ്ങനെതീകാഞ്ഞീടുമ്പോള്‍
കോപ്പയിലമ്മതരുന്നോരാ
കട്ടന്‍‌കാപ്പിനുണഞ്ഞുകുടിക്കാ-
നെന്തൊരുരുചിയാണെന്തുരസം......!

കുഞ്ഞിപ്പല്ലുകള്‍തേച്ചിട്ട്
വായില്‍ വെള്ളമൊഴിക്കുമ്പോള്‍
ഒട്ടും രസമില്ലയ്യോപിന്നെയി-
തെന്തുതണുപ്പോ...ഹൊ.ഹൊ..ഹോ..!

=======================================
ഈ കവിതയുടെ ബാക്കിവരികള്‍ ശ്രീലാല്‍ എഴുതിയിട്ടുണ്ട്.
ഇങ്ങനെ...... (with minor editing)
=======================================

ഇത്തിരിയെണ്ണേം തേച്ചിട്ട്
‍തോര്‍ത്തും സോപ്പുമെടുത്തിട്ട്
അച്ഛനൊടൊപ്പം പോയീടേണം
ചാരേയുള്ളകുളക്കരയില്‍.

മഞ്ഞുനനച്ചൊരുകല്പടവും
‘പുക‘പൊങ്ങുന്നൊരു തെളിനീരും
കൂത്താടുംചെറുപരല്‍മീനുകളും
കാണാനെന്തൊരു രസമെന്നോ !

കുളിരോലുന്നൊരു വെള്ളത്തില്‍
‍മടിയോടെന്‍ കാല്‍ തൊട്ടെന്നാല്‍
‍പടരും കുളിരെന്നുടലാകെ
മാറും മടിയൊരു ഞൊടിയിടയില്‍

ഈ കവിത മനോജ് പാടിയിരിക്കുന്നു ഇവിടെ

Read more...

Wednesday, February 13, 2008

നായയാവാന്‍ ശ്രമിച്ച കഴുത

കൊച്ചുകൂട്ടുകാരേ, അടുത്തടുത്ത് മൂന്നു കുട്ടിക്കവിതകള്‍ നമ്മള്‍ വായിച്ചു. ഇനി ഒരു കഥയാകാം, അല്ലേ?

പണ്ട് പണ്ട് ഒരു നാട്ടില്‍ ഒരു വ്യാപാരിയുണ്ടായിരുന്നു. അദ്ദേഹത്തിന് ധാരാളം പശുക്കളും, ആടുകളും, ഒരു കഴുതയും, നായയയും ഒക്കെ വളര്‍ത്തുമൃഗങ്ങളായി ഉണ്ടായിരുന്നു. ഒരു ദിവസം വൈകിട്ട് വ്യാപാരി തന്റെ മൃഗങ്ങളെ സൂക്ഷിക്കുന്ന സ്ഥലത്തേക്ക് എത്തി. തീറ്റതിന്നു കൊണ്ടുനില്‍ക്കുന്ന തടിച്ചുകൊഴുത്ത പശുക്കളേയും, വെള്ളരോമക്കുപ്പായവുമിട്ടുകൊണ്ടു നില്‍ക്കുന്ന ആടുകളെയും, പട്ടണത്തിലേക്ക് വ്യാപര സാധനങ്ങള്‍ കൊണ്ടുപോകുവാനുപയോഗിക്കുന്ന കഴുതയേയും ഒക്കെ കണ്ട് അദ്ദേഹത്തിന് വളരെ സന്തോഷം തോന്നി. വ്യാപാരി അവയെ തൊട്ടും തലോടിയും അല്‍പ്പസമയം അവിടെ നിന്നു.

പെട്ടന്ന് വ്യാപാരിയുടെ വളര്‍ത്തുനായ അവിടേക്ക് ഓടിവന്നു. അവന്‍ വാലാട്ടിക്കൊണ്ട് അദ്ദേഹത്തിനു ചുറ്റും ഓടിക്കളിക്കുകയും കാലുയര്‍ത്തി ചാടി വ്യാപാരിയുടെ കാലുകളില്‍ ചാരിനില്‍ക്കുകയും ചെയ്തു. വ്യാപാരിക്ക് ഈ നായയെ വലിയ ഇഷ്ടമായിരുന്നു. അവനെ തലോടിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. എന്നിട്ട് നായയ്ക്ക് കൊടുക്കാനായി എന്തെങ്കിലും ഭക്ഷണം കൊണ്ടുവരുവാന്‍ വേലക്കാരോട് പറഞ്ഞു. നായ വ്യാപാരിയുടെ മടിയില്‍ കയറി അവിടെ ഇരുന്നുകൊണ്ട് തന്റെ സ്നേഹപ്രകടനങ്ങള്‍ തുടര്‍ന്നു.

ഇതുകണ്ട് കഴുതയ്ക്ക് വലിയ അസൂയതോന്നി നായയോട്. കഴുത ഇങ്ങനെ വിചാരിച്ചു “ഇത്ര ചെറുതായിട്ടും ഇവനെങ്ങനെ ഇത്രയധികം സ്നേഹം പിടിച്ചുപറ്റാന്‍ കഴിയുന്നു. അങ്ങനെ വിട്ടാല്‍പ്പറ്റില്ല, ഇതുപോലൊക്കെ എനിക്കും സാധിക്കുമോ എന്നു നോക്കുകതന്നെ“. ഉടന്‍ തന്നെ കഴുത വ്യാപാരി ഇരിക്കുന്നിടത്തേക്ക് വന്ന് നായ കാണിച്ചതുപോലെ ചുറ്റും ചാടാനും, വാലാട്ടാനും, അദ്ദേഹത്തെ നക്കാനും മറ്റും തുടങ്ങി. ഈ കഴുതയ്ക്ക് എന്തുപറ്റി എന്നോര്‍ത്ത് എല്ലാവരും ചിരിച്ചു. വ്യാപാരി തന്നെ നോക്കുന്നതേയില്ലെന്നു കണ്ട് അരിശം വന്ന കഴുത നായ ചെയ്തതുപോലെ തന്റെ കാലുരണ്ടും ഉയര്‍ത്തി വ്യാപാരിയുടെ തോളിലേക്ക് വയ്കാന്‍ ശ്രമിച്ചു. വ്യാപാരി കഴുതയെ ഉച്ചത്തില്‍ ശകാരിച്ചു. ഇതുകണ്ട് വേലക്കാര്‍ ഒരു വടിയുമായി വന്ന് കഴുതയ്ക്ക് നല്ല അടികൊടുക്കുകയും, അവനെ തൊഴുത്തിന്റെ ഒരു ഭാഗത്ത് കൊണ്ടുപോയി കെട്ടിയിടുകയും ചെയ്തു.


ഈ കഥയില്‍ നിന്ന് കൂട്ടുകാര്‍ എന്തൊക്കെ ഗുണപാഠങ്ങള്‍ പഠിച്ചു?

1. നമ്മെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്കേ തുനിയാവൂ. മുതിര്‍ന്നവര്‍ക്കു മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്കും ചെയ്യണം എന്നു വാശി പാടില്ല.

2. മറ്റുകുട്ടികളോ, മറ്റാള്‍ക്കാരോ എന്തെങ്കിലും ചെയ്യുന്നതുകണ്ട് അതുപോലെ നമുക്കും ആവാം എന്നുകരുതി എടുത്ത് ചാടരുത്. അതു ചിലപ്പോള്‍ നമുക്ക് പറ്റാത്ത കാര്യമാവാം.

3. നമുക്ക് പറ്റാത്ത കാര്യങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ നാം നാണംകെട്ടുപോകും
.

================================

അവലംബം : ഈസോപ്പ് കഥകള്‍

Read more...

Sunday, February 10, 2008

കുഞ്ഞാറ്റക്കിളി

"പാടത്തിന്നക്കരെ ചോലയ്ക്കടുത്തൊരു
നാഴിപ്പയറു വിതച്ചിട്ടുണ്ടേ..."
കുഞ്ഞാറ്റക്കൂട്ടില്‍ വിരുന്നിനു വന്നൊരു
ചങ്ങാലിച്ചങ്ങാതി ചൊല്ലി മെല്ലേ..

"ഇന്നു ഞാനാവഴി പോന്നതില്‍പ്പിന്നെയാ-
പൂങ്കിളിക്കൂട്ടങ്ങള്‍ വന്നിരിയ്ക്കാം..
ആവോളം വേഗത്തിലെത്തിയാലൊത്തിരി
വാരിക്കൊറിച്ചിടാം, കൊണ്ടുപോരാം.."

പച്ചപ്പയറിന്നു മോഹിച്ചുവെങ്കിലും
കുഞ്ഞാറ്റ പണ്ടേ മടിയനത്രേ..
അരിമണി നാലുണ്ട്‌ നാളേയ്ക്കു; മറ്റന്നാള്‍
പോകാമെന്നോതി കളിച്ചുവത്രേ..

രണ്ടാംനാള്‍ കാലത്തു കത്തും വിശപ്പോടെ
കുഞ്ഞാറ്റപ്പൈങ്കിളി ചെന്ന നേരം..
പയറെല്ലാം മുള നീട്ടി പുഞ്ചിരിപ്പൂ, ചെറു
കുളിരുള്ള കാറ്റേറ്റിട്ടാനന്ദിപ്പൂ..

പൊരിയുന്ന വയറോടെ, കുഞ്ഞാറ്റക്കിളി- തന്റെ
മടിയെപ്പഴിച്ചു മിഴി തുടച്ചൂ
ഇന്നത്തെ നേരത്തു ചെയ്യേണ്ട കാര്യങ്ങള്‍
നാളേയ്ക്കു മാറ്റല്ലേ കൂട്ടുകാരേ.

Read more...

Tuesday, February 5, 2008

വാനില്‍ പാറാനെന്തുരസം

നീലവിരിച്ചൊരുമാനത്ത്
പഞ്ഞിയുടുപ്പുമണിഞ്ഞിട്ട്
പാറിനടക്കും വെണ്മുകിലേ
പോകുവതെങ്ങീ നേരത്ത്?

അങ്ങുകിഴക്കേമലനിരയില്‍
മാനം‌മുട്ടും കുന്നില്ലേ?
അവിടാണോ നിന്‍ കൊട്ടാരം?
മഴവില്‍ ചാര്‍ത്തിയ കൊട്ടാരം?

കാര്‍മുകില്‍കൊണ്ടുനടപ്പോരാ
വാര്‍മഴവില്ലതു വര്‍ണ്ണാഭം!
അതുപോലൊരു ചെറുമഴവില്ലീ-
പാവമെനിക്കും തരുമോ നീ?

ഉയരേ പാറിപ്പോകുമ്പോള്‍
താഴെക്കാഴ്ചകളെന്തെല്ലാം?
കാടും മേടും മലനിരയും
കാണാന്‍ ചേലോ ചങ്ങാതീ!

ചെല്ലക്കാറ്റുവരുന്നുണ്ടേ
മുകിലുകളൊത്തുകളിച്ചീടാന്‍
അവളോടൊപ്പംപോകുമ്പോള്‍
എന്നെക്കൂടെ കൂട്ടാമോ?

അമ്മുവിനുത്തരമേകാതെ
തെക്കന്‍‌കാറ്റിന്‍ ചുമലേറി
കാര്‍മ്മുകിലാടും മേടയതില്‍
പോയി മറഞ്ഞാ വെണ്മുകില്.ഈ കവിത രേണു ആലപിച്ചിരിക്കുന്നത് ഇവിടെ കേള്‍ക്കാം

Read more...

Sunday, February 3, 2008

തുലാ മഴ ...............


ഴയതു ചിന്നം പെയ്യുന്നു
മാനത്തൂടിടി പായുന്നു

വെള്ളിവെളിചം വീശുന്നു
വെള്ളിടിയായതു വെട്ടുന്നു

തുമ്പികളെല്ലാം അകലുന്നു
പറവകളെല്ലാം കരയുന്നു

ചേമ്പില പോലും തുള്ളുന്നു
പൂവുകളെല്ലാം കൊഴിയുന്നു

മണ്ണും വിണ്ണും ഇരുളുന്നു
തുലാ മഴയാണിതു സൂക്ഷിച്ചോ!!!!!!!!!!!

Copy Right (C) 2008MaheshCheruthana

Read more...