Tuesday, February 5, 2008

വാനില്‍ പാറാനെന്തുരസം

നീലവിരിച്ചൊരുമാനത്ത്
പഞ്ഞിയുടുപ്പുമണിഞ്ഞിട്ട്
പാറിനടക്കും വെണ്മുകിലേ
പോകുവതെങ്ങീ നേരത്ത്?

അങ്ങുകിഴക്കേമലനിരയില്‍
മാനം‌മുട്ടും കുന്നില്ലേ?
അവിടാണോ നിന്‍ കൊട്ടാരം?
മഴവില്‍ ചാര്‍ത്തിയ കൊട്ടാരം?

കാര്‍മുകില്‍കൊണ്ടുനടപ്പോരാ
വാര്‍മഴവില്ലതു വര്‍ണ്ണാഭം!
അതുപോലൊരു ചെറുമഴവില്ലീ-
പാവമെനിക്കും തരുമോ നീ?

ഉയരേ പാറിപ്പോകുമ്പോള്‍
താഴെക്കാഴ്ചകളെന്തെല്ലാം?
കാടും മേടും മലനിരയും
കാണാന്‍ ചേലോ ചങ്ങാതീ!

ചെല്ലക്കാറ്റുവരുന്നുണ്ടേ
മുകിലുകളൊത്തുകളിച്ചീടാന്‍
അവളോടൊപ്പംപോകുമ്പോള്‍
എന്നെക്കൂടെ കൂട്ടാമോ?

അമ്മുവിനുത്തരമേകാതെ
തെക്കന്‍‌കാറ്റിന്‍ ചുമലേറി
കാര്‍മ്മുകിലാടും മേടയതില്‍
പോയി മറഞ്ഞാ വെണ്മുകില്.ഈ കവിത രേണു ആലപിച്ചിരിക്കുന്നത് ഇവിടെ കേള്‍ക്കാം

34 അഭിപ്രായങ്ങള്‍:

അപ്പു February 4, 2008 at 2:19 PM  

ഒരു കുട്ടിക്കവിത കൂടി ഊഞ്ഞാലില്‍. കുട്ടിയും വെണ്‍ മേഘവും തമ്മിലുള്ള നിഷ്കളങ്കമായ ഒരു സംഭാഷണം.

മഴത്തുള്ളി February 4, 2008 at 2:23 PM  

ഠോ.......

കുറെ നാളായി ശിഷ്യന്റെ കവിതയില്‍ ഒരു തേങ്ങ ഉടക്കണമെന്ന്. അതിന്ന് സാധിച്ചു :)

എന്താ അപ്പു കഥ. നിമിഷം കൊണ്ട് കവിത. എന്നാലും ഇന്നു രാവിലെ രണ്ട് ലൈന്‍ മേഘക്കവിത പോരട്ടെ എന്ന് ജി‌-ടോക്കില്‍ പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല. നല്ല രസകരമായ ഒഴുക്കുള്ള കുട്ടിക്കവിത. :)

ആശംസകള്‍.

G.manu February 4, 2008 at 2:23 PM  

ഉയരേപാറിപ്പോകുമ്പോള്‍
താഴെക്കാഴ്ചകളെന്തെല്ലാം?
കാടും കടലും മലനിരയും
കാണാന്‍ ചേലോ ചങ്ങാതീ

കലക്കിയപ്പൂസേ...

കാര്‍മ്മുകിലിന്‍ കൊട്ടാരത്തില്‍.......അവിടെ ഒരു മുഴപ്പുപോലെ..സാരമല്ല എങ്കിലും

ശ്രീ February 4, 2008 at 2:24 PM  

അപ്പുവേട്ടാ...

ആ നിഷ്കളങ്കത വളരെ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു. നന്നായിട്ടുണ്ട്.
:)

മഴത്തുള്ളി February 4, 2008 at 2:28 PM  

അമ്പമ്പോ. എന്താ കഥ. ഒരു തേങ്ങ ഉടക്കാന്‍ വന്നപ്പോള്‍ എന്റെ ഗുരു ആദ്യ കമന്റിട്ടോ??

അപ്പുമാഷിന് ഗുരുക്കളുടെ കവിതാ കമന്റുകളാണല്ലോ ആദ്യം കിട്ടിയത്, നന്നായി വരും. കവിതാലോകത്തെ മുടിചൂടാമന്നനായി വാഴട്ടെ...

ഓക്കെ ഗുരുവായതിനാല്‍ ക്ഷമിച്ചിരിക്കുന്നു, ഡിലീറ്റണ്ട. ;)

മന്‍സുര്‍ February 4, 2008 at 2:53 PM  

അപ്പുവേട്ട

നന്നായിരിക്കുന്നു മനോഹരം

കാണ്‍മാനേറെ അഴക്കാണേ
ചൊല്ലാനൊത്തിരി കൊതിയാണേ
ഈണമൊന്നിട്ട്‌ തന്നെങ്കില്‍
വാനില്‍ ഇരുന്ന്‌ പാടാം ഞാന്‍

നന്‍മകള്‍ നേരുന്നു

കുറുമാന്‍ February 4, 2008 at 3:06 PM  

അപ്പു ഭായ്, പതിവുപോലെ ഈ കുട്ടിക്കവിതയും നന്നായിരിക്കുന്നു. അന്ന് പറഞ്ഞത് പോലെ ഇതെല്ലാം ചേര്‍ത്ത് ആരെകൊണ്ടെങ്കിലും പാടിക്ക് ഭായ്.,

krish | കൃഷ് February 4, 2008 at 3:32 PM  

കുട്ടിക്കവിത നന്നായിട്ടുണ്ട്.
:)

kaithamullu : കൈതമുള്ള് February 4, 2008 at 3:45 PM  

നന്നായിരിക്കുന്നൂ, അപ്പൂ!

ചന്ദ്രകാന്തം February 4, 2008 at 3:56 PM  

..ഇടിയും മിന്നലുമായിട്ടത്രേ
കാര്‍മുകിലെന്നും കൂട്ടുള്ളൂ..
പോകല്ലേ..കരി പൂശും പിന്നെ-
ക്കരയും നീയും ചങ്ങാതീ...

പ്രയാസി February 4, 2008 at 5:06 PM  

അപ്പു മാഷെ കൊള്ളാല്ലൊ..
കുട്ടിക്കവിത കൊള്ളാല്ലൊ..:)

മിന്നാമിനുങ്ങുകള്‍ //സജി.!! February 4, 2008 at 5:37 PM  

കാര്‍മുകില്‍കൊണ്ടുനടപ്പോരാ
വാര്‍മഴവില്ലതു വര്‍ണ്ണാഭം!
അതുപോലൊരു ചെറുമഴവില്ലീ-
പാവമെനിക്കും തരുമോ നീ?

അതോ മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുവോ നീ...?


മാഷെ സൂപ്പര്‍ കെട്ടൊ..

പപ്പൂസ് February 4, 2008 at 6:58 PM  

ഇതു വായിച്ചു തീര്‍ന്നപ്പോ, വല്ലാത്തൊരു സുഖം... നന്ദി ട്ടോ! :)

ശിവ February 4, 2008 at 8:23 PM  

ശരിക്കും കുട്ടികളെ പാടി കേള്‍പ്പിക്കാന്‍ പറ്റിയ സുന്ദരമായ കവിത...അഭിനന്ദനങ്ങള്‍.....

പ്രിയ ഉണ്ണികൃഷ്ണന്‍ February 4, 2008 at 9:54 PM  

കുട്ടിക്കവിത മനോഹരം മാഷേ

ഷാനവാസ്‌ ഇലിപ്പക്കുളം February 4, 2008 at 10:57 PM  

അപ്പുവേട്ടാ, എനിക്കും ഇത്തരം കുട്ടിക്കവിതകളാണിഷ്ടം. വായിക്കാന്‍ രസവും, താളവും, മനസ്സിലാക്കാന്‍ എളുപ്പവുമുള്ള നല്ല ഒന്നാന്തരം കവിത. ഇനിയും പോരട്ടെ:)

ശ്രീനാഥ്‌ | അഹം February 5, 2008 at 9:29 AM  

കുട്ടിക്കവിത ഭേഷായി...

സുല്‍ |Sul February 5, 2008 at 12:56 PM  

അപ്പുവേ
ഭേഷായി ഈ കുട്ടി കവിതേം.

“നീലവിരിച്ചൊരുമാനത്ത്
പഞ്ഞിയുടുപ്പുമണിഞ്ഞിട്ട്
പാറിനടക്കും വെണ്മുകിലേ
പോകുവതെങ്ങീ നേരത്ത്?“

ആദ്യ വരികള്‍തന്നെ സുന്ദരം.

മനു പറഞ്ഞ കാര്‍മുകിലിന്‍ കൊട്ടാരത്തില്‍ കാണാനില്ലല്ലോ. അതു തിരുത്തിയൊ?
-സുല്‍

അഭിലാഷങ്ങള്‍ February 5, 2008 at 2:03 PM  

ഈ വഴി വരുന്നോരല്ലാം സൂക്ഷിച്ച് നടന്നോ..

“ഒഴുക്കുണ്ട് ഒഴുക്കുണ്ട്..!!!!“

അടുത്ത തവണ ഇതിലേ വരുമ്പോള്‍ കുറച്ചൂടെ ഒഴുക്കുണ്ടായാലും ഞാന്‍ പേടിക്കുല്ല..

എനിക്ക് ഒഴുക്ക് ഇഷ്ടമാ.. :-)

പിന്നെ,

അമ്മുവിന് ഉത്തരം കിട്ടീല്ലേലും അവളുടെ ചിന്തകളും ചോദ്യങ്ങളും നന്നായി അവതരിപ്പിച്ച അപ്പൂന് അഭിനന്ദനങ്ങള്‍...

:-)

P.R February 5, 2008 at 4:56 PM  

പതിവു പോലെ തന്നെ ഇതിനു പക്ഷേ കൂടുതല്‍ കൌതുകം തോന്നി.

വാല്‍മീകി February 5, 2008 at 10:21 PM  

ആഹ.. വായിക്കാനെന്തു രസം.

Gopan | ഗോപന്‍ February 6, 2008 at 12:26 AM  

അപ്പു,
കവിത വളരെ നന്നായിരിക്കുന്നു..

മുരളി മേനോന്‍ (Murali K Menon) February 6, 2008 at 3:25 PM  

സൂപ്പര്‍... ഇതൊക്കെ കൂട്ടിവെച്ച് ഒരു ബുക്കാക്കണം കെട്ടോ, വരും തലമുറയിലെ നഴ്സറി കുട്ടികള്‍ക്ക് [മലയാളം നിര്‍ബ്ബന്ധ വിദ്യാഭ്യാസം ആക്കുകയാണെങ്കില്‍] ഉപകരിക്കും.

ശ്രീലാല്‍ February 7, 2008 at 8:01 AM  

അപ്പുമാഷേ, നന്നായി. പക്ഷേ,

അമ്മുവിനെന്തു വിഷമായിട്ടുണ്ടാവും,വെണ്മുകില് ഒരു വാക്കുപോലും പറയാതെയല്ലെ പോയത്..? എന്തെല്ലാം ചോദ്യം ചോദിച്ചു പാവം കുഞ്ഞ്..?

അമ്മുവിനുത്തരവുമായി വെണ്മുകില്‍ വേഗം വരില്ലേ...?

അഗ്രജന്‍ February 7, 2008 at 9:28 AM  

പ്രകൃതിയുടെ ഭംഗി ആസ്വദിച്ച്... അത് വളരെ ലളിതമായി വരികളിലേക്ക് പകര്‍ത്തി വെക്കാനാവുന്ന ഈ കഴിവിന് അഭിനന്ദനങ്ങള്‍!

ഗീത് February 7, 2008 at 11:18 PM  

വെണ്മുകില്‍കവിതയും ചിത്രവും സൂപ്പര്‍!

സ്വപ്നാടകന്‍,  February 9, 2008 at 11:52 PM  

നല്ല സുന്ദരമായ കവിത. ഈ കവിത വായിച്ചപ്പോഴൊരു simple tune മനസ്സില്‍ വന്നത് രേണുവിന്റെ ശബ്ദത്തില്‍ ഇവിടെ...
http://swapnaatakan.blogspot.com/

അപ്പുമാഷിന്റെ ഓരോ കവിതയിലും നിറയുന്ന നിഷ്ക്കളങ്ക ചാരുത നമുക്കു തരുന്ന ആഹ്ലാദം എത്രമാത്രമാണ്! അപ്പുവിന് ഈശ്വരന്‍ ഇതുപോലുള്ള നല്ല നല്ല കവിതകളെഴുതുവാന്‍ സമയവും ശാന്തിയും എല്ലാമെല്ലാം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

ആശംസകള്‍.

ഇത്തിരിവെട്ടം February 10, 2008 at 10:02 AM  

നീലാകാശത്തില്‍ അലയുന്ന
തുവെള്ള പഞ്ഞിക്കെട്ടുകളുടെ സഞ്ചാരവും മനസ്സിന്റെ ഇഷ്ടാനുസരണം ഏത് രൂപമായും പരിണമിക്കുന്ന അവയുടെ രൂപ വൈവിധ്യങ്ങളും സമയത്തിന്റെ യാത്രയ്ക്കനുസരിച്ച് എടുത്തണിയുന്ന നിറക്കൂട്ടും... പുതുമ നശിക്കാത്തത് തന്നെ...

അപ്പൂ പതിവ് പോലെ മനോഹരം...

അപ്പു February 11, 2008 at 6:17 AM  

മേഘവുമായി അമ്മുനടത്തിയ സംഭാഷണം കേള്‍ക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി. മനുവിനും, മഴത്തുള്ളിക്കും ശ്രീയ്ക്കും തേങ്ങയ്ക്ക് നന്ദി. മന്‍സൂര്‍, കുറുമാന്‍, സുമേഷ്, കൃഷ്, കൈതമുള്ള്, ചന്ദ്രകാന്തം, പ്രയാസി, സജി, പപ്പൂസ്, ശിവകുമാര്‍, പ്രിയ, ഷാനവാസ്, ശ്രീനാഥ്, സുല്‍, അഭിലാഷ്, പി.ആര്‍, വാല്‍മീകി, ഗോപന്‍, മുരളിയേട്ടന്‍, മറ്റൊരാള്‍, ശ്രീലാല്‍, അഗ്രജന്‍, ഗീതേച്ചി, ഇത്തിരിവെട്ടം നന്ദി..

ഈ കവിത നല്ലൊരു ട്യൂണില്‍ ചൊല്ലി പോസ്റ്റ് ചെയ്ത മനോജിനും രേണുവിനും പ്രത്യേക നന്ദി.

ആഗ്നേയ February 12, 2008 at 8:16 AM  

കാര്‍മുകില്‍കൊണ്ടുനടപ്പോരാ
വാര്‍മഴവില്ലതു വര്‍ണ്ണാഭം!
അതുപോലൊരു ചെറുമഴവില്ലീ-
പാവമെനിക്കും തരുമോ നീ?
ഇതും രസിച്ചു..ചന്ദ്രേടെ മറുപടീം....

അനൂപ്‌ കോതനല്ലൂര്‍ February 13, 2008 at 11:43 PM  

കുട്ടിക്കാലത്ത്‌ ഞാനും കുറെ അഗ്രഹിച്ചിട്ടുണ്ട്‌ അപ്പുവേട്ട ആകാശത്തു പറന്നു നടക്കാന്‍

BLOGKUT February 14, 2008 at 4:00 AM  

You have a nice blog ...