Sunday, February 10, 2008

കുഞ്ഞാറ്റക്കിളി

"പാടത്തിന്നക്കരെ ചോലയ്ക്കടുത്തൊരു
നാഴിപ്പയറു വിതച്ചിട്ടുണ്ടേ..."
കുഞ്ഞാറ്റക്കൂട്ടില്‍ വിരുന്നിനു വന്നൊരു
ചങ്ങാലിച്ചങ്ങാതി ചൊല്ലി മെല്ലേ..

"ഇന്നു ഞാനാവഴി പോന്നതില്‍പ്പിന്നെയാ-
പൂങ്കിളിക്കൂട്ടങ്ങള്‍ വന്നിരിയ്ക്കാം..
ആവോളം വേഗത്തിലെത്തിയാലൊത്തിരി
വാരിക്കൊറിച്ചിടാം, കൊണ്ടുപോരാം.."

പച്ചപ്പയറിന്നു മോഹിച്ചുവെങ്കിലും
കുഞ്ഞാറ്റ പണ്ടേ മടിയനത്രേ..
അരിമണി നാലുണ്ട്‌ നാളേയ്ക്കു; മറ്റന്നാള്‍
പോകാമെന്നോതി കളിച്ചുവത്രേ..

രണ്ടാംനാള്‍ കാലത്തു കത്തും വിശപ്പോടെ
കുഞ്ഞാറ്റപ്പൈങ്കിളി ചെന്ന നേരം..
പയറെല്ലാം മുള നീട്ടി പുഞ്ചിരിപ്പൂ, ചെറു
കുളിരുള്ള കാറ്റേറ്റിട്ടാനന്ദിപ്പൂ..

പൊരിയുന്ന വയറോടെ, കുഞ്ഞാറ്റക്കിളി- തന്റെ
മടിയെപ്പഴിച്ചു മിഴി തുടച്ചൂ
ഇന്നത്തെ നേരത്തു ചെയ്യേണ്ട കാര്യങ്ങള്‍
നാളേയ്ക്കു മാറ്റല്ലേ കൂട്ടുകാരേ.

25 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് February 11, 2008 at 1:19 AM  

കുഞ്ഞിക്കവിത ഇഷ്ടമായി.

ശ്രീലാല്‍ February 11, 2008 at 5:38 AM  

“അന്നന്നു ചെയ്യേണ്ട കാര്യങ്ങളൊന്നുമേ
പിന്നേയ്ക്കു പിന്നേയ്ക്കു മാറ്റിടാതെ
എന്നുരചെയിതിതാ നല്ലോരുപാട്ടുമായി-
മ്മഷിത്തണ്ടിന്റെ ചന്ദ്രകാന്തം.”

അപ്പു ആദ്യാക്ഷരി February 11, 2008 at 6:07 AM  

“മനോഹരം” എന്ന വാക്ക് മതിയോ ഇതിനെ വിശേഷിപ്പിക്കാന്‍? വളരെ നന്നായിട്ടുണ്ട്. നല്ല ഗുണപാഠം, ലളിതമായ വാക്കുകള്‍, നല്ല ഈണം, എല്ലാം ഈ കുഞ്ഞിക്കവിതയെ മികവുറ്റതാക്കിയിട്ടുണ്ട്. കുഞ്ഞിക്കവിതകളുടെ സാധാരണ ഈണങ്ങളില്‍നിന്നും ഒരു പടികൂടിക്കടന്ന് മറ്റൊരു നല്ല താളവും ഈണവുമുള്ള ഈ കുട്ടിക്കവിത അവതരിപ്പിക്കുകവഴി ചന്ദ്രകാന്തം ഒരിക്കല്‍ക്കൂടി കവിതയെഴുത്തില്‍ തനിക്കുള്ള കഴിവ് ഭംഗിയായി ഇവിടെ വരച്ചിട്ടിരിക്കുന്നു. അഭിനന്ദനങ്ങള്‍!

ശ്രീ February 11, 2008 at 6:49 AM  

“ഇന്നത്തെ നേരത്തു ചെയ്യേണ്ട കാര്യങ്ങള്‍
നാളേയ്ക്കു മാറ്റല്ലേ കൂട്ടുകാരേ.”
നല്ലൊരു ഗുണപാഠം തന്നെ. വളരെ നന്നായിരിയ്ക്കുന്നു, ചേച്ചീ.
:)

G.MANU February 11, 2008 at 8:36 AM  

പച്ചപ്പയറിലൊരിത്തിരി തന്നാലോ
അപ്പച്ചന്‍ തന്നോരുടുപ്പു നല്‍കാം


ഗലക്കന്‍ മാഷേ......

അഭിലാഷങ്ങള്‍ February 11, 2008 at 8:37 AM  

വളരെ നല്ല കുട്ടിക്കവിത ചന്ദ്രകാന്തം..

കവിതയിലെ ഗുണപാഠം എല്ലാ കൊച്ചുകൂട്ടുകാരും (‘വല്യകൂട്ടുകാര്‍‘ തീര്‍ച്ചയായും..) ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതാണ്.

ചെറുപ്പത്തില്‍ മുത്തശ്ശി എന്നോട് പറയാറുള്ള സംസ്‌കൃത ശ്ലോകം ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു.

“ഉദ്യമേനൈവ സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ
നഹി സുപ്‌തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ ”

ഇതേ സന്ദേശം തന്നെയാണ് ഈ കുട്ടിക്കവിതയിലൂടെയും കൂട്ടുകാരിലേക്കെത്തുന്നത്!

“ ഉദ്യമേനൈവ സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ“

-എന്നുവച്ചാ, ഇപ്പോള്‍ ചെയ്യേണ്ട ഒരു ഉദ്യമം, കാര്യം, അത് അപ്പോള്‍ തന്നെ ചെയ്യണം, അല്ലാതെ ഈ കവിതയിലെ കുഞ്ഞാറ്റക്കിളി ചെയ്തത് പോലെ ഇന്ന് ചെയ്യാം നാളെ ചെയ്യാം എന്ന് മനോരഥം, സ്വപ്നം, കണ്ട് നടന്നിട്ട് കാര്യമില്ല.

“നഹി സുപ്‌തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ ”

- ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ അടുത്തേക്ക് അതിന്റെ ഇര നടന്ന് ചെല്ലുകയില്ല. സിംഹത്തിന് ഇരയെ വേണമെങ്കില്‍ സിംഹം ഇരതേടിപ്പോകുകതന്നെ ചെയ്യണം.

മടിപിടിച്ചിരിക്കാതെ, ചുമ്മാ സ്വപ്നംകണ്ടിരിക്കാതെ, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടസമയത്ത് ചെയ്യേണ്ടപോലെ ചെയ്താല്‍ നമുക്ക് ജീവിതത്തില്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. അത് തന്നെയാണ് ഈ കവിതയിലൂടെ കൂട്ടുകാര്‍ക്ക് ലഭിക്കുന്ന ഒരു നല്ല സന്ദേശം.

കവിത വളരെ നന്നായി ചന്ദ്രകാന്തം.

അഭിലാഷ് :-)

പ്രിയ ഉണ്ണികൃഷ്ണന്‍ February 11, 2008 at 9:19 AM  

കുട്ടിക്കവിത വല്ല്യ ഇഷ്ടമായീ ചേച്ചീ...

മുസ്തഫ|musthapha February 11, 2008 at 10:13 AM  

വളരെ നല്ല കവിത ചന്ദ്രകാന്തം... വളരെ നല്ലൊരു സന്ദേശം കുട്ടികള്‍ക്ക് വളരെ ലളിതമായി പറഞ്ഞ് കൊടുത്തിരിക്കുന്നു...

ഇതായിരിക്കും ഇന്ന് പാച്ചുവിനായി ഞാന്‍ പറഞ്ഞ് കൊടുക്കുന്ന കഥ... നന്ദി!

സുല്‍ |Sul February 11, 2008 at 11:28 AM  

കുട്ടികവിത നന്നായി ചന്ദ്രേ.

എന്നാലും, വിതച്ചിടത്തു നിന്നു തന്നെ അടിച്ചു മാറ്റാന്‍ പറയുന്നതിലെ അനര്‍ത്ഥങ്ങള്‍ അറിയാതെ പോയോ എന്നൊരു ശങ്ക.

-സുല്‍

Kaithamullu February 11, 2008 at 12:05 PM  

എന്ത് പറഞ്ഞാലും നാളെ നാളെ എന്ന് പറയുന്ന ഒരാളെ എനിക്കടുത്തറിയാം. ഈ കവിത ഞാനാ ആള്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നു.

-നന്നായിരിക്കുന്നൂ ചന്ദ്രേ!

മിന്നാമിനുങ്ങുകള്‍ //സജി.!! February 11, 2008 at 12:07 PM  

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് കെട്ടിയപോലുണ്ട്..
നന്നായിരിക്കുന്നൂ.
അതിലൂടെ കുറച്ച് അര്‍ത്ഥവത്തായ ഗുണപാഠങ്ങളും പറഞ്ഞിരിയ്ക്കുന്നൂ.!!

Mahesh Cheruthana/മഹി February 11, 2008 at 12:56 PM  

ചന്ദ്രകാന്തം,
നല്ലൊരു ഗുണപാഠമുള്ള കുഞ്ഞിക്കവിത ഹൃദയത്തോടു അടുത്തു നില്‍ക്കുന്നു.....

"അന്നന്നു ചെയ്യേണ്ട കാര്യങള്‍ ചെയ്തില്ലാല്‍ അന്നം മുടങ്ങും അതു നിശ്ചയം താന്‍"

അഭിനന്ദനങ്ങള്‍!

ചന്ദ്രകാന്തം February 11, 2008 at 1:56 PM  

സുല്‍ ജീ,
വിതച്ചവന്റെ തന്നെ ചുമതലയാണ്‌ അത്‌ കാത്തുസൂക്ഷിയ്ക്കേണ്ടതും. അത്‌ അവന്‍ മടികൂടാതെ ചെയ്തേ പറ്റൂ.
പിന്നെ, വിതച്ചതായാലും, വിളഞ്ഞതായാലും കിളിയുടെ കണ്ണില്‍ ഒരുപോലെയല്ലേ. മനുഷ്യന്റെ കാര്യത്തിലല്ലേ "തിരിച്ചറിവ്‌" എന്ന പ്രയോഗം സാധ്യമാകൂ.

സുല്‍ |Sul February 11, 2008 at 2:16 PM  
This comment has been removed by the author.
അപ്പു ആദ്യാക്ഷരി February 11, 2008 at 3:31 PM  

സുല്ലേ ചന്ദ്രകാന്തമേ തര്‍ക്കം നിര്‍ത്തൂ. ഇവിടെ വന്നിട്ടുപോയ കുഞ്ഞുങ്ങള്‍ക്കാര്‍ക്കും സുല്ല് പറഞ്ഞതുപോലെയൊരു സംശയം ജനിച്ചിട്ടില്ല..എന്നുമാത്രവുമല്ല അവര്‍ക്കെല്ലാം കവിതയുടെ സാരാംശം മാത്രമേ മനസ്സിലേക്ക് കയറിയിട്ടും ഉള്ളൂ.

പ്രയാസി February 11, 2008 at 3:43 PM  

ന്നെ പോലുള്ള കൊച്ചു കുട്ട്യോള്‍ക്ക് ഇമ്മിണി ഇസ്ടായിക്കവിത..

ചന്ദ്രേച്ചിച്ചും മച്ചിത്തണ്ടിനും ഒത്തിരി ഒത്തിരി ആച്ചംസകല്‍..:)

മുസാഫിര്‍ February 11, 2008 at 4:02 PM  

ചെറിയ കുസൃതിക്കുരുന്നുകള്‍ക്ക് ഈണത്തില്‍ ചൊല്ലിക്കൊടുക്കാന്‍ പറ്റിയ പാട്ട്,ഇഷ്ടമായി ചന്ദ്രകാന്തം.

Murali K Menon February 11, 2008 at 4:56 PM  

കിണ്ണംകാച്ചി കവിത

siva // ശിവ February 11, 2008 at 5:07 PM  

എന്തു സുന്ദരമീ കവിത....

ധ്വനി | Dhwani February 11, 2008 at 10:05 PM  

നല്ല ഈണം!

നന്നായിരിയ്ക്കുന്നു...

കുട്ടികള്‍ക്കുള്ളതാണെങ്കിലും എനിക്കിതു കേട്ടിട്ടു മനപ്രിങ്ങ്യാസം വരുന്നു. ഞാന്‍ പോയി ഇശ്ശി പയറുപെറുക്കീട്ടു വരാം!

ഗീത February 11, 2008 at 10:39 PM  

വളരെ വളരെ നല്ല കുഞ്ഞിക്കവിത, ചന്ദ്രേ.

ഏ.ആര്‍. നജീം February 12, 2008 at 2:05 AM  

കഞ്ഞുക്കവിത അതേ കുഞ്ഞു ചിന്തയോടെ രസിച്ചു വായിച്ചു രസിച്ചു... :)

മഴത്തുള്ളി February 13, 2008 at 11:08 AM  

ഈ കവിത വളരെ ഭംഗിയായിരിക്കുന്നു. അതുപോലെ നല്ലൊരു ഗുണപാഠവും.

കൊച്ചുകുട്ടികളെ പാടിക്കേള്‍പ്പിക്കാനും കഥപറഞ്ഞുകൊടുക്കാനും ധാരാളം വിഭവങ്ങള്‍ മഷിത്തണ്ടില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍... ആശംസകള്‍.

Manoj | മനോജ്‌ March 15, 2008 at 5:52 AM  

അതി മനോഹരമായ കവിത!
ഇതാ ഒരു നാടന്‍ പാട്ടിന്റെ ഈണത്തില്‍ അത് ഇവിടെ കേള്‍ക്കാം: http://tinyurl.com/2swsqr