Tuesday, February 19, 2008

എന്തു രസം....!!

മഞ്ഞിന്‍‌തട്ടമണിഞ്ഞോരാ
കൊച്ചുവെളുപ്പാന്‍ കാലത്ത്
പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി-
ക്കിടന്നുറങ്ങാനെന്തുരസം......!

കുളിര്‍കാ‍റ്റേറ്റാ മുറ്റത്ത്
കരിയിലകൂട്ടി തീപൂട്ടി
അതിന്റെചുറ്റും നിരന്നിരുന്നാ-
ത്തീകാഞ്ഞീടാനെന്തുരസം.....!!

അങ്ങനെതീകാഞ്ഞീടുമ്പോള്‍
കോപ്പയിലമ്മതരുന്നോരാ
കട്ടന്‍‌കാപ്പിനുണഞ്ഞുകുടിക്കാ-
നെന്തൊരുരുചിയാണെന്തുരസം......!

കുഞ്ഞിപ്പല്ലുകള്‍തേച്ചിട്ട്
വായില്‍ വെള്ളമൊഴിക്കുമ്പോള്‍
ഒട്ടും രസമില്ലയ്യോപിന്നെയി-
തെന്തുതണുപ്പോ...ഹൊ.ഹൊ..ഹോ..!

=======================================
ഈ കവിതയുടെ ബാക്കിവരികള്‍ ശ്രീലാല്‍ എഴുതിയിട്ടുണ്ട്.
ഇങ്ങനെ...... (with minor editing)
=======================================

ഇത്തിരിയെണ്ണേം തേച്ചിട്ട്
‍തോര്‍ത്തും സോപ്പുമെടുത്തിട്ട്
അച്ഛനൊടൊപ്പം പോയീടേണം
ചാരേയുള്ളകുളക്കരയില്‍.

മഞ്ഞുനനച്ചൊരുകല്പടവും
‘പുക‘പൊങ്ങുന്നൊരു തെളിനീരും
കൂത്താടുംചെറുപരല്‍മീനുകളും
കാണാനെന്തൊരു രസമെന്നോ !

കുളിരോലുന്നൊരു വെള്ളത്തില്‍
‍മടിയോടെന്‍ കാല്‍ തൊട്ടെന്നാല്‍
‍പടരും കുളിരെന്നുടലാകെ
മാറും മടിയൊരു ഞൊടിയിടയില്‍

ഈ കവിത മനോജ് പാടിയിരിക്കുന്നു ഇവിടെ

25 അഭിപ്രായങ്ങള്‍:

Anonymous,  February 18, 2008 at 2:12 PM  

അപ്പുമാഷേ,

ഠേ....ഠേ....ഠേ... ഇന്നിതിനൊരു തേങ്ങ ഉടച്ചിട്ടു തന്നെ കാര്യം. കിടക്കട്ടെ മൂന്നു തേങ്ങകള്‍ .. ങ്യാഹാ.........

മഞ്ഞിന്‍‌തട്ടമണിഞ്ഞോരാ
കൊച്ചുവെളുപ്പാന്‍ കാലത്ത്
പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി-
ക്കിടന്നുറങ്ങാനെന്തുരസം......!

എത്ര ശരി മാഷേ, ഇന്നു രാവിലെ അതിനാല്‍ ഓഫീസിലേക്ക് വിളിച്ചുപറഞ്ഞു ഹാഫ്‌ഡേ എന്ന് ;)

ഈ തണുപ്പു കവിത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ബാധകം.

ഇതെന്തുതണുപ്പാണയ്യയ്യോ...ഹൊ.ഹൊ..ഹോ..!

Anonymous,  February 18, 2008 at 2:12 PM  

തണുപ്പുകാലം തീരുന്നതിനു മുമ്പേ ഒരു തണുപ്പു കുട്ടിക്കവിത..

Anonymous,  February 18, 2008 at 2:29 PM  

ഇതുവായിക്കാനെന്തു രസം..

Anonymous,  February 18, 2008 at 2:36 PM  

കൊള്ളാം അപ്പു
എന്നാലും പഴയതിന്റെയൊരു ഗുമ്മില്ല്ലട്ടൊ.
-സുല്‍

Anonymous,  February 18, 2008 at 3:08 PM  

ശരിയാട്ടൊ... തണുക്കുന്നു.
:)

Anonymous,  February 18, 2008 at 3:12 PM  

കുളിര്‍കാ‍റ്റേറ്റാ മുറ്റത്ത്
കരിയിലകൂട്ടി തീപൂട്ടി
അതിന്റെചുറ്റും നിരന്നിരുന്നാ-
ത്തീകാഞ്ഞീടാനെന്തുരസം.....!!

ഹാ ഹായ്...
വൃശ്ചികത്തിലെ കരിയില കരിയുന്ന ഗന്ധം..എനിക്കേറ്റവുമിഷ്ടമായ ഗന്ധം..അതേറ്റ ഫീലിംഗ് മാഷേ.....

Anonymous,  February 18, 2008 at 3:23 PM  

അപ്പൂസേ...

കവിതയൊക്കെ കൊള്ളാം!

ബട്ട്, ഞാനതല്ല ആലോചിക്കുന്നത്.

അപ്പുന്റെ കഴിഞ്ഞ പോസ്റ്റിന്റെ പേര്:
“വാനില്‍ പാറാനെന്തുരസം!”

കഴിഞ്ഞ പോസ്റ്റിന്റെ പേരിന്റെ ആദ്യപകുതി കട്ട് ചെയ്ത് പുതിയ പോസ്റ്റ്:
“എന്തു രസം!!”

ഇനിയിപ്പോ അടുത്ത പോസ്റ്റിന്റെ പേര് “രസം” എന്നിടുമോന്നാ എന്റെ സംശയം.

അങ്ങിനെയാണെങ്കില്‍ എന്റെ കുട്ടിക്കവിത (പ്രത്യേകിച്ച് വല്യകുട്ടികള്‍ക്ക് വേണ്ടി) ഞാന്‍ ഈ കമന്റ് ഏറിയയില്‍ സമര്‍പ്പിക്കുന്നു. ഇതാ പിടിച്ചോ പരോപകാരപ്രദമായ മോഡേണ്‍ കവിത. താളമില്ലാത്ത പാചക കവിത.

കവിത: “രസം!!!”

മല്ലിയുമുപ്പും കുരുമുളകും,
തുവരപ്പരിപ്പും ജീരകവും,
പുളിയും നെയ്യും വറ്റല്‍ മുളകും,
കടലപ്പരിപ്പും കറിവേപ്പിലയും.
പച്ചമുളകും ജീരകവും,
പിന്നാവശ്യത്തിന് കായവും!

കുട്ടികളേ, ഇനി കോമ്പിനേഷന്‍ ശ്രദ്ധിക്കൂ:

പരിപ്പിനെയാദ്യം വേവിച്ചുടക്കു!
കാല്‍ ലിറ്റര്‍ പുളിവെള്ളത്തില്‍,
കായവുമുപ്പും ചേര്‍ത്ത് തിളച്ച്;
ജീരകമൊഴികെ ചേരുവകള്‍;
-വറുത്ത്- , ജീരകം-ചേര്‍ത്ത് പൊടിച്ചെടുക്കൂ!
അല്പം-വെള്ളവും ചേര്‍ത്ത് തിളപ്പിക്കൂ
പിന്നത് രസത്തില്‍ ചേര്‍ത്ത് തിളപ്പിക്കൂ

ചെറുതീയ്യിലിട്ട് തിളപ്പിക്കുന്നത്
കണ്ടുനില്‍ക്കാനെന്തുരസം
ആറ് മിനിട്ട് തിളപ്പിച്ചാല്‍
രസം തിളച്ചത് പൊങ്ങുമ്പോള്‍
കറിവേപ്പിലയിട്ടടുപ്പില്‍ നിന്നും
വാങ്ങിവെക്കാന്‍ മറക്കരുതേ..

പിന്നൊരുടീസ്പൂണ്‍ നെയ്യില്‍ വേഗം
പച്ചമുളകും കടുകുമതിട്ട്
വറുത്തുകോരി രസത്തില്‍ ചേര്‍ത്ത്
കഴിഞ്ഞാല്‍ സംഗതി ‘രസമായി’!

കുട്ടിക്കവിതയിലൂടെ പഠിച്ചൊരു
രസമുണ്ടാക്കാനെന്തുരസം!!
ഓണസദ്യയതുണ്ണുമ്പോള്‍
രസം കുടിക്കാനെന്തുരസം!

എന്ന് സ്വന്തം,

ആധുനിക കവി: അഭിലാഷ്

Anonymous,  February 18, 2008 at 3:40 PM  

ഹ ഹ ഹ.. അപ്പൂസേ, വട്ടായോ?

ചുമ്മ, 'രസം' 'രസം' എന്നൊക്കെ കണ്ടപ്പോ ഓണ്‍ലൈനില്‍ ഒരു പാചകസൈറ്റില്‍ കണ്ട ‘മൈസൂര്‍ രസം’ എങ്ങിനെ ഉണ്ടാക്കും എന്നത്, താളാത്മകമല്ലാതെ ചുമ്മാ തലയ്ക്കല്പം ഓളാത്മകമായി പറഞ്ഞതാ‍.. ഹി ഹി. കവിതയിലൂടെ അപ്പൂനെ പാരവെക്കാന്‍ പറ്റുമോന്നുള്ള റിസര്‍ച്ചിലാ ഞാന്‍.. ഹി ഹി

ഇനി കവിത എഴുതിയാല്‍ എന്നെ കാണിക്കാതിരുന്നാല്‍ അപ്പൂന് നല്ലത്.. ബു ഹ ഹ..

:-)

Anonymous,  February 18, 2008 at 3:46 PM  

ആഹാ....
കവിത വായിച്ചപ്പോള്‍..
..പുതച്ചുമൂടിയിരിയ്ക്കാനൊത്തിരി-
യവധി ലഭിച്ചാലെന്തു രസം..
എന്നു ചിന്തിച്ചാണ്‌, കമന്റ്‌ കോളത്തിലേയ്ക്ക്‌ കടന്നത്‌.

വന്നപ്പോഴല്ലേ.... ഇവിടെയാകെ രസമയം ആണെന്നറിഞ്ഞത്‌...!!!

തണുപ്പത്ത്‌ പുതച്ചുമൂടിയിരുന്ന്‌, ചൂടുള്ള രസം ഊതിക്കുടിയ്കുന്ന സുഖത്തെപ്പറ്റിയും (കുറേശ്ശെ പനിയുണ്ടെങ്കില്‍.. വിശേഷായി) ഓര്‍മ്മിപ്പിച്ചു, അഭിലാഷിന്റെ രസപാചകം.

Anonymous,  February 18, 2008 at 5:04 PM  

“അതിന്റെചുറ്റും നിരന്നിരുന്നാ“
ചുറ്റും നിരന്നിരിക്കാമോ എന്ന വര്‍ണ്ണത്തിലാശങ്ക!
മറ്റു വരികള്‍ സൂപ്പര്‍!

Anonymous,  February 18, 2008 at 5:18 PM  

അപ്പു മാഷേ കവിത നന്നായി. :)

Anonymous,  February 18, 2008 at 8:12 PM  

അപ്പൂ കൊള്ളാം.

Anonymous,  February 18, 2008 at 8:21 PM  

ഹായ്...ഹായ്..
ആകെ രസം!
(കുഞ്ഞിപ്പല്ലുകള്‍തേച്ചിട്ട്
വായില്‍ വെള്ളമൊഴിക്കുമ്പോള്‍
ഒട്ടും രസമില്ലയ്യോപിന്നെയി-
തെന്തുതണുപ്പോ...ഹൊ.ഹൊ..ഹോ..!
സ്വന്തം കാര്യമാണോ?;))

Anonymous,  February 18, 2008 at 8:59 PM  

കുട്ടിക്കവിതകളുടെ മറ്റൊരു ആശാന്‍
:)
ഉപാസന

Anonymous,  February 19, 2008 at 12:31 AM  

എന്തു രസം...!! കുട്ടികള്‍ക്കു മാത്രമല്ല, എല്ലാര്‍ക്കും രസം തന്നെ ഇത്. :)പക്ഷേ എന്തേ ഇവിടെ നിര്‍ത്തിയത് ? ഈ തണുപ്പത്ത് കുളിച്ച് റെഡിയായി സ്കൂളില്‍ പോകുന്നതു വരെ എഴുതാമായിരുന്നു..

ഞാനൊന്ന് ശ്രമിച്ചു നോക്കുന്നു. :)


“ഇത്തിരിയെണ്ണേം തേച്ചിട്ട്
തോര്‍ത്തും സോപ്പുമെടുത്തിട്ട്
അച്ഛനൊടുത്തുനടന്നാലോ
എത്താമല്ലോ കുളക്കരയില്‍.

മഞ്ഞില്‍ നനഞ്ഞൊരു കല്പടവും
പുകപൊങ്ങുന്നൊരു തെളിനീരും
പാഞ്ഞുകളിക്കും പരല്‍മീനും
കാണാനെന്തൊരു രസമെന്നോ !

കുളിരോലുന്നൊരു വെള്ളത്തില്‍
മടിയോടെന്‍ കാല്‍ തൊട്ടെന്നാല്‍
പടരും കുളിരെന്നുടലാകെ
മാറും മടിയൊരു ഞൊടിയിടയില്‍“


ഇനി, കുളത്തിലെ തണുപ്പില്‍ മുങ്ങിക്കുളിച്ച് തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ എന്തെല്ലാം കാഴ്ചകളാണ് ചുറ്റും! മഞ്ഞലപോയി വെയിലും വെളിച്ചവും പടരുമ്പൊഴേക്കും ഗ്രാമത്തിലെ രാവിലത്തെ ചില കാഴ്‌ചകള്‍..


“മഞ്ഞിന്‍ തുള്ളികള്‍ വേലിച്ചെടിയില്‍
പ്പുഞ്ചിരിതൂകുമൊരിടവഴിയും
മഴയില്‍നനഞ്ഞു കുതിര്‍ന്നെന്നോണം
വഴുവാര്‍ന്നുള്ള വയല്‍ക്കരയും

പാടവരമ്പിന്നങ്ങേക്കരയില്‍
ണിം.ണിം.. മുട്ടിവരുന്നല്ലോ
തോര്‍ത്തോണ്ടുള്ളൊരു തട്ടോം ചൂടി
പത്രക്കാരന്‍ കൊച്ചേട്ടന്‍

പാലും തൂക്കിയൊരിത്തിരിഗമയില്‍
പാട്ടും പാടിയൊരമ്മാവന്‍
പൂവാലിപ്പൈ പിന്നില്‍ നടപ്പൂ
“നട.. നട“ യെന്നൊരു ചേട്ടത്തി.

അങ്ങേവയലിന്നക്കരെ നോക്കൂ
പോം പോം ബസ്സു വരുന്നല്ലോ
ഓടിപ്പോണാ ബസ്സുപിടിക്കാന്‍
വയലിന്‍ കരയിലൂടൊരുചേട്ടന്‍.



അങ്ങനെ അങ്ങനെ എന്തെല്ലാം കാഴ്‌ചകള്‍..... :)

Anonymous,  February 19, 2008 at 6:06 AM  

കുട്ടിക്കവിത വായിക്കാനെത്തിയ എല്ലാവര്‍ക്കും വളരെ നന്ദി.

മഴത്തുള്ളിമാഷ്, വഴിപോക്കന്‍, സുല്‍, ശ്രീ, മനു, അഭിലാഷ് (രസക്കവിത രസായീട്ടോ), ചന്ദ്രകാന്തം, വര്‍ണ്ണവീഥി, ഗോപന്‍, നിരക്ഷരന്‍, ആഗ്നേയ, ഉപാസന നന്ദി.

ശ്രീലാല്‍, നന്നായിട്ടുണ്ട് ഈ കുട്ടിക്കവിത. ശ്രീലാലിന് ഈ ഫീല്‍ഡില്‍ നല്ല കഴിവും ഉണ്ട്. അതിനാല്‍ കുട്ടിക്കവിതകളില്‍ ഇങ്ങനെ കമന്റെഴുതി നടക്കാതെ, ധൈര്യമായി കുട്ടിക്കവിതയെഴുത്ത് തുടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഇനി കമന്റു കവിതകള്‍ സ്വീകാര്യമല്ല എന്നും അറിയിക്കുന്നു. ശ്രീലാലിന്റെ ഈ ബാക്കിയെഴുത്ത് അപ്ഗ്രേഡ് ചെയ്ത് പോസ്റ്റില്‍ത്തന്നെ ചേര്‍ക്കുന്നു.

Anonymous,  February 19, 2008 at 7:27 AM  

എന്തൊരു രസം ഈ കവിത വായിക്കാന്‍! പലതരം “രസ”ങ്ങള്‍ രുചിച്ചിട്ടുണ്ടെങ്കിലും ഇതയ്ക്കും രസിച്ചതിപ്പോള്‍ മാത്രം! :)

ഞാന്‍ ഒരു അമ്പലത്തിനടുത്താണ് ജനിച്ചു വളര്‍ന്നത്. അപ്പുവിന്റെ നാട്ടിലൊക്കെ ‘പറ’യ്ക്ക് പോയിട്ടു റ്റിരിച്ചു വരുന്ന തേവരെകാത്ത് ഞങ്ങള്‍ കുട്ടികളരിക്കുമ്പോള്‍ വെള്ളുപ്പാന്‍ കാലത്ത് അയ്യത്തെ തേക്കിലയും മറ്റും കൂട്ടി തീയിട്ട് തണുപ്പകറ്റുമായിരുന്ന ആ കാലം ഓര്‍ത്തു പോയി... ആ സുന്ദരമായ ബാല്യത്തെ ഓര്‍മ്മിപ്പിച്ചതിന് അപ്പുവിന് എന്റെ ഹൃദയ്യം നിറഞ്ഞ നന്ദി!

Anonymous,  February 19, 2008 at 7:30 AM  

ശ്രീലാല്‍ - താങ്കളുടെ ഒരു പൂര്‍ണ്ണ കവിത ഞാന്‍ കാത്തിരിക്കുന്നു. “താങ്കളുടെ വാല്‍ക്കഷ്ണം” A-class!!

Anonymous,  February 19, 2008 at 7:39 AM  

അപ്പുമാഷേ, മനോജേട്ടാ, എനിക്കേറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്നാണ് ഇന്ന്.
ഓഫീസില്‍ വെച്ച് ചെയ്ത ഒരു പാതകമാണ് ആ കമന്റ്. അത് തിരുത്തി പോസ്റ്റിലേക്ക് ചേര്‍ത്തതിന് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷം....

ഞാന്‍ തീര്‍ച്ചയായും എഴുതിനോക്കാം തെറ്റു ചൂണ്ടിക്കാണിക്കാനും തിരുത്തിത്തരാനും എല്ലാവരും ഉണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതിനോക്കാം.

Anonymous,  February 19, 2008 at 4:33 PM  

അപ്പു,
കൊള്ളാം!

ശ്രീലാലിന്റെ വരികള്‍ അപ്പുവിന്റെ വരികളുടെ ഈണത്തില്‍ ചേരുന്നില്ല എന്നു തോന്നി, ഒരു പക്ഷെ എന്റെ ട്യൂണിന്റെ കുഴപ്പമാകാം!
രണ്ടും ചേര്‍ത്തു വായിയ്ക്കാതെ വേര്‍തിരിച്ചാല്‍ മനോഹരം. രണ്ടാള്‍ക്കും അഭിനന്ദനങള്‍!

പിന്നെ ആ എം പി ത്രീ.. അറിയാതെ ഞെക്കിപ്പോയതാ, ഞെട്ടിപ്പോയി.. ഹൊറിബിള്‍!!!
(വ്യക്തിപരമായി എടുക്കരുത്)

Anonymous,  February 20, 2008 at 6:32 PM  

ഈ അനുഭവമൊക്കെ ഇങ്ങിനെപാടിയെങ്കിലും
കുട്ടികളറിയട്ടെ..നന്നായി അപ്പു

Anonymous,  February 21, 2008 at 12:30 AM  

കൊച്ചുവെളുപ്പാന്‍കാലത്തു പുതച്ചു കിടന്നുറങ്ങിയ സുഖം........വളരെ നല്ല വരികള്‍.....
എന്റെ ബ്ലോഗില്‍ വന്നതിനും ആശംസകള്‍ക്കും നന്ദി...ഈ മഹാകവിയുടെ കാലില്‍ തൊട്ടു വണങ്ങുന്നു....

Anonymous,  February 24, 2008 at 2:51 PM  

അപ്പു, ശ്രീലാല്‍, രണ്ടാളും ചേര്‍ന്ന് കുട്ടിക്കാലം ഓര്‍മ്മപ്പെടുത്തി, പ്രത്യേകിച്ചും ആ കുളി...

കൊച്ചുന്നാളില്‍, വേനല്‍ക്കാലത്ത് കിണറ്റില്‍ വെള്ളം വറ്റുമ്പോള്‍ ഊറ്റുകുഴിയില്‍ കുളിക്കാന്‍ പോകുമായിരുന്നു. അമ്മയോടൊപ്പമുള്ള ആ പോക്ക് ഒരു രസമായിരുന്നുവെങ്കിലും കുളിക്കാന്‍ ഭയങ്കര മടിയും, പേടിയും. മടി വെള്ളത്തിന്റെ തണുപ്പു കാരണം, പേടി, ഊറ്റുകുഴിയിലെ വെള്ളത്തില്‍ ചിലപ്പോഴൊക്കെ നീര്‍ക്കോലിയെ കണ്ടിട്ടുണ്ട് എന്നതിനാലും.

Anonymous,  February 24, 2008 at 2:59 PM  

സ‘രസ‘ കവി അഭിലാഷേ, ആ രസത്തില്‍ അവസാനമൊരു മല്ലിയിലത്തണ്ടു കൂടി പൊട്ടിച്ചിട്ടാല്‍ ആസ്വാദ്യമായ മറ്റൊരു രുചി കിട്ടും...

Anonymous,  February 25, 2008 at 5:06 PM  

അപ്പൂ, ഇതു വായിച്ചപ്പോള്‍ എനിയ്കു പെട്ടെന്നു നാവില്‍ വന്നതിത്,
“ഇത്തിരിയുള്ളൊരു കുഞ്ഞിക്കിളിയെ
കാണാനെന്തു രസം,
കാക്കറുപ്പും മുക്കാചോപ്പും
കാണാനെന്തു രസം”
അത്രയേ അറിയൂ.