Sunday, August 25, 2013

ഓണം വന്നേ.......

ചിങ്ങം പിറന്നു, ഓണം വരുന്നു... സന്തോഷത്തിന്റേയും ഐശ്വര്യസമൃദ്ധിയുടേയും നാളുകള്‍ ഓരോ മനസ്സിലും നിറയുകയായി.
പൊന്ന്‌ വിളയുന്ന നെല്പ്പാടങ്ങള്‍ , കണ്ണെത്തുന്നിടത്തെല്ലാം പലവര്‍ണ്ണപ്പൂക്കള്‍ , എവിടെനിന്നൊക്കെയോ വിരുന്നെത്തുന്ന ശലഭങ്ങള്‍ , ചുവപ്പുവാലന്‍ തുമ്പികള്‍ , പലപലശ്രുതിയില്‍ ആഘോഷരാഗങ്ങള്‍ പാടാനെത്തുന്ന കിളിക്കൂട്ടങ്ങള്‍ ... പ്രകൃതിയുടെ, ഉത്സാഹത്തിമര്‍പ്പേറും ഉത്സവച്ഛായ...!
ഇന്ന്‌ ഇതിന്റെയെല്ലാം രൂപവും ഭാവവും കുറെയൊക്കെ മാറിയെങ്കിലും, മലയാളിയ്ക്ക്‌ ഓണം നന്മയുടെ വിളവെടുപ്പുല്‍സവം തന്നെയാണ്‌.. ....

എല്ലാവര്‍ക്കും ഓണാശംസകള്‍ ... 

ഇക്കുറി ചെറിയൊരു ഓണപ്പാട്ട്‌ ആവട്ടെ ..

ഉത്രാടരാവിലെപ്പൂമണം ചാര്‍ത്തുന്നോ-
രാവണിക്കാറ്റിന്റെ പൂവിളിയില്‍
ചിങ്ങനിലാവിന്‍പുടവചുറ്റീ മല-
രൊന്നാകെച്ചൂടുന്നു പൂവനങ്ങള്‍ ..
ഈണത്തില്‍പ്പാടുന്നു മാനസങ്ങള്‍ ..

പൊന്നോണം പുലരുമ്പോള്‍ 
തുമ്പക്കുടത്തിന്റെ
തൂവെള്ളപ്പുഞ്ചിരി പൂത്തുനില്‍ക്കും
കതിരിട്ടപാടവരമ്പിലെക്കറുകയില്‍
പൂത്തുമ്പിപ്പെണ്ണാള്‌ കൂട്ടിരിയ്ക്കും- അവള്‍
പൊന്‍വെയില്‍ച്ചേലയുടുത്തിരിയ്ക്കും

.................(ഉത്രാടരാവിലെ..

നല്ലോണപ്പാട്ടിന്റെ ശീലൊത്തു മന്ദാരം
കൈകൊട്ടിത്താളം പിടിച്ചിരിയ്ക്കും
ഓലക്കുടയും മെതിയടിയൊച്ചയും
ഓരോരോ മുറ്റത്തും തേരിറങ്ങും - എങ്ങും
പൂപ്പൊലിച്ചന്തം വിരുന്നൊരുക്കും..

.................(ഉത്രാടരാവിലെ..

3 അഭിപ്രായങ്ങള്‍:

സിദ്ധാര്‍ത്ഥന്‍ August 25, 2013 at 2:03 PM  

നീലനിലാവിന്റെ രാവാടയിൽ... കളഞ്ഞോ?

Pnrwnd September 15, 2013 at 11:46 AM  
This comment has been removed by the author.