Tuesday, October 28, 2008

ചാന്ദ്രയാന്‍

അമ്മേ അമ്മേ കണ്ടോ നമ്മുടെ
ഇന്ത്യ കുതിക്കുന്നു
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

അമ്പിളിമാമനിലുള്ള വിശേഷം
നമ്മെയറിയിക്കാന്‍
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

നാടിന്‍ നന്മക്കിനിയും പല പല
വിദ്യകള്‍ കണ്ടെത്താന്‍
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

അമ്പിളിമാമനെ വട്ടം ചുറ്റി
ചിത്രമെടുത്തീടാന്‍
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

നാമെല്ലാരും ഇനിയൊരു നാളില്‍
ചന്ദ്രനിലെത്തീടാന്‍
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

അമ്മേ അമ്മേ കണ്ടോ നമ്മുടെ
ഇന്ത്യ കുതിക്കുന്നു
അമ്പിളി മാമേ കണ്ടു പഠിക്കാന്‍
ഇന്ത്യ കുതിക്കുന്നു

******************************************

ചാന്ദ്രയാനേക്കുറിച്ച് അല്പം


ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാന്‍. ചന്ദ്ര പര്യവേഷണങ്ങള്‍ക്കായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബര്‍ 22ന് കൃത്യം 6.22ന്‌‍ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാന്‍‍. ആയിരത്തോളം ഐ.എസ്.ആര്‍.ഓ. ശാസ്‌ത്രജ്ഞര്‍ നാലുവര്‍ഷമായി ഈ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ചന്ദ്രയാന്‍ പേടകം നിര്‍മ്മിക്കാന്‍ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാന്‍ പേടകം ചന്ദ്രന്‍റെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാന്‍-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങള്‍ തരും എന്നു പ്രതീക്ഷിക്കുന്നു. ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും അന്തര്‍ഭാഗവുമെല്ലാം പഠന വിധേയമാക്കും. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍, യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യ, സന്ദ്രത തുടങ്ങിയവ കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

അവലംബം : ചന്ദ്രയാന്‍-1(വിക്കിപീഡിയ മലയാളം) http://ml.wikipedia.org/wiki/ചന്ദ്രയാന്‍

32 അഭിപ്രായങ്ങള്‍:

മഴത്തുള്ളി October 28, 2008 at 2:00 PM  

മഷിത്തണ്ടിലെ കൊച്ചുകൂട്ടുകാര്‍ക്കു വേണ്ടി ഇത്തവണ മനുവും സിയയും മഴത്തുള്ളിയും ഒന്നിക്കുന്നു, ചന്ദ്രയാന്‍ എന്ന ഈ കുട്ടിക്കവിതയിലൂടെ.

ഇത് മഷിത്തണ്ടിന്റെ രണ്ടാമത്തെ ദീപാവലി ആഘോഷം.

എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും ദീപാവലി ആശംസകള്‍.

::സിയ↔Ziya October 28, 2008 at 2:22 PM  

ദീപാവലി ആശംസകള്‍..!

(കൊച്ചു കൂട്ടുകാര്‍ക്കായി ഇനി കഥയും കവിതയും ചിത്രവും പാട്ടും ഒക്കെച്ചേര്‍ന്നൊരു കൊളാഷായാലോ മഴത്തുള്ളി മാമാ..പ്പളത്തെ പുതിയ പരീക്ഷണമാ :) )

സുല്‍ |Sul October 28, 2008 at 3:52 PM  

തുള്ളിപ്പാട്ട് കൊള്ളാം.

-സുല്‍

G.manu October 28, 2008 at 4:37 PM  

ആദ്യത്തെ നാലു വരിക്കുള്ള പൊന്മാന്‍ കുഞ്ഞുങ്ങളെ മാത്യൂസ് അച്ചായന്‍ തരണം...

:

ഹാപ്പി ദീവാലി..

(ദില്ലിയില്‍ പടക്കം ഒക്കെ പൊട്ടിത്തുടങ്ങിയോ..മിസ്സിംഗ് മിസ്സിംഗ്...

ചന്ദ്രകാന്തം October 28, 2008 at 5:49 PM  

ലോകത്തെല്ലാ കുഞ്ഞുങ്ങൾക്കും
മാമനൊരാളുണ്ടേ....
മാമന്റോടെപ്പോവാനിന്നൊരു
വണ്ടിയുമിവിടുണ്ടേ...

അവിടെപ്പോയാലറിയാനുണ്ടേ
നൂറു വിശേഷങ്ങൾ..
അതിനെപ്പറ്റീട്ടെഴുതിയ പാട്ടോ
നന്നായിട്ടുണ്ടേ..

മഴത്തുള്ളി October 28, 2008 at 6:48 PM  

മനു മാഷേ, മഷിത്തണ്ട് ആരംഭിക്കാന്‍ തീരുമാനമെടുത്തതും, സിയ ഈ ബ്ലോഗ് ഡിസൈന്‍ ചെയ്തതും, നമ്മള്‍ രണ്ടുപേരും ഇവിടെ പൊന്മാന്‍ കുഞ്ഞുങ്ങളുമായി കഴിഞ്ഞ ദീപാവലി ദിനത്തില്‍ കൂടിയതും, ആദ്യത്തെ കുട്ടിക്കവിത പോസ്റ്റിയതുമെല്ലാം സുന്ദരമായ ഓര്‍മ്മകളായി അവശേഷിക്കുന്നു.

കഴിഞ്ഞ ദിവസം ‘ഈ ദീപാവലിക്ക് കവിത ഒന്നും മഷിത്തണ്ടില്‍ പോസ്റ്റുന്നില്ലേ?’ എന്ന് സുല്‍ ചോദിച്ചപ്പോള്‍ മൂന്നുപേരും കൂടി പെട്ടെന്ന് തട്ടിക്കൂട്ടിയതാണീ കുട്ടിക്കവിത. സുല്ലിനു നന്ദി :)

മനുജീ, ഇവിടെ ചെവിയടപ്പിക്കുന്ന ബോംബുകള്‍ പൊട്ടിത്തുടങ്ങി. മനുവില്ലാതെ പൊന്മാനില്ലാതെ ഒരു ദീപാവലി :(

മനു മാഷില്ലാതെ പൊന്മാനുമില്ലാതെ
ദീപാവലിയാഘോഷമിവിടെ...........

:)

സുന്ദരന്‍ October 28, 2008 at 8:47 PM  

മനു മാഷേ, മഷിത്തണ്ട് ആരംഭിക്കാന്‍ തീരുമാനമെടുത്തതും, സിയ ഈ ബ്ലോഗ് ഡിസൈന്‍ ചെയ്തതും, നമ്മള്‍ രണ്ടുപേരും ഇവിടെ പൊന്മാന്‍ കുഞ്ഞുങ്ങളുമായി കഴിഞ്ഞ ദീപാവലി ദിനത്തില്‍ കൂടിയതും, ആദ്യത്തെ കുട്ടിക്കവിത പോസ്റ്റിയതുമെല്ലാം സുന്ദരമായ ഓര്‍മ്മകളായി അവശേഷിക്കുന്നു. ....

ഹെ ഹെ ഹെ.... അപ്പോള്‍ ഞാന്‍ എവിടെയായിരുന്നു.... ഓണ്‍ലൈനില്‍ പാതിരമുഴുവനും നിങ്ങളോടൊപ്പം ഞാനും കുത്തിയിരുന്നല്ലോ. മഴത്തുള്ളി... മനുവിന്റെ അത്രയും വിശാലമായ ശരീരമല്ലെങ്കിലും അത്രതന്നെ വിശാലമായ ഒരു ഹൃദയം എനിക്കുമുണ്ട്... ഓര്‍ക്കണോ മറക്കണോ എന്നതൊക്കെ അവനവന്റെ ഇഷ്ടം...

കവിത വളരെ നന്നായിട്ടുണ്ട്... എല്ലാനന്മയും നേര്‍ന്നുകൊണ്ട്.,
ബെന്നി

ഗീതാഗീതികള്‍ October 28, 2008 at 9:04 PM  

ചന്ദ്രനിലേക്കു വിരുന്നു പോകാം
ചന്ദ്രയാനെന്നൊരു വണ്ടിയേറി
ചന്ദ്രികപ്പാലാഴി കണ്ടുവരാം
ചന്ദ്രകാന്തക്കല്ലു കൊണ്ടുവരാം

ഇന്നത്തെ കുരുന്നുകള്‍ക്ക് നാളെയിതു സാദ്ധ്യമാകും!

കുഞ്ഞിക്കവിത ബഹുജോറ്. ചന്ദ്രയാന്‍ മിഷനെക്കുറിച്ചുള്ള ലേഖനം കുരുന്നുകളില്‍ ശാസ്ത്രാവബോധം വളര്‍ത്തും. ഇങ്ങനെ കവിതയും കഥയും കാര്യവും ഒന്നിപ്പിക്കുന്ന ഈ പുതിയ പരീക്ഷണം വളരെ നല്ലതു തന്നെ.

അപ്പു October 29, 2008 at 6:57 AM  

മഴത്തുള്ളീ മാഷേ, അവസരോചിതമായ കവിത..
മൂന്നുകവികള്‍ ഒന്നിച്ചതിന്റെ പെര്‍ഫക്ഷന്‍ കാണാനുമുണ്ട്. ദീപാവലി ആശംസകള്‍ എല്ലാവര്‍ക്കും.

ശ്രീ October 29, 2008 at 9:52 AM  

നന്നായിട്ടുണ്ട്. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍!

krish | കൃഷ് October 29, 2008 at 11:08 AM  

ചന്ദ്രയാനക്കവിത കൊള്ളാം, നന്നായിട്ടുണ്ട്.

Sapna Anu B.George October 29, 2008 at 5:45 PM  

ചന്ദ്രബിംബം നെഞ്ചിലേറ്റും മഴത്തുള്ളീ
നി കവിതയായി കൊണ്ടുവന്നു
ചന്ദ്രയാന്‍ കേളിക്കളിക്കാരെ

മന്ത്രജാലകം October 29, 2008 at 9:06 PM  

ഒരു നല്ല കവിത എഴുതാന്‍ നല്ല മനസ്സു വേണം.... കുട്ടികവിത എഴുതാനോ മനസ്സു നിഷ്കളങ്കമാകണം..... മത്യൂസിന്റേ നല്ലവശവും ആ ഗുണങളാണു.........

വേണു venu October 29, 2008 at 10:00 PM  

അമ്പിളി അമ്മാവാ.....താമരക്കുമ്പിളിലെന്തുണ്ട്.?
അമ്മേ അമ്മേ കണ്ടോ നമ്മുടെ
ഇന്ത്യ കുതിക്കുന്നു
താമരക്കുമ്പിളിലെന്തേ
എന്നറിയാനായി ഇന്ത്യ കുതിക്കുന്നു.
അവസരോചിതം.അനുമോദനം.:)

ആഗ്നേയ October 30, 2008 at 1:43 PM  

നല്ല ഉദ്യമം..
ഈണമുള്ള വരികള്‍...അടിയിലുള്ള കുറിപ്പും വിജ്ഞാനപ്രദം..
അഭിനന്ദനങ്ങള്‍!

MyDreams October 30, 2008 at 4:56 PM  

ശരിക്കും കുട്ടി കവിത .........
നല്ല രസം ............
സ്കൂളില്‍ മലയാളം ക്ലാസ്സില്‍ പോയത് പോലെ

നോബി ബിജു October 31, 2008 at 1:03 PM  

നല്ല കുട്ടി കവിത . നല്ല അവതരണം

smitha adharsh November 1, 2008 at 12:06 AM  

കുഞ്ഞിക്കവിത ഇഷ്ടപ്പെട്ടു.

ചിരിപ്പൂക്കള്‍ November 1, 2008 at 9:31 PM  

മഴത്തുള്ളി മാഷേ,

കുട്ടിക്കവിത ഗംഭീരം. പിന്നെ ചന്ദ്രയാന്റെ വീശേഷങ്ങളും.
ആശംസകളോടെ.
നിരഞ്ജന്‍.

മുസാഫിര്‍ November 2, 2008 at 12:22 PM  

സഹകരണ സംരംഭം ഇഷ്ടമായി.

കുറുമാന്‍ November 2, 2008 at 4:08 PM  

അച്ചായോ, കുട്ടിപാട്ട് കലക്കി. ചാന്ദ്രയാന്‍ ഇനി കുട്ടികളുടെ കേള്‍ക്കാ‍ാം.

Niyaz November 2, 2008 at 9:10 PM  
This comment has been removed by the author.
Niyaz November 2, 2008 at 9:11 PM  

എനിക്കിഷ്ടായി, നല്ല ഈണത്തില്‍ പാടാം ...

Anonymous,  November 3, 2008 at 11:23 AM  

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

nardnahc hsemus November 4, 2008 at 8:50 AM  

haha കൊള്ളാം
ഞാനെന്റെ പേരിനിയും മാറ്റും
സുമേഷ് ചന്ദ്രയാന്‍ എന്നാക്കാന്‍ പോവാ...
:)

എട്ടുവരി എന്റെ വക....


കോടികളൊരുപിടിചിലവിട്ട്
പേടകമൊരെണ്ണം വിട്ടെന്നാല്‍
ചിത്രമതൊരെണ്ണം അയച്ചെന്നാല്‍
നമ്മുടേയിന്ത്യയിതെപ്പൊകുതിച്ചെന്നാ?

ഓഹരിവിപണിയോ തമ്പോറായി
പച്ചക്കറിയ്ക്കോ തീവിലയായ്
അമ്പിളിമാമേ കണ്ടു പഠിച്ചാല്‍
ഉണ്ണിയ്ക്കുണ്ണാനെന്നാ കിട്ടാനാ?

അപ്പു November 4, 2008 at 8:55 AM  

സുമേഷേ... ഒരു ഓടോ

വരാന്‍ പോകുന്ന ലോക്‍സഭാ എലക്ഷന്റെ ചെലവ് മിനിഞ്ഞാന്ന് എസ്റ്റിമേറ്റ് ചെയ്തത് കേട്ടാരുന്നോ വാര്‍ത്തയില്‍?

പതിനയ്യായിരം കോടീ... ഇത് ഒഫീഷ്യല്‍ രാജ്യം ചെലവാക്കുന്നത്..ഇതുകൂടാതെ വേറേയും. അതൊക്കെവച്ചു നോക്കുമ്പോള്‍ ഈ 386 കോടീ ഒന്നുമില്ലെന്നേ.. ഇതുനമ്മളെ പാപ്പരാക്കുകയോ, പണക്കാരാക്കുകയോ ചെയ്യില്ല.

അഗ്രജന്‍ November 4, 2008 at 2:43 PM  

അപ്പു, ഓന് മറ്റേ പാറ്ട്ടിക്കാരനാ... :)

ശിശു November 4, 2008 at 3:15 PM  
This comment has been removed by the author.
ശിശു November 4, 2008 at 3:15 PM  

തുള്ളീ തുള്ളീ മഴയുടെ തുള്ളീ
ഉള്ളതു ചൊന്നാല്‍ ഗംഭീരം
മാനത്തുള്ളൊരു അമ്പിളിമാമനെ
കുഞ്ഞിക്കവിതയിലാക്കീ നീ

എന്തൊരു ചന്തമിതെന്തൊരു ചന്തം
ചന്ദ്രായനമിത് ചൊല്ലീടാന്‍
കുഞ്ഞിക്കവിതകളിനിയും ശേലില്‍
തന്നില്ലേല്‍ ശിശു മിണ്ടൂല!!

nardnahc hsemus November 5, 2008 at 11:27 AM  

അപ്പു.

തീര്‍ച്ചയായും ശരിയാണ്.

നമ്മുടെ ശാസ്ത്രസാങ്കേതികവളര്‍ച്ചയോടും അതിനു വഴിതെളിയ്ക്കുന്ന ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞരോടും ഞാനെന്റെ ബഹുമാനം രേഖപ്പെടുത്തുന്നു.
കണ്ടുപിടുത്തങ്ങള്‍ മാനവര്‍ക്കെന്നും അനിവാര്യമായതും ജീവിതത്തെ കൂടുതല്‍ സുഖപ്രദമാക്കാനുപകരിയ്ക്കുന്ന പുതിയ പരീക്ഷണങ്ങളുമാണെന്നിരിയ്ക്കെ ഞാന്‍ പറഞ്ഞത് പിന്തിരിപ്പന്‍ വാദം തന്നെ.

എനിയ്ക്കുവേണമെങ്കില്‍ കൈയ്യടിച്ച് കൂടെ നില്‍ക്കാം അല്ലെങ്കില്‍ മാറി നില്‍ക്കാം.. പക്ഷെ തിരിച്ച് ഒന്നും പറയരുത്... എന്തു പറഞ്ഞാലും ഇല്ലെങ്കിലും വികസനം അതിന്റെ പാതയില്‍ നീങും, എങ്കിലും പറയട്ടെ,

ഞങ്ങളുടേ നാട്ടില്‍ എന്റെ വീടിനടുത്തുനിന്നും ഏകദേശം 40-50 കിലോമീറ്ററോളം ഉള്ളിലേയ്ക്ക് പോയാല്‍ ആനപാന്തം എന്ന് പേരുള്ള ഒരു ആദിവാസിമേഖലയുണ്ട്. (പണ്ട് വനം മന്ത്രിയായിരുന്ന കെ പി വിശ്വനാഥനെ കാട്ടിലെ കഞ്ചാവുകൃഷിയില്‍ പങ്കാളിയാണ് താനെന്ന് വെല്ലുവിളിച്ച ലോനപ്പന്‍ നമ്പാടന്‍ എം എല്‍ എയുടെ വെല്ലുവിളി സ്വീകരിച്ച് വനത്തില്‍ സ്വയം വന്ന് കൃഷി കാട്ടിത്തരുകയാണേങ്കില്‍ താന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കാം എന്ന ഓഫറും സ്വീകരിച്ച് അവസാനം മാധ്യമ പ്രവര്‍ത്തകരോടും സെക്യൂരിറ്റി ഗാര്‍ഡുകളോടുമൊപ്പം കാടുകയറിയ മന്ത്രി-എം എല്‍ എ മാര്‍, നാലിലൊന്നിടം പോലും നടന്നെത്തുമ്പോഴേയ്ക്കും തളര്‍ന്നവശരായി തിരിച്ചു പോരേണ്ടി വന്ന അതേ ആനപാന്തം) ഇപ്പോഴത്തെ അവിടത്തെ അവസ്ഥ എനിയ്ക്കറിയില്ലെങ്കിലും അറിഞ്ഞിടത്തോളം അവിടെ ഇന്നും പട്ടിണിമരണങ്ങള്‍ നടന്നു കൊണ്ടേയിരിയ്ക്കുന്നു. ഭക്ഷണം പാര്‍പ്പിടം കുടിവെള്ളം റോഡ് വിദ്യഭ്യാസം ആരോഗ്യകേന്ദ്രം തുടങ്ങി വളരെ പ്രാധമികമായ സൌകര്യങ്ങള്‍ പോലും എത്തിപ്പെടാത്ത ഒരു മേഖല. ജോലിയില്ലാത്ത ഗൃഹനാഥന്മാര്‍, പോഷകാഹാരമില്ലാതെ വികൃതരൂപം വന്ന കുട്ടികള്‍ വൃദ്ധരും രോഗപീഡിതരും വേറെ. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിയ്ക്കാനാവില്ലെന്ന് വീമ്പിളക്കുന്ന നമ്മള്‍ക്ക് അവരെങ്ങനെ ജീവിയ്ക്കുന്നു എന്ന് ഒരിയ്ക്കലും ചിന്തിയ്ക്കാന്‍ കഴിയാത്തയത്രയും താണ തലങ്ങളിലെ ജീവിതം. ഇതുപോലെ എത്രയെത്ര ഇന്ത്യന്‍ ഗ്രാമങ്ങള്‍...

രണ്ടോ മൂന്നോ മാസം പെയ്യുന്ന മഴയില്‍ കുളിയ്ക്കേണ്ടി വരുന്ന ഗുജറാത്തിലെ ഡാങ്ങ് ജില്ലയിലെ ആദിവാസികള്‍ എന്റെ അനുഭവമാണ്. അവരോടൊപ്പം താമസിയ്ക്കേണ്ടിവന്ന ഒരു രാത്രിയില്‍, ഗൃഹനാഥന്‍ എനിയ്ക്കു തന്ന ഒരു കുപ്പിയിലെ വെള്ളം അന്നവര്‍ക്ക് നിധിയെക്കാള്‍ വലുതായിരുന്നു, കാരണം അദ്ദേഹത്തിന്റെ മകള്‍ കിലോമീറ്ററോളം നടന്ന് ഉണങ്ങിപ്പോയ നദിയ്ക്കു നടുവില്‍ കുഴിച്ചുവച്ചിരിയ്ക്കുന്ന കുഴിയിലിറങ്ങി സമയങ്ങളോളം കാത്തിരുന്നാല്‍ ഊറിക്കൂടുന്ന വെള്ളത്തിന് അവര്‍ നല്‍കുന്ന വില അത്രയേറെയാണ്... നമുക്കെങനെ മനസ്സിലാവാന്‍? അപ്പൊ പിന്നെ നമ്മുടേ സര്‍ക്കാരിനോ?

ചിലപ്പോള്‍ കണ്ടിരിയ്ക്കും, മൊത്തം സമയത്തിന്റെ പകുതിപരസ്യം ഒഴിവാക്കിയാല്‍ കിട്ടുന്ന കണ്ണാടിയെന്ന ഏഷ്യാനെറ്റ് പ്രോഗ്രാമില്‍ ഇടയ്ക്കൊക്കെ തെളിഞ്ഞുവരാറുള്ള തെളിമ നശിച്ച മുഖങ്ങള്‍, തൊട്ടടുത്ത പരസ്യത്തോടെ നാം മറന്നുപോകുന്ന മുഖങ്ങള്‍... ചാഞ്ഞും ചരിഞ്ഞുമെടുത്താന്‍ അവാര്‍ഡും അപ്രീസിയേഷനും കിട്ടാന്‍ സാധ്യതയുള്ള ചില ഫോട്ടോകള്‍ക്കപ്പുറം യാതൊരു ഗുണവും തരാത്ത കുറച്ചു ജീവികള്‍! പണ്ട് കാട്ടില്‍ കയറി അവനെന്തെങ്കിലും കഴിച്ചോളുമായിരുന്നു.. ഇന്ന് ആ കാടും നമ്മുടേ അല്ലെ? അവനാരാ... ആദിവാസി പണ്ട്.. ഇപ്പൊ ഏതോ വാസി!

ഇവര്‍ക്ക് ആകപ്പാടെ അല്ലറചില്ലറയായി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അത് അഞ്ചാം വര്‍ഷം വരുന്ന ഇത്തരം ഇലക്ഷനുകളില്‍ ലഭ്യമാകാന്‍ പോകുന്ന വോട്ട് ബാങ്കിനെ മുന്‍ കണ്ടുകൊണ്ടായിരിയ്ക്കണം. എങ്കിലും ചിലപ്പോള്‍ അവനു വായയ്ക്കു രുചികിട്ടുന്നൊരു കറി കൂട്ടി വയര്‍ നിറയെ ഒരൂണ് തരമാവുന്നുണ്ടെങ്കിലോ?... അങ്ങനെയൊക്കെ അവരെ ഊട്ടേണ്ടി വരുമ്പോള്‍ ഇലക്ഷന്റെ ഈ പതിനായിരം കോടിയെന്തു കോടി?

സമ്പൂര്‍ണ്ണസാക്ഷരത എന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചെങ്കിലും അന്നു പഠിച്ചവരില്‍ പേരും ഒപ്പും നാലാം ദിവസം മറന്നുപോയ എത്രപേരെ നമുക്ക് തൊട്ടുകാണിയ്ക്കാന്‍ കഴിയുന്നു... വികസനങ്ങള്‍ പലരീതിയില്‍ നമ്മളാഘോഷിച്ചിട്ടും ഒറ്റത്തവണപോലും അതിന്റെ ഒരംശം പോലും പങ്കുപറ്റാന്‍ സാമര്‍ത്ഥ്യമില്ലാതെ പോകുന്ന നമ്മുടെ സ്വന്തം ജനത. പ്രകൃതിക്ഷോഭങ്ങളില്‍പോലും എത്തിച്ചേരുന്ന പണം വീതിച്ചുകൊടുക്കാത്ത സര്‍ക്കാര്‍...

ഈ പരീക്ഷണങ്ങളൊക്കെ തന്നെ മറ്റുരാജ്യങ്ങളോട് കിടപിടിയ്ക്കാനുള്ള ഇന്ത്യയുടേ മത്സരമായി കാണാം... പക്ഷെ, അവരുടെ നാട്ടില്‍ ദാരിദ്ര്യരേഖയുടേ സ്ഥാനം നമ്മുടേയത്രയും മോശമായിരിയ്ക്കുമോ? വഴിയില്ലെന്നു തോന്നുന്നു!

നൂറ് കോടിയിലേറെ ജനങ്ങള്‍ ജീവിയ്ക്കുന്ന ഇന്ത്യയില്‍, ഒരു പൌരന്‍ വെറും 4 രൂപ വച്ചെടുത്താല്‍തന്നെ ചന്ദ്രയാനത്തിന് ചിലവഴിച്ച പണത്തില്‍ മിച്ചം വരുമത്രെ! പക്ഷെ മാസത്തില്‍ പോലും നാലുരൂപ വരുമാനമില്ലാത്ത ഒരുപാട് പേര്‍ താമസിയ്ക്കുന്ന ഒരു രാജ്യത്തെ ചില “കുതിയ്ക്കലുകള്‍” എല്ലാ അര്‍ത്ഥത്തിലും കുതിയ്ക്കല്‍ തന്നെയാണോ എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. നമ്മളൊക്കെ എത്രയെത്ര യാനങ്ങള്‍ വിട്ട് വികസനം കൈവരിച്ചാലും അതിന്റെ യാതൊരു പങ്കും കടന്നുചെല്ലാത്ത ഒത്തിരിയിടങ്ങള്‍ ഇന്നും നമ്മുടേ ഇന്ത്യയിലുണ്ട്, അവിടെയെല്ലാം ഉണ്ണാതെയുറങ്ങുന്ന ഒത്തിരി ഉണ്ണികളും.

kaithamullu : കൈതമുള്ള് November 5, 2008 at 12:08 PM  

പോട്ടെ, സുമേഷെ,ചൂടാവാതെ.
ഇത്തരം വേറിട്ട ചിന്തകള്‍ വേണം, തീര്‍ച്ചയായും.

-നഴ്സറി‍ അഡ്മിഷന് ആയിരങ്ങള്‍ കൊടുക്കുന്നവര്‍, പെപ്സി, കോള, കെ എഫ് സി, പിസ്സാ മാത്രം മക്കള്‍ക്ക് വാങ്ങിക്കൊടുക്കുന്നവര്‍, ഡിസൈനെര്‍ വെയര്‍ വാങ്ങുന്നവര്‍, ഉയര്‍ന്ന കോഴ്സുകല്‍ക്ക് പ്രവേശനത്തിന് വേണ്ടി ലക്ഷങ്ങള്‍ സ്വരുക്കൂട്ടീ ത്രിശ്ശൂരച്ചയാന്റെ ഓഫീസിന് മുന്‍പില്‍ തമ്പടിക്കുന്നവര്‍, ആഘോഷങ്ങള്‍ക്ക് ലക്ഷങ്ങളുടെ കുപ്പി പൊട്ടിക്കുന്നവര്‍, കല്യാണങ്ങള്‍ പൂരമാക്കുന്നവര്‍, പിന്നെ മലയാളം തീരെ പറ(അറി)യാത്തവര്‍....

-മാലോകര്‍ പാടി നടക്കുന്നതോ കുറ്റം?

ചാന്ദ്രയാനും മാഷന്മാര്‍ക്കും അഭിനന്ദനങ്ങള്‍!

അഗ്രജന്‍ November 5, 2008 at 12:17 PM  

അവിടെയെല്ലാം ഉണ്ണാതെയുറങ്ങുന്ന ഒത്തിരി ഉണ്ണികളും.


ഈ പോസ്റ്റും ഈ കമന്റും കണ്ണില് നിന്നും മാറിയാലുടനെ നമുക്കവരെ മറക്കാം... എന്നിട്ട് മറ്റൊരു ചാന്ദ്രയാന് വിക്ഷേപണം വരെ കാത്തിരിക്കാം!