Thursday, March 13, 2008

പച്ചമാങ്ങ ... പച്ചമാങ്ങ

നാടായ നാടെല്ലാം മാവുകള്‍ പൂത്തല്ലോ
മാവില്‍നിറഞ്ഞല്ലോ കണ്ണിമാങ്ങ
ചേലൊത്തപച്ചക്കുലകളായ്‌ തൂങ്ങുന്ന
നല്ല പുളിയുള്ളോരുണ്ണി മാങ്ങ

നാളുകരോന്നായ്‌ വാടിക്കൊഴിയവേ
മാങ്ങകളൊക്കെമുഴുത്തുവന്നു
ആയതിന്നൊപ്പമാ മൂവാണ്ടന്‍‌മാവിന്റെ
ചില്ലകളൊക്കെയും ചാഞ്ഞുവന്നു!

പച്ചമാങ്ങായൊന്നുപൊട്ടിച്ചുതിന്നുവാന്‍
കണ്ണനുമുണ്ണിയ്ക്കും പൂതിയായി
കല്ലെടുത്തുന്നം‌പിടിച്ചുണ്ണി 'വീക്കവേ’
മാങ്ങക്കുലയൊന്നു താഴെയെത്തി!

കല്ലിലിടിച്ചു പൊട്ടിച്ചുമുറിച്ചുണ്ണി
നല്ല ‘ചുന‘യുള്ള മാങ്ങയൊന്ന്
കണ്ണനോ വൈകാതെ വായിലൊതുക്കിയാ
നല്ലമുഴുത്തകഷണമൊന്ന്!

“അയ്യോയിതെന്തുപുളിപ്പാണീ മാങ്ങയ്ക്ക്
പല്ലും‌കൂടങ്ങുപുളിച്ചിടുന്നേ.....”
കൈനിറയെ കുറേ‘കല്ലുപ്പും‘ കോരീട്ടാ
കൊച്ചേച്ചി വന്നങ്ങടുത്തുകൂടി!

കണ്ണനുമുണ്ണിയുംകൊച്ചേച്ചിയുംകൂടെ
മാവിന്റെ ചോട്ടിലിരിന്നുമെല്ലെ,
മാങ്ങകളോരോന്നായ് പൊട്ടിച്ചുതിന്നവര്‍,
മാവിന്‍ ചുവട്ടിലൊരുത്സവമായ് !!








ഫോട്ടോ: കുട്ടിച്ചാത്തന്‍





* “ചുന” - മാങ്ങയുടെ കറയ്ക്ക് മദ്ധ്യതിരുവിതാംകൂറില്‍ പറയുന്ന പേര്

33 അഭിപ്രായങ്ങള്‍:

അപ്പു March 13, 2008 at 11:57 AM  

ഒരു കുട്ടിക്കവിതകൂടെ ഊഞ്ഞാലില്‍.

ഓ.ടോ: ഇതുവായിച്ച് ആരുടെയെങ്കിലും വായില്‍ പുളിവെള്ളം ഊറുന്നെങ്കില്‍ ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല

മഴത്തുള്ളി March 13, 2008 at 12:07 PM  

ഹഹഹ ഠേയ്............. പ്ധോം........ ഒരു കുല ദേ.... താഴെ :)

എന്റെ മാഷേ, എല്ലാവരും പച്ചമാങ്ങ തന്നെയാണല്ലോ ഈയിടെ വിഷയമാക്കുന്നത്. നന്നായിരിക്കുന്നു.

ഓക്കെ, അപ്പോ ആദ്യം ഒരു പച്ചമാങ്ങ ഉപ്പും കൂട്ടി പൊട്ടിച്ചു തിന്നട്ടെ. എന്നിട്ടാവാം ബാക്കി ഹി ഹി ;)

അഗ്രജന്‍ March 13, 2008 at 12:36 PM  

ബ്ലോഗില്‍ മാമ്പഴക്കാലം :)

കുട്ടിക്കവിത അസ്സലായിട്ടുണ്ട്!

G.manu March 13, 2008 at 12:49 PM  

അപ്പു..
മനോഹരമായ കവിത..
പഴയകാലം ഓര്‍ത്തു.
കല്ലുപ്പും കണ്ണിമാങ്ങയുമൊക്കെ തിന്നാന്‍ ഇന്നത്തെ അച്ഛനമ്മമാരുപോലും വിലക്കും.. “നോണ്‍ ഹൈജനിക്..” ഗോ ടു മാഗി..


“കല്ലിലിടിച്ചുപൊട്ടിച്ചുമുറിച്ചുണ്ണി“

ഈ വരികളില്‍ നാക്കുടഞ്ഞു വീഴുന്നു..ഒന്നു തിരുത്താ‍ാന്‍ നോക്കാമോ

സുല്‍ |Sul March 13, 2008 at 1:01 PM  

അപ്പുവേ
കുട്ടിക്കവിത കേമംട്ടൊ.
മാങ്ങാകൊതിയുമായിരിക്കാന്‍ തുടങ്ങിയിട്ടേറെയായ് :)

-സുല്‍

ചന്ദ്രകാന്തം March 13, 2008 at 1:55 PM  

കപ്പലോട്ടം...കപ്പലോട്ടം..
ഓരോ വരിയിലും...

പണ്ടെന്നോ കല്ലുപ്പും കൂട്ടിക്കടിച്ചൊരാ
മൂവാണ്ടന്‍ വീണ്ടും രുചിച്ചറിഞ്ഞൂ..‍

kaithamullu : കൈതമുള്ള് March 13, 2008 at 2:00 PM  

മാമ്പഴത്തിന്റെ മണം!

ഇത്തിരിവെട്ടം March 13, 2008 at 2:46 PM  

ഉപ്പും കൂട്ടി... ശ്ശോ...

ശ്രീ March 13, 2008 at 2:56 PM  

ശ്ശോ! കൊതിയാകുന്നു...
സൂപ്പര്‍ കവിത, അപ്പുവേട്ടാ...
:)
“പച്ചമാങ്ങ തന്‍ പുളിയോര്‍ക്കുമ്പോഴൊക്കെയും
ഓര്‍മ്മയില്‍ ബാല്യവും പൂത്തിടുന്നൂ....”

അഭിലാഷങ്ങള്‍ March 13, 2008 at 3:56 PM  

അപ്പൂ, സൂപ്പറായിട്ടുണ്ട് ട്ടാ...

താളമൊക്കെ നന്നായിട്ടുണ്ട്.വരികളും.

പിന്നെ, “ചുന” = മാങ്ങയുടെ കറയ്ക്ക് മദ്ധ്യതിരുവിതാംകൂറില്‍ പറയുന്ന പേര്, എന്ന് എഴുതിയത് കണ്ടു. മദ്ധ്യകേരളത്തില്‍ മാത്രമല്ല, കണ്ണൂര്‍ ഭാഗത്തും മാങ്ങക്കറയ്ക്കു ചുനയെന്നു പറയും.

ഇതൊരു കുട്ടിക്കവിതയെക്കാളുപരി ഒരു നാടന്‍ പാട്ടായി പാടാന്‍ പറ്റുന്ന ഒരു സംഭവമാണ്. കലാഭവന്‍ മണി സ്റ്റൈലില്‍.. :-)

പിന്നെ അവസാനഭാഗമെത്തിയപ്പോഴേക്കും, (മാങ്ങമുറിച്ച് ‌+ കല്ലുപ്പ് ) എന്റെ വായില്‍ എന്തൊക്കെയോ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു ഫീല്‍ ഉണ്ടായി. :-) അല്ല, ഇതെന്താ ബ്ലോഗില്‍ മാങ്ങ സീസണാണോ? സുല്ലും ഇട്ടിട്ടുണ്ടല്ലോ ഇവിടെ മാങ്ങവിശേഷം.

:-)

സഞ്ചാരി @ സഞ്ചാരി March 13, 2008 at 4:03 PM  

അപ്പുവേട്ടാ... വെറുതെ ഇരുന്ന എന്നെ പിടിച്ച് ‘വികാരി’യാക്കിയല്ലോ!
എനിക്ക് ഉപ്പും മുളകുപൊടിയും കൂടെ വേണമായിരുന്നു. ഉന്നം പണ്ടേ കുറവായിരുന്നതിനാല്‍ ഉപ്പും മുളകുപൊടിയുമയി മാവിന്റെ മുകളില്‍ കയറിയിരുന്നായിരുന്നു അഭ്യാസം... ചോനനുറുമ്പിന്റെ കിക്കിളി കൂടിയാകുമ്പോല്‍ രുചി ബഹുകേമം...

Sharu.... March 13, 2008 at 4:05 PM  

നല്ല കുട്ടിക്കവിത... നല്ല താളത്തില്‍ വായിക്കാം :)

Jithendrakumar/ജിതേന്ദ്രകുമാര്‍ March 13, 2008 at 6:59 PM  

ഇതു സുല്ലിന്‍രെ തൊടിയില്‍ കണ്ട മാങ്ങയാണല്ലോ. ഇതെങ്ങിനെ ഇവിടെ????നല്ല കവിത. കുട്ടി കവിത!!

മായാവി March 13, 2008 at 11:39 PM  

മാംഗോ, മാംഗോ..
ആഹാ... നല്ല മാങ്ങ.. അല്ല... നല്ല കവിത..

വാല്‍മീകി March 13, 2008 at 11:40 PM  

കുട്ടിക്കവിത ഇഷ്ടായി അപ്പുവേട്ടാ.

അനൂപ്‌ കോതനല്ലൂര്‍ March 13, 2008 at 11:57 PM  

ഇച്ചിരി കണ്ണിമാങ്ങാ അച്ചാറു കുട്ടി ചോറുണ്ട കാലം മറന്നു

ശ്രീവല്ലഭന്‍. March 14, 2008 at 12:40 AM  

അപ്പു,
നല്ല ഈണത്തില്‍ പാടാന്‍ പറ്റുന്ന കുട്ടിക്കവിത. ഇഷ്ടപ്പെട്ടു.

പച്ച കിളിച്ചുണ്ടന്‍ മാങ്ങായാണ് മാങ്ങ :-)

പ്രിയ ഉണ്ണികൃഷ്ണന്‍ March 14, 2008 at 3:45 AM  

മാങ്ങക്കെറിയാന്‍ കല്ലേടുക്കാന്‍ പോയതാരുന്നു.കൂടെ കുറച്ച് ഉപ്പും മുളകും...

എന്നാലും ഇങ്ങനെ കൊതിപ്പിക്കാനായിട്ട്...

വര്‍ണ്ണവീഥി,  March 14, 2008 at 10:00 AM  

“അയ്യോയിതെന്തുപുളിപ്പാണീ മാങ്ങയ്ക്ക്
പല്ലും‌കൂടങ്ങുപുളിച്ചിടുന്നേ.....”
കൈയ്യില്‍നിറയെയായ് ‘കല്ലുപ്പും‘ കോരീട്ടാ
കൊച്ചേച്ചി വന്നങ്ങടുത്തുകൂടി!

Great.

മാളവിക March 14, 2008 at 11:16 AM  

മാമ്പഴം തിന്നുന്നതുപോലെ സുഖമുള്ള മധുരമായ കവിത

CHANTHU March 14, 2008 at 12:00 PM  

അതെ, ഉപ്പും കൂട്ടി കെട്ടു. നല്ല രുചി.

സ്വപ്നാടകന്‍,  March 14, 2008 at 2:08 PM  

അപ്പൂസേ- അതി മനോഹരമായിരിക്കുന്നു! നാടും തൊടിയും മാവുകളും മാങ്ങകളും ഒക്കെയായി ബാല്യത്തിന്റെ മനോഹരങ്ങളായ ചിത്രങ്ങള്‍ മനസ്സില്‍ ഒന്നൊന്നായി നിരക്കുകയായി...

മിന്നാമിനുങ്ങുകള്‍ //സജി.!! March 14, 2008 at 2:32 PM  

മഴയും മഞ്ഞും പുലരിയും പുലര്‍കാറ്റും തേന്മാവിലെ മധുരത്തിന്റെ ഇളംകാറ്റും ഒക്കെ ആയി ഇരിക്കുവാ അല്ലെ..
അരേവ്വാ കലക്കന്‍

വേണു venu March 14, 2008 at 6:53 PM  

രസമായി അപ്പൂ.
മാമ്പഴക്കാലവും കുട്ടിക്കാലവും മനസ്സിന്‍റെ ഉമ്മറപ്പടിയില്‍ ഊഞ്ഞാലാടുന്നു.:)

ശ്രീലാല്‍ March 14, 2008 at 8:59 PM  

പല്ലു പുളിച്ചു..വായില്‍ വെള്ളമൂറി..പക്ഷേ,അതെങ്ങനെയാ ഉത്തരവാദിയല്ലാതാവുന്നത്..? ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉടന്‍ രണ്ട് കുല മാങ്ങ ഇങ്ങൊട്ടെത്തിക്കാന്‍ നോം ഉത്തരവിടുന്നു..

“ഇപ്പാട്ടു കേട്ടെന്റെ പല്ലുപുളിച്ചപ്പൂ..
പച്ചമാങ്ങച്ചുന ചുണ്ടുപൊള്ളീച്ചപ്പൂ..
മാന്തോപ്പില്‍ വീശുന്ന കാറ്റില്‍കുളിര്‍ത്തപ്പൂ..
പാട്ടില്‍കരേറിഞാന്‍ നാട്ടിലേക്കെത്ത്യപ്പൂ..
ഈവര്‍ഷമാദ്യമായ് മാങ്ങതിന്നിന്നപ്പൂ...
പച്ചമാങ്ങപ്പുളി നാവില്‍ നിറച്ചപ്പൂ..
നന്ദ്യപ്പൂ നന്ദ്യപ്പൂ വെരി വെരി നന്ദ്യപ്പൂ...“

അപ്പു March 15, 2008 at 9:05 AM  

ഈ കുട്ടിപ്പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായി എന്നുകേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്.

ഈ പാട്ട് പാടീക്കേള്‍പ്പിച്ചപ്പോള്‍ എന്റെ മോള്‍ പലചോദ്യങ്ങള്‍ ചോദിച്ചു. കല്ലെറിഞ്ഞ് മാങ്ങയെങ്ങനാ താഴെയിടുന്നത്, കല്ലുപ്പ് എന്നാലെന്താ, കല്ലില്‍ ഇടിച്ചെങ്ങനെയാ മാങ്ങ പൊട്ടിക്കുക തുടങ്ങി. ഒരു വിദേശനാട്ടില്‍ ഫ്ലാറ്റിലടച്ചു ജീവിക്കുന്നകുട്ടികള്‍ക്ക് എന്തെല്ലാം നാട്ടറിവുകള്‍ നഷ്ടപ്പെടുന്നു അല്ലേ. ഇനി സ്കൂളവധിക്കു നാട്ടില്‍ പോകുമ്പോള്‍ കല്ലുപ്പും, മാങ്ങയിടിച്ചുപൊട്ടിക്കുന്ന പാറയും കാട്ടിക്കൊടുക്കാം എന്നു പറഞ്ഞിരിക്കുകയാണ്. പക്ഷേ ജൂലൈമാസത്തില്‍ മാവില്‍ മാങ്ങയുണ്ടാവില്ലല്ലോ.

ഇങ്ങനെയൊക്കെയായിട്ടും കവിതയുടെ അവസാനം കുട്ടിക്കും നാവില്‍ വെള്ളം വന്നു, മാങ്ങയുടെ പുളിയോര്‍ത്ത്!!

മനുവിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്.
ശ്രീലാലിന്റെ വരികള്‍ക്ക് നന്ദി
അഭിലാഷേ, വടക്കന്‍ കേരളത്തിലും മാങ്ങച്ചുനതന്നെയെന്ന് പറഞ്ഞുതന്നതിനു നന്ദി

അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

nardnahc hsemus March 15, 2008 at 10:22 AM  

ഹഹഹ.. കൊള്ളാം..

വാടിക്കൊഴിഞ്ഞത് ദിവസങ്ങളാണല്ലേ.. ഇതേതാ ഈ മാവ്? ഒരു തൈ തരുമോ? :)

അതുപോലെ ഉന്നം പിടിച്ചപ്പോഴേയ്ക്കും മാങ്ങ താഴോട്ടുവന്നതു വായിച്ചപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ദേവസുട്ട്യേട്ടനെ ഓര്‍മ്മ വന്നു.. പുള്ളി ഭയങ്കര കരിനാക്ക് ആയിരുന്നു.. ഒരു ദിവസം ഞാന്‍ നോഒക്കി നില്‍ക്കുംബഴാ, അങ്ങേരുടെ വളപ്പിലെ നന്നെ മാവിലെ മാങയെ നോക്കി “ഇത്തവണ നന്നായി പിടിച്ചിട്ടുണ്ട് “ എന്നു പറഞ്ഞതും 2 മിനിറ്റിനുള്ളില്‍ മാവിന്റെ കൊമ്പൊടിഞ്ഞുവീണതും... സത്യത്തില്‍ അതിനു ശേസ്ഷം എനിയ്ക്ക് ഈ കരിനാക്കുകളിലൊക്കെ ഒരു വിശ്വാസം വന്നു!! ഹഹ.. എന്നാലും അപ്പുക്കുട്ടാ, ഇവിടെ ഒരു വീക്കു കൊടുക്കായിരുന്നു!!!

കല്ലെടുത്തുന്നം‌പിടിച്ചുണ്ണി വീക്കവേ
മാങ്ങക്കുലയൊന്നു താഴെയെത്തി!

അതൊക്കെ അവിടെ നിക്കട്ടെ, ഇതു പാടി പോസ്റ്റുന്നോ ഇല്ലയോ, ഭീഷണിയാണ്.... ഇല്ലെങ്കില്‍, ഞാന്‍ കേറി പൂശുവേ... പിന്നെ ഞ്ഞഞ്ഞാ പിഞ്ഞാ പറഞ്ഞേക്കരുത്... :P

അപ്പു March 15, 2008 at 10:37 AM  

സുമേഷേ.... നന്ദി. “വീക്കവേ“ മാങ്ങക്കുലയൊന്നു താഴെയെത്തി”.
താങ്ക്യൂ. മാറ്റം വരുത്തിയിട്ടുണ്ട്.

സ്വപ്നാടകന്‍,  March 15, 2008 at 9:09 PM  

അപ്പുവിന്റെ ഈ നല്ല കവിത രണ്ട് ഈണങ്ങളില്‍ (സാധാരണ കുട്ടിക്കവിതയുടെ ഈണത്തിലും, പിന്നെ മറ്റൊരു ശൈലിയിലും) ചൊല്ലിയത് ഇവിടെ: http://tinyurl.com/3bc7pl

P.R March 17, 2008 at 2:52 PM  

ദാ ഇതുപോലെ മാങ്ങ മുറിച്ച് കഷ്ണമാക്കി, മുളകുപൊടിയും ഉപ്പും കുറച്ചു വെളിച്ഛെണ്ണേം കൂട്ടി ഒരു കഴിയ്ക്കലുണ്ട്, പ്ലേയിറ്റില്‍ മാങ്ങ തീരുന്നതറിയില്ല..
ഇപ്പോ മാങ്ങാക്കറിയുണ്ടാക്കി വെച്ചതും അതു പോലെ തീര്‍ന്നു പോകുന്നു, അമ്മൂനിപ്പോളതേ വേണ്ടു!

ഗീത് March 20, 2008 at 10:28 PM  

അപ്പൂ, വായില്‍ വെള്ളം ഊറുകതന്നെ ചെയ്തു...
ആ പടം കലക്കി.
മനോജ് ഇതു രണ്ടു വിധത്തില്‍ പാടിയിരിക്കുന്നതും കേട്ടു.

ഹരിശ്രീ March 25, 2008 at 5:40 PM  

അപ്പുവേട്ടാ,

സൂപ്പര്‍,

ആ മാങ്ങ കണ്ടിട്ട് വായില്‍ വെള്ളമൂറുന്നു...

:)