Wednesday, November 14, 2007

തത്തമ്മയ്ക്കൊരു ചോറൂണ്‌

മുറ്റത്തെ മാവിന്റെ കൊമ്പിലേയ്ക്കിന്നൊരു
പച്ചപ്പനംതത്ത പാറി വന്നൂ..
എത്താത്ത തുഞ്ചത്തു പിച്ച വച്ചൂ.. പിന്നെ,
കൊത്താത്ത മാമ്പഴം നോക്കി വച്ചൂ...

തുമ്പപ്പൂ കൊണ്ടെന്റെ പച്ചരിച്ചോറിന്നു
പച്ചിലക്കുമ്പിളിലിട്ടു വച്ചൂ...
പിച്ചിപ്പൂവിത്തിരി പിച്ചിയെടുത്തിട്ടു
പച്ചടിയൊന്നു ചമച്ചു വച്ചൂ...

തത്തിക്കളിയ്ക്കുമാ തത്തമ്മയ്ക്കിത്തിരി
മത്തപ്പൂ,ക്കാളനൊരുക്കി വച്ചൂ...
ഉച്ചയ്ക്കൊരു മണി നേരത്തിനൊത്തെന്റെ
തെച്ചിപ്പൂത്തോരനൊന്നായ നേരം...

ഇലയിട്ടു വച്ചൂ വിളിച്ചിട്ടു,മൂണിന്നു-
പച്ചപ്പനങ്കിളി വന്നതില്ലാ...
ചക്കര മാമ്പഴം മാത്രമത്രേ.. കിളി-
യ്കത്രമേലിഷ്ടം ! ഇതെന്തു കഷ്ടം !!!

31 അഭിപ്രായങ്ങള്‍:

ചന്ദ്രകാന്തം November 14, 2007 at 9:14 AM  

"എല്ലാ കുഞ്ഞുമനസ്സുകള്‍ക്കും സ്നേഹപൂര്‍‌വ്വം ശിശുദിനാശംസകള്‍ നേരുന്നു..."

ശ്രീ November 14, 2007 at 9:19 AM  

ചേച്ചീ...

ശിശുദിനാശംസകള്‍‌...

ഈ കുട്ടിക്കവിതയും നന്നായി കേട്ടോ.

:)

സുല്‍ |Sul November 14, 2007 at 9:23 AM  

ചന്ദ്രകാന്തമേ,
വളരെ നന്നായിരിക്കുന്നു ഈ വരികള്‍ . വാക്കുകളിലെ അടുക്കും ചിട്ടയും, പദപ്രയോഗങ്ങളും, വരിയിലെ ഈണവും നന്നായിരിക്കുന്നു. കുട്ടിക്കവിതകള്‍ കൊണ്ട് നിറഞ്ഞ് ഈ മഷിതണ്ട് വാടാതിരിക്കട്ടെ. :)
-സുല്‍

അപ്പു ആദ്യാക്ഷരി November 14, 2007 at 9:24 AM  

മാമ്പഴക്കിച്ചടിവച്ചുതരാമൊരു-
മൂവാണ്ടന്‍മാമ്പഴപ്പൂളുതരാം
മാവിന്റെചില്ലയിലൂഞ്ഞാലുമിട്ടിടാ-
മൂണിന്നു പോരാമോ പൈങ്കിളിയേ!


ചന്ദ്രകാന്തം ചേചീ: വളരെ വളരെ മനോഹരമായിട്ടുണ്ട്‌ ഈ ആദ്യ കുട്ടിക്കവിത. കുറേ നാളുകളായി പല കവിതകളിലും ചേച്ചിയെഴുതിയ കമന്റുകള്‍ വായിക്കുമ്പോള്‍ ആഗ്രഹിച്ചിട്ടുള്ള ഒരു കാര്യമാണ്‌ ഈ അനുഗ്രഹീത കവയത്രിയുടെ ഒരു പൂര്‍ണ്ണകവിത കാണണം എന്ന്. അതിപ്പോള്‍ സാധിച്ചു. സന്തോഷമായി. ഇനിയും അനേകം കവിതകളിലൂടെ ബ്ലോഗിലെ കുട്ടികള്‍ക്കും കുട്ടിക്കവിതകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഈ ചന്ദ്രകാന്തം വായിക്കാന്‍ ഇടയാവട്ടെ എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു. അഭിനന്ദനങ്ങള്‍!

G.MANU November 14, 2007 at 9:25 AM  

ഉച്ചയ്ക്കൊരു മണി നേരത്തിനൊത്തെന്റെ
തെച്ചിപ്പൂത്തോരനൊന്നായ നേരം...

hridyam .. manOharam

Ziya November 14, 2007 at 9:31 AM  

ചക്കര മാമ്പഴം മാത്രമത്രേ.. കിളി-
യ്കത്രമേലിഷ്ടം ! ഇതെന്തു കഷ്ടം !!!

ശരിക്കും കുഞ്ഞുമനസ്സിനെ തൊട്ടറിയുന്ന കവിത.
അതിമനോഹരം തന്നെ.

എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ശിശുദിനാശംസകള്‍!

[ nardnahc hsemus ] November 14, 2007 at 9:38 AM  

ലളിതം സുന്ദരം ഹൃദ്യം...

ഒരു ചെറിയ കാര്യം പോലും തിരിച്ചുപറയാനില്ലാതെ ഓരൊ വരികളും അതിന്റെ മേന്മയോടെ മികച്ചുനില്‍ക്കുന്നു..

(ഏച്ചുകെട്ടുന്നതല്ലെ മുഴച്ചുനില്‍ക്കൂ... )

ദയവായി തുടരുക.
എല്ലാ ഭാവുകങളും നേരുന്നു...

കുട്ടിച്ചാത്തന്‍ November 14, 2007 at 9:39 AM  

ചാത്തനേറ്: ‘ത്ത’ എന്ന അക്ഷരം അടുത്തടുത്ത് വരുമ്പോള്‍ നാവ് സ്ലിപ്പാവുന്നു(എന്നോട് നാവ് വടിച്ചിട്ട് വായിക്കാന്‍ പറയരുത്)

മഴത്തുള്ളി November 14, 2007 at 10:03 AM  

ചന്ദ്രകാന്തം,

ഈ കുട്ടിക്കവിത അതിമനോഹരമായിരിക്കുന്നു. കൊച്ചുകുട്ടികള്‍ക്ക് പാടാന്‍ പറ്റിയ കവിത ഈ ശിശുദിനത്തില്‍ തന്നെ സമ്മാനിച്ചല്ലോ. അഭിനന്ദനങ്ങള്‍. :)

പിന്നെ എല്ലാരും കവിതക്കമന്റിടുവാണെങ്കില്‍ ഞാനും ഒന്നു പയറ്റി നോക്കട്ടെ ;)

പച്ചവിരിപ്പിട്ട പാടങ്ങള്‍ കണ്ടൊരാ-
പ്പച്ചപ്പനംതത്ത പാറിയെത്തി
പിച്ചകം പൂത്തൊരു പാടവരമ്പിന്മേ-
ലുച്ചക്കു തെച്ചിപ്പൂ തേടിടാനായ് !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage November 14, 2007 at 10:21 AM  

സുല്ലിന്റെ വരികള്‍ക്കൊരടിയൊപ്പ്‌ എന്റെ വകയും
ഇഷ്ടപ്പെട്ടു വളരെ വളരെ

ശിശു November 14, 2007 at 10:23 AM  

കുഞ്ഞേ നിറഞ്ഞെന്റെ കണ്ണും മനസ്സുമീ
പൊന്നുണ്ണികയ്യിന്‍ കുസൃതി കാണ്‍കെ
അമ്മ പറഞ്ഞുവിലക്കിയതൊന്നിനാല്‍
മണ്ണിലിറങ്ങാന്‍ മടിയാണിപ്പോള്‍..

ചേലില്‍ചമച്ചുവിളമ്പിയെന്നാകിലും
ചോറില്‍ കിടക്കാംകെണിയൊന്നെങ്കില്‍
കാട്ടില്‍ പറന്നുനടക്കുമെന്‍ ജീവിതം
കൂട്ടില്‍കിടന്നുമരിക്കും നിരാശയാല്‍.

ചോറൂണ്‍ മനോഹരമായിട്ടുണ്ട്..
അഭിനന്ദനങ്ങളോടെ

എല്ലാ ശിശുക്കള്‍ക്കും ശിശുദിനാശംസകള്‍ നേര്‍ന്നുകൊണ്ട്
ഇത്തിരി വല്യ ശിശു

എല്ലാ

സഹയാത്രികന്‍ November 14, 2007 at 11:34 AM  

ചേച്ച്യേ... അസ്സലായി...വളരേ മനോഹരം...

ഇലയിട്ടു വച്ചൂ വിളിച്ചിട്ടു,മൂണിന്നു-
പച്ചപ്പനങ്കിളി വന്നതില്ലാ...
ചക്കര മാമ്പഴം മാത്രമത്രേ.. കിളി-
യ്കത്രമേലിഷ്ടം ! ഇതെന്തു കഷ്ടം !!!

ചിലരങ്ങനാ ചേച്ചി... നമ്മളെത്ര നല്ലത് കൊടുത്താലും അവര്‍ക്ക് വേണ്ടാ... അതെല്ലാം തട്ടിത്തെറിപ്പിച്ച് അവര്‍ പോകും...

എല്ലാവര്‍ക്കും ഈ വലിയ ശരീരത്തിലെ കുഞ്ഞുമനസ്സിന്റെ ശിശുദിനാശംസകള്‍... എനിക്കുള്ള ആശംസ ചേച്ചി തന്നു... ആദ്യ കമന്റ് കണ്ടാ..!
:)

krish | കൃഷ് November 14, 2007 at 11:56 AM  

ഈ കുഞ്ഞിക്കവിത വായിച്ചപ്പോള്‍ ഒരു കുഞ്ഞായ പോലെ. വളരെ നന്നായിട്ടുണ്ട്, ചന്ദ്രകാന്തം.
പിന്നെ, ചെറിയ കുട്ട്യോള്‍ക്കും ബല്യ കുട്ട്യോള്‍ക്കുമെല്ലാം ‘കുട്ടിദിനാശംസകള്‍’

Meenakshi November 14, 2007 at 12:14 PM  

കുഞ്ഞിക്കവിത നന്നായിരിക്കുന്നു. ലളിതം സുന്ദരം

Murali K Menon November 14, 2007 at 12:27 PM  

ഊണിനു തത്തമ്മയെ ആണു വിളിക്കുന്നതെങ്കിലും കവിതയുടെ മാധുര്യം കൊണ്ട് ഓടി വന്ന് ചമ്രം പടിഞ്ഞ് ഇരുന്ന് ഉണ്ണാന്‍ തോന്നുന്നു.

മനോഹരമായിരിക്കുന്നു വരികള്‍

മറ്റൊരാള്‍ | GG November 14, 2007 at 2:42 PM  

പിച്ചിപ്പൂവിത്തിരി പിച്ചിയെടുത്തിട്ടു
പച്ചടിയൊന്നു ചമച്ചു വച്ചൂ...


നന്നായിരിക്കുന്നു!

താരാപഥം November 14, 2007 at 3:18 PM  

നന്നായിരിക്കുന്നു.

എല്ലാവരും കവിത കമന്റായിടാതെ അത്‌ പോസ്റ്റായിട്ടു പോരട്ടെ. പിന്നെ ഒരുകാര്യം, ഇത്തരത്തിലുള്ള കവിതകള്‍ കുട്ടികളിലേക്കെത്തിക്കുവാന്‍ എല്ലാ കുട്ടികളും ശ്രമിക്കണം.
(എല്ലാ കുഞ്ഞുങ്ങള്‍ക്കും ശിശുദിനാശംസകള്‍)

അഭിലാഷങ്ങള്‍ November 14, 2007 at 3:42 PM  

ഞാന്‍ വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും പോസ്റ്റ് ചെയ്യുന്ന് ഒരു കമന്റ് ആണ് ഇത്. ഇന്ന് അമ്മ (She is a Primary School Teacher @ Kannur) അയച്ച ഇ-മെയിലിലെ ഒരു പാരഗ്രാഫിന്റെ മലയാളപരിഭാഷ താഴെ കൊടുക്കുന്നു.

"അഭി, നീ തന്ന ലിങ്കുകള്‍ എല്ലാം നോക്കി. ഊഞ്ഞാല്‍ (2) , മഷിത്തണ്ട് (1) എന്നീ സൈറ്റുകളിലെ കവിതകള്‍ തിരഞ്ഞെടുത്ത് ഇന്നലെ സ്കൂളില്‍ അവതരിപ്പിച്ചു. കുട്ടികള്‍ക്ക് ഇഷ്ടമാകുന്നുണ്ട്. അധികം നീളമില്ലാത്ത, ഉച്ഛരിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ലളിതമായ വരികളുള്ള കവിതകള്‍ ഉള്ള സൈറ്റുകളുടെ ലിങ്ക് ഇനിയും തരൂ..“

ആ പറഞ്ഞത് അപ്പുവിന്റെ കവിതകളെക്കുറിച്ചും, ഈ സൈറ്റിലെ ഒരു കവിതയെ പറ്റിയുമുള്ള അഭിപ്രായമാണ്. അതിന് ശേഷം ഈ പോസ്റ്റ് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ഇത് കൂടുതല്‍ ഇഷ്ടമാകും എന്ന് 100% ഗ്യാരന്റി ഉണ്ടെനിക്ക്. കാരണം,

മുറ്റത്തെ മാവിന്റെ കൊമ്പിലേയ്ക്കിന്നൊരു
പച്ചപ്പനംതത്ത പാറി വന്നൂ..
എത്താത്ത തുഞ്ചത്തു പിച്ച വച്ചൂ.. പിന്നെ,
കൊത്താത്ത മാമ്പഴം നോക്കി വച്ചൂ...
.
.
ഇലയിട്ടു വച്ചൂ വിളിച്ചിട്ടു,മൂണിന്നു-
പച്ചപ്പനങ്കിളി വന്നതില്ലാ...
ചക്കര മാമ്പഴം മാത്രമത്രേ.. കിളി-
യ്കത്രമേലിഷ്ടം ! ഇതെന്തു കഷ്ടം !!!

അധികം നീളമില്ലാത്ത കവിത...
ലാളിത്യമുള്ള വരികള്‍..!

‘തത്തമ്മയ്ക്കൊരു ചോറൂണ്‘ അടിപൊളിയായി!

ഇത് ശരിക്കും കുട്ടികള്‍ക്കുള്ള ഒരു ശിശുദിനസമ്മാനം തന്നെ!

ചന്ദ്രകാന്തത്തിന് അഭിനന്ദനങ്ങള്‍...

-അഭിലാഷ്, ഷാര്‍ജ്ജ

മുരളീധരന്‍ വി പി November 14, 2007 at 4:06 PM  

ഈണവും മാധുര്യവുമുള്ള വരികള്‍..

ദിലീപ് വിശ്വനാഥ് November 14, 2007 at 7:09 PM  

നല്ല വരികള്‍. കമന്റുകളും കൊള്ളാം.

വേണു venu November 14, 2007 at 11:36 PM  

ചന്ദ്രകാന്തം, നല്ല വരികള്‍‍.

“പച്ചമരത്തിലെ തത്തമ്മേ
നിന്‍റെ പഞ്ചാര പാട്ടൊന്നു പാടാമോ..
പാടത്തു നെന്മ്മണി കക്കാന്‍‍ പോകുമ്പം..
പാടണ പാട്ടൊന്നു പാടാമോ..“

ശിശുദിനാശംസകള്‍‌...

ഏ.ആര്‍. നജീം November 15, 2007 at 5:09 AM  

വളരെ ലളിതമായ വരികളിലൂടെ ഹൃദ്യമായ കുഞ്ഞുക്കവിത
ശിശുദിനം ആഘോഷിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കുമുള്ള സമ്മാനം
മനോഹരമായിരിക്കുന്നു..!

( ഒരു സംശയം , സംശയം മാത്രമാണേ...)

'തത്തിക്കളിയ്ക്കുമാ തത്തമ്മയ്ക്കിത്തിരി
മത്തപ്പൂ,ക്കാളനൊരുക്കി വച്ചൂ..."

(മഞ്ഞപ്പൂ എന്നാണോ മത്താപ്പൂ എന്നാണൊ..?)

അപ്പു ആദ്യാക്ഷരി November 15, 2007 at 6:21 AM  

നജീമേ, മത്താപ്പൂവല്ല, മത്തപ്പൂ - മത്തങ്ങാ അറിയില്ലേ, മത്തയുടെ വള്ളിയില്‍ ഉണ്ടാകുന്ന പൂവ്.

ഉഷശ്രീ (കിലുക്കാംപെട്ടി) November 15, 2007 at 7:39 AM  

ഇലയിട്ടു വച്ചൂ വിളിച്ചിട്ടു,മൂണിന്നു-
പച്ചപ്പനങ്കിളി വന്നതില്ലാ...
ചക്കര മാമ്പഴം മാത്രമത്രേ.. കിളി-
യ്കത്രമേലിഷ്ടം ! ഇതെന്തു കഷ്ടം !!!നല്ല കവിത.ഇതില്‍ കൂടുതല്‍ എന്താ പറയൂക.കുട്ടികള്‍ക്കു മാത്രമായി ഒരു ബ്ലോഗ് .. ഒരുപാടൊരുപാട് ഇഷ്ടായി

Sethunath UN November 15, 2007 at 7:11 PM  

ചന്ദ്രകാന്തത്തിന്റെ തത്തമ്മപ്പാട്ടിന്നു
ചൊല്ലിക്കൊടുത്തല്ലോ കൊച്ചുമോ‌ള്‍ക്ക്
കൊഞ്ചിക്കുഴഞ്ഞതു പാടീട്ടിന്ന‌വ‌ള്‍
ചന്ദ്രകാന്തത്തിന്റെ ഫാനുമായി

Manoj | മനോജ്‌ January 17, 2008 at 8:30 AM  

ഈണത്തില്‍ പാടാന്‍ എന്തുരസം! വളരെ നന്നായിരിക്കുന്നു! എന്റെ മനസ്സില്‍ ഓടിയെത്തിയ ഒരു ഈണത്തില്‍ ആ കവിത ഇതാ...
http://www.kapeesh.com/music/blog/thaththamma.mp3

ജെ പി വെട്ടിയാട്ടില്‍ November 2, 2008 at 7:36 PM  

കവിതകള്‍ കണ്ടു...
കവിത്ക്കോരു കമന്റ് എനിക്കെഴുതാനറിയില്ല..
നാളെ ഞാന്‍ ഈശ്വരിയെ കാണിക്കാം...
ഈണം പകര്‍ത്തി പാടിച്ചു, പിന്നീട് റെക്കോര്‍ഡ് ചെയ്യാം...
pls see this particular comments, lots of spelling errors...
i hope u can help me.......

thomas pv September 13, 2011 at 4:31 AM  

ആരും കൊതിച്ചുപോകും വരികള്‍

NISHADAN November 18, 2014 at 10:29 PM  

ഹോ.....ഒത്തിരി ഇഷ്ടമായി...
ഞാനൊരുപാട് തവണ ചൊല്ലി ...
മനോഹരം....