Wednesday, November 19, 2008

ചൈത്രനും മൈത്രനും

കൊച്ചുകൂട്ടുകാരേ, ഇത് പണ്ട് ഞങ്ങളൊക്കെ കുട്ടികളായിരുന്നപ്പോള്‍ നാലാം ക്ലാസിലെ മലയാള പാഠാവലിയില്‍ പഠിച്ച ഒരു കഥയാണ്. അതിവിടെ നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി പറയാം.

പണ്ട് പണ്ട് സ്കൂളുകളൊന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ കുട്ടികള്‍ എങ്ങനെയാണ് വിദ്യകള്‍ അഭ്യസിച്ചിരുന്നെതെന്നറിയാമോ? ഒരു ഗുരുവിന്റെ കൂടെ അദ്ദേഹത്തിന്റെ വീട്ടില്‍തന്നെ കുറേനാള്‍ താമസിച്ച്, ഗുരുമുഖത്തുനിന്ന് എല്ലാം കണ്ടും, കേട്ടും, വായിച്ചും, എഴുതിയും പഠിക്കുക. ഇതിന് ഗുരുകുലവിദ്യാഭ്യാസം എന്നായിരുന്നു പറഞ്ഞിരുന്നത്.

അങ്ങനെ ഒരു ഗുരുവിനോടൊപ്പം താമസിച്ചു പഠിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളായിരുന്നു ചൈത്രനും മൈത്രനും. ചൈത്രന്‍ നല്ല കുട്ടി, ബുദ്ധിമാന്‍, വിനയശീലന്‍, എല്ലാവരോടും സ്നേഹമായി പെരുമാറുന്നവന്‍. അതുകൊണ്ടുതന്നെ ഗുരുവിനും ബാക്കി എല്ലാ കുട്ടികള്‍ക്കും അവനെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ മൈത്രനോ? ചൈത്രന്റെ നേരെ വിപരീത സ്വഭാവക്കാരന്‍. എല്ലാവരോടും ശണ്ഠകൂടും, പോരാത്തതിന് വലിയ അസൂയക്കാരനും. എല്ലാവര്‍ക്കും, പ്രത്യേകിച്ച് ഗുരുവിന് ചൈത്രനെ വലിയ ഇഷ്ടമാണെന്നത് മൈത്രനു തീരെ പിടിച്ചില്ല. അവനത് പലപ്പോഴും പലരീതിയില്‍ ചൈത്രനോടുള്ള പെരുമാറ്റത്തില്‍ കാണിക്കുകയും ചെയ്തു.

ഇതു മനസ്സിലാക്കിയ ഗുരു ചൈത്രനേയും മൈത്രനേയും ഒരു ദിവസം വിളിച്ചിട്ട് ഓരോ രൂപ അവരുടെ കൈയ്യില്‍ കൊടുത്തു. എന്നിട്ടു പറഞ്ഞു: “ഈ ഒരു രൂപകൊണ്ട് നിങ്ങള്‍ക്ക് എന്തൊക്കെ വാങ്ങാമോ അതൊക്കെ വാങ്ങി നിങ്ങളുടെ മുറികള്‍ നിറയ്ക്കുക. മൂന്നു ദിവസത്തെ സമയം തരാം. മൂന്നാം ദിവസം ഞാന്‍ നിങ്ങളുടെ മുറികള്‍ കാണുവാന്‍ വരും. അപ്പോള്‍ ജയിക്കുന്നതാരാണോ അവന് ഞാനൊരു സമ്മാനം തരുന്നതാണ്“.


മൈത്രന്‍ ആലോചിച്ചു. ഇത്തവണയെങ്കിലും ഈ ചൈത്രനെ എനിക്ക് തോല്‍പ്പിക്കണം. അതിനായി അവന്‍ തലപുകഞ്ഞാലോചിച്ചു. ഒരു രൂപയ്ക്ക് എന്തുസാധനം കിട്ടും ഒരു മുറിനിറയെ നിറയ്ക്കുവാന്‍? ആലോചിച്ചാലോചിച്ച് അവന്‍ ഒരു വഴികണ്ടെത്തി. അവന്‍ തെരുവിലേക്ക് പോയി, അവിടെ ചപ്പുചവറുകളും മറ്റു കച്ചടകളും വാരിമാറ്റി വൃത്തിയാക്കുന്നവരെ കണ്ടു. അവരോട് പറഞ്ഞു: “ഞാന്‍ നിങ്ങള്‍ക്ക് ഒരു രൂപതരാം. നിങ്ങള്‍ ഈ ചവറെല്ലാം കൊണ്ടുവന്ന് ഞാന്‍ പറയുന്ന മുറിയില്‍ നിറയ്ക്കണം“.


ചവറുനീക്കുന്നവര്‍ക്ക് സന്തോഷമായി. അവര്‍ ആ ചപ്പുചവറെല്ലാം കൊണ്ടുവന്ന് മൈത്രന്റെ മുറിയില്‍ നിറയെ നിറച്ചിട്ട് ഒരു രൂപയും വാങ്ങിപ്പോയി. മുറിയിലേക്ക് നോക്കിയ മൈത്രനു വളരെ സന്തോഷമായി. മുറിനിറയെ എന്തെങ്കിലും നിറയ്ക്കണമെന്നല്ലേ ഗുരുപറഞ്ഞത്, ഇപ്പോഴിതാ ഞാന്‍ മേല്‍പ്പുരവരെ എത്താന്‍ തക്കവിധം എന്റെ മുറി നിറച്ചിരിക്കുന്നു. ഇത്തവണ സമ്മാനം എനിക്കു തന്നെ.


ചൈത്രന്‍ ആദ്യ രണ്ടുദിവസങ്ങളിലും ഒന്നും ചെയ്തില്ല. അതുകണ്ട് മൈത്രനു കൂടുതല്‍ സന്തോഷമായി. ഇതിനിടെ മൈത്രന്റെ മുറിയിലെ ചവറുകള്‍ അഴുകുവാന്‍ തുടങ്ങീ. അവിടെയെല്ലാം അസഹ്യമായ ദുര്‍ഗന്ധം പരന്നു. അതൊന്നും മൈത്രന്‍ കാര്യമാക്കിയില്ല. “ഒരു ദിവസം കൂടി സഹിച്ചാല്‍ മതിയല്ലോ, സമ്മാനം എനിക്കു തന്നെ“. അവന്‍ മനസ്സില്‍ കരുതി.


മുന്നാം ദിവസമായി. ചൈത്രന്‍ രാവിലെതന്നെ എഴുന്നേറ്റു. കുളിച്ചു. അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു. തിരികെ വരുന്ന വഴി ഒരു രൂപയ്ക്ക് ഒരു ചെറിയ മണ്‍‌വിളക്കും, ചന്ദനത്തിരികളും, ഒരു പൂമാലയും വാങ്ങി (കൂട്ടുകാരേ പണ്ട് ഒരു രൂപയ്ക്ക് ഇതൊക്കെ കിട്ടും കേട്ടോ!). തിരികെ മുറിയിലെത്തി, മുറി അടിച്ചുവാരി വൃത്തിയാക്കി, തറതുടച്ചു. ദേവിയുടെ ചിത്രത്തിനു മുമ്പില്‍ തിരിതെളിച്ചു, ചന്ദനത്തിരിയും, മാലയും ചാര്‍ത്തി. അവിടെയെലാം നല്ല സുഗന്ധവും വെളിച്ചവും പരന്നു.


അല്പസമയം കഴിഞ്ഞ്, ഗുരുവും ശിഷ്യന്മാരും ചൈത്രന്റെയും മൈത്രന്റെയും മുറികള്‍ സന്ദര്‍ശിക്കുവാന്‍ വരവായി. അവര്‍ ആദ്യം മൈത്രന്റെ മുറിയിലേക്കാണ് പോയത്. ദുര്‍ഗന്ധം കാരണം ആര്‍ക്കും അങ്ങോട്ടടുക്കുവാന്‍ പോലും ആയില്ല. അങ്ങോട്ടൊന്ന് എത്തിനോക്കിയിട്ട്, മൂക്കും പൊത്തിക്കൊണ്ട് എല്ലാവരും ചൈത്രന്റെ മുറിയിലേക്കെത്തി. അവിടെനിന്നും പരന്ന വെളിച്ചവും സുഗന്ധവും എല്ലാവരേയും സന്തോഷിപ്പിച്ചു.

സന്തോഷവാനായ ഗുരു മൈത്രനെ വിളിച്ചിട്ട് പറഞ്ഞു: “മൈത്രാ, ചീത്ത വിചാരങ്ങളുള്ള മനസ്സ് ദുര്‍ഗന്ധം വമിക്കുന്ന നിന്റെ മുറിപോലെയാണ്. അത് എല്ലാവരേയും അവിടെനിന്ന് അകറ്റും. നല്ല മനസ്സുകള്‍‍ സുഗന്ധം പരത്തുന്ന ഈ മുറിപോലെയും. എന്തുകൊണ്ടാണ് എല്ലാവര്‍ക്കും ചൈത്രനോട് ഇഷ്ടമെന്ന് നിനക്ക് മനസ്സിലായോ? നീയും അവനെപ്പോലെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പഠിക്കൂ“.

മൈത്രന്‍ അന്നുമുതല്‍ ചൈത്രന്റെ നല്ല ചങ്ങാതിയായി മാറി.

20 അഭിപ്രായങ്ങള്‍:

അപ്പു ആദ്യാക്ഷരി November 19, 2008 at 3:14 PM  

കുറേനാളായി ഒരു കുട്ടിക്കഥ പറഞ്ഞിട്ട്. ഒരെണ്ണം ഇരിക്കട്ടെ!!

ചന്ദ്രകാന്തം November 19, 2008 at 3:50 PM  

വളരെ വളരെ നന്നായി. നന്മയുള്ള മനസ്സിന്റെ വെളിച്ചം മറ്റു മനസ്സുകളേയും ശുദ്ധീകരിയ്ക്കുമെന്ന്‌ എത്ര മനോഹരമായി പറഞ്ഞിരിയ്ക്കുന്നു ..!

(പണ്ട്‌ ബാലരമയും, പൂമ്പാറ്റയും വായിച്ചിരുന്ന കാലത്തേയ്ക്ക്‌ ഒന്ന്‌ ഓടിപ്പോയീ..ട്ടൊ. )

Ziya November 19, 2008 at 4:53 PM  

പണ്ട് മൂന്നാം ക്ലാസ്സില്‍ പഠിച്ച, ജീവിതത്തില്‍ എന്നുമോര്‍മ്മിക്കുന്ന മനോഹരമായ ഈ കഥ പുതുതലമുറക്ക് പകര്‍ന്നു നല്‍കിയ അപ്പു മാഷിന് അഭിനന്ദനങ്ങള്‍!

Ziya November 19, 2008 at 5:00 PM  

നാലാം ക്ലാസ്സോ മൂന്നാം ക്ലാസ്സോ?
അപ്പു മാഷേ തര്‍ക്കത്തിനു പരിഹാരം പറ :)

Appu Adyakshari November 19, 2008 at 5:38 PM  

നാലാം ക്ലാസു തന്നെ.

കുഞ്ഞന്‍ November 19, 2008 at 6:18 PM  

കഥ രസായിട്ടൊ. നല്ല ഗുണപാഠമുള്ളത്.

ബ്ലോഗിന്റെ മുഖഛായതന്നെ മാറി, സുന്ദരി അതി സുന്ദരിയായി മാറി..നല്ല ഓമനത്വം..!

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആ മേയ്ക്കപ്പ് മാന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..!

വികടശിരോമണി November 19, 2008 at 7:31 PM  

ഇതൊരു കുട്ടിക്കഥയല്ലല്ലോ.എല്ലാക്കാലത്തും പ്രസക്തമായ,ഗൌരവമുള്ള കഥയാണ്.
ആശംസകൾ...

BS Madai November 20, 2008 at 9:42 AM  

ഈ "ഒരു രൂപ" എന്നെയും കുഴപ്പിച്ച ഒരു പ്രശനമാണ്! അവസാനം അത് പത്ത് രൂപയാക്കി മാറിയാണ് കുട്ടികളുടെ ഇടയില്‍ വിശ്വാസയോഗ്യമാക്കിയത്!!

മഴത്തുള്ളി November 20, 2008 at 11:13 AM  

മാഷേ, ചൈത്രനും മൈത്രനും വളരെ നന്നായിരിക്കുന്നു. മറവിയുടെ കയങ്ങളിലേക്ക് ഊളിയിട്ടു കൊണ്ടിരിക്കുന്ന ഇത്തരം ഗുണപാഠകഥകള്‍ മഷിത്തണ്ടില്‍ വരുന്നത് കൊച്ചുകുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇഷ്ടമാകും.

ഓ.ടോ.:മഷിത്തണ്ടിന്റെ ടെം‌പ്ലേറ്റും ലേഔട്ടും തലക്കെട്ടും മാറ്റി ഭംഗിയാക്കിയ സിയയ്ക്കും, അപ്പുവിനും കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനും അഭിനന്ദനങ്ങള്‍!

ബഷീർ November 20, 2008 at 12:52 PM  

കൊച്ചുകുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഗുണപാഠമുണ്ടിതില്‍.. നന്ദി

Kiranz..!! November 20, 2008 at 5:14 PM  

ബൂലോഗ ചൈത്ര കുമാരാ,താങ്ക്സ് ഫോർ ദ കഥൈ.എനിക്ക ദേ പണ്ടത്തെ സ്കൂളിന്റെ ഉപ്പുമാവിന്റെ മണം കിട്ടി.ആഹാ..!

അതേയ് ,കുറേ കുഞ്ഞിക്കഥകൾ കിട്ടാൻ വല്ല വഴീണ്ടോ ? ആമേടെം മുയലിന്റേം കഥ ഇനി പറഞ്ഞാൽ ലോ ലവനെന്നെത്തല്ലും:)

ശ്രീ November 20, 2008 at 7:11 PM  

കുട്ടിക്കഥ ഇഷ്ടമായീട്ടോ.
:)

smitha adharsh November 20, 2008 at 9:58 PM  

ഈ കഥ മുന്പ് കേട്ടിട്ടുണ്ടെങ്കിലും വളരെ രസകരമായി വീണ്ടും അവതരിപ്പിച്ചതിന് നന്ദി.

Jayasree Lakshmy Kumar November 21, 2008 at 4:52 AM  

പണ്ടെങ്ങോ കേട്ടിട്ടുള്ള കഥ. വീണ്ടും ഓർമ്മപ്പെടുത്തിയതിനു നന്ദി

പൊറാടത്ത് November 21, 2008 at 6:46 AM  

മോൾക്ക് ഇടയ്ക്കെല്ലാം പറഞ്ഞ് കൊടുക്കാറുള്ള കഥ. ചെറുമാറ്റത്തോടെ ബൂലോകത്ത് കൊണ്ടുവന്നതിൽ സന്തോഷം..

ഉഷശ്രീ (കിലുക്കാംപെട്ടി) November 21, 2008 at 3:42 PM  

അപ്പുവേ.... കഥ വായിച്ചപ്പോഴേക്കും സുഗന്ധവും, വെളിച്ചവും, കൊണ്ട് മനസ്സു നിറഞ്ഞു.ഞാന്‍ പുതിയ കഥ ഇടാം എന്നു വിചരിച്ചതാ. തല്‍ക്കാലം ഈ സുഗന്ധവും വെളിച്ചവുംകുറച്ചു ദിവസം നില്‍ക്കട്ടെ.......

Unknown November 21, 2008 at 4:34 PM  

കൊള്ളാം നല്ലോരു കുട്ടികഥ.പണ്ട് ധാരാളം വായിച്ചിരുന്നു ഇപ്പോ ആ കാലമൊക്കെ പോയില്ലെ

പാര്‍ത്ഥന്‍ November 22, 2008 at 8:21 PM  

നന്മയുടെ സുഗന്ധം പരത്തുന്ന ഈ കൊച്ചു കഥയ്ക്ക് പിന്നിലെ അപ്പുവിന് അഭിനന്ദനങ്ങൾ.
നമ്മൾ എപ്പോഴും ഒരു കാര്യത്തിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാൽ അത് സാക്ഷാൽക്കരിക്കും. അതു തന്നെയാണ് ദൈവത്തിന്റെ അനുഗ്രഹം എന്നു പറയുന്നതും. അല്ലാതെ ദൈവത്തിന് കൈകൂലി കൊടുത്താൽ എല്ലാം സാധിക്കും എന്നു കരുതുന്നത് അന്ധവിശ്വാസമാണ്.നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും നന്മനിറഞ്ഞതാണെങ്കിൽ എപ്പോഴും എല്ലാ കാര്യങ്ങളും ശുഭമായിരിക്കും. അക്ഷരശാസത്രത്തിൽ വികടവാണിയാൽ സംഭവിച്ച ചില അശുഭ കാര്യങ്ങൾ എഴുതിയിരുന്നു. അത് വായിക്കുന്നത് മനസ്സിൽ നല്ലത് മാത്രം ചിന്തിക്കാൻ ഒരു സൂചനയാകും.

സുല്‍ |Sul November 23, 2008 at 10:04 AM  

ഇഷ്ടമായി അപ്പൂ ഈ ഓര്‍മ്മപ്പെടുത്തല്‍.

-സുല്‍

ജയതി November 25, 2008 at 10:55 PM  

ദാ
ഞാൻ ഇവിടെ എത്താൻ അല്പം വൈകിപ്പൊയെങ്കിലും ഇപ്പോഴെങ്കിലും എത്തിയല്ലോ എന്നൊരു ആശ്വാസം. വീണ്ടും കുട്ടിയാവാൻ കിട്ടിയ അവസരം ശരിക്കും ആസ്വദിക്കുന്നു.
കഥ പറയാൻ ഇപ്പോഴുള്ള അമ്മാർക്കും അച്ഛന്മർക്കും സമയമില്ല എന്നതൊരു സത്യം.അമ്മൂമ്മമാരാണെങ്കിൽ കൂടെ കാണുകയുമില്ല.ഇതൊന്നും ആരുടെയും കുറ്റമല്ല.കാലത്തിന്റെ അനിവാര്യത മാത്രമാ‍ണ് എന്നറിയുന്നുണ്ട്.
ഇന്നത്തെ കുട്ടികൾ ചെറിയ ക്ലസ്സു മുതൽ കമ്പ്യൂ‍ട്ടർ പഠിക്കുന്നതു കൊണ്ട് അവരുടെ അപ്പൂപ്പനമ്മൂമ്മമരായി മറുന്ന ഈ മഷിത്തണ്ടിനെ വളരെ ഇഷ്ടപ്പെട്ടിരിക്കും. മലയാളം അറിയാൻ വയ്യാ ത്ത-അതിനു സൌകര്യം കിട്ടാത്ത മറുനാടൻ (?)കുട്ടികൾക്കു അതു പഠിക്കാനുള്ള ഒരു പ്രചോദനവും ആയിത്തീരട്ടെ ഇത് എന്ന് പ്രാർത്ഥിക്കുന്നു.കഥകൾ എല്ലാം വായിച്ചു എല്ലാം ഒന്നിനൊന്നിനു മെച്ചം
അവസാനം കൊടുക്കുന്ന ഫലശ്രുതി വളരെ നന്ന്.
മഷിത്ത്ണ്ടിന്റെ പിന്നണി പ്രവർത്തകർക്ക് ഒരിക്കൽ കൂടി ആശംസകൽ.
ജയതി അമ്മൂമ്മ