Monday, July 21, 2008

ഉപകാരത്തിന്റെ കഥ

കഥകള്‍ കേട്ടു വളരുന്നവരേ
കളങ്കം നിങ്ങളില്‍ വളരില്ല
കഥകള്‍ കേട്ടു വളര്‍ന്നാലോ
അറിവുകള്‍ നിങ്ങളില്‍ വളര്‍ന്നീടും
ഈ ലോകം നിങ്ങളെയറിഞ്ഞീടും

അതു കൊണ്ട് നമ്മക്കു ഒരുപാടൊരുപാട് കഥകള്‍ കേട്ടു വളരാം അല്ലേ മക്കളേ... ഓടിവായോ
ഇന്നു നമ്മക്ക് ഒരു ഉപകാരത്തിന്റെ കഥ കെട്ടാലോ?

പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു.ഒരു ദിവസം അദ്ദേഹത്തിനു ഒരു തോന്നല്‍ ഉണ്ടായി.
മനുഷ്യനു തീരെ ഉപകാരമില്ലാത്ത ഒരു ജീവിയും എന്റെ രാജ്യത്തു വേണ്ട എന്ന്.കുറെ നേരം ആലോചിച്ചപ്പോള്‍ അദ്ദേഹത്തിനു തോന്നി ആ ജീവി ഈച്ച ആണ് എന്ന്.ഉടനെ തന്നെ രാജാവ് ഭടന്മാരെ വിളിച്ചിട്ടു പറഞ്ഞു“ഈ രാജ്യത്തുള്ള എല്ലാ ഈച്ചകളെയും കൊല്ലുക”.രാജകല്പന അല്ലെ. ഭടന്മാര്‍ക്കു അനുസരിച്ചല്ലേ പറ്റൂ.അവര്‍ ആ രാജ്യത്തെ ഈച്ചകളേ മുഴുവനും കൊന്നു.

കുറെ കാലം കഴിഞ്ഞു ഭയങ്കരമായ യുദ്ധം വന്നു. നമ്മുടെയീ രാജാവ് യുദ്ധത്തില്‍ തോറ്റു.അദ്ദേഹം പേടിച്ചോടി തന്റെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ഉള്ള ഒരു ഗുഹയില്‍ കയറി ഒളിച്ചു. രാജാവിനെ അന്വേഷിച്ചു ശത്രുക്കള്‍ എല്ലായിടത്തും നടക്കുന്നുണ്ടായിരുന്നു.ഭയങ്കരമായ ക്ഷീണം കാരണം ആ ഗുഹയില്‍ കിടന്നു രാജാവു ഉറങ്ങിപ്പോയി.പെട്ടന്നു തന്റെ മുഖത്തു എന്തൊ ഒന്നു ചെറുതായി കടിച്ചപോലെ രാജാവിനു തോന്നി. പെട്ടന്നു അദ്ദേഹം ഉണര്‍ന്നു.അദ്ദേഹത്തെ ഉണര്‍ത്തിയത് ഒരു ഈച്ച ആയിരുന്നു.ഇപ്പോള്‍ നിങ്ങള്‍ക്കു ഒരു സംശയം വന്നില്ലേ? ഈ ഈച്ച എവിടെ നിന്നു വന്നു എന്നു? അതിര്‍ത്തിയിലെ ഗുഹ അല്ലെ? ഈച്ച അടുത്ത രാജ്യത്തില്‍ നിന്നും വന്നതാ.അപ്പോള്‍ രാജാവ് ഉണര്‍ന്നു അല്ലെ.ചുറ്റുപാടും ശ്രദ്ധിച്ച രാജാവ് ശത്രുക്കള്‍ തന്നെ തേടി വരുന്നതിന്റെ ശബ്ദകോലാഹലങ്ങള്‍ കേട്ടു.പെട്ടന്നു ഗുഹയില്‍ നിന്നിറങ്ങി ഓടി അടുത്ത രാജ്യത്ത് അഭയം പ്രാപിച്ചു.

കുറച്ചു നാള്‍ കഴിഞ്ഞു രാജാവ് അയല്‍ രാജ്യത്തെ രാജാവിന്റെ സഹായത്തോടെ സ്വന്തം രാജ്യം തിരിച്ചു പിടിച്ചു.സ്വന്തം നാ‍ട്ടില്‍ തിരിച്ചെത്തിയ രാജാവിന് ആദ്യം ഓര്‍മ്മ വന്നത് ഉറങ്ങിപ്പൊയ തന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയ ഈച്ചയെ ആയിരുന്നു.
അന്നു അവിടെ കിടന്നു ഉറങ്ങിപ്പോയിരുന്നങ്കില്‍ എന്താകുമായിരുന്നു രാജാവിന്റെ അവസ്ഥ? രാജാവു വീണ്ടും ജനങ്ങളൊടെല്ലാവരോടും ആയിട്ടു പറഞ്ഞു “ ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല , എല്ലാത്തിനെയും സ്നേഹിക്കുക സംരക്ഷിക്കുക”. എന്നു. അപ്പോള്‍ മക്കളൊക്കെ കേട്ടല്ലോ. എല്ലാത്തിനേയും സ്നേഹിക്കുക. രക്ഷിക്കുക.

14 അഭിപ്രായങ്ങള്‍:

കിലുക്കാംപെട്ടി July 21, 2008 at 8:39 AM  

ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല , എല്ലാത്തിനെയും സ്നേഹിക്കുക സംരക്ഷിക്കുക”. എന്നു. അപ്പോള്‍ മക്കളൊക്കെ കേട്ടല്ലോ. എല്ലാത്തിനേയും സ്നേഹിക്കുക. രക്ഷിക്കുക.

പൊറാടത്ത് July 21, 2008 at 9:41 AM  

ഹായ്.. നല്ല കഥ.. ഇഷ്ടായി.

ചന്ദ്രകാന്തം July 21, 2008 at 10:14 AM  

"സ്നേഹത്തില്‍ നിന്നുദിയ്ക്കുന്നു ലോകം
സ്നേഹത്താല്‍ വൃദ്ധി തേടുന്നൂ.."
എന്നും എല്ലാവരും ഓര്‍ത്തുവയ്ക്കേണ്ട , പ്രയോഗത്തില്‍ വരുത്തേണ്ട സാരാംശം.

സുല്‍ |Sul July 21, 2008 at 1:14 PM  

നല്ല കഥ.
-സുല്‍

കുഞ്ഞന്‍ July 21, 2008 at 2:00 PM  

എല്ലാ ജീവജാ‍ലങ്ങള്‍ക്കും അവരുടെതായ ശരിയുണ്ട്..!

ഈ കഥ വായിച്ചിട്ട് എന്റെ മോന്‍ ഒരു ചോദ്യം ചോദിച്ചാല്‍..അച്ഛാ അങ്ങിനെയാണെങ്കില്‍ നമ്മള്‍ മീനും ഇറച്ചിയും പച്ചക്കറിയും കഴിക്കാന്‍ പാടില്ലേ..ഞാന്‍ കുഴഞ്ഞുപോകും..!

Kilukkampetty July 21, 2008 at 2:43 PM  

കഥയില്‍ ചോദ്യമില്ല എന്നാണ്. എന്നാലും കുഞ്ഞന്റെ കുഞ്ഞു അങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ നമ്മള്‍ ഉത്തരം പറഞ്ഞേ പറ്റു. ആഹാരം ആക്കാനും അവിശ്യത്തിനുപയോഗിക്കാനും ഒക്കെയാണ് പ്രകൃതി യിലുള്ളവയെല്ലാം തന്നെ.അതു പാടില്ല എന്നു ഈ കഥയില്‍ എവിടെയും ഞാന്‍ കണ്ടില്ല.പിന്നെ ഈ കഥയില്‍ പറഞ്ഞത് എന്താണു?ഈ ഭൂമിയില്‍ ഉപകാരമില്ലാത്തതായിട്ടോന്നും ഇല്ല ,ഒന്നിനേയും ഉപയോഗം ഇല്ല എന്നു പറഞ്ഞു നശിപ്പിച്ചു കളയരുത് എന്നാണു എനിക്കു മനസ്സിലായതും അതു കൊണ്ടാണ് കുട്ടികള്‍ക്കു വേണ്ടി ഇതു എഴുതിയതും.കുഞ്ഞിക്കഥകള്‍ക്കുള്ളിലെ നന്മ കുഞ്ഞുങ്ങള്‍ക്കു മനസ്സിലാവും കുഞ്ഞനു മനസ്സിലയില്ല എങ്കിലും.

മിന്നാമിനുങ്ങുകള്‍ //സജി.!! July 21, 2008 at 2:45 PM  

ഓരോ ജീവനും അതിന്റേതായ ലക്ഷ്യവും കര്‍മ്മവും ഉണ്ട് നല്ലതായിട്ടുണ്ട് കിലുക്കാമ്പെട്ടി...

കാന്താരിക്കുട്ടി July 21, 2008 at 3:55 PM  

കുട്ടിക്കഥ നന്നായി..എല്ലാ ജീവികളെ കൊണ്ടും ഉപകാരം ഉണ്ടാകും.എല്ലാ ജീവികള്‍ക്കും നന്മ ഉണ്ട്.മക്കള്‍ക്ക് പറഞ്ഞു കൊടൂക്കാന്‍ പറ്റിയ കഥ

മുരളിക... July 21, 2008 at 4:08 PM  

നന്നായി വരട്ടെ,,,,,,,,,, എഴുത്തുകാരിയും,, വായിച്ചു വളരുന്ന കുട്ടികളും.. കഥകള്‍ പറയണമാതിനല്ലോ മാനുഷജന്മം. ഭാവുകങ്ങള്‍......

കുഞ്ഞന്‍ July 21, 2008 at 5:59 PM  

ഹായ്..ചേച്ചി ഗുണപാഠമായിട്ടു പറയുന്നു എല്ലാത്തിനേയും സ്നേഹിക്കണം രക്ഷിക്കണം..അങ്ങിനെ പറഞ്ഞപ്പോള്‍തോന്നിയ കുസൃതിയാണ്.. ഇനിയിപ്പോള്‍ കാര്യമായിട്ടു ചോദിക്കട്ടെ..സസ്യങ്ങളെ തിന്നുന്നതും ശരിയാണൊ..മരം രക്ഷിക്കൂ എന്നു പറഞ്ഞു നടക്കുന്നവരും കഴിക്കുന്നത് ചീര,മുരിങ്ങയില..എന്തിന് കടുക് വറക്കാന്‍ കറിവേപ്പില ഉപയോഗിക്കുന്നു..

ചേച്ചി..കഥ നല്ലതുതന്നെ..ഞാന്‍ ചുമ്മാ ചോദിക്കുന്നതേയുള്ളൂ..കഥയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല..

കിലുക്കാംപെട്ടി July 21, 2008 at 6:20 PM  

കുഞ്ഞന്‍സേ! തിന്നുക എന്നാല്‍ നശിപ്പിക്കുക എന്നല്ല ഉപയോഗിക്കുക എന്നാണു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നെ.ഒന്നും നശിപ്പിച്ചു കളയരുത് ആര്‍ക്കും പ്രയോജനമില്ലാതെ എന്നാണ് ഞാന്‍ മനസ്സിലക്കിയിരിക്കുന്നതു.കുഞ്ഞിക്കഥകള്‍ എഴുതുന്ന ആളല്ലെ ഞാന്‍ അറിവുകളും വളരെ കുറവാണ്.എന്റെ കഥകളില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ മക്കള്‍ക്കു പറഞ്ഞു കൊടുക്കുമ്പോള്‍ തിരുത്തി പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുക.ഞാന്‍ കേട്ട കഥകള്‍ ഓര്‍ത്ത് എഴുതുന്നതാണ്. കുറവുകള്‍ കാണും. ക്ഷമിക്കുക.

ശിവ July 21, 2008 at 8:59 PM  

നല്ല ചിന്ത...കുഞ്ഞു വാവമാര്‍ക്ക് ഈ കഥ ഏറെ ഇഷ്ടപ്പെടും...

സസ്നേഹം,

ശിവ.

അനൂപ്‌ കോതനല്ലൂര്‍ July 21, 2008 at 11:29 PM  

ചേച്ചിയാണ് ഇപ്പോ കുട്ടികള്‍ക്ക് വേണ്ടി
എന്തെങ്കിലുമൊക്കെ എഴുതുന്നത്.
എല്ലായെപ്പോഴും പോലെ
ഈ കഥയും നല്ലൊരു സാരോപദേശമായി.