Sunday, September 23, 2007

മുണ്ടകന്‍ പാടത്തെ കാക്കപ്പെണ്ണ്

മുണ്ടകന്‍ പാടത്തെ പേരാലിന്‍ കൊമ്പത്ത്
കൂടൊന്നു കൂട്ടിയാക്കാക്കപ്പെണ്ണ്
ചുള്ളിക്കൊമ്പൊരോന്നടുക്കിയാ കൊമ്പത്ത്
കൂടൊന്നു കെട്ടിയാക്കാക്കപ്പെണ്ണ്......

പൊന്നിവൈക്കോലിനാല്‍മെത്തയിട്ടിട്ടതില്‍‍
മുട്ടകള്‍മൂന്നിട്ടേ കാക്കപ്പെണ്ണ്
തള്ളയാകാമെന്ന പൂതിയിലായ് മനം
തുള്ളിക്കളിച്ചു‍പോയ് കാക്കപ്പെണ്ണ്......

ആവഴിപോയൊരു പൂങ്കുയിലാപ്പാവം
കാക്കപ്പെണ്ണിന്‍ കൂട്ടില്‍കണ്ണുവച്ചു
കാക്കച്ചി തീറ്റയ്ക്കായ് പോയൊരുനേരത്താ-
കാക്കപ്പെണ്ണിന്‍ കൂട്ടില്‍ മുട്ടയിട്ടു.......

മുട്ടകള്‍ നാലെണ്ണമായൊരുകാരിയം
കാക്കപ്പെണ്ണൊട്ടുമറിഞ്ഞതില്ല
മുട്ടകള്‍മേലേ അടയിരുന്നൂ പെണ്ണ്
കുഞ്ഞുങ്ങളേയും കിനാവുകണ്ട്......

മുട്ടവിരിഞ്ഞുപുറത്തുവന്നു, കരി-
ങ്കുട്ടന്മാര്‍ കുഞ്ഞുങ്ങള്‍ നാലുപേരും
തീറ്റിച്ചും ലാളിച്ചും പോറ്റിയവരെയാ
കാക്കമ്മയേറ്റം കരുതലോടെ.....

ഏറെനാളായില്ലതിനുമുമ്പെതന്നെ
കുഞ്ഞിക്കുയിലു കുറുമ്പുകാട്ടി
കാക്കയും മക്കളും നോക്കിനില്‍ക്കേയവന്‍
ദൂരെപ്പറന്നുപറന്നുപോയി!

16 അഭിപ്രായങ്ങള്‍:

അപ്പു September 22, 2007 at 2:25 PM  

ഒരു കുഞ്ഞിപ്പാട്ടു കൂടി.. മുണ്ടകന്‍ പാടത്തെ കാക്കപ്പെണ്ണ്

തമനു September 22, 2007 at 4:27 PM  

അപ്പൂന്റെ കാക്കപ്പാട്ടിന് ഇരിക്കട്ടെ എന്റെ വക ഒരു തേങ്ങാ ...

ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ് ......... “ഠേ !!!“

കാക്കഏ ഓടിച്ചതാ ആദ്യത്തെ ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്....

കുഞ്ഞിപ്പാട്ട് നന്നായി... :)

nardnahc hsemus September 22, 2007 at 4:44 PM  

:)

ഏറെനാളായില്ലതിനുമുമ്പെതന്നെ,
കുഞിക്കുയിലൊന്നു നീട്ടികൂകി...
കാക്കപ്പെണ്ണു കാ..കാ വിളിച്ചപ്പോള്‍
കൂ..കൂ പറഞിട്ട്, പറന്നുപോയേ!

കൊള്ളാം..

ആവനാഴി September 23, 2007 at 9:34 AM  

പ്രിയ അപ്പൂ,

അപ്പുവിന്റെ കുഞ്ഞിക്കവിത വായിച്ചു.

“കാക്കയും മക്കളും നോക്കിനില്‍ക്കേയവന്‍
ദൂരെപ്പറന്നുപറന്നുപോയി!”

ഇതു വായിച്ചപ്പോള്‍ ഉള്ളീല്‍ ഘനീഭവിച്ച വികാരം വിഷാദമായിരുന്നു. വായനക്കാരന്‍ അതിലൊരു കാക്കക്കുഞ്ഞായി മാറി പോകുന്നതുകൊണ്ടാണത്.

എന്തുകൊണ്ട് തങ്ങളുടെ കൂടപ്പിറപ്പ് തങ്ങളെ വിട്ട് പറന്നകലുന്നു എന്ന് കാക്കക്കുഞ്ഞുങ്ങള്‍ക്കു മനസ്സിലാകുന്നില്ല. തന്റെ കുഞ്ഞ് എന്തിന് തന്നെ ഉപേക്ഷിച്ച് പോകുന്നു എന്നു തള്ളക്കാക്കയും അല്‍ഭുതപ്പെടുന്നു.

ഈ കുഞ്ഞികവിതയിലൂടെ കവി വിരല്‍ ചൂണ്ടൂന്നത് ഇന്നു മനുഷ്യമനസ്സുകളില്‍ കുടികൊള്ളുന്ന ചതി വഞ്ചന തുടങ്ങിയ കുടിലതകളിലേക്കാണു. മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് പലരും പ്രായോഗിക ജീവികളായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണു നാമിന്നു കാണുന്നത്.

അവര്‍ക്ക് ലക്ഷ്യം മാത്രമാണു പ്രധാനം. അതു നേടാനുള്ള പ്രയാണത്തില്‍ എത്ര മനുഷ്യരെ ചവിട്ടി മെതിക്കുന്നു, എത്ര മനുഷ്യര്‍ക്കു ദു:ഖം സമ്മാനിക്കുന്നു ഇതൊന്നും അവരോര്‍ക്കുന്നില്ല.

വലിയൊരു ലോകസത്യത്തിലേക്കു വിരല്‍ ചൂണ്ടൂന്ന ഈ കുഞ്ഞിക്കവിത വളരെ അര്‍ത്ഥഗര്‍ഭമാണു എന്നു പറഞ്ഞുകൊള്ളട്ടെ.

സസ്നേഹം
ആവനാഴി

സുല്‍ |Sul September 23, 2007 at 9:45 AM  

കാക്കപ്പാട്ട് ഉഗ്രന്‍. :)

ഏതായാലും മുക്കിയ കവിത ഇപ്പോഴെങ്കിലും പൊക്കിയല്ലോ. നന്നായി.

നല്ല രസവും താളവുമുണ്ട് വായിക്കാന്‍.

-സുല്‍

സഹയാത്രികന്‍ September 23, 2007 at 10:16 AM  

അപ്പ്വേട്ടാ കവിത ഇഷ്ടമായി...
:)

ആവനാഴി മാഷ് പറഞ്ഞപോലെ" വലിയൊരു ലോകസത്യത്തിലേക്കു വിരല്‍ ചൂണ്ടൂന്ന ഈ കുഞ്ഞിക്കവിത വളരെ അര്‍ത്ഥഗര്‍ഭമാണു"

ഞാന്‍ ഒരു നിമിഷം ആ തള്ളക്കിളിക്കുറിച്ചോര്‍ത്തുപോയി... പറക്കാറായാല്‍ പലരും ചെയ്യുന്നതിതുതന്നെയല്ലേ....?
:(

ശ്രീ September 23, 2007 at 5:40 PM  

അപ്പ്ഉവേട്ടാ...

ഈ കുഞ്ഞിക്കവിതയും നന്നായ്യീട്ടോ.
:)

ഇത്തിരിവെട്ടം September 24, 2007 at 7:14 AM  

അപ്പൂ നല്ല കുട്ടിക്കവിത... ആവനാഴി മാഷിന്റെ കമന്റിന് താഴെ ഒരു ഒപ്പ്.

സാല്‍ജോҐsaljo September 24, 2007 at 8:04 AM  

രസമായിട്ടുണ്ട്...

അത്ഭുതദ്വീപിലെ ഒരു ഗാനത്തിന്റെ ചേല്...

കരീം മാഷ്‌ September 24, 2007 at 8:24 AM  

വിനയന്റെ അത്ഭുത ദ്വീപിലെ ഒരു ഗാനത്തിന്റെ ഈണത്തിലാണു ഞാന്‍ ഇതു പാടി നോക്കിയത്‌. നന്നായിരിക്കുന്നു.

കരീം മാഷ്‌ September 24, 2007 at 8:25 AM  

It is amazing!
Saljo how you read my mind?
Same thought by same time! :)

മഴത്തുള്ളി September 24, 2007 at 11:20 AM  

അപ്പൂ,

ഇത്തവണയും നല്ല ഈണവും താളവുമുള്ള പാട്ടാണല്ലോ :)

കുട്ടികള്‍ക്കിഷ്ടമാവുന്ന ഇത്തരം കുട്ടിക്കവിതകള്‍ വീണ്ടും വീണ്ടും പോരട്ടെ. ആശംസകള്‍.

അപ്പു September 24, 2007 at 11:58 AM  

തേങ്ങ ഉടച്ച് ഉത്ഘാടനം നിര്‍വ്വഹിച്ച തമനു, സുമേഷ്, ആസ്വാദന കുറിപ്പെഴുതിയ ആവനാഴിച്ചേട്ടന്‍, സുല്ല്, സഹയാത്രികന്‍, ശ്രീ, സാല്‍ജൊ, ഇത്തിരിവെട്ടം, കരീം മാഷ്, മഴത്തുള്ളീ - എല്ലാവര്‍ക്കും നന്ദി.

സാജന്‍| SAJAN September 24, 2007 at 1:37 PM  

അപ്പ്വെ,
ഈ കാക്കപ്പെണ്ണിന്റെ കവിത വായിച്ച് കാക്കകള്‍ കൂട്ടച്ചിരി!!!
അവരെ പറ്റി കവിതയും കഥയും എഴുതുന്ന മനുഷ്യര്‍ക്കിതിലും വലിയ അബദ്ധമാണല്ലൊ പറ്റുന്നതെന്നതോര്‍ത്താ‍ണത്രെ അവറ്റകള്‍ ചിരിക്കുന്നത്???
ഒന്നു പറയാന്‍ വിട്ടു, കവിത നന്നായിരിക്കുന്നു.. ചൊല്ലാനെന്തു രസം?

വേണു venu September 25, 2007 at 2:30 PM  

അപ്പൂ,
നല്ല കുട്ടി കവിത. വള്ളിനിക്കറും ഇട്ടു് സ്ലേറ്റും പിടിച്ചു്, ഒരു കറുത്ത ബോര്‍ഡിലെ വെളുത്ത അക്ഷരങ്ങളെ നോക്കി,ഞാനീ വരികള്‍‍ അല്പം ഉറച്ചു പാടി. :) ‍

അപ്പു September 26, 2007 at 10:28 AM  

സാജനും വേണു ഏട്ടനും നന്ദി.