Thursday, September 27, 2007

പുതുമഴ പെരുമഴ

കാറ്റുവരുന്നേ കോളുവരുന്നേ,
വമ്പന്മഴയുടെ കോളുവരുന്നേ
ചറപറചറപറപെയ്യാനായി-
ട്ടിടവപ്പാതിക്കാറുവരുന്നേ.....

മാനമിരുണ്ടു കറുത്തുവരുന്നേ,
മാരിക്കാറുകളിളകിവരുന്നേ
മയിലുകളാമോദത്താല്‍ വര്‍ണ്ണ-
പ്പീലിവിരിച്ചിട്ടാടി നടന്നേ......

മാനത്തൂന്നൊരു പൂത്തിരിപോലാ
വെള്ളത്തുള്ളികള്‍ ചിതറിയെറിഞ്ഞേ
മുറ്റംനിറയെ വെള്ളക്കുമിളകള്‍,
പൂക്കുലപോലവ പൊട്ടിവിടര്‍ന്നേ....

വീശിയടിച്ചൊരുകാറ്റില്‍പ്പെട്ടാ
ചില്ലകളൊക്കെയുമാടിയുലഞ്ഞേ
മേടച്ചൂടിലുണങ്ങിമടുത്തൊരു
താരുലതാദികളീ‍റനണിഞ്ഞേ.....

പുഴയും, തൊടിയും, കിണറും, കുളവും
പുതുവെള്ളത്താല്‍ മുങ്ങിനിറഞ്ഞേ
പാടത്തും കൈത്തോട്ടീലുമെല്ലാം
പൊന്‍പരല്‍മീനുകള്‍ നീന്തിനടന്നേ..

വേനല്‍ച്ചൂടിലുണങ്ങിയ പാടം
പുത്തന്മഴയുടെ ഗന്ധമണിഞ്ഞേ
മണ്ണിലമര്‍ന്നുമയങ്ങിയുറങ്ങിയ
വിത്തുകളെല്ലാം കണ്ണുതുറന്നേ....

ആമഴ പുതുമഴ നനയാനായി
കുട്ടിളെല്ലാം തൊടിയില്‍ നിരന്നേ
പുത്തന്‍പൂക്കുടചൂടീട്ടവരാ
മഴയില്‍ മുങ്ങിരസിച്ചു നടന്നേ...














ചിത്രീകരണം : സഹയാത്രികന്‍

22 അഭിപ്രായങ്ങള്‍:

Anonymous,  September 26, 2007 at 2:28 PM  

അപ്പു
ഇതെല്ല്ലാം എവിടെ അടക്കി പിടിച്ചു വച്ചിരിക്കുകയായിരുന്നു. കുട്ടികവിതകള്‍ കൊണ്ട് കവിത രചിക്കുകയാണല്ലൊ ഇപ്പോള്‍.
ഇതും നന്നായിട്ടുണ്ട്. :)
തേങ്ങ ഒന്നിവിടെ “ഠേ..........”

-സുല്‍

Anonymous,  September 26, 2007 at 2:31 PM  

നാട്ടിന്‍‌ പുറങ്ങളിലെ പഴയ ജൂണ്‍‌മാസക്കാലം ഓര്‍‌മ്മ വന്നൂ അപ്പുവേട്ടാ ഇതു വായിച്ചപ്പോള്‍‌...

ഇനിയും പെയ്യട്ടെ, കുട്ടിക്കവിതകള്‍‌!
:)

Anonymous,  September 26, 2007 at 2:34 PM  

ഠേ..... ഠേ........ 2 തേങ്ങകള്‍ എന്റെയും വക.

കാറ്റുവരുന്നേ കോളുവരുന്നേ
വമ്പന്മഴയുടെ കോളുവരുന്നേ
ചറപറചറപറപെയ്യാനായി-
ട്ടിടവപ്പാതിക്കാറുവരുന്നേ.....

ഇത്രയും വായിച്ചപ്പോഴേക്കും ഞാന്‍ കുടയെടുത്തില്ലല്ലോയെന്നോര്‍ത്തുപോയി :) വളരെ നല്ല വരികള്‍. ഇനിയുമെഴുതൂ അപ്പൂ. ആശംസകള്‍ :)

Anonymous,  September 26, 2007 at 3:00 PM  

ആയ്... അസ്സലായിരിക്കുന്നു....

നല്ല കുഞ്ഞിക്കവിത... ആളു കൊള്ളാലോ...!
:)

Anonymous,  September 26, 2007 at 4:59 PM  

ഒരു പെരുമഴ പോലെ മനസില്‍ പെയ്തിറങ്ങുന്ന നല്ല കവിത..:)

Anonymous,  September 26, 2007 at 6:57 PM  

ചറപറചറപറപെയ്യാനായി-
ട്ടിടവപ്പാതിക്കാറുവരുന്നേ.....
നല്ല വരികള്‍‍ അപ്പൂ, ഇതും ഇഷ്ടമായി.
ചറപറചറപറപെയ്യുന്നോരീ
കുട്ടിക്കവിതകള്‍ പെയ്യട്ടെ
ഇനിയും കുട്ടിക്കവിതകള്‍ പോരട്ടെ.:)

Anonymous,  September 26, 2007 at 7:18 PM  

തനി കുട്ടിക്കവിത.. വളരെ നന്നായി അപ്പൂസ്..
നല്ല താളത്തില്‍ പാടാം..

ഓടോ : "കാറ്റുവരുന്നേ കോളുവരുന്നേ,
വമ്പന്മഴയുടെ കോളുവരുന്നേ"

എന്നൊന്നും പാടി ആരും ഇപ്പൊ നാട്ടില്‍ ഇറങ്ങല്ലേ, ചിലപ്പോള്‍ ഓടിക്കും കേള്‍ക്കുന്നവര്‍ നിങ്ങളെ.
ഇത്തവണ മഴ തകര്‍ത്തു പെയ്തതിന്റെ കഷ്ടപ്പാടിലാണു എല്ലാവരും. :)

Anonymous,  September 26, 2007 at 8:53 PM  

അപ്പൂ,

യധാര്‍ത്ഥത്തില്‍ ഒരു പുതുമഴയിലകപ്പെട്ട പ്രിതീതി തരുന്നു ഈ മനോഹരമായ കവിത.

“വീശിയടിച്ചൊരുകാറ്റില്‍പ്പെട്ടാ
ചില്ലകളൊക്കെയുമാടിയുലഞ്ഞേ
...................”

കവിയുടെ തീക്ഷ്ണമായ നിരീക്ഷണപാടവം വെളിവാക്കുന്ന ഒരു കൃതിയാണിത് എന്നു നിസ്സംശയം പറയാം.

അതെ. “മുറ്റംനിറയെ വെള്ളക്കുമിളകള്‍,
പൂക്കുലപോലവ പൊട്ടിവിടര്‍ന്നേ....”

വര്‍ത്തമാനകാലത്തിലെ മഴയെയല്ലേ ഇവിടെ കവി പഠനവിധേയമാക്കിയിരിക്കുന്നത് എന്നു തോന്നായ്കയില്ല. തോന്നലല്ല, ആണെന്നു തന്നെ നിസ്സംശയം പറയാം.

ഇന്നത്തെയായാലും അനേക വര്‍ഷങ്ങള്‍ക്കു മുമ്പത്തെ യായാലും മഴയുടെ സംഗീതത്തിനും അതിന്റെ താളത്തിനും വശ്യമായ ഹൃദ്യതയുണ്ട്. പിന്നെ വര്‍ത്തമാനകാലത്തിലെ മഴയെന്നു വിശേഷിപ്പിക്കാന്‍ കാരണം?

“പുത്തന്‍പൂക്കുടചൂടിട്ടവരാ
മഴയില്‍ മുങ്ങിരസിച്ചു നടന്നേ...”

അവിടെയാണു ഗുട്ടന്‍സ്! പുതുമഴ വന്നപ്പോള്‍ കുട്ടികളെല്ലാം വെറും കറുത്ത കുടകള്‍ ചൂടിയല്ല തൊടിയില്‍ തത്തിക്കളിച്ചത്. “പൂക്കുട” ചൂടിയാണെന്നാണു കവിയുടെ വിവക്ഷ.

ഇന്നു കുട്ടികള്‍ക്കു വര്‍ണ്ണാഭമായ കുടകളാണുള്ളത്. കറുത്ത ടാഫെറ്റാ സില്‍ക്കിന്റെ കുടകളൊന്നും അവര്‍ക്കു വേണ്ട. അതൊക്കെ മുതുക്കന്‍‌മാര്‍ ചൂടി നടന്നോട്ടെ. യങ്സ്റ്റേഴ്സിനു വേണ്ടത് പൂക്കളും പക്ഷികളും മേഘങ്ങളും അത്യന്താധുനിക ചിത്രങ്ങളും മള്‍ടിനാഷണല്‍ എന്റര്‍പ്രൈസുകളുടെ ലോഗോകളും പ്രിന്റു ചെയ്തു കമനീയമാക്കിയ ശീലക്കുടകളാണ്.

ആ ഒരേ ഒരു ബിംബത്തിലൂടെ കവി നമ്മെ കൊണ്ടു പോകുന്നത് ഒരു കണ്ടെമ്പൊററി റെയിന്‍ കാണിക്കാനാണ്, അല്ലാതെ അമ്പതു കൊല്ലം മുമ്പു പെയ്ത ഒരു മഴയുടെ സൈറ്റിലേക്കല്ല.

കാലം മാറി, പുതിയ പുതിയ ശീലങ്ങളും താരിപ്പുകളും വീക്ഷണങ്ങളും വന്നു. ചക്കപ്പുഴുക്കും മാങ്ങാച്ചമ്മന്തിക്കും പകരം കെ.എഫ്.സിയും നാന്‍ഡോയും വന്നു.

റബ്ബര്‍ ബാന്റിട്ടു പുസ്തകം കെട്ടി വാഴയിലയും ഓലക്കുടയും ചൂടി സ്കൂളില്‍ പോയിരുന്ന കാലം വിസ്മൃതിയിലാണ്ടു.

ഇന്നു മനോഹരമായ ക്യാരീബാഗുകളുണ്ട് പുസ്തകം കൊണ്ടുപോകാന്‍.

വ്യതിയാനങ്ങള്‍ പലതും വന്നു.എന്നിട്ടും മാറാതെ ചിലതു നില നില്‍ക്കുന്നുണ്ട്. അതിലൊന്നാണു മഴ കാണുമ്പോളുള്ള ഹര്‍ഷോന്മാദം.

കാലങ്ങള്‍‍ക്കു മാച്ചു കളയാന്‍ കഴിയാത്ത അത്തരം വികാരങ്ങളിലേക്കു വായനക്കാരനെ കൊണ്ടു പോവുകയാണിവിടെ കവി ചെയ്യുന്നത്.

ഒരു ബിംബത്തിലൂടെ ചന്നം പിന്നം പെയ്യുന്ന ഒരു “വര്‍ത്തമാനകാല”മഴയിലേക്കു കവി അനുവാചകനെ കൊണ്ടെത്തിച്ചിരിക്കുന്നു കയ്യടക്കുകാരനായ ഒരു മായാജാലക്കാരനെപ്പോലെ.

അപ്പൂ, ഇനിയും മനോഹരമായ കവിതകള്‍ രചിക്കൂ.

സസ്നേഹം
ആവനാഴി.

Anonymous,  September 26, 2007 at 10:54 PM  

ഈ കുഞ്ഞനെ കുഞ്ഞാക്കി മാറ്റിയല്ലൊ..!

ആവനാഴിയുടെ അവലോകനം ശ്രദ്ധേയമാണ്..രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍

Anonymous,  September 27, 2007 at 12:30 AM  

Wow!! A+ കവിത!!

(മഴ വീഴുന്നതിനു മുന്‍പ് ലതകള്‍ ഈറനണിഞ്ഞതു മാത്രം ... കവിതപ്പായസത്തില്‍ ഒരു ചെറിയ കല്ല്..?)

Anonymous,  September 27, 2007 at 5:40 AM  

ഈണത്തില്‍ വായിക്കാവുന്ന കവിത..
മനോഹരമായിരിക്കുന്നു അപ്പൂ..
പിന്നെ ദുബായില്‍ ഇതു പോലെ മഴ അടുത്തിടെ എങ്ങാനും പെയ്‌തോ... സത്യം പറയാമല്ലോ മഴ കണ്ട കാലം മന്നു.

Anonymous,  September 27, 2007 at 7:03 AM  

അപ്പൂസേ - ഇപ്പൊ perfect!! :) കൂടെ കൊടുത്തിരിക്കുന്ന ചിത്രവും വളരെ യോജിച്ചതു തന്നെ!!

Anonymous,  September 27, 2007 at 7:10 AM  

ശീല്‍ക്കുടയില്‍ ചറപറാന്ന് വീഴുന്ന മഴത്തുള്ളി (ബ്ലോഗര്‍ അല്ല)കള്‍ക്കിടയിലൂടെ നടന്ന പ്രതീതി. അപ്പൂ വരട്ടേ ഇനിയും...

ആവാനഴീ...നല്ല ആസ്വാദനം.

Anonymous,  September 27, 2007 at 7:11 AM  

സുല്ലേ, മഴത്തുള്ളീ ... തേങ്ങകള്‍ക്കു നന്ദി.
ശ്രീ, സഹയാത്രികന്‍, മയൂര, ശ്രീലാല്‍, കുഞ്ഞന്‍,വേണുഏട്ടന്‍, നജീം, ഇത്തിരിവെട്ടം എല്ലാവര്‍ക്കും നന്ദി, വളരെ സന്തോഷം.

മനോജ്,തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. ആ വരികള്‍ താഴേക്ക് മാറ്റിയിട്ടുണ്ട്.

ആവനാഴിച്ചേട്ടാ, വിശദമായ അവലോകനത്തിന് വളരെ നന്ദി; ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം(അത്രയ്ക്കുണ്ടോ ഈ കുഞ്ഞിക്കവിത?!!)

Anonymous,  September 27, 2007 at 9:28 AM  

അപ്പൂ,

ആവനാഴിയുടെ കവിതാവലോകനം വായിച്ചിട്ട് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കാരണം കവിത ഉറങ്ങിക്കിടന്ന അപ്പുവിന്റെ മനസ്സ് ഉണര്‍ന്നെണീറ്റപ്പോഴേക്കും നല്ല അര്‍ത്ഥവത്തായ കവിതകളല്ലേ ദിനം പ്രതി കളകളമൊഴുകുന്ന അരുവിപോലെ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത് !

വീണ്ടും ആശംസകള്‍. അഭിനന്ദനങ്ങള്‍.

Anonymous,  September 27, 2007 at 2:04 PM  

അപ്പു, ഈ കുട്ടികവിതയും വളരെ നന്നായിരിക്കുന്നു. വരികള്‍ക്ക് നല്ല ഈണമുണ്ട്.

ഇതെല്ലാം ആരെകൊണ്ടെങ്കിലും പാടിച്ചിട്ടിരുന്നെങ്കില്‍, കുട്ടികള്‍ക്ക് എപ്പോഴൂം കേള്‍ക്കാമായിരുന്നു. ഒന്നു ശ്രമിക്കൂ.

Anonymous,  September 27, 2007 at 3:20 PM  

അപ്പുവേ, വായിച്ചു നിങ്ങള്‍ കലക്കും മാഷേ, എന്തു സുന്ദരന്‍ കവിത!
അപ്പോ നിങ്ങള്‍ ഒരു ബഹുമുഖ പ്രതിഭ തന്നെ തമിശയമില്ല:)

Anonymous,  September 27, 2007 at 5:41 PM  

അപ്പുക്കുട്ടാ തൊപ്പിക്കാരാ, ഇന്നു വീണ്‍ടും വായിച്ചു. ഒന്നു കൂടി അഭിനന്ദിക്കാന്‍ തോന്നുന്നു.. അതൊരു തെറ്റാണോ ? ഇനി ചിലപ്പോള്‍ നാളെ വായിച്ചാല്‍ വീണ്ടും കമന്‍റ്റും... അത്രക്കിഷ്ടപ്പെട്ടു.

Anonymous,  September 27, 2007 at 5:58 PM  

ഒന്നു കൂടി.
കുറുമാന്‍ജിയോടു യോജിക്കുന്നു. അനംഗാരി മാഷ് അടുത്തെങ്ങാനും ഉണ്ടോ ? .. ഒന്ന് പാടി പോസ്റ്റുമോ ? മുന്നെ ഒരിക്കല്‍ പാമ്പന്‍ ചേട്ടനെ പറ്റിച്ച പാട്ടു പാടിയതുപോലെ..

Anonymous,  September 28, 2007 at 9:55 AM  

അപ്പുവേ രസായിട്ടുണ്ടല്ലോ കുട്ടിക്കവിത.
മോനെ ഇതൊന്നു പഠിപ്പിച്ചു പാടി റെക്കോര്‍ഡ് ചെയ്തിടൂ. നന്നായിരിക്കും.

Anonymous,  September 28, 2007 at 6:20 PM  

അപ്പു,
ഇത് കിടിലന്‍ പരിപാടി തന്നെ.ബൂലോകത്തിന്റെ കുട്ടിക്കവിക്ക് ആശംസകള്‍!

Anonymous,  September 30, 2007 at 7:18 AM  

ശ്രീലാല്‍.. മഴത്തുള്ളീ. ഈ ആവര്‍ത്തിച്ചുള്ള അഭിനന്ദനങ്ങള്‍ക്കുനന്ദി.

അതുപോലെ ആഷയ്ക്കും, സതീശനും, സാജനും കുറുമാനും നന്ദി.