Tuesday, February 10, 2009

ഉടുപ്പു തുന്നും പൂമ്പാറ്റ

ചായക്കൂട്ടിന്‍ ചന്തം ചിറകില്‍
ചാര്‍ത്തീട്ടെത്തും ചങ്ങാതീ
പച്ചക്കൂട്ടിന്നുള്ളിലിരുന്നീ
പുത്തനുടുപ്പു മെനഞ്ഞോ നീ?



'പാഠം മൂന്നില്‍',പ്പുഴുവായ്‌ നിന്നെ-
ക്കാട്ടിത്തന്നതു കൊച്ചേച്ചീ
തളിരും തിന്നാ പച്ചിലമെത്ത-
പ്പായിലമര്‍ന്നു കിടപ്പൂ നീ.



വെട്ടം കേറാക്കൂട്ടിന്നുള്ളില്‍
കൂട്ടും വിട്ടു കഴിഞ്ഞപ്പോള്‍
'ഇഴയും കാലം' മാറിക്കിട്ടാ-
നീശ്വര ഭജനം ചെയ്തോ നീ..



വിരിയും ചിറകൊന്നാദ്യം കാണാ-
നരികത്തെത്തിയതല്ലേ ഞാന്‍
അതിനും മുന്‍പേ പാറിപ്പോകുവ-
തെങ്ങോ പൂന്തേനുണ്ണാനോ..?

***************************

ചേര്‍ത്തു വായിയ്ക്കാന്‍..
ഇത്ര നല്ല പടങ്ങളെടുത്ത്‌ നെറ്റിലിട്ട, പേരറിയാത്ത നല്ല മനസ്സിനും
അതൊക്കെ ഭംഗിയായി എഡിറ്റ്‌ ചെയ്തു തന്ന അപ്പൂനും..നന്ദി, സ്നേഹം.

Tuesday, February 3, 2009

അമ്മയും ഉണ്ണിയും.....................

ഉണ്ണിക്കുണ്ടൊരു പൊന്നമ്മ,
മുത്തം നൽകും നല്ലമ്മ

കുസൃതികൾ കാട്ടും നേരത്ത്,
കണ്ണുകളാലൊരു കഥ ചൊല്ലും

ഉണ്ണിക്കെന്നുമുറങ്ങീടാൻ,
മധുരം തൂവും താരാട്ടും

ഉണ്ണിയെയെന്നുമൊരുക്കീടും,
പലഹാരങ്ങൾ നൽകീടും

ഉണ്ണിമനസ്സിൻ ചോദ്യങ്ങൾ,
നന്മനിറഞ്ഞൊരു കഥയാകും

ഉണ്ണിക്കൊപ്പം കളിയാടാൻ,
അമ്മക്കെന്നും ഉത്സാഹം

ഉണ്ണിക്കെല്ലാമീയമ്മ,
അമ്മക്കെല്ലാം പൊന്നുണ്ണി !

Copy Right (C) 2009MaheshCheruthana