Sunday, June 29, 2008

കൊറ്റിയും കുറുക്കനും

അപ്പോള്‍ നമ്മക്കു പുതിയ ഒരു കഥ കേട്ടാലോ?
ഒരു കാട്ടില്‍ രണ്ടു കൂട്ടുകാരുണ്ടായിരുന്നു.ഒരു കുറുക്കനും ഒരു കൊറ്റിയും. കുറുക്കന്‍ മഹാ കൌശലക്കാരനായിരുന്നു.
ഒരു ദിവസം കുറുക്കന്‍ തന്റെ കൂട്ടുകാരനെ വീട്ടിലേക്കു വിളിച്ചു ഒന്നു സത്കരിച്ചാലോ എന്നു വിചാരിച്ചു.അവന്‍ കൊറ്റിയോടു പറഞ്ഞു“നീ ഒരു ദിവസം എന്റെ വീട്ടിലേക്കു വാടാ, ഞാന്‍ നിനക്കു നല്ല ഒരു സൂപ്പ് ഉണ്ടാക്കി തരാം.”
കൊറ്റിക്കു വളരെ സന്തോഷം ആയി.പറഞ്ഞ ദിവസം പറഞ്ഞ സമയം തന്നെ കൊറ്റി ഒരു സമ്മാനപൊതിയും ഒക്കെയായി കുറുക്കന്റെ വീട്ടില്‍ എത്തി.കുറുക്കന്‍ കൊറ്റിയേ കാര്യമായി സ്വീകരിച്ചിരുത്തി, കുറെ കഥകളും വിശേഷങ്ങളും ഒക്കെ സംസാരിച്ചിരുന്നു, അങ്ങനെ ആഹാരം കഴിക്കാന്‍ സമയമായപ്പോള്‍ കുറുക്കന്‍ പറഞ്ഞു“ കൂട്ടുകാരാ ഞാന്‍ നല്ല സൂപ്പുണ്ടാക്കി വച്ചിട്ടുണ്ട് , എടുത്തിട്ടു വരാം” എന്നു പറഞ്ഞ് കുറുക്കന്‍ അടുക്കളയിലേക്കു പോയി.

രണ്ടു വലിയ പരന്ന പാത്രങ്ങളില്‍ നിറയെ സൂപ്പുമായി കുറുക്കന്‍ തിരികെ വന്നു.രണ്ടു പേരും കൊതിയോടെ സൂപ്പു കുടിക്കാന്‍ തുടങ്ങി.കുറുക്കന്‍ മന;പ്പൂര്‍വം പരന്ന പാത്രത്തില്‍ സൂപ്പു വിളമ്പിയതാണ്.കൊറ്റിക്ക് നീണ്ടചുണ്ടുകള്‍ അല്ലേ മക്കളേ അതിനാല്‍ ഒരു തുള്ളി സൂപ്പു പോലും ആ പാവത്തിനു കുടിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ കുറുക്കന്‍ ആ സൂപ്പു മുഴുവനും ആര്‍ത്തിയോടെ നക്കി നക്കി കുടിച്ചു. വിശന്നു പൊരിഞ്ഞ വയറുമായി കൊറ്റി കുറുക്കനെ നോക്കിയപ്പോള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട് ഒന്നുമറിയാത്തവനേപ്പോലേ കുറുക്കന്‍ ചോദിച്ചു “എന്താ കൂട്ടുകാരാ സൂപ്പു കഴിക്കാഞ്ഞത്? ഇഷ്ടപ്പെട്ടില്ലേ? നല്ല സ്വാദില്ലേ?ക്ഷമിക്കണം അടുത്തതവണ നന്നായിട്ടു ഉണ്ടാക്കിത്തരാം”.

“സാരമില്ല,ഇതില്‍ പരിഭവിക്കാനും, ക്ഷമചോദിക്കാനും എന്തിരിക്കുന്നു?താങ്കളുടെ ചങ്ങാത്തം ആണ് എനിക്കു വലുത്” കൊറ്റി പറഞ്ഞു.ഒരു ദിവസം കൊറ്റിയുടെ വീട്ടിലേക്ക് കുറുക്കനെ ക്ഷണിച്ചിട്ട് കൊറ്റി അവന്റെ വീട്ടിലേക്കു പോയി.കൊറ്റി കുടിക്കാതെ വച്ചിരുന്ന സൂപ്പും കുടെ കുറുക്കന്‍ സന്തോഷത്തോടെ അകത്താക്കി.

പറഞ്ഞ ദിവസം തന്നെ കുറുക്കന്‍ കൊറ്റിയുടെ വീട്ടില്‍ എത്തി.വാതില്‍ക്കല്‍ എത്തിയപ്പഴേ കൊറ്റിയുണ്ടാക്കിയ സൂപ്പിന്റെ മണം അവന്റെ മൂക്കിലെത്തി.’ഏതായാലും കുശാലായി,നിറയെ കഴിക്കണം അവന്‍ കൊതിയോടെ ചിന്തിച്ചു.

വിനയത്തോടെ കൊറ്റി കുറുക്കനെ സ്വീകരിച്ചിരുത്തി .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കൊറ്റിയുടെ ജോലിക്കാരന്‍ സൂപ്പുമായി വന്നു.നീളന്‍ കഴുത്തും ഇടുങ്ങിയ വായും ഉള്ള കലങ്ങളിലായിരുന്നു സൂപ്പു കൊണ്ടുവന്നത്.സൂപ്പു കണ്ടതും കുറുക്കന്‍ കൊതി മൂത്ത് മര്യാദകള്‍ ഒക്കെ മറന്ന് നാക്കു നീട്ടി നക്കാന്‍ ഒരുങ്ങി.തല അകത്തെക്കു കടക്കുന്നില്ല, ചെറിയ വാവട്ടമുള്ള കലമല്ലേ?പാത്രത്തിന്റെ വക്കു നക്കിയും,മണം പിടിച്ചും, നിലത്തു വീണതുള്ളികള്‍ നക്കിയും കുറുക്കച്ചന്‍ അവിടെ ഇരുന്നു.അതേസമയം കൊറ്റി തന്റെ നീണ്ട കൊക്ക് കലത്തിലേക്കു കടത്തി സൂപ്പു മുഴുവനും കുടിച്ചു.

കൊറ്റി മനസ്സില്‍ ചിരിച്ചു കൊണ്ട് കുറുക്കനോടു ചോദിച്ചു” അല്ല കൂട്ടുകാരാ എന്താ ഞാന്‍ ഉണ്ടാക്കിയ സൂപ്പ് നിനക്കും ഇഷ്ടായില്ല അല്ലെ?ഒട്ടും കഴിച്ചില്ലല്ലോ?“ കാര്യം മനസ്സിലായ കുറുക്കന്‍ നാണക്കേടോടെ കൊറ്റിയുടെ മുഖത്തേക്കു നോക്കി.വീണ്ടും കൊതി മൂത്ത് സൂപ്പു പാത്രത്തിന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നിന്ന ആ കുറുക്കച്ചനെ കൊറ്റി കണ്ണുരുട്ടി പേടിപ്പിച്ചു.കുറുക്കന്‍ വാലും ചുരുട്ടി ഒറ്റ ഓട്ടം.

ഇതില്‍ നിന്നു എന്താണ് കുഞ്ഞുങ്ങളേ നിങ്ങള്‍ക്ക് മനസ്സിലായതു?പരസ്പര ബഹുമാനമാണ് കൂട്ടുകാര്‍ക്കിടയില്‍ വേണ്ട്ത്. ആരോടും അപമര്യാദയായി പെരുമാറരുത്.

19 അഭിപ്രായങ്ങള്‍:

ഉഷശ്രീ (കിലുക്കാംപെട്ടി) June 29, 2008 at 9:05 PM  

കുഞ്ഞു മനസ്സുള്ള വലിയ മക്കള്‍ക്കും, വലിയ മനസ്സുള്ള പൊന്നു മക്കള്‍ക്കും.

ഗീത June 29, 2008 at 10:04 PM  

കിലുക്കാമ്പെട്ടീ, ഈ കഥയ്ക്ക് ചിത്രം കൂടി ഉണ്ടായിരുന്നെങ്കില്‍ വളരെ നന്നായേനേ.

പകരം വീട്ടി എന്നു പറയുന്നതിനേക്കാള്‍ പരസ്പരബഹുമാനം വേണം എന്നു പറഞ്ഞുകൊടുത്തത് വളരെ നന്നായി.

മിന്നാമിനുങ്ങുകള്‍ //സജി.!! June 29, 2008 at 10:33 PM  

ബഹുമാനം കൊടുത്ത് വാങ്ങേണ്ട ഒന്നാണ്. അല്ലെ. :)

അരൂപിക്കുട്ടന്‍/aroopikkuttan June 30, 2008 at 1:02 AM  

valare ishtappetta katha!

katha kekkumpo pandatheppole oru kunjaavunnu!!

athinekkaal enikk ishtappettath
മിന്നാമിനുങ്ങുകള്‍ //സജി.!! said...
ബഹുമാനം കൊടുത്ത് വാങ്ങേണ്ട ഒന്നാണ്. അല്ലെ. :)


sathyam. athu pullikk nannaayariyaam!!
:)

ഹരീഷ് തൊടുപുഴ June 30, 2008 at 3:46 AM  

കിലുക്കാമ്പെട്ടീ, താങ്കളുടെ കുഞ്ഞിക്കഥകള്‍ എല്ലാം ഭാവിയിലേക്ക് എനിക്ക് ഉപകാരപ്പെടും...എന്റെ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാമല്ലോ...നന്ദി

ജിജ സുബ്രഹ്മണ്യൻ June 30, 2008 at 6:31 AM  

കുട്ടിക്കഥ നന്നായി കേട്ടോ..

പൊറാടത്ത് June 30, 2008 at 6:34 AM  

നല്ലകുഞ്ഞിക്കഥ.. ഗുണപാഠം ഏറെയിഷ്ടപ്പെട്ടു.. നന്ദി

Typist | എഴുത്തുകാരി June 30, 2008 at 6:38 AM  

ശരിക്കും നന്നായിരിക്കുന്നു. ഇനിയുമിനിയും പറഞ്ഞുതരണേ, ഇതുപോലെയുള്ള കുഞ്ഞുകഥകള്‍.

വേണു venu June 30, 2008 at 7:06 AM  

കിലുക്കാംപെട്ടി, ഈ കുഞ്ഞു കഥയില്‍ ഒരു പ്രതികാരമുള്ളതു പോലെ. കൊറ്റിയുടെ വീട്ടില്‍ കുറുക്കനു പരന്ന പാത്രത്തിലും കൊറ്റിയ്ക്കു് കഴുത്തു കുടുസ്സായ പാത്രത്തിലും സൂപ്പു വിളമ്പിയിരുന്നെങ്കില്‍ .കുറുക്കനതൊരു പാഠവും കുഞ്ഞു മനസ്സുകള്‍ക്കു് ഒരു സന്ദേശവും ആകുമായിരുന്നോ..
കുഞ്ഞെഴുത്തു്.ഇഷ്ടമായി. :)

Kilukkampetty June 30, 2008 at 7:58 AM  

വായിച്ച എല്ല കുഞ്ഞുങ്ങളോടും സന്തോഷം അറിയിക്കുന്നു.
വേണു കുഞ്ഞേ കഥയില്‍ മാറ്റം വരുത്താന്‍ എനിക്കു അവകാശം ഇല്ലല്ലോ. ഇതൊക്കെ കാലങ്ങളായി എല്ലാരും കേട്ടിട്ടുള്ള കഥകള്‍ അല്ലേ കുഞ്ഞേ.

കുഞ്ഞന്‍ June 30, 2008 at 8:29 AM  

കുഞ്ഞിക്കഥകള്‍ എത്ര കേട്ടാലും മതിയാവില്ല..!

കിലുക്കാംപെട്ടി ചേച്ചി..പെട്ടിയില്‍നിന്ന് ഇതുപോലത്തെ കഥകള്‍ ചറപറാന്ന് പോരട്ടെ.

വേണു venu June 30, 2008 at 8:34 AM  

അതു ശരിയാണു കിലുക്കാമ്പെട്ടി.ഒരു കുഞ്ഞു തെറ്റു്.:)

ശ്രീ June 30, 2008 at 10:24 AM  

കേട്ടിട്ടുള്ള കഥ തന്നെയെങ്കിലും ഇതു വായിച്ചിരിയ്ക്കുമ്പോള്‍ കുട്ടിക്കാലത്തേയ്ക്ക് തിരികെ എത്തിയതു പോലെ തോന്നുന്നു, ചേച്ചീ...
:)

Ranjith chemmad / ചെമ്മാടൻ June 30, 2008 at 11:40 AM  

അമ്മ പറഞ്ഞു തന്നിരുന്നത്
പ്രതികാരം വീട്ടി എന്നായിരുന്നു.
ചേച്ചിയുടെ വ്യാഖ്യാനമാണ്‌
കൂടുതല്‍ അനുയോജ്യം..

Kaithamullu June 30, 2008 at 12:53 PM  

ഗീതേ,
പടം എടുക്കാന്‍‍ കുറുക്കനെ കിട്ടി, പക്ഷേ കൊറ്റിയെ അന്വേഷിച്ച് കൊണ്ടിരിക്കയാ കിലുക്കാം‌പെട്ടീ!

ഉഷശ്രീ (കിലുക്കാംപെട്ടി) June 30, 2008 at 2:23 PM  

കുഞ്ഞന്‍, ശ്രീ,രെണ്‍ജിത്, കൈതമുള്ള്മാഷ്, സന്തോഷം. ഗീതറ്റീച്ചറെ;കേട്ടില്ലേ ശശിയേട്ടന്‍ പറഞ്ഞത്, ആരാ ശശിയേട്ടാ ആ കുറൂക്കന്‍?
വേണു മാഷേ..ഞാന്‍ കഥ മാറ്റാഞ്ഞതു മന്‍;പ്പൂര്‍വം ആണ്. എനിക്കും തോന്നിയതാ വെണു മാഷ് പറ്ഞ്ഞതു തന്നെ.അതിന്റെ ഗുണപാഠം ചെറുതായിട്ടൊന്നു മാറ്റിയിരുന്നു. കുഞ്ഞുഞ്ഞു മനസ്സുള്ള മക്കള്‍ എല്ലാവരും ഇതു വായിക്കുന്നു എന്നതു ഇനിയും കുഞ്ഞു കഥ എഴുതാന്‍ ഒരു പ്രചോദനം ആണു.

Unknown July 1, 2008 at 12:02 AM  

ഈ പറഞ്ഞ ഏല്ലാ കുഞ്ഞീവാവകള്‍ക്കും
ഒപ്പം ഈ കുഞ്ഞി വാവയും ഈ കഥ വായിച്ചു.
ചേച്ചി ഒരു സംശയം
ഈ കഥ കുട്ടികള്‍ക്കുള്ളതോ
അതോ മുതിര്‍ന്നവര്‍ക്കുള്ളതോ

ഉഷശ്രീ (കിലുക്കാംപെട്ടി) July 1, 2008 at 5:56 AM  

അനൂപ് വായിച്ചതില്‍ സന്തോഷം.”കുഞ്ഞു മനസ്സുള്ള വലിയ മക്കള്‍ക്കും, വലിയ മനസ്സുള്ള പൊന്നു മക്കള്‍ക്കും.‘ ഒരു കുഞ്ഞിക്കഥ ഇഷ്ടപ്പെടാത്ത ആരാ മോനേ ഉള്ളത്?